Vatican News
ഫ്രാൻസീസ് പാപ്പാ, ത്രികാലപ്രാർത്ഥനാ വേളയിൽ, വത്തിക്കാൻ, 28/02/2021,ഞായർ ഫ്രാൻസീസ് പാപ്പാ, ത്രികാലപ്രാർത്ഥനാ വേളയിൽ, വത്തിക്കാൻ, 28/02/2021,ഞായർ  (ANSA)

പാപ്പാ:ഹൃദയങ്ങളിൽ ചെറുദീപങ്ങൾ കൊളുത്തുക!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം: "സ്നേഹവും പ്രത്യാശയും സംവഹിക്കുന്ന സുവിശേഷത്തിൻറെ ചെറുവിളക്കുകൾ ആകുകയെന്നത് ക്രൈസ്തവൻറെ ദൗത്യമാണ്".

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫെബ്രുവരിമാസത്തിലെ അവസാനത്തേതായിരുന്ന ഈ ഞായറാഴ്ച ((28/02/21)  റോമാപുരിയിൽ അർക്കാംശുക്കൾ നിർല്ലോഭം ചൊരിയപ്പെട്ട ഒരു ദിനമായിരുന്നു. ഞായാറാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, മദ്ധ്യാഹ്നത്തിൽ നയിക്കുന്ന ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിരവധി വിശ്വാസികൾ സമ്മേളിച്ചിരുന്നു. കോവിദ് 19 രോഗപ്രതിരോധ നടപടികളുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് അവർ ചത്വരത്തിൽ നിലയുറപ്പിച്ചിരുന്നത്. പതിവുപോലെ റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയോടെ ഫ്രാൻസീസ് പാപ്പാ, പേപ്പൽ ഭവനത്തിലെ ജാലകത്തിങ്കൽ നിന്നുകൊണ്ട് ത്രികാലപ്രാർത്ഥന നയിച്ചു. പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ കരഘേഷവും ആനന്ദാരവവും ഉയർന്നു.  പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ ഒരു വിചിന്തനം നടത്തി.   ഈ ഞായറാഴ്ച (28/02/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മർക്കോസിൻറെ  സുവിശേഷം 9,2-10 വരെയുള്ള വാക്യങ്ങൾ, അതായത്, യേശു രൂപാന്തരപ്പെടുന്ന സംഭവം ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിനവലംബം.  ഫ്രാൻസീസ് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനത്തിൻറെ പരിഭാഷ:

യേശുവിൻറെ രൂപാന്തരീകരണവും ശിഷ്യരുടെ ആകുലതയും

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

മലയിൽ വച്ച്, തൻറെ മൂന്നു ശിഷ്യന്മാർക്കു മുന്നിൽ യേശു രൂപാന്തരപ്പെടുന്ന സംഭവത്തെക്കുറിച്ചു (മർക്കോസ് 9:2-10) ധ്യാനിക്കാൻ, തപസ്സുകാലത്തിലെ രണ്ടാമത്തെതായ ഈ ഞായറാഴ്ച നമ്മെ ക്ഷണിക്കുന്നു. ഈ സംഭവത്തിന് തൊട്ടു മുമ്പ് യേശു, താൻ ജറുസലേമിൽ വച്ച് ഏറെ യാതകനകളനുഭവിക്കുകയും തിരസ്കൃതനാകുകയും വധിക്കപ്പെടുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് അവിടത്തെ സ്നേഹിതരുടെ, ഉറ്റ സുഹൃത്തുക്കളുടെ, അവിടത്തെ ശിഷ്യരുടെ ഹൃദയത്തിൽ സംഭവിച്ചിരിക്കാവുന്നത് എന്താണെന്ന് നമുക്കു ചിന്തിക്കാനാകും: ശക്തനും ജേതാവുമായ ഒരു മിശിഹായുടെ രൂപം പ്രതിസന്ധിയിലാകുന്നു, അവരുടെ സ്വപ്നങ്ങൾ തകർന്നുപോകുന്നു, തങ്ങൾ വിശ്വാസമർപ്പിച്ച ഗുരു ഏറ്റവും നിന്ദ്യനായ ഒരു കുറ്റവാളിയെപ്പോലെ വധിക്കപ്പെടുമെന്ന ചിന്ത അവരെ ആകുലതയിലാഴ്ത്തുന്നു. ആ നിമിഷത്തിലാണ്, ആ മനോവേദനയുടെ വേളയിലാണ്, യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും തന്നോടൊപ്പം മലമുകളിലേക്കു കൊണ്ടുപോകുന്നത്.

രൂപാന്തരീകരണം വീശുന്ന പ്രത്യാശയുടെ കിരണം

സുവിശേഷം പറയുന്നു: “അവൻ അവരെ മലയിലേക്കു കൊണ്ടുപോയി” (മർക്കോസ് 9,2). ബൈബിളിൽ എല്ലായ്പ്പോഴും, മലയ്ക്ക് ഒരു പ്രത്യേക അർത്ഥമുണ്ട്: അത് ആകാശവും ഭൂമിയും പരസ്പരം തൊടുന്ന ഉയർന്ന സ്ഥലമാണ്, അവിടെയാണ് മോശയ്ക്കും പ്രവാചകന്മാൻക്കും ദൈവവുമായുള്ള കൂടിക്കാഴ്ചയുടെ അസാധാരണമായ അനുഭവം ഉണ്ടായിട്ടുള്ളത്. പർ‌വ്വതാരോഹണം ദൈവത്തോടു കുറച്ചുകൂടി അടുക്കലാണ്. യേശു മൂന്നു ശിഷ്യന്മാരുമൊത്ത് മുകളിലേക്ക് കയറുകയും, മലമുകളിൽ നിൽക്കുകയും ചെയ്യുന്നു. ഇവിടെ, അവരുടെ മുന്നിൽ വച്ച്, അവിടന്ന് രൂപാന്തരപ്പെടുന്നു. അവിടത്തെ ദീപ്തിമത്തായ വദനവും തിളങ്ങുന്ന വസ്ത്രവും ഉത്ഥിതൻറെ പ്രതിരൂപം മുൻകൂട്ടി അവതരിപ്പിക്കുകയും ഭയചകിതരായിരുന്ന ആ മനുഷ്യർക്ക് വെളിച്ചം പകരുകയും ചെയ്യുന്നു. പ്രത്യാശയുടെ വെളിച്ചമാണത്, ഇരുളിനെ മറികടക്കാനുള്ള പ്രകാശമാണത്. ഇനി മരണമായിരിക്കില്ല സകലത്തിൻറെയും അവസാനം, കാരണം, ഉത്ഥാനത്തിൻറെ മഹത്വത്തിലേക്ക് അത് തുറക്കും. അതിനാൽ, യേശു തൻറെ മരണം പ്രഖ്യാപിക്കുകയും അവരെ മലയിലേക്കു കൊണ്ടുപോകുകയും, പിന്നീട് എന്താണ് സംഭവിക്കുകയെന്ന് അതായത്, പുനരുത്ഥാനം, കാണിക്കുകയും ചെയ്യുന്നു.

അവസാന വാക്ക് അന്ധകാരത്തിൻറെതല്ലെന്ന ഓർമ്മപ്പെടുത്തൽ

അപ്പോസ്തലനായ പത്രോസ് ഉദ്‌ഘോഷിച്ചതുപോലെ (മർക്കോസ് 9,5), കർത്താവിനോടൊപ്പം മലമുകളിൽ ആയിരിക്കുന്നത്, നോമ്പുകാലത്തിൻറെ ഹൃദയഭാഗത്ത്, പ്രകാശത്തിൻറെ ഈ “മുന്നാസ്വാദനം” ജീവിക്കുന്നത്, മനോഹരമാണ്. കർത്താവ് ഉയിർത്തെഴുന്നേറ്റുവെന്നും, പ്രത്യേകിച്ച്, കടുത്ത പരീക്ഷണത്തിലൂടെ കടന്നുപോകുന്ന വേളയിൽ,- നിങ്ങളിൽ പലർക്കുമറിയാം, ഈ കടുത്ത പരീക്ഷണം എന്താണെന്ന്,-   അവസാന വാക്ക് അന്ധകാരത്തിൻറെതായിരിക്കാൻ കർത്താവ് അനുവദിക്കില്ല എന്നും ഓർമ്മിക്കാൻ നമുക്കുള്ള ഒരു ക്ഷണമാണിത്.

ജീവിതത്തിലെ ഇരുണ്ട വേളകളിൽ ആവശ്യമായ വെളിച്ചം

വ്യക്തിപരമോ കുടുംബപരമോ സാമൂഹികമോ ആയ ജീവിതത്തിൽ ചിലപ്പോൾ, ഇരുണ്ട നിമിഷങ്ങളിലൂടെ കടന്നുപോകുകയും രക്ഷപ്പെടാൻ വഴിയില്ലെന്ന് ഭയപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. രോഗം, നിർദ്ദോഷകരമായ വേദന അല്ലെങ്കിൽ മരണമെന്ന രഹസ്യം എന്നിവ പോലുള്ള വലിയ പ്രഹേളികകൾക്കു മുന്നിൽ നമ്മൾ ഭയപ്പെടുന്നു. വിശ്വാസത്തിൻറെ അതേ യാത്രയിൽ, കുരിശിൻറെ  അപകീർത്തിയും, ജീവിതം സേവനത്തിനായി സമർപ്പിക്കുകയും, അത് അവനവനുവേണ്ടി കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യാതെ സ്നേഹത്തിൽ നഷ്ടപ്പെടുത്തുകയും ചെയ്യാൻ നമ്മെ ആഹ്വാനം ചെയ്യുന്ന സുവിശേഷത്തിൻറെ ആവശ്യങ്ങളും അഭിമുഖീകരിക്കുന്നതിൽ നാം പലപ്പോഴും ഇടറിവീഴുന്നു. അപ്പോൾ നമുക്ക്, മറ്റൊരു വീക്ഷണം, ജീവൻറെ നഗൂഢതയെ ആഴത്തിൽ പ്രകാശിപ്പിക്കുന്നതും നമ്മുടെ പദ്ധതികൾക്കും ലോകത്തിൻറെ മാനദണ്ഡങ്ങൾക്കും അപ്പുറത്തേക്കു പോകാൻ നമ്മെ സഹായിക്കുന്നതുമായ ഒരു വെളിച്ചം ആവശ്യമാണ്. മലകയറാനും, നമ്മുടെ ജീവിതത്തിൻറെ എല്ലാ ഭാഗങ്ങളിലും പ്രകാശംപരത്തുകയും പെസഹാജയം മുതലിങ്ങോട്ടുള്ള ചരിത്രത്തിന് വ്യാഖ്യാനം നല്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്ന ഉത്ഥിതൻറെ സൗന്ദര്യം ധ്യാനിക്കാനും, നമ്മളും വിളിക്കപ്പെട്ടിരിക്കുന്നു.

ആത്മീയ അലസയിൽ വീഴാതെ ജാഗ്രത പാലിക്കുക; ഹൃദയങ്ങളിൽ ചെറുദീപങ്ങൾ കൊളുത്തുക.

എന്നിരുന്നാലും നാം ശ്രദ്ധയുള്ളവരായിരിക്കണം: “ഇവിടെ ആയിരിക്കുന്നത് എത്ര മനോഹരം” എന്ന് പത്രോസിനുണ്ടായ തോന്നൽ ഒരു ആത്മീയ അലസതയായി ഭവിക്കരുത്. മലയിൽ വസിക്കുകയും ആ കൂടിക്കാഴ്ചാ സൗഭാഗ്യം തനിച്ച് ആസ്വദിക്കുകയും ചെയ്യാൻ നമുക്കാവില്ല. യേശുതന്നെ നമ്മെ താഴ്വാരത്തിലേക്ക്, നമ്മുടെ സഹോദരങ്ങളുടെ ഇടയിലേക്ക്, ദൈനംദിന ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുപോകുന്നു. ആത്മീയ അലസതയെക്കുറിച്ച് നാം  ജാഗ്രത പാലിക്കണം: നമ്മുടെ പ്രാർത്ഥനകളും ആരാധനകളുമൊക്കെയായി നമ്മൾ സുഖമായി കഴിയുന്നു, നമുക്ക് അത് മതിയാകും. ഇല്ല! മലകയറ്റം യാഥാർത്ഥ്യത്തെ വിസ്മരിക്കലല്ല; പ്രാർത്ഥിക്കുക എന്നത് ഒരിക്കലും ജീവിത സമ്മർദ്ദങ്ങളിൽ നിന്ന് പലായനം ചെയ്യലല്ല. മനോഹരമായ ആത്മീയ വികാരം ഉണ്ടാക്കുക എന്നതല്ല വിശ്വാസ വെളിച്ചത്തിൻറെ ലക്ഷ്യം. അല്ല, അതല്ല യേശുവിൻറെ സന്ദേശം. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചാനുഭവത്തിലേക്ക് നാം വിളിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ, അവിടത്തെ പ്രകാശത്താൽ പ്രബുദ്ധരായാൽ നമുക്ക് ആ വെളിച്ചം എല്ലായിടത്തും എത്തിക്കാനും പരത്താനും സാധിക്കും. ആളുകളുടെ ഹൃദയങ്ങളിൽ ചെറുദീപങ്ങൾ കൊളുത്തുക; അല്പം സ്നേഹവും പ്രത്യാശയും സംവഹിക്കുന്ന സുവിശേഷത്തിൻറെ ചെറുവിളക്കുകൾ ആകുക. ഇതാണ് ക്രൈസ്തവൻറെ ദൗത്യം. 

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

ക്രിസ്തുവെളിച്ചം വിസ്മയത്തോടെ സ്വീകരിക്കുന്നതിനും അതിനെ കാത്തുസൂക്ഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതിനും നമ്മെ സഹായിക്കാൻ നമുക്ക് ഏറ്റം പരിശുദ്ധയായ മറിയത്തോട് പ്രാർത്ഥിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

നൈജീരിയായിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാർത്ഥിനികൾക്കായി പാപ്പായുടെ പ്രാർത്ഥന

ആശീർവ്വാദാനന്തരം പാപ്പാ, വടക്കു പടിഞ്ഞാറൻ നൈജീരിയായിൽ ശനിയാഴ്ച (27/02/21) ആയുധധാരികൾ 317 വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തെ അപലപിച്ചു.

നൈജീരിയായുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ജംഗെബെയിലെ വിദ്യാലയത്തിൽ നിന്ന് 317 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ ഭീരുത്വമാർന്ന സംഭവത്തെ അന്നാട്ടിലെ മെത്രാന്മാരോടു ചേർന്ന് താൻ അപലപിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

ഈ പെൺകുട്ടികൾക്ക് എത്രയും വേഗം സ്വഭവനങ്ങളിലേക്ക് മടങ്ങാൻ കഴിയുന്നതിനുവേണ്ടി പ്രാർത്ഥിച്ച പാപ്പാ അവരുടെയും അവരുടെ കുടുംബങ്ങളുടെയും ചാരെ താനുണ്ടെന്ന് ഉറപ്പുനല്കുകയും ചെയ്തു. 

അവർക്ക് സംരക്ഷണമേകാൻ പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം യാചിച്ച പാപ്പാ നന്മനിറഞ്ഞ മറിയമെ എന്ന പ്രാർത്ഥന ചൊല്ലുകയും ചെയ്തു.

ലോക അപൂർവ്വരോഗദിനം

ഫെബ്രുവരിയിലെ അവസാന ദിനം ലോക അപൂർവ്വരോഗദിനം ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു.

അധിവർഷത്തിൽ ഫെബ്രുവരി 29 ആണ് ഈ ദിനാചരണത്തിനുള്ള തീയതിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഫെബ്രുവരിയിൽ 28 ദിവസം മാത്രം ഉള്ള വർഷങ്ങളിൽ അത് ഇരുപത്തിയെട്ടിനാണ് ആചരിക്കുക.

അപൂർവ്വ രോഗവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമിതിയുടെ പ്രതിനിധികൾ ത്രികാലപ്രാർത്ഥനയ്ക്കായി ചത്വരത്തിൽ സന്നിഹിതരായിരുന്നതിനാൽ പാപ്പാ അവരെ പ്രത്യേകം അഭിവാദ്യം ചെയ്തു.

അപൂർവ്വ രോഗങ്ങളുടെ കാര്യത്തിൽ, ഈ സമിതികളുടെ പിന്തുണയോടുകൂടി കുടുംബാംഗങ്ങൾ തമ്മിലുണ്ടാക്കിയിരിക്കുന്ന  ഐക്യദാർഢ്യശൃംഖല എന്നത്തേക്കാളുപരി പ്രധാന്യമർഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

തങ്ങൾ ഒറ്റയ്ക്കാണെന്ന തോന്നൽ ഉണ്ടാകാതിരിക്കുന്നതിനും അനുഭവങ്ങളും ഉപദേശങ്ങളും കൈമാറാനും ഈ ശൃംഖല സഹായകമാകുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

അപൂർവ്വ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങൾക്കും ചികിത്സാപരിപാടികൾക്കും പ്രചോദനം പകർന്ന പാപ്പാ ഈ രോഗബാധിതരോടും അവരുടെ കുടുംബങ്ങളോടും, പ്രത്യേകിച്ച്, കുഞ്ഞുങ്ങളോടുമുള്ള, തൻറെ സാമീപ്യം അറിയിച്ചു.

രോഗികളായ കുട്ടികളുടെ, ദുരിതമനുഭവിക്കുന്ന കുട്ടികളുടെ ചാരെ ആയിരിക്കുക, അവർക്കുവേണ്ടി പ്രാർത്ഥിക്കുക, ദൈവസ്നേഹത്തിൻറെ മൃദുലത, ആർദ്രത അവർക്കനുഭവവേദ്യമാക്കുക.. കുട്ടികളെ പ്രാർത്ഥനയിലൂടെ പരിചരിക്കുക, പാപ്പാ പറഞ്ഞു

അപൂർവ്വ രോഗങ്ങളുള്ള എല്ലാ ആളുകൾക്കും വേണ്ടി, പ്രത്യേകിച്ച് യാതനകളനുഭവിക്കുന്ന കുട്ടികൾക്കായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

നോമ്പുകാലയാത്ര

റോമാക്കാരായ വിശ്വാസികളെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെയും  അഭിവാദ്യം ചെയ്ത പാപ്പാ എല്ലാവർക്കും നല്ലൊരു നോമ്പുകാല യാത്ര ആശംസിച്ചു. 

ഈ നോമ്പുകാലയാത്രയിൽ പരദൂഷണം, കുറ്റം പറച്ചിൽ എന്നിവ വർജ്ജിക്കുന്നതായ ഒരു ഉപവാസം, അതായത്, വിശപ്പിനു കാരണമാകാത്ത ഒരു ഉപവാസം അനുഷ്ഠിക്കേണ്ടതിനെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചു. 

എല്ലാവർക്കും ചെയ്യാൻ കഴിയുന്ന മനോഹരമായ പ്രത്യേകതരം  ഉപവാസമാണ് ഇതെന്ന് പാപ്പാ പറഞ്ഞു.

അനുദിനം സുവിശേഷത്തിൽ നിന്നുള്ള ഒരു ഭാഗം വായിക്കാനും ചെറിയ ഒരു സുവിശേഷ ഗ്രന്ഥം കീശയിലൊ കൈസഞ്ചിയിലൊ കൊണ്ടുനടക്കാനുമുള്ള തൻറെ നിർദ്ദേശം പാപ്പാ ആവർത്തിച്ചു.

കഴിയുമ്പോഴെല്ലാം ഏതെങ്കിലുമൊരു സുവിശേഷ ഭാഗം വായിക്കുന്നത് ഗുണകരമാണെന്നും, ഇത് കർത്താവിന് ഹൃദയം തുറന്നുകൊടുക്കുന്നതിന് നമ്മെ പ്രാപ്തരാക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സമാപനാശംസ

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിക്കുകയും എല്ലാവർക്കും നല്ലൊരു ഞായറും ഉച്ചവിരുന്നും ആശംസിക്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ വീണ്ടും കാണാം എന്ന് പറഞ്ഞുകൊണ്ട് ത്രികാലപ്രാർത്ഥനാപരിപാടി അവസാനിപ്പിക്കുകയും ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. 

 

28 February 2021, 13:57

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >