ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞായാറാഴ്ച (17/01/21) മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിൽ! ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞായാറാഴ്ച (17/01/21) മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിൽ! 

ദൈവത്തിൻറെ വിളി സ്നേഹമാണ്, ആ സ്നേഹം നാം കണ്ടത്തണം!

ദൈവത്തിൻറെ വിളിയോട് നാം സ്നേഹത്താൽ പ്രതികരിക്കണം . സ്നേഹത്തിൽ നിന്ന് വരുന്ന വിളിക്കുള്ള ഉത്തരം സ്നേഹം മാത്രമാണ്. ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപം സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ശൈത്യം ശക്തി പ്രാപിച്ചിരിക്കയാണ് റോമിൽ. കൊറോണ വൈറസ് സംക്രമണം തടയുന്നതിനുള്ള നടപടികൾ  ഇറ്റലിയിൽ കർശനമായി തുടരുന്നു. കോവിദ് 19 മഹാമാരിമൂലമുള്ള നിയന്ത്രണങ്ങൾ നിലനില്ക്കുന്നതിനാൽ ഫ്രാൻസീസ് പാപ്പാ ഈ  ഞായറാഴ്ചയും (17/01/21) വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്, ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ ആയിരുന്നു ത്രികാലപ്രാർത്ഥന നയിച്ചത്. പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ ഒരു വിചിന്തനം നടത്തി.   ഈ ഞായറാഴ്ച (17/01/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, യോഹന്നാൻറെ  സുവിശേഷം 1,35-42 വരെയുള്ള വാക്യങ്ങൾ, അതായത്, യേശു തൻറെ ആദ്യ ശിഷ്യരെ തിരഞ്ഞെടുക്കുന്ന സംഭവം, അവലംബമാക്കിയുള്ളതായിരുന്നു  പാപ്പായുടെ പ്രഭാഷണം. 

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനം ഇപ്രകാരം പരിഭാഷപ്പെടുത്താം :

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

സാധാരണ കാലത്തിലെ രണ്ടാമത്തെതായ ഈ ഞായറാഴ്ചത്തെ  സുവിശേഷം (യോഹന്നാൻ 1:35-42) അവതരിപ്പിക്കുന്നത് യേശു അവിടത്തെ ആദ്യ ശിഷ്യന്മാരുമായി കണ്ടുമുട്ടുന്ന സംഭവമാണ്. യേശു സ്നാനമേറ്റതിൻറെ പിറ്റേ ദിവസം, ജോർദ്ദാൻ നദിക്കരയിലാണ് സംഭവം അരങ്ങേറുന്നത്. സ്നാപകയോഹന്നാൻ തന്നെയാണ് അവരിൽ രണ്ടുപേർക്ക് ഇങ്ങനെ പറഞ്ഞുകൊണ്ട് മിശിഹായെ കാട്ടിക്കൊടുക്കുന്നത്: "ഇതാ, ദൈവത്തിൻറെ കുഞ്ഞാട്! (യോഹന്നാൻ 1:36). ആ രണ്ടു പേരും, സ്നാപകനേകിയ സാക്ഷ്യത്തിൽ വിശ്വസിച്ചു കൊണ്ട്  യേശുവിനെ അനുഗമിക്കുന്നു. അത് മനസ്സിലാക്കിയ അവിടന്ന് അവരോട് ചോദിക്കുന്നു:."നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്: അവർ അവിടത്തോടു ചോദിക്കുന്നു: “ഗുരോ, അങ്ങ് എവിടെയാണ് വസിക്കുന്നത്?" (യോഹന്നാൻ 1:38).

വന്നു കാണുക

 "ഞാൻ കഫർണാമിലൊ അല്ലെങ്കിൽ നസറത്തിലൊ” ആണ് വസിക്കുന്നതെന്നല്ല, യേശു പ്രത്യുത്തരിക്കുന്നത്, പ്രത്യുത, "വന്നു കാണുക" (യോഹന്നാൻ 1:39) എന്നാണ് പറയുന്നത്. ഒരു സന്ദർശന ചീട്ടു നല്കുകയയല്ല, മറിച്ച്, കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയാണ് അവിടന്ന്. രണ്ടുപേരും അവിടത്തെ അനുഗമിക്കുന്നു, അന്ന് ഉച്ചതിരിഞ്ഞ് അവർ അവനോടൊപ്പം ചിലവഴിക്കുന്നു. ഗുരു സംസാരിക്കുമ്പോൾ അവരുടെ ഹൃദയം കൂടുതൽ കൂടുതൽ ഊഷ്മളമാകുന്നതായി അവർക്ക് അനുഭവപ്പെടുന്നതിനാൽ അവർ അവിടെ ഇരുന്നു അവിടത്തോട് ചോദ്യങ്ങൾ ചോദിക്കുന്നതും, സർവ്വോപരി അവിടത്തെ ശ്രവിക്കുന്നതും സങ്കൽപ്പിക്കാൻ പ്രയാസമില്ല. അവരുടെ ഏറ്റവും വലിയ പ്രത്യാശയോട് പ്രത്യുത്തരിക്കുന്ന വാക്കുകളുടെ മനോഹാരിത അവർ മനസ്സിലാക്കുന്നു. വൈകുന്നേരമായി തുടങ്ങിയപ്പോൾ അവർ പെട്ടെന്നു ഗ്രഹിക്കുന്നു, ദൈവത്തിനു മാത്രം പ്രദാനം ചെയ്യാൻ കഴിയുന്ന ഒരു വെളിച്ചം തങ്ങളിൽ, തങ്ങളുടെ ഹൃദയത്തിൽ, പരക്കുന്നുവെന്ന്.

മനസ്സിൽ പച്ചകെടാതെ നില്ക്കുന്ന കൂടിക്കാഴ്ച

 

ശ്രദ്ധേയമായ ഒരു കാര്യം ഇതാണ്: അവരിലൊരാൾ അറുപതൊ, ഒരു പക്ഷേ, അതിൽ കൂടുതലൊ, വർഷങ്ങൾക്കു ശേഷം സുവിശേഷത്തിൽ ഇങ്ങനെ എഴുതി: “അപ്പോൾ ഉച്ചതിരിഞ്ഞ്, ഏകദേശം നാലുമണി ആയിരുന്നു” (യോഹന്നാൻ 1:39). അദ്ദേഹം സമയം രേഖപ്പെടുത്തിയിരിക്കുന്നു. ഇത് നമ്മെ ചിന്തിപ്പിക്കുന്ന ഒന്നാണ്: യേശുവുമായുള്ള എല്ലാ ആധികാരിക സമാഗമങ്ങളും ഓർമ്മയിൽ സജീവമായി നിൽക്കുന്നു, അത് ഒരിക്കലും മറക്കില്ല. നിരവധി കണ്ടുമുട്ടലുകൾ നീ മറന്നുപോകുന്നു. എന്നാൽ യേശുവുമായുള്ള യഥാർത്ഥ കൂടിക്കാഴ്ച എന്നും മനസ്സിൽ നിലനിൽക്കുന്നു. അവർ നിരവധി വർഷങ്ങൾക്കുശേഷം, സമയം വരെ ഓർമ്മിച്ചു, അവരുടെ ജീവിതത്തെ മാറ്റിമറിച്ച ഇത്രമാത്രം ആനന്ദകരവും സമ്പൂർണ്ണവുമായ ഈ കൂടിക്കാഴ്‌ച അവർക്ക് മറക്കാൻ കഴിഞ്ഞില്ല. പിന്നീട്, അവർ  ഈ കൂടിക്കാഴ്ച കഴിഞ്ഞ് സഹോദരങ്ങളുടെ അടുത്ത് തിരിച്ചെത്തിയപ്പോൾ  അവരുടെ ഈ  സന്തോഷം, ഈ വെളിച്ചം നിറഞ്ഞൊഴുകുന്ന നദി പോലെ അവരുടെ ഹൃദയങ്ങളിൽ നിന്ന് പ്രവഹിക്കുന്നു. ഈ രണ്ടുപേരിൽ ഒരാളായ അന്ത്രയോസ് തൻറെ സഹോദരനായ ശിമയോനോട്, അതായത് യേശു കണ്ടുമട്ടുമ്പോൾ പത്രോസ് എന്നു വിളിക്കാൻ പോകുന്നവനോട്, പറയുന്നു: “ഞങ്ങൾ മിശിഹായെ കണ്ടു” (യോഹന്നാൻ 1:41). യേശു, മിശിഹാ ആണെന്ന ഉറപ്പോടു കൂടിയാണ് അവർ അവിടത്തെ പക്കൽ നിന്നു പോന്നത്.

ദൈവത്തിൻറെ വിളി അവിടത്തെ സ്നേഹസംരംഭം

ക്രിസ്തുവിനോടൊപ്പമായിരിക്കാൻ  ക്ഷണിക്കുന്ന ഈ അനുഭവത്തെക്കുറിച്ച് നമുക്ക് ഒരു നിമിഷം ചിന്തിക്കാം. ദൈവത്തിൻറെ ഓരോ വിളിയും അവിടത്തെ സ്നേഹത്തിൻറെ ഒരു സംരംഭമാണ്. എല്ലായ്‌പ്പോഴും മുൻകൈയെടുക്കുന്നത് അവിടന്നാണ്, അവിടന്ന് നിന്നെ വിളിക്കുന്നു.  ദൈവം ജീവിതത്തിലേക്ക് വിളിക്കുന്നു, വിശ്വാസത്തിലേക്ക് വിളിക്കുന്നു, ഒരു പ്രത്യേക  ജീവിതാന്തസ്സിലേക്ക് വിളിക്കുന്നു: " നിന്നെ എനിക്ക് ഇവിടെ വേണം". ദൈവത്തിൻറെ ആദ്യത്തെ വിളി  ജീവിതത്തിലേക്കാണ്, അതുവഴി അവിടന്നു നമ്മെ വ്യക്തികളാക്കി മാറ്റുന്നു; ഇത് ഒരു വ്യക്തിഗത വിളി ആണ്, കാരണം ദൈവം കാര്യങ്ങൾ ചെയ്യുന്നത് പരമ്പരയായിട്ടല്ല. ദൈവം നമ്മെ വിശ്വാസത്തിലേക്കും ദൈവമക്കളെന്ന നിലയിൽ അവിടത്തെ കുടുംബത്തിൻറെ ഭാഗമാകാനും വിളിക്കുന്നു.  അവസാനമായി, ദൈവം നമ്മെ ഒരു പ്രത്യേക ജീവിതാവസ്ഥയിലേക്ക് വിളിക്കുന്നു: വിവാഹം, പൗരോഹിത്യം അല്ലെങ്കിൽ സമർപ്പിത ജീവിതം എന്നിങ്ങളെയുള്ള ഏതെങ്കിലും വഴിയിലൂടെ നമ്മെത്തന്നെ നൽകാൻ. ദൈവത്തിൻറെ പദ്ധതി സാക്ഷാത്കരിക്കുന്നതിനുള്ള വ്യത്യസ്ത വഴികളാണ് അവ. ദൈവത്തിന് നാം ഒരോരുത്തരെയും കുറിച്ചുള്ളത് എല്ലായ്പ്പോഴും സ്നേഹത്തിൻറെ പദ്ധതിയാണ്. ദൈവം എപ്പോഴും വിളിക്കുന്നു.  ഈ വിളിയോട് പ്രതികരിക്കുക, ദൈവത്തിനും സഹോദരങ്ങൾക്കു വേണ്ടി സ്വയം പൂർണ്ണമായി അർപ്പിക്കുകയാണ് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ ആനന്ദം.

ദൈവവിളിയുടെ പിന്നിലുള്ള സ്നേഹം കണ്ടെത്തുക

സഹോദരീ സഹോദരന്മാരേ, ആയിരം രീതികളിലൂടെയും സന്തോഷസന്താപകരങ്ങളായ സംഭവങ്ങളിലൂടെയും   നമ്മിലേക്കെത്താവുന്ന കർത്താവിൻറെ വിളിക്കു മുന്നിൽ, ചിലപ്പോൾ നമ്മുടെ മനോഭാവം തിരസ്ക്കരണത്തിൻറെതാകാം, അതായത്, എനിക്കു പറ്റില്ല, ഞാൻ ഭയപ്പെടുന്നു എന്നിങ്ങനെയാകാം.  കാരണം അവ നമ്മുടെ അഭിവാഞ്ഛകൾക്ക് വിരുദ്ധമാണെന്ന തോന്നലാണ്. കൂടുതൽ ആയാസകരവും അസൗകര്യവുമാണെന്ന കാരണത്താലും നാം അതിനെ ഭയപ്പെടാം. “എനിക്കതിനു സാധിക്കില്ല, ചെയ്യാതിരിക്കുന്നതാണ് നല്ലത്, കൂടുതൽ ശാന്തമായ ഒരു ജീവിതമാണ് ഉത്തമം.... ദൈവം അവിടെയും ഞാൻ ഇവിടെയും ആണ്” എന്നീ ചിന്തകൾ. എന്നാൽ ദൈവത്തിൻറെ വിളി സ്നേഹമാണ്, ഓരോ വിളിയുടെയും പിന്നിലുള്ള സ്നേഹം കണ്ടെത്താൻ നാം ശ്രമിക്കണം, നാം അതിനോട് പ്രതികരിക്കേണ്ടത് സ്നേഹത്താൽ മാത്രമാണ്. ഇതാണ് ശൈലി: സ്നേഹത്തിൽ നിന്ന് നിർഗ്ഗമിക്കുന്ന  വിളിക്കുള്ള ഉത്തരം സ്നേഹം മാത്രമാണ്.

യേശുവുമായുള്ള കൂടിക്കാഴ്ച

തുടക്കത്തിൽ ഒരു കൂടിക്കാഴ്ചയുണ്ട്, വിശിഷ്യ, പിതാവിനെക്കുറിച്ച് നമ്മോടു സംസാരിക്കുകയും പിതാവിൻറെ സ്നേഹം നമുക്കു വെളിപ്പെടുത്തിത്തരുകയും ചെയ്യുന്ന യേശുവുമായുള്ള കൂടിക്കാഴ്ച. അപ്പോൾ നമ്മിലും നാം സ്നേഹിക്കുന്ന വ്യക്തികളുമായി അതു പങ്കുവയ്ക്കാനുള്ള ആഗ്രഹം സ്വമേധയാ ഉണ്ടാകുന്നു: “ഞാൻ സ്നേഹത്തെ കണ്ടുമുട്ടി”, “ഞാൻ മിശിഹായെ കണ്ടുമുട്ടി”, “ഞാൻ യേശുവിനെ കണ്ടുമുട്ടി”, “ഞാൻ എൻറെ ജീവിതത്തിൻറെ അർത്ഥം കണ്ടെത്തി”. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ: “ഞാൻ ദൈവത്തെ കണ്ടുമുട്ടി”.

ജീവിതം ദൈവത്തിനുള്ള സ്തുതിഗീതമാക്കാൻ പരിശുദ്ധ അമ്മ സഹായിക്കട്ടെ

ദൈവത്തിൻറെ വിളിക്കുള്ള പ്രത്യുത്തരത്തിലും അവിടത്തെ ഹിതം എളിമയോടും സന്തോഷത്തോടും കൂടെ നറവേറ്റുന്നതിലും  നമ്മുടെ ജീവിതത്തെ  ദൈവത്തിനുള്ള ഒരു സ്തുതിഗീതമാക്കി മാറ്റാൻ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. എന്നാൽ നമുക്കിത് ഓർമ്മയിൽ സൂക്ഷിക്കാം: “ഒരു വിളിയിലൂടെ, കൂടുതൽ ശക്തമായ വിധം ദൈവം സന്നിഹിതനായ ഒരു നിമിഷം ജീവിതത്തിൽ നമിക്കോരോരുത്തർക്കും ഉണ്ടായിട്ടുണ്ട്. നമുക്ക് അത് ഓർമ്മിക്കാം. ആ നിമിഷത്തിലേക്ക് നമുക്ക് മടങ്ങാം, എന്തെന്നാൽ ആ നിമിഷത്തിൻറെ സ്മരണ യേശുവുമായുള്ള കൂടിക്കാഴ്ചയിൽ നമ്മെ സദാ നവീകരിക്കട്ടെ.          പാപ്പാ

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ഇന്തൊനേഷ്യയിലെ ഭൂകമ്പ ബാധിതർക്കായി പാപ്പാ  പ്രാർത്ഥിക്കുന്നു

ആശീർവ്വാദാനന്തരം പാപ്പാ, ഇന്തൊനേഷ്യയിലെ സുലവ്വേസി ദ്വീപിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിനിരകളായ ജനങ്ങളോടുള്ള തൻറെ സാമീപ്യം അറിയിച്ചു. 

ഈ ദുരന്തത്തിൽ മരണമടഞ്ഞവർക്കും മുറിവറ്റവർക്കും വീടും തൊഴിലും നഷ്ടപ്പെട്ടവർക്കും വേണ്ടി പാപ്പാ പ്രാർത്ഥിച്ചു.

കർത്താവ് അവർക്ക് സാന്ത്വനമേകുകയും അവർക്ക് സഹായമെത്തിക്കാൻ പരിശ്രമിക്കുന്നവരുടെ പ്രവർത്തനങ്ങൾക്ക് താങ്ങാകുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു. സുലവേസിയിലെ നമ്മുടെ  സഹോദരങ്ങൾക്കും, ഇന്തൊനേഷ്യയിൽത്തന്നെ കഴിഞ്ഞ ശനിയാഴ്ച (16/01/21)ഉണ്ടായ  വിമാനാപകടത്തിനിരകളായവർക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ച പാപ്പാ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലി.

യഹൂദരും കത്തോലിക്കരും തമ്മിലുള്ള സംഭാഷണ ദിനാചരണം

കത്തോലിക്കരും  യഹൂദരും തമ്മിലുള്ള സംഭാഷണം ആഴപ്പെടുത്തുകയും വർദ്ധമാനമാക്കുകയും ചെയ്യുന്നിതിനുള്ള ദിനം ഈ ഞായറാഴ്ച (17/01/21) ഇറ്റലിയിൽ ആചരിച്ചത് പാപ്പാ അനുസ്മരിച്ചു.  മുപ്പത് വർഷത്തിലേറെയായി തുടരുന്ന ഈ സംരംഭത്തിൽ തൻറെ സന്തുഷ്ടി പാപ്പാ പ്രകടിപ്പിച്ചു.

സാഹോദര്യത്തിൻറെയും സഹകരണത്തിൻറെയും സമൃദ്ധമായ ഫലം ഇതു പുറപ്പെടുവിക്കുമെന്ന തൻറെ പ്രത്യാശയും പാപ്പാ വെളിപ്പെടുത്തി.

ക്രൈസ്തവൈക്യ പ്രാർത്ഥനാവാരം

ജനുവരി 18-ന് ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനാവാരം ആരംഭിക്കുന്നതും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

ഇതൊരു സുപ്രധാന ദിനമാണെന്ന് പാപ്പാ പറഞ്ഞു.

“നിങ്ങൾ എൻറെ സ്നേഹത്തിൽ നിലനില്ക്കുക: നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കും” എന്ന ഈ പ്രാർത്ഥനാ വാരത്തിൻറെ പ്രമേയം യേശുവേകിയ മുന്നറിയിപ്പിനെ സൂചിപ്പിക്കുന്നതാണെന്ന് പാപ്പാ പ്രസ്താവിച്ചു.

ഇരുപത്തിയഞ്ചാം തീയതി തിങ്കളാഴ്ച  (25/01/2021) റോമൻ ചുവരിനു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയിൽ, റോമിലുള്ള ഇതര ക്രൈസ്തവ സമൂഹങ്ങളുടെ പ്രതിനിധികളോടൊപ്പം ഈ പ്രാർത്ഥനാ വാരത്തിന് സമാപനം കുറിക്കുമെന്നും പാപ്പാ വെളിപ്പെടുത്തി.

എല്ലാവരും ഒന്നായിത്തീരണമെന്ന ക്രിസ്തുവിൻറെ അഭിലാഷം പൂർത്തിയാകുന്നതിനു വേണ്ടി ഏകയോഗമായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ഐക്യം സംഘർഷത്തെ വെല്ലുന്നതാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സമാപനാഭിവാദ്യങ്ങൾ 

തുടർന്നു പാപ്പാ സാമൂഹ്യസമ്പർക്കമാദ്ധ്യമങ്ങളിലൂടെ ത്രികാലപ്രാർത്ഥനയിൽ പങ്കുകൊണ്ട എല്ലാവർക്കും തൻറെ ആശംസകളറിയിച്ചു.

എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ച പാപ്പാ  തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിക്കുകയും എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് ത്രികാലപ്രാർത്ഥനാപരിപാടി അവസാനിപ്പിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2021, 15:52