ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനയിൽ സകലരും ഒത്തൊരുമിച്ച്! ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനയിൽ സകലരും ഒത്തൊരുമിച്ച്! 

ക്രൈസ്തവൈക്യ പ്രാർത്ഥനാ വാരം, ഒരുമയിൽ പ്രാർത്ഥിക്കുക!

ക്രൈസ്തവൈക്യത്തിനായുള്ള അഷ്ടദിന പ്രാർത്ഥനയുടെ വിചിന്തന പ്രമേയം: “നിങ്ങൾ എൻറെ സ്നേഹത്തിൽ നിലനില്ക്കുക: നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കും”

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഐക്യം സംഘർഷത്തെ വെല്ലുന്നതാണെന്ന് പാപ്പാ.

അനുവർഷം ജനുവരി 18 മുതൽ 25 വരെ ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനാവാരം ക്രൈസ്തവസഭകൾ ആചരിക്കുന്നത് 17-ɔ൦ തീയതി ഞായറാഴ്ച വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയുടെ അവസരത്തിൽ അനുസ്മരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

സാഹോദര്യത്തിൻറെയും സഹകരണത്തിൻറെയും സമൃദ്ധമായ ഫലം ഈ അഷ്ടദിനപ്രാർത്ഥന പുറപ്പെടുവിക്കുമെന്ന തൻറെ പ്രത്യാശയും പാപ്പാ വെളിപ്പെടുത്തി.

ജനുവരി 18-ന് ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനാവാരം ആരംഭിക്കുന്നതിനാൽ അതൊരു സുപ്രധാന ദിനമാണെന്ന് പാപ്പാ പറഞ്ഞു.

“നിങ്ങൾ എൻറെ സ്നേഹത്തിൽ നിലനില്ക്കുക: നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കും” എന്ന ഈ പ്രാർത്ഥനാ വാരത്തിൻറെ പ്രമേയം യേശുവേകിയ മുന്നറിയിപ്പിൻറെ ആവർത്തനമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

ഇരുപത്തിയഞ്ചാം തീയതി തിങ്കളാഴ്ച  (25/01/2021) റോമൻ ചുവരിനു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയിൽ, റോമിലുള്ള ഇതര ക്രൈസ്തവ സമൂഹങ്ങളുടെ പ്രതിനിധികളോടൊപ്പം ഈ പ്രാർത്ഥനാ വാരത്തിന് സമാപനം കുറിക്കുമെന്നും പാപ്പാ വെളിപ്പെടുത്തി.

എല്ലാവരും ഒന്നായിത്തീരണമെന്ന ക്രിസ്തുവിൻറെ അഭിലാഷം പൂർത്തിയാകുന്നതിനു വേണ്ടി ഈ ദിനങ്ങളിൽ ഏകയോഗമായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

യോഹന്നാൻറെ സുവിശേഷം അദ്ധ്യായം 15,5-9 വരെയുള്ള വാക്യങ്ങളിലൂടെ യേശുവേകുന്ന മുന്നറിയിപ്പ്, അതായത്, “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു” എന്നു തുടങ്ങുന്ന ഉദ്ബോധനത്തെ ആധാരമാക്കിയുള്ളതാണ് അഷ്ടദിന പ്രാർത്ഥനയ്ക്കുള്ള ഇക്കൊല്ലത്തെ വിചിന്തന പ്രമേയം. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2021, 09:13