വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ06/12/20 ! വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ06/12/20 ! 

മാനസാന്തരം: പാപത്തിൽ നിന്ന് ദൈവസ്നേഹത്തിലേക്കുള്ള യാത്ര!

ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള വേദനയും, അതിൽ നിന്നു മുക്തിനേടാനുള്ള ആഗ്രഹവും സ്വന്തം ജീവിതത്തിൽ നിന്ന് എന്നും തെറ്റിനെ ഒഴിവാക്കാനുള്ള തീരുമാനവും പരിവർത്തനത്തിൽ ഉൾക്കൊള്ളുന്നു- ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ചയും (06/12/20) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ ത്രികാലപ്രാർത്ഥന നയിച്ചു. തണുപ്പും മഴയും കോവിദ് 19 രോഗപ്രതിരോധ നടപടികളും മൂലം വളരെ കുറച്ചു വിശ്വാസികൾ മാത്രമെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ത്രികാലപ്രാർത്ഥനാ വേളയിൽ ഉണ്ടായിരുന്നുള്ളു. ഉച്ചയ്ക്ക്, റോമിലെ സമയം, 12 മണിയോടെ, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന് പാപ്പാ പേപ്പൽ ഭവനത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനാകുകയും ത്രികാലപ്രാർത്ഥനയ്ക്ക് ഒരുക്കമായി  ഒരു വിചിന്തനം നടത്തുകയും ചെയ്തു. ഈ ഞായറാഴ്ച (06/12/20),  ലത്തീൻ റീത്തിൻറെ ആരാധനാക്രമകാലമനുസരിച്ച്, ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്നു മുതൽ എട്ടു  വരെയുള്ള വാക്യങ്ങൾ (മർക്കോസ് 1,1-8), അതായത്, കർത്താവിന് വഴിയൊരുക്കുന്നതിനായി അനുതാപത്തിൻറെ ജ്ഞാനസ്നാനം പ്രഘോഷിച്ചുകൊണ്ട് സ്നാപകയോഹന്നാൻ രംഗപ്രവേശം ചെയ്യുന്ന സംഭവം,  അവലംബമാക്കിയായിരുന്നു പാപ്പായുടെ പരിചിന്തനം.

ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

പരിവർത്തനത്തിൻറെ പൊരുൾ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഈ ഞായറാഴ്ചത്തെ സുവിശേഷം (മർക്കോസ് 1:1-8) സ്നാപക യോഹന്നാനെയും അദ്ദേഹത്തിൻറെ പ്രവർത്തനത്തെയും അവതരിപ്പിക്കുന്നു. തിരുപ്പിറവിയിൽ കർത്താവിനെ സ്വീകരിക്കാൻ നമ്മെ ഒരുക്കുന്ന ആഗമനകാലം നമുക്ക് മുന്നിൽ വയ്ക്കുന്നതിന് സമാനമായ ഒരു വിശ്വാസ സരണി സ്നാപകയോഹന്നാൻ തൻറെ സമകാലികർക്ക് കാണിച്ചുകൊടുക്കുന്നു. വിശ്വാസത്തിൻറെ ഈ പാത മാനസാന്തരത്തിൻറെ സരണിയാണ്. "പരിവർത്തനം" എന്ന വാക്കിൻറെ പൊരുളെന്താണ്? ബൈബിളിൽ ഇതിനർത്ഥം, സർവ്വോപരി  ദിശയും ദിശാബോധവും മാറ്റുകയെന്നാണ്; അതായത്, ചിന്താരീതിയിൽ മാറ്റം വരുത്തുക. ധാർമ്മികവും ആദ്ധ്യാത്മികവുമായ ജീവിതത്തിൽ ഈ “പരിവർത്തനം” അർത്ഥമാക്കുന്നത് തിന്മയിൽ നിന്ന് നന്മയിലേക്കും പാപത്തിൽ നിന്ന് ദൈവസ്നേഹത്തിലേക്കും തിരിയുക എന്നാണ്. യൂദയായിലെ മരുഭൂമിയിൽ “പാപമോചനത്തിനായുള്ള അനുതാപത്തിൻറെ ജ്ഞാനസ്നാനം” (മർക്കോസ്:1,4) പ്രഘോഷിക്കുകയായിരുന്ന സ്നാപകൻ ഇതാണ് ഉദ്ബോധിപ്പിച്ചത്. മാമ്മോദീസാ സ്വീകരിക്കുകയെന്നത്, സ്നാപകൻറെ പ്രസംഗം കേൾക്കുകയും പ്രായശ്ചിത്തപ്രവർത്തികൾ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നവരുടെ മാനസ്സാന്തരത്തിൻറെ ബാഹ്യവും ദൃശ്യവുമായ അടയാളമായിരുന്നു. യോർദ്ദാൻ നദിയിലെ വെള്ളത്തിൽ മുക്കിയാണ് ആ മാമ്മോദീസാ നടത്തിയിരുന്നത്, എന്നാലത് ഫലരഹിതമാായിരുന്നു, അത് ഒരു അടയാളം മാത്രമായിരുന്നു. അനുതപിക്കാനും ജീവിതത്തെ മാറ്റാനും സന്നദ്ധത ഇല്ലാത്ത പക്ഷം അത് പ്രയോജനശൂന്യമായിരുന്നു.

പാപത്തെ അകറ്റുക

ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള വേദനയും, അതിൽ നിന്നു മുക്തിനേടാനുള്ള ആഗ്രഹവും സ്വന്തം ജീവിതത്തിൽ നിന്ന് എന്നും തെറ്റിനെ ഒഴിവാക്കാനുള്ള തീരുമാനവും പരിവർത്തനത്തിൽ ഉൾക്കൊള്ളുന്നു. പാപം ഒഴിവാക്കുന്നതിന്, അതുമായി ബന്ധപ്പെട്ട സകലത്തെയും തള്ളിക്കളയണം, പാപവുമായി ബന്ധമുള്ള എല്ലാക്കാര്യങ്ങളെയും നിരസിക്കണം, അതായത് ലൗകിക മനോഭാവത്തിലും, സുഖസൗകര്യങ്ങളോടും, സുസ്ഥിതിയോടും സമ്പത്തിനോടുമുള്ള അത്യാസക്തിയിലും നിന്നു നാം മുക്തരാകണം. ഈ വിരക്തിക്കുള്ള മാതൃക ഇന്നത്തെ സുവിശേഷത്തിൽ സ്നാപകയോഹന്നാൻറെ രൂപത്തിൽ ഒരിക്കൽകൂടി പ്രകാശിതമാകുന്നു. അദ്ദേഹം, ഉപരിപ്ലമവമായതിനെ നിരസിക്കുകയും സത്താപരമായതിനെ തേടുകയും ചെയ്യുന്ന തീവ്രവിരക്തയുള്ളവനാണ്. ഇതാ, മാനസാന്തരത്തിൻറെ ആദ്യ വശം: പാപത്തിലും ലൗകികതയിലും നിന്നുള്ള അകൽച്ച. ഇവയിൽ നിന്നൊക്കെ വിട്ടുനിലക്കുന്നതായ ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുക.

പരിവർത്തനം: ദൈവാന്വേഷണം

പരിവർത്തനത്തിൻറെ മറ്റൊരു മാനം ഈ യാത്രയുടെ ലക്ഷ്യമാണ്, അതായത്, ദൈവാന്വേഷണവും അവിടത്തെ രാജ്യം അന്വേഷിക്കലുമാണത്. ലൗകികവസ്തുക്കളിൽ നിന്നുള്ള അകൽച്ചയും ദൈവത്തെയും അവിടത്തെ രാജ്യവും അന്വേഷിക്കലും. സുഖസൗകര്യങ്ങളും ലൗകിക മനോഭാവങ്ങളും വർജ്ജിക്കലിൻറെയും ലക്ഷ്യം അതിൽത്തന്നെയല്ല. പ്രായശ്ചിത്തം ചെയ്യുന്നതിനു മാത്രമുള്ള ഒരു തപശ്ചര്യയല്ല ഇത്. ക്രൈസ്തവൻ ഒരു ഭിക്ഷുവല്ല. അത് മറ്റൊരു കാര്യമാണ്. അതിൻറെ ലക്ഷ്യം അതിൽത്തന്നെയല്ല, പിന്നെയൊ, അതിലും മഹത്തായ ഒന്ന്, അതായത്, ദൈവരാജ്യം, ദൈവവുമായുള്ള കൂട്ടായ്മ, ദൈവവുമായുള്ള സൗഹൃദം നേടുകയാണ് അതിൻറെ ലക്ഷ്യം. എന്നാൽ ഇത് എളുപ്പമല്ല, കാരണം നമ്മെ പാപത്തോടു അടുപ്പിക്കുന്ന അനേകം ബന്ധങ്ങളുണ്ട്.

പാപത്തിലേക്കു വലിച്ചിഴയ്ക്കുന്ന പ്രലോഭനം

പ്രലോഭനം നമ്മെ എന്നും വീണ്ടും വീണ്ടും താഴേക്കു വലിക്കുകയും അങ്ങനെ, പാപത്തോടടുപ്പിച്ചു നിറുത്തുകയും ചെയ്യുന്നു. ചപലത, നിരുത്സാഹം, ദ്രോഹചിന്ത, ദോഷകരമായ സാഹചര്യങ്ങൾ, ദുർമ്മാതൃകകൾ തുടങ്ങിയവ ഇത്തരം ബന്ധങ്ങളാണ്. ചില സമയങ്ങളിൽ കർത്താവിലേക്കുള്ള ആകർഷണം വളരെ ദുർബ്ബലമായി നമുക്കനുഭവപ്പെടുന്നു, മാത്രമല്ല ദൈവം മൗനം പാലിക്കയാണെന്ന തോന്നലും ഉളവാകുന്നു. ഇന്നത്തെ വായനയായ ഏശയ്യാപ്രവാചകൻറെ പുസ്തകത്തിൽ (ഏശയ്യ, 40,1.11) മാറ്റൊലികൊള്ളുന്ന, ഔത്സുക്യവും കരുതലുമുള്ള ഇടയൻറെ രൂപമെന്ന പോലെ, കർത്താവിൻറെ സാന്ത്വന വാഗ്ദാനങ്ങളും വിദൂരസ്ഥവും അയഥാർത്ഥവുമാണെന്ന പ്രതീതിയുളവാകുന്നു. അപ്പോൾ, യഥാർത്ഥ  പരിവർത്തനം അസാധ്യമാണെന്ന് പറയാൻ ഒരുവൻ പ്രലോഭിതനാകുന്നു. ഈ നിരുത്സാഹപ്പെടുത്തൽ നാം എത്ര തവണ കേട്ടിരിക്കുന്നു! “ഇല്ല, ഇത് ചെയ്യാൻ എനിക്കാവില്ല. ഞാൻ അല്പമൊന്നു തുടങ്ങി വയ്ക്കും, എന്നിട്ട് പിന്മാറും”. ഇത് മോശമാണ്. എന്നാൽ, സാധ്യമാണ്. ചെയ്യാൻ സാധിക്കും.  നിരാശയുളവാക്കുന്ന ചിന്ത നിന്നിലേക്കു കടന്നുവരുമ്പോൾ നീ അതിൽ നില്ക്കരുത്, കാരണം അത്, ഇളകുന്ന മണലാണ്. അത് ഇടത്തര  അസ്തിത്വത്തിൻറെതായ നീങ്ങിപ്പോകുന്ന മണൽത്തരികളാണ്. ഇതാണ് മന്ദോഷ്ണത. ഒരുവൻ പോകാൻ ആഗ്രഹിക്കുകയും എന്നാൽ അവന് അതിനാവില്ലെന്ന തോന്നലുളവാകുകയും ചെയ്യുന്ന ഇത്തരം സന്ദർഭങ്ങളിൽ എന്തു ചെയ്യാൻ സാധിക്കും?

മാനസാന്തരം ദൈവകൃപയാണ്

സർവ്വോപരി, പരിവർത്തനം ഒരു കൃപയാണെന്ന് ഓർമ്മിക്കുക: സ്വന്തം ശക്തിയാൽ ആർക്കും മാനസാന്തരപ്പെടാൻ കഴിയില്ല. ഇത് കർത്താവേകുന്ന കൃപയാണ് അതിനാൽ, ശക്തിയോടുകൂടി ദൈവത്തോടു യാചിക്കേണ്ടതാണത്, നമ്മെ പരിവർത്തനം ചെയ്യാൻ, നമുക്ക് യഥാർത്ഥത്തിൽ പരിവർത്തനം ചെയ്യാൻ കഴിയേണ്ടതിന്, ദൈവത്തോട് അപേക്ഷിക്കണം. ദൈവത്തിൻറെ സൗന്ദര്യത്തോടും നന്മയോടും, ആർദ്രതയോടും നാം തുറവുള്ളവരാകുന്നതിന് ആനുപാതികമായിട്ടായിരിക്കും നമുക്ക് മാനസ്സാന്തരപ്പെടാൻ സാധിക്കുക. ദൈവത്തിൻറെ അലിവിനെക്കുറിച്ചു ചിന്തിക്കൂ. ദൈവം കൊള്ളരുതാത്ത ഒരു പിതാവല്ല, മോശം പിതാവല്ല. അലിവുള്ളവനാണ്, തൻറെ അജഗണത്തിലെ അവസാനത്തെ ആടിനേയും അന്വേഷിക്കുന്ന ഒരു നല്ല ഇടയനെപ്പോലെ, അവിടന്ന് നമ്മെ, ഏറെ സ്നേഹിക്കുന്നു. അത് സ്നേഹമാണ്. പരിവർത്തനം ദൈവ കൃപയാണ്. നീ യാത്ര ആരംഭിക്കുക, എന്തെന്നാൽ അവിടന്നാണ് നിന്നെ നടത്തുക. അവിടന്ന് എങ്ങനെ എത്തുമെന്ന് നീ കാണും. പ്രാർത്ഥിക്കുക, നടക്കുക, എല്ലായ്പോഴും ഒരു ചുവട് മുന്നോട്ട് പോകും.

അമലോത്ഭവ നാഥയുടെ മാദ്ധ്യസ്ഥ്യം

ദൈവത്തിനും, അവിടത്തെ വചനത്തിനും, പുനർജനിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന അവിടത്തെ സ്നേഹത്തിനും സ്വയം തുറന്നു കൊടുക്കുന്നതിനു വേണ്ടി നമ്മെ പാപത്തിലും ലൗകികതയിലും നിന്ന് എന്നും കൂടുതൽ അകലാൻ, നാം മറ്റന്നാൾ (08/12/20) അമലോത്ഭവയെന്ന അഭിധാനത്തിൽ തിരുന്നാൾ ആചരിക്കുന്ന, ഏറ്റം പരിശുദ്ധയായ മറിയം സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങൾ

ആശീർവ്വാദാനന്തരം പാപ്പാ, മോശമായ കാലാവസ്ഥയിലും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്ന റോമാക്കാരെയും ഇതര തീർത്ഥാടകരെയും അഭിവാദ്യം ചെയ്യുകയും അവരുടെ സാഹസികതയെ ശ്ലാഘിക്കുകയും ചെയ്തു. മാദ്ധ്യമങ്ങളിലൂടെ ത്രികാലപ്രാർത്ഥനയിൽ പങ്കുകൊണ്ടവരെയും പാപ്പാ അനുസ്മരിച്ചു.

ക്രിസ്തുമസ്സ് മരവും പുൽക്കൂടും പ്രത്യാശയുടെ അടയാളം

വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ഉയർത്തിയിരിക്കുന്ന ക്രിസ്തുമസ്സ് മരത്തെയും അവിടെ ഒരുക്കിക്കൊണ്ടിരിക്കുന്ന പുൽക്കൂടിനെയും കുറിച്ച് സൂചിപ്പിച്ച പാപ്പാ തിരുപ്പിറവിയുടെ ഈ രണ്ടു അടയാളങ്ങൾ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും സന്തോഷത്തിനായി നിരവധി ഭവനങ്ങളിലും സജ്ജമാക്കുന്നതിനെപ്പറ്റിയും പരാമർശിച്ചു.

ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ കാലയളവിൽ, പ്രത്യേകിച്ച്, അവ പ്രത്യാശയുടെ അടയാളങ്ങളാണെന്നും പാപ്പാ പറഞ്ഞു.

അടയാളങ്ങളിൽ നിശ്ചലരാകാതെ  അവയുടെ അർത്ഥത്തിലേക്കു, അതായത്, യേശുവിലേക്ക്, അവിടന്ന് നമുക്കു വെളിപ്പെടുത്തിത്തന്ന ദൈവസ്നേഹത്തിലേക്ക് കടക്കാൻ, ലോകത്തിൽ അവിടന്ന് പ്രകാശിപ്പിച്ച അനന്ത നന്മയിലേക്ക് പ്രവേശിക്കാൻ പരിശ്രമിക്കുന്നതിന് പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ഈ പ്രകാശത്തെ അണയ്ക്കാൻ കഴിയുന്ന മഹാമാരിയും പ്രതിസന്ധികളുമില്ലെന്ന് പാപ്പാ പറഞ്ഞു. 

നമ്മുടെ ഹൃദയത്തിലേക്കു കടന്നുവരാൻ ആ പ്രകാശത്തെ അനുവദിക്കാനും ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുടെ നേർക്ക് കൈനീട്ടാനും പാപ്പാ ആഹ്വാനം ചെയ്തു.

അങ്ങനെ, ദൈവം നമ്മിലും നമ്മുടെ ഇടയിലും വീണ്ടും ജനിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്തു. 

തുടർന്ന്, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിച്ചു. തദ്ദനന്തരം, പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2020, 16:50