തിരുപ്പിറവി രംഗാവിഷ്ക്കാരം തിരുപ്പിറവി രംഗാവിഷ്ക്കാരം 

നമ്മിൽ ആർദ്രത വീണ്ടുമുണർത്തുന്ന തിരുപ്പിറവി രംഗ മനനം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം, ജനുവരി 02, 2021

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആർദ്രത ഇന്നു നമുക്ക് ഏറെ ആവശ്യമായിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

ശനിയാഴ്ച (02/01/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

“തിരുപ്പിറവിയുടെ രംഗത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ നമുക്ക് ഏതാണ്ട് ശിശുക്കളെപ്പോലെയാകാനും ലോകത്തിലേക്ക് ദൈവം ആഗതനാകാനഭിലഷിച്ച വിസ്മയകരമായ രീതിയെക്കുറിച്ചുള്ള ആശ്ചര്യം നമ്മിലുണർത്താനും സാധിക്കും. ഇത് നമ്മിൽ ആർദ്രത വീണ്ടുമുളവാക്കും; ഈ സ്നിഗ്ദ്ധത    ഇന്ന് അത്യധികം ആവശ്യമായിരിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

പുതുവത്സരദിനത്തിൽ, വെള്ളിയാഴ്ച (01/01/21) പാപ്പാ ട്വിറ്ററിൽ വിവിധ സന്ദേശങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. അവയിലൊന്ന് പുത്തനാണ്ടിനെ ദൈവമാതാവിന് സമർപ്പിക്കുന്നതായിരുന്നു.

പാപ്പാ ഇങ്ങനെ കുറിച്ചു:

“പരിശുദ്ധ ദൈവ ജനനീ, പുതുവർഷത്തെ ഞങ്ങൾ നിനക്ക് സമർപ്പിക്കുന്നു. ഹൃദയത്തിൽ കാത്തുസൂക്ഷിക്കാൻ അറിയുന്ന നീ ഞങ്ങൾക്ക് സംരക്ഷണമേകണമേ. ഞങ്ങളുടെ കാലഘട്ടത്തെ നീ അനുഗ്രഹിക്കുകയും ദൈവത്തിനും മറ്റുള്ളവർക്കും വേണ്ടി സമയം കണ്ടെത്താൻ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യണമേ”.

അന്നു പാപ്പാ കണ്ണിചേർത്ത മൂന്നാമത്തെ ട്വിറ്റർ സന്ദേശം, “സമാധാനം”, “വിശ്വശാന്തിദിനം” എന്നീ ഹാഷ്ടാഗുകളോടു കൂടിയതായിരുന്നു. അത് ഇപ്രകാരമായിരുന്നു: “ആവശ്യത്തിലിരിക്കുന്നവരെയും ദാരിദ്ര്യം അനുഭവിക്കുന്നവരെയും പരിപാലിക്കുന്നതിന് നമുക്കുള്ള പ്രതിബന്ധങ്ങൾ നീക്കി നമ്മോടു തന്നെയും നമ്മുടെ ചാരത്തുള്ളവരോടും നാം സമാധാനം പുലർത്താൻ തുടങ്ങിയാൽ സമാധാനം ഒരു യാഥാർത്ഥ്യമാകും.” 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 January 2021, 13:09