പാപ്പാ യുവജന സിനഡിൽ സംസാരിക്കുന്നു. പാപ്പാ യുവജന സിനഡിൽ സംസാരിക്കുന്നു. 

"ക്രിസ്തു ജീവിക്കുന്നു” :യുവജനത്തിന്റെ ചില അനുഭവങ്ങൾ

സഭാദർശനം പരിപാടിയിൽ ഇന്ന് നാം ശ്രവിക്കുന്നത് "Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 71 -72 ആം ഖണ്ഡികകളെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാം അദ്ധ്യായം:നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക്" ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.

71. യുവജനത്തിന്റെ ചില അനുഭവങ്ങൾ

 യൗവനം എന്നത് അമൂർത്തമായി അപഗ്രഥിക്കാനുള്ള ഒന്നല്ല.  യൗവനം നിലനിൽക്കുന്നില്ല. യുവജനങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂ. അവരിൽ ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിന്റെ യാഥാർത്ഥ്യത്തോടു കൂടി നിലനിൽക്കുന്നു. വേഗം മാറികൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് അവരിൽ അനേകം ജീവിതങ്ങൾ സഹനത്തിനും ചൂഷണത്തിനും വിധേയമാണ്.(കടപ്പാട്. പി.ഒ.സി. പ്രസിദ്ധീകരണം).

72. പ്രതിസന്ധിയുടെ ഒരു ലോകത്ത് ജീവിക്കൽ

സിനഡു പിതാക്കന്മാർ ഖേദത്തോടെ ഇങ്ങനെ അംഗീകരിച്ചു. ഇന്ന് അനേകം യുവജനം യുദ്ധ പ്രദേശങ്ങളിൽ ജീവിക്കുകയും അനേകം വ്യത്യസ്ത രൂപങ്ങളിൽ അക്രമം,തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറിക്കൽ, സംഘടിത കുറ്റകൃത്യം,മനുഷ്യക്കടത്ത് ,അടിമത്വം, ലൈംഗികചൂഷണം, യുദ്ധകാല ബലാൽസംഗം മുതലായവ അനുഭവിക്കുകയും ചെയ്യുന്നു. മറ്റു ചില യുവജനങ്ങൾ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ സമൂഹത്തിൽ തങ്ങളുടെ ഒരു ഇടം കണ്ടെത്താൻ പാടുപെടുന്നു. പലതരത്തിലുള്ള പീഡനങ്ങൾ ജീവഹാനി പോലും നേരിടുകയും ചെയ്യുന്നു. അനേകം യുവാക്കൾ നിർബന്ധം മൂലമോ മറ്റൊരു മാർഗ്ഗം തിരഞ്ഞെടുക്കാൻ

ഇല്ലാത്തതുകൊണ്ടോ കുറ്റകൃത്യങ്ങളും അക്രമ പ്രവർത്തികളും ചെയ്തു കൊണ്ട് ജീവിക്കുന്നു. കുട്ടിപട്ടാളക്കാർ, ആയുധം ധരിച്ച കുറ്റവാളികളുടെ സംഘങ്ങൾ, മയക്കുമരുന്ന് കച്ചവടക്കാർ, ഭീകരപ്രവർത്തകർ മുതലായവർ അനേകം യുവ ജീവിതങ്ങളെ നശിപ്പിക്കുന്നു. ദുരുപയോഗം, ആസക്തി, അക്രമം, കുറ്റകൃത്യങ്ങൾ എന്നിവയും യുവജനങ്ങളെ ജയിലിലാക്കാനുള്ള ചില കാരണങ്ങളാണ്. ചില വംശീയ സാമൂഹിക സംഘങ്ങളിൽ ഇത് കൂടുതലായി സംഭവിക്കുന്നു. (കടപ്പാട്. പി.ഒ.സി. പ്രസിദ്ധീകരണം).

യുവത്വം എന്നൊന്നുണ്ടോ ? അത് അമൂർത്തമായി വിശകലനം ചെയ്യേണ്ട ഒന്നല്ല എന്നാണ് ഫ്രാൻസിസ് പാപ്പായുടെ നിഗമനം. അങ്ങനെ അമൂർത്തമായ ഒരു യുവത്വത്തിന് അസ്തിത്വമില്ല എന്നും ഫ്രാൻസിസ് പാപ്പാ പറയുന്നു. കാരണം യുവത്വം എന്നത് യുവജനങ്ങളുടെ അനുഭവങ്ങളാണ്. യുവജനങ്ങളാണ് യാഥാർത്ഥ്യം. ഓരോ യുവതിയും യുവാവും അവരവരുടെ ജീവിതങ്ങളും യാഥാർത്ഥ്യങ്ങളുമായി ജീവിക്കുന്നു. ഈ ജീവിതാനുഭവങ്ങളെ  അതിവേഗം രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് പാപ്പാ ഈ ഖണ്ഡികകളിലൂടെ വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ്. നേരത്തെസൂചിപ്പിച്ചത് പോലെ യുവജനാനുഭവങ്ങൾ ഓരോയിടങ്ങളിലും അവിടത്തെ ഭൂമിശാസ്ത്രപരമായ  പ്രത്യേകതകളും സാമ്പത്തീക, സാമൂഹീക, സാഹചര്യങ്ങളും അനുസരിച്ച് വ്യത്യസ്തമാണ്. ചിലയിടങ്ങളിൽ യുവജനങ്ങളുടെ ജീവിതം ഒരുപാട് കഷ്ടതകൾ നിറഞ്ഞതാണെന്നും ചൂഷണം ചെയ്യപ്പെടുന്നതാണെന്നും പാപ്പാ തിരിച്ചറിയുന്നു. യുവജന ജീവിതം അഭിമുഖീകരിക്കുന്ന ഇക്കാലഘട്ടത്തിന്റെ വിവിധതരം അനുഭവങ്ങളെ ഓരോന്നായി വിവരിക്കുന്ന ഖണ്ഡികകളിലൂടെയാണ് നാമിനി കടന്നുപോകുക.

ഇന്നത്തെ ലോകം പ്രതിസന്ധികൾ നിറഞ്ഞ ഒന്നാണെന്നതിൽ സംശയമില്ല. ഇത്തരം ഒരു ലോകത്തിൽ യുവജനങ്ങൾ എങ്ങനെയാണ് തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് യുവജന സിനഡിൽ പിതാക്കൻമാർ ബോധവാന്മാരായിരുന്നു എന്ന് അതിന്റെ അവസാന രൂപരേഖയിലെ ഇരുപത്തി ഒൻപതാം ഖണ്ഡിക വായിച്ചാൽ നമുക്ക് മനസ്സിലാക്കാം. ഇന്നത്തെ ലോക പ്രതിസന്ധികളെ വിശകലനം ചെയ്ത സിനഡ് പിതാക്കൻമാർ അതിൽ ഒന്നാം സ്ഥാനം യുദ്ധങ്ങൾക്ക് നൽകിയതിനാലാവാം പരിശുദ്ധ പിതാവ് തന്റെ പ്രബോധനത്തിൽ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ പെട്ടു പോകുന്ന യുവജീവിതങ്ങളെ പറ്റിയാണ് ആദ്യം പ്രതിപാദിക്കുന്നത്. യുദ്ധങ്ങൾ പിച്ചിച്ചീന്തുന്ന നാടുകളിൽ ജീവിതം യുവാക്കളെ പലതരം അക്രമങ്ങൾക്കാണ് വിധേയരാക്കുന്നത്. അവർ ശാരീരീകമായും മാനസികമായും സംഘർഷത്തിലാവുന്നു. തട്ടിക്കൊണ്ടു പോകലും, പിടിച്ചുപറിയും,സംഘടിത ക്രിമിനൽ പ്രവർത്തികളും മാത്രമല്ല മനുഷ്യക്കടത്തും, അതുമായി ബന്ധപ്പെട്ടുകിടക്കുന്ന അടിമവേല, ലൈംഗീകമായ ചൂഷണങ്ങൾ, ബലാൽക്കാരങ്ങൾ തുടങ്ങിയവ അവയിൽ ചിലതു മാത്രം എന്ന് സിനഡിന്റെ സമാപനരേഖകൾ എടുത്തു പറയുന്നുണ്ട്. ഇത്തരം കഠിനമായ സാഹചര്യങ്ങൾക്ക് നടുവിലും തങ്ങളുടെ മത വിശ്വാസം മുറുകെ പിടിക്കാൻ പരിശ്രമിക്കുന്ന യുവജനങ്ങളും കുറവല്ല. എന്നാൽ ഇവർക്ക് സമൂഹത്തിൽ ഒരിടം കണ്ടെത്താൻ ഒരുപാടു ബുദ്ധിമുട്ടേണ്ടി വരുന്നു. പല തരത്തിലുള്ള പീഡനങ്ങളുടെ ചരിത്രങ്ങൾ തന്നെ നമുക്ക് നിരത്തി വയ്ക്കാൻ കഴിയും. പല പ്രാവശ്യം പരിശുദ്ധ പിതാവ് വിശ്വാസത്തിനെതിരെയുള്ള പീഡനങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സഭയിൽ ആദ്യ നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്നതിനേക്കാൾ രക്തസാക്ഷികൾ ഇപ്പോൾ ഉണ്ട് എന്ന് ആവർത്തിക്കുന്നുണ്ടു പലപ്പോഴും. ആസിയാ ബീബിയെ പോലെ അനേകരെ നമുക്ക് അനുദിനം കണ്ടെത്താനും കഴിയും. മരണത്തിലേക്ക് നയിക്കപ്പെടുന്നവരുടെ എണ്ണവും കുറവല്ല എന്ന സത്യവും ഇവിടെ പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഇനിയും മറ്റൊരു കൂട്ടം യുവജന്മങ്ങളുടെ ഗതികേടും ഇവിടെ ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്‌. അത് തങ്ങളുടെ ഉപജീവന മാർഗ്ഗത്തിനു വേണ്ടി കുറ്റകൃത്യങ്ങൾക്കു നിർബന്ധിക്കപ്പെടുന്നവരാണ്. അക്കൂട്ടത്തിൽ പെടുന്നു കുട്ടി പട്ടാളക്കാർ. ലോകത്തിൽ ആയിരക്കണക്കിന് കുട്ടികളെയാണ് ആയുധ സംഘർഷങ്ങളിൽ പട്ടാളക്കാരായി ചേർക്കുന്നത്. ഭൂരിഭാഗവും നിർബന്ധപൂർവ്വം അതിന്റെ ഭാഗമാക്കി ചേർക്കപ്പെടുന്നവരാണ്. കുട്ടികളെ യുദ്ധം ചെയ്യാൻ വേണ്ടി മാത്രമല്ല സൈന്യത്തിനകത്തുള്ള മറ്റു പല ജോലികൾക്കുമായും ഉപയോഗിക്കപ്പെടുന്നു. ഈ കുട്ടികളിൽ പലരും തട്ടിയെടുക്കപ്പെട്ടും, ഭീഷിണിപ്പെടുത്തിയും ഇത്തരം സംഘടനകളിൽ ചേർക്കപ്പെടുന്നവരാണ്.    ഗവൺമെന്റേതര ആയുധ സേനകൾ മാത്രമല്ല  ചില രാജ്യങ്ങൾ പോലും കുട്ടികളെ പട്ടാളത്തിൽ എടുക്കുന്നതായും ഐക്യരാഷ്ട്രസഭ കണ്ടെത്തി. ലോകത്തിൽ വിവിധ രാജ്യങ്ങളിലായി 2,50, 000 കുട്ടികളായ പട്ടാളക്കാരുണ്ടെന്നും അതിൽ 40% പെൺകുട്ടികളാണെന്നും അവരെ ലൈംഗീക അടിമകളായി ഉപയോഗിക്കുയാണെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു.

യുവാക്കൾ എത്തിപ്പെടുന്നയിടം അതു മാത്രമല്ല. മയക്കുമരുന്ന് കടത്തിലും വ്യാപാരത്തിലും ഭീകരവാദത്തിലേക്ക് വരെ സാഹചര്യങ്ങൾ അവരെ കൊണ്ടു ചെന്നെത്തിക്കുന്നു. ഇങ്ങനെയുള്ള അതിക്രമങ്ങൾ നശിപ്പിച്ച യുവജന ജീവിതങ്ങൾ ഒരു യാഥാർത്ഥ്യമാണെന്നും യുവാക്കളെ ദുരുപയോഗം ചെയ്യുന്നതും ആസക്തികൾക്ക് വശംവദരാക്കുന്നതും അതോടൊപ്പം അക്രമങ്ങളും തെറ്റുകളും പലരേയും തടവറകളിൽ കൊണ്ടും ചെന്നെത്തിക്കുന്നു എന്നതും ഫ്രാൻസിസ്‌ പാപ്പാ മറക്കുന്നില്ല. അതുകൊണ്ടുതന്നെ യുദ്ധങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇടങ്ങളിൽ കൂടുതൽ യുവജനങ്ങൾ ചൂഷണം ചെയ്യപ്പെടുകയും ചില സമൂഹങ്ങളിൽ ഇത്തരം അനുഭവങ്ങളുടെ എണ്ണം പറയാനാവാത്ത അത്ര വർദ്ധിക്കുന്നതും കാണുന്നതായി സിനസിന്റെ അന്തിമ പ്രമാണത്തിൽ നിന്നും പാപ്പാ ഉദ്ധരിക്കുന്നു.

യഥാർത്ഥത്തിൽ യുവജനങ്ങളുടെ ജീവിതത്തെ മുൻ ഖണ്ഡികകളിൽ പാപ്പാ സൂചിപ്പിച്ചതുപോലെ ഭൂമിശാസ്ത്രപരമായും വികസന വികസ്വര രാജ്യങ്ങളുടെ സാഹചര്യങ്ങൾ കണക്കിലെടുത്തും പരിശോധിക്കുമ്പോൾ ആഗോളസഭയിൽ യുവജനങ്ങൾക്ക് ഒരു വലിയ വൈവിധ്യത നില നിൽക്കുന്നു. അതിൽ എല്ലാത്തരം അനുഭവങ്ങളും ഉൾക്കൊള്ളുന്നതും പരിശുദ്ധ പിതാവ് തിരിച്ചറിയുന്നു. ഇവയെല്ലാം സഭയുടെ മുൻപിൽ വലിയ ഉത്തരവാദിത്വങ്ങളാണ് കൊണ്ടുവന്നു വയ്ക്കുന്നത് എന്ന് മനസ്സിലാക്കാനും സഭയുടെ ഭാവി ഇത്തരം യുവജനങ്ങളെ വിശ്വാസത്തിലും സഭാ പ്രവർത്തനങ്ങളിലും മുൻനിരയിൽ എത്തിക്കുന്നത് ആശ്രയിച്ചിരിക്കും എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു സത്യമാണ്. ഇക്കാര്യം മനസ്സിലും സഭയുടെ പ്രവർത്തനങ്ങളിലും ബോധപൂർവ്വകമായ ഒരു പരിവർത്തനത്തിന് പുളിമാവാകണമെന്നതാണ് യഥാർത്ഥത്തിൽ യുവജന സിനഡിൽ തെളിഞ്ഞ ചിത്രം. അത് വളരെ വൃക്തമായി സൂചിപ്പിക്കുകയാണ് ഈ വരികളിലൂടെ ഫ്രാൻസിസ് പാപ്പാ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 February 2021, 11:19