ഫയൽ ചിത്രം - യുവജനങ്ങൾക്കൊപ്പം (റോമിലെ സ്കോളാസ് ഓഫിസിൽ) ഫയൽ ചിത്രം - യുവജനങ്ങൾക്കൊപ്പം (റോമിലെ സ്കോളാസ് ഓഫിസിൽ) 

പ്രബോധനാധികാരത്തെ നിഷേധിച്ചാൽ വിശ്വാസം സംരക്ഷിക്കാനാകുമോ?

ദൈവവചനത്തിന്‍റെ പ്രതിധ്വനിയാണ് മതബോധനം – പാപ്പാ ഫ്രാൻസിസ് മതാദ്ധ്യാപകർക്കു നല്കിയ സന്ദേശം - രണ്ടാം ഭാഗം :

- ഫാദർ വില്യം  നെല്ലിക്കൽ 

ഇറ്റലിയിലെ മതാദ്ധ്യാപകരെ ജനുവരി 30-ന് അഭിസംബോധനചെയ്തുകൊണ്ട് ദേശീയ മെത്രാൻ സമിതിയുടെ ഓഫിസിലേയ്ക്ക് പാപ്പാ ഫ്രാൻസിസ് അയച്ച സന്ദേശത്തിൽനിന്നെടുത്തതാണ് ഈ രണ്ടാം ഭാഗം.

1. മതബോധനവും ഭാവിയും
രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ 50-Ɔ൦ വാർഷികം അടുത്തിടെ അനുസ്മരിച്ചത് സന്ദേശത്തിൽ പാപ്പാ ചൂണ്ടിക്കാട്ടി. കൗൺസിൽതന്നെയാണ് മതബോധം നവീകരിക്കുവാനുള്ള ആഹ്വാനംനല്കിയത്. ഇതു സംബന്ധിച്ച് വിശുദ്ധനായ പോൾ ആറാമൻ പാപ്പാ പറഞ്ഞ വാക്കുകൾ സന്ദേശത്തിൽ പാപ്പാ ഫ്രാൻസിസ് ആവർത്തിച്ചു. നവീകരണത്തിന്‍റെ കൗൺസിലിനെ  സഭയുടെ നല്ല ഭാവിക്കായി നാം ആത്മവിശ്വാസത്തോടെ സ്വീകരിക്കുകയും ദൈവത്തിന് നന്ദിയുള്ളവരായിരിക്കുകയും വേണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. സഭയുടെ ഭാവിക്കായി ആത്മവിശ്വാസത്തോടെ അതു നിർവ്വഹിക്കുന്നത് നവമായ കാലഘട്ടത്തിന്‍റെ മഹത്തായ മതബോധനമായിരിക്കും (23 ജൂൺ 1966, പോൾ 6-Ɔമൻ പാപ്പാ). റോമിൽ അക്കാലയളവിൽ നടന്ന പ്രഥമ അന്തർദേശീയ മതബോധന സമ്മേളനത്തിലും പോൾ 6-Ɔമൻ പാപ്പാ ഇതേ വിഷയത്തെക്കുറിച്ചു  പ്രതിപാദിച്ചതും  പാപ്പാ ഫ്രാൻസിസ് സന്ദേശത്തിൽ എടുത്തുപറഞ്ഞു.

മറഞ്ഞിരിക്കുന്ന ദൈവത്തിങ്കലേയ്ക്ക് മനുഷ്യഹൃദയങ്ങളെ നയിക്കുന്നതിന് മതബോധനത്തിന്‍റെ നവീകരണം അനുസ്യൂതം തുടരേണ്ടതും, പതറാതെ കാലാകാലങ്ങളിൽ നവീകരിക്കേണ്ടതുമാണ്. അത് സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ സ്നേഹദാനംതന്നെയാണ്. അതിനാൽ രണ്ടാം വത്തിക്കാൻ സൂനഹദോസ് നവീകരണാഹ്വാനം നല്കിയ മതബോധനം എന്നു പറയുന്നത് മനുഷ്യ ഹൃദയങ്ങളെ നിരന്തരമായി കേൾക്കുകയും നവീകരിണത്തിനായി ശ്രദ്ധയോടെ കാതോർക്കുകയും ചെയ്യുന്ന പദ്ധതിയാണെന്ന് പാപ്പാ സന്ദേശത്തിന്‍റെ രണ്ടാംഭാഗത്ത് സ്ഥാപിച്ചു.

2. സഭയ്ക്ക് അകത്തോ പുറത്തോ...?
മേല്പറഞ്ഞത് കൗൺസിലിന്‍റെയും ഒപ്പം സഭയുടെയും ഇന്ധനമാകുന്ന പ്രബോധനാധികാരമാണ്. അതിനാൽ ഒന്നുകിൽ നാം സഭയിൽ ആയിരുന്നുകൊണ്ട് മതബോധനത്തിന്‍റെ നവീകരണ പദ്ധതിയോട് സഹകരിക്കുകയും കൗൺസിലിന്‍റെ പഠനങ്ങളെ അനുസരിക്കുകയും വേണം. അല്ലെങ്കിൽ നാം സഭയിൽ ആയിരുന്നുകൊണ്ട് കൗൺസിലിനെ ധിക്കരിക്കുകയും സ്വന്തമായ രീതിയിൽ തുടരുകയുമായിരിക്കും ചെയ്യുന്നത്. രണ്ടാമത്തെ നിലപാട് പലർക്കും സംഭവിക്കാവുന്ന, അതായത് സഭയുടെ പ്രബോധനാധികാരത്തെ നിഷേധിച്ചുകൊണ്ട് വിശ്വാസം സംരക്ഷിക്കാൻ ശ്രമിക്കുന്ന അത്തരക്കാർ ഇന്ന് സഭയിൽ ധാരാളമുണ്ട്. അതിനാൽ സഭയുടെ പ്രബോധനാധികാരമില്ലാത്ത ഒരു മതബോധനമോ വിശ്വാസപ്രചാരണമോ അസാദ്ധ്യമാണെന്ന് പാപ്പാ സമർത്ഥിച്ചു.

3. എന്നും നവീകരിക്കപ്പെടേണ്ട മതബോധനം
കൗൺസിലിനുശേഷമുള്ള കാലഘട്ടത്തിൽ എന്നപോലെ ഇന്നും ലോകത്തിന്‍റെ ഏതു ഭാഗത്തുള്ള സഭയും സഭാസമൂഹവും നവീകൃതമായ ഒരു മതബോധനത്തിന് വിളിക്കപ്പെട്ടിരിക്കുന്നു. അത് സഭയുടെ അജപാലന ശുശ്രൂഷയുടെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതുമാണെന്ന് പറയേണ്ടതില്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അതായത് ഉപവിപ്രവർത്തനങ്ങൾ , ആരാധനക്രമം, കുടുംബം, സംസ്കാരം, സാമൂഹ്യജീവിതം, സാമ്പത്തികം എന്നിങ്ങനെ. അതിനാൽ മതബോധനം സഭയുടെ അനിതരസാധാരണമായ ഒരു സാഹസവും അതിന്‍റെ വളർച്ചയുടെ മുന്നണിയുമാണെന്ന് പാപ്പാ പറഞ്ഞു.

4.  വെല്ലുവിളികളെ നേരിടാം
കാലത്തിന്‍റെ കാലൊച്ച കേൾക്കുവാനും അത് തിരിച്ചറിയുവാനും വർത്തമാനകാലത്തിന്‍റെയും ഭാവിയുടെയും വെല്ലുവിളികളെ ഒരുപോലെ അംഗീകരിക്കുവാനുള്ള കരുത്ത് മതബോധനത്തിനുണ്ട്. അതുകൊണ്ട് മതബോധനത്തിന് ഇന്നത്തെ തലമുറയുടെ ഭാഷയാണു വേണ്ടത്. അവരുടെ ചോദ്യങ്ങൾ അപരിഹാര്യമെന്നു കരുതി മാറ്റിവച്ചിരിക്കുന്നവയും, പ്രശ്നങ്ങളും സംശയങ്ങളും എന്നു ചിന്തിച്ച് ഒഴിവാക്കുന്നവയും നാം ഏറ്റെടുക്കണം. അവരുടെ ബലഹീനതകളും അനിശ്ചിതത്വങ്ങളും നാം മനസ്സിലാക്കി പ്രതിവിധി കാണണം. അതു ചെയ്യുവാൻ സഭ ഭയപ്പെടരുത്. അങ്ങനെ സുവിശേഷത്തിന്‍റെ സമ്പന്നതയും സന്തോഷവും ഇന്നും സമൂഹത്തിനു പകർന്നുനല്കുന്നതാവണം മതബോധനം. അതുപോലെ സഭയുടെ ഭാഗമാകുന്നതിലും ആനന്ദവും സമ്പന്നതയും മതബോധനത്തിൽ പ്രതിഫലിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 February 2021, 15:07