ഫ്രാൻസീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ആശീർവ്വാദം നല്കുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ ഗ്രന്ഥാലയത്തിൽ നിന്ന്, 04/11/20 ഫ്രാൻസീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ആശീർവ്വാദം നല്കുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ ഗ്രന്ഥാലയത്തിൽ നിന്ന്, 04/11/20 

പ്രാർത്ഥന:പരിശീലിക്കേണ്ട ഒരു കല!

തിന്മയെ നന്മയാക്കി മാറ്റാനും മനസ്സിൽ വലിയ ചക്രവാളം തുറക്കാനും ഹൃദയം കൂടുതൽ വിശാലമാക്കാനും പ്രാർത്ഥനയ്ക്കു കഴിയും, ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തിൻറെ പലഭാഗങ്ങളിലും കോവിദ് 19 രോഗസംക്രമണം വീണ്ടും ശക്തിപ്രാപിക്കയാണ്. ആകയാൽ രോഗപ്രതിരോധ നടപടികൾ കടുപ്പിക്കാൻ സർക്കാരുകൾ നിർബന്ധിതമായിരിക്കുന്നു. ഇറ്റലിയിലും കൂടുതൽ നിയന്ത്രണങ്ങൾ വരികയാണ്. തന്മൂലം, ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചയിൽ ഇത്തവണ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി. ഈ ബുധനാഴ്ച (04/11/20) ഫ്രാൻസീസ് പാപ്പാ പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന്  ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാണ് പൊതുദർശനം നല്കിയത്. പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു. തദ്ദനന്തരം പാപ്പാ, താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ പ്രാർത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനരപരമ്പര തുടർന്നു.  ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിന് ആമുഖമായി പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം.

ദൗർഭാഗ്യവശാൽ പൊതുകൂടിക്കാഴ്ചാ പരിപാടി വീണ്ടും ഗ്രന്ഥശാലയിൽ നടത്തേണ്ടി വന്നിരിക്കുന്നു. ഇത് കോവിജ് സംക്രമണം തടയുന്നതിനാണ്. ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിന് രാഷ്ട്രീയധികാരികളുടെയും ആരോഗ്യ മേധാവികളുടെയും നിർദ്ദേശങ്ങൾ വളരെ ശ്രദ്ധാപൂർവ്വം പാലിക്കണമെന്നും ഇതു നമ്മെ പഠിപ്പിക്കുന്നു. നമ്മൾ തമ്മിലുള്ള ഈ അകലം നമുക്ക് സകലരുടെയും നന്മയ്ക്കായി കർത്താവിന് സമർപ്പിക്കാം. രോഗികളെ നമുക്കോർക്കാം, ഭിഷഗ്വരന്മാരേയും നഴ്സുമാരെയും സന്നദ്ധ പ്രവർത്തകരെയും ഈ നിമിഷത്തിൽ രോഗികളെ ശുശ്രൂഷിക്കുന്ന എല്ലാവരെയും നമുക്ക് അനുസ്മരിക്കാം. അവർ ജീവൻ പണയം വച്ച് എന്നാൽ സ്നേഹത്തെ പ്രതി, അയൽക്കാരനോടുള്ള സ്നേഹത്താൽ ആണ്, തങ്ങളുടെ വിളി ആയിട്ടാണ് ഇതു ചെയ്യുന്നത്. അവർക്കായി നമുക്കു പ്രാർത്ഥിക്കാം. നന്ദി.

ഈ ആമുഖ വാക്കുകൾക്കു ശേഷം പാപ്പാ ഇപ്രകാരം തുടർന്നു:

പ്രാർത്ഥന യേശുവിൻറെ ജീവിതത്തിൽ

തൻറെ പരസ്യജീവിതഘട്ടത്തിൽ യേശു പ്രാർത്ഥനയുടെ ശക്തിയിൽ നിരന്തരം ആശ്രയിക്കുന്നു. പ്രാർത്ഥിക്കുന്നതിന് യേശു ആളൊഴിഞ്ഞ ഇടങ്ങളിലേക്കു മാറുന്നതിനെക്കുറിച്ചു പരാമർശിച്ചുകൊണ്ട് സുവിശേഷങ്ങൾ ഇത് അനാവരണം ചെയ്യുന്നു. സമചിത്തവും വിവേകപൂർണ്ണവുമായ ഈ നിരീക്ഷണങ്ങൾ ആ പ്രാർത്ഥനാസംഭാഷണങ്ങൾ ഭാവനയിൽ കാണാൻ മാത്രം നമ്മെ അനുവദിക്കുന്നു. പാവപ്പെട്ടവരുടെയും രോഗികളുടെയും കാര്യത്തിൽ കൂടുതൽ വ്യാപൃതനായിരുന്നപ്പോൾ പോലും യേശു പിതാവുമായുള്ള ഗാഢമായ സംഭാഷണത്തിൽ വീഴ്ച വരുത്തിയിരുന്നില്ലയെന്ന് അവ സുവ്യക്തസാക്ഷ്യമേകുന്നു. ജനങ്ങളുടെ ആവശ്യങ്ങളിൽ എത്രമാത്രം ആമഗ്നനായിരുന്നോ അത്രത്തോളം തന്നെ, ത്രിത്വത്തിൻറെ കൂട്ടായ്മയിൽ വിശമംകൊള്ളേണ്ടതിൻറെ, പിതാവിൻറെയും പരിശുദ്ധാത്മാവിൻറെയും അടുത്തേക്കു മടങ്ങേണ്ടതിൻറെ ആവശ്യകത അവിടത്തേക്ക് അനുഭവപ്പെട്ടു.

യേശുവിൻറെ പ്രാർത്ഥന ഒരു നിഗൂഢ യാഥാർത്ഥ്യം

ആകയാൽ യേശുവിൻറെ ജീവിതത്തിൽ മനുഷ്യദൃഷ്ടിയിൽ നിന്നു മറഞ്ഞിരിക്കുന്ന ഒരു രഹസ്യം ഉണ്ട്. അതാണ് സകലത്തിൻറെയും ആധാരം. യേശുവിൻറെ പ്രാർത്ഥന ഒരു നിഗൂഢ യാഥാർത്ഥ്യമാണ്. അതിൽ കുറച്ചൊക്കെ നമുക്ക് അനുമാനിച്ചെടുക്കാം. എന്നാൽ അത്, അവിടത്തെ ദൗത്യം മുഴുവനും ശരിയായ രീതിയിൽ വായിച്ചെടുക്കാൻ നമ്മെ അനുവദിക്കുന്നു. ഏകാന്തതയുടെ മണിക്കൂറുകളിൽ, പ്രഭാതത്തിനു മുമ്പോ രാത്രിയിലോ, യേശു പിതാവുമായുള്ള ഐക്യത്തിൽ ആമഗ്നനാകുന്നു, അതായത്, ഒരോ ആത്മാവും ദാഹിക്കുന്ന ആ സ്നേഹത്തിലമരുന്നു എന്നു പറയാം. അവിടത്തെ പരസ്യജീവിതത്തിൻറെ ആദ്യ നാൾ മുതൽതന്നെ തെളിഞ്ഞു നില്ക്കുന്നതാണിത്.

ഏകാന്തത അന്വേഷിക്കുന്ന യേശു

ഉദാഹരണത്തിന്, ഒരു ശനിയാഴ്ച, കഫർണാം നഗരം ഒരു “മൈതാന ആശുപത്രയായി” പരിണമിക്കുന്നു. സൂര്യാസ്തമയാനന്തരം യേശുവിൻറെ പക്കലേക്ക് ജനം എല്ലാ രോഗികളെയും കൊണ്ടുവരുന്നു, യേശു അവരെയല്ലാം സൗഖ്യമാക്കുന്നു. എന്നാൽ പ്രഭാതത്തിനു മുമ്പ് യേശു അപ്രത്യക്ഷനാകുന്നു, അവിടന്ന് വിജനസ്ഥലത്തേക്കു പോയി പ്രാർത്ഥിക്കുന്നു. ശിമയോനും കൂട്ടരും അവിടത്തെ അന്വേഷിക്കുന്നു. അവിടത്തെ കണ്ടുമുട്ടുമ്പോൾ അവർ അവിടത്തോടു പറയുന്നു: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു”. എന്നാൽ അവിടന്ന് പ്രത്യുത്തരിക്കുന്നതിങ്ങനെയാണ്: “എനിക്ക് ഇതര ഗ്രാമങ്ങളിൽ പോയി പ്രസംഗിക്കേണ്ടതുണ്ടതുണ്ട്; അതിനാണ് ഞാൻ വന്നിരിക്കുന്നത്” (മർക്കാസ് 1,35-38).

യേശുവിൻറെ ചുക്കാൻ

പ്രാർത്ഥനയാണ് യേശുവിൻറെ ഗതിയെ നിയന്ത്രിക്കുന്ന ചുക്കാൻ. നേട്ടങ്ങളും അംഗീകാരങ്ങളുമല്ല, “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്ന മോഹനവാക്യവുമല്ല അവിടത്തെ ദൗത്യത്തിൻറെ ഘട്ടങ്ങൾ ഏവയായിരിക്കണമെന്ന് നിർണ്ണയിക്കുന്നത്. യേശുവിൻറെ സരണി കണ്ടെത്തുക അത്ര സുഖകരമായ ഒന്നല്ല. എന്നിരുന്നാലും അത് യേശു ഏകാന്ത പ്രാർത്ഥനയിൽ ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പിതാവിൻറെ പ്രചോദനത്തിനു വിധേയമാണ്.

കത്തോലിക്കാസഭയുടെ മതബോധനം പ്രസ്താവിക്കുന്നതിങ്ങനെയാണ്: "യേശു പ്രാർത്ഥിക്കുമ്പോൾ തന്നെ നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു" (2607). അതിനാൽ, യേശുവിന്റെ മാതൃകയിൽ നിന്ന് നമുക്ക് ക്രിസ്തീയ പ്രാർത്ഥനയുടെ ചില സവിശേഷതകൾ ലഭിക്കും.

ചേതനയറ്റതിന് ചൈതന്യം പകരുന്ന പ്രാർത്ഥന

സർവ്വോപരി അതിന് ഒരു പ്രാഥമ്യമുണ്ട്: അത് ദിവസത്തിലെ ആദ്യ ആഗ്രഹമാണ്,  ലോകം ഉണർന്നെഴുന്നേൽക്കുന്നതിനുമുമ്പ്, അതിരാവിലെ പരിശീലിക്കുന്ന ഒന്ന്. ചേതനയറ്റ് ഇരിക്കുമായിരുന്ന ഒന്നിന് അത് ചൈതന്യം പകരുന്നു. പ്രാർത്ഥനാരഹിതമായ ഒരു ദിവസം അസ്വസ്ഥമൊ വിരസമൊ ആയ അനുഭവമായി മാറുന്ന അപകടമുണ്ട്..... എന്നാൽ യേശുവാകട്ടെ യാഥാർത്ഥ്യത്തോട്, അതായത്, ശ്രവണത്തോട് വിധേയത്വം പുലർത്താൻ പരിശീലിപ്പിക്കുന്നു. പ്രാർത്ഥന, സർവ്വോപരി, ശ്രവണവും ദൈവവുമായുള്ള കൂടിക്കാഴ്ചയുമാണ്. ആകയാൽ, ദൈനംദിന പ്രശ്നങ്ങൾ, വിഘ്നങ്ങളായി ഭവിക്കരുത്, മറിച്ച് നമ്മുടെ മുന്നിൽ നില്ക്കുന്നവരെ ശ്രവിക്കാനും അവരുമായി കണ്ടുമുട്ടാനും ദൈവം തന്നെ നല്കുന്ന വിളിയായി കാണണം. ജീവിത പരീക്ഷണങ്ങൾ, അങ്ങനെ, വിശ്വാസത്തിലും ദാനധർമ്മത്തിലും വളരുന്ന അവസരങ്ങളായി മാറുന്നു. കഷ്ടപ്പാടുകൾ ഉൾപ്പടെയുള്ള അനുദിന ജീവിതയാത്ര ഒരു  “വിളിയുടെ” വീക്ഷണമാർജ്ജിക്കുന്നു. ജീവിതത്തിൽ ഒരു ശാപമായി പരിണമിക്കുമായിരുന്നതിനെ നന്മയാക്കി മാറ്റാനുള്ള ശക്തി പ്രാർത്ഥനയ്ക്കുണ്ട്. മനസ്സിൽ വലിയ ചക്രവാളം തുറക്കാനും ഹൃദയം കൂടുതൽ വിശാലമാക്കാനും പ്രാർത്ഥനയ്ക്കു കഴിയും.

പ്രാർത്ഥന പരിശീലിക്കേണ്ട ഒരു കല

രണ്ടാമതായി, നിർബന്ധപൂർവ്വം പരിശീലിക്കേണ്ട ഒരു കലയാണ് പ്രാർത്ഥന. യേശുതന്നെ പറയുന്നു: മുട്ടുവിൻ, മുട്ടുവിൻ..... നാമെല്ലാവരും ഒരു നമിഷത്തെ വികാരത്തിൽ നിന്നുരുത്തിരിയുന്ന ആനുഷംഗിക പ്രാർത്ഥനകൾ ചൊല്ലാൻ പ്രാപ്തരാണ്; എന്നാൽ യേശു പഠിപ്പിക്കുന്നത് മറ്റൊരു പ്രാർത്ഥനയാണ്, അത് .

രൂപാന്തരപ്പെടുത്തുന്ന പ്രാർത്ഥന

ഒരു ശിക്ഷണം, പരിശീലനം അടങ്ങിയതും ഒരു ജീവിത നിയമം ഉള്ളതുമാണ്. സ്ഥൈര്യമുള്ള പ്രാർത്ഥന പടിപടിയായുള്ള രൂപാന്തരീകരണം ഉളവാക്കുകയും കഷ്ടപ്പാടുകളുടെ വേളകളിൽ നമ്മെ ശക്തരാക്കുകയും നമ്മെ എന്നും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവൻറെ പിന്തുണയുടെ അനുഗ്രഹം പ്രദാനം ചെയ്യുകയും ചെയ്യുന്നു.  

ഏകാന്തത സവിശേഷതയായുള്ള പ്രാർത്ഥന

യേശുവിൻറെ പ്രാർത്ഥനയുടെ മറ്റൊരു സ്വഭാവം ഏകാന്തതയാണ്. പ്രാർത്ഥിക്കുന്നവർ ലോകത്തിൽ നിന്ന് പലായനം ചെയ്യുന്നില്ല, മറിച്ച് വിജനമായ സ്ഥലങ്ങൾ ഇഷ്ടപ്പെടുന്നു. അവിടെ, ആ നിശബ്ദതയിൽ, നമ്മുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന നിരവധി ശബ്ദങ്ങൾ ഉയർന്നുവരുന്നു: ഏറ്റവും അടിച്ചമർത്തപ്പെട്ട മോഹങ്ങൾ, ഞെരുക്കപ്പെടുന്ന സത്യങ്ങൾ തുടങ്ങിയവ. എല്ലാറ്റിനുമുപരിയായി, ദൈവം നിശബ്ദതയിൽ സംസാരിക്കുന്നു. ഓരോ വ്യക്തിക്കും സ്വന്തമായി ഒരു ഇടം, അവനവൻറെ ആന്തരിക ജീവിതം അഭിവൃദ്ധിപ്പെടുത്താൻ പോന്ന ഇടം, പ്രവർത്തികൾക്ക് അർത്ഥം കണ്ടെത്താൻ കഴിയുന്ന ഇടം ആവശ്യമാണ്. ആന്തരികജീവിത്തിൻറെ അഭാവത്തിൽ നാം അന്തസ്സാര ശൂന്യരും പ്രക്ഷുബ്ധരും ഉത്കണ്ഠാകുലരുമായിത്തീരുന്നു; നാം യാഥാർത്ഥ്യത്തിൽ നിന്ന് ഓടിയൊളിക്കുന്നു. നാം എല്ലായ്പ്പോഴും ഓടിയൊളിക്കുന്ന സ്ത്രീപുരുഷന്മാരാണ്.

നമ്മുടെ ഉറവിടത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന പ്രാർത്ഥന

അവസാനമായി, എല്ലാം ദൈവത്തിൽ നിന്നാണ് വരുന്നതെന്നും അവനിലേക്കു തന്നെ മടങ്ങുന്നുവെന്നും ഒരുവൻ മനസ്സിലാക്കുന്ന ഇടമാണ് യേശുവിൻറെ പ്രാർത്ഥന. ചിലപ്പോഴൊക്കെ നമ്മൾ മനുഷ്യർ വിശ്വസിക്കുന്നത് നാം സകലത്തിൻറെയും അധിപരാണ് എന്നാണ്. അല്ലെങ്കിൽ നേരെമറിച്ചും സംഭവിക്കാം. നമുക്ക് നമ്മോടുതന്നെ മതിപ്പില്ലാതാകുന്നു, ഒരുഭാഗത്തു നിന്ന് മറുഭാഗത്തേക്കു കടക്കുന്നു. നമ്മുടെ പിതാവായ ദൈവവും സകല സൃഷ്ടിയുമായുള്ള ബന്ധത്തിൽ ശരിയായ മാനം വീണ്ടും കണ്ടെത്താൻ പ്രാർത്ഥന നമ്മെ സഹായിക്കും. യേശുവിൻറെ പ്രാർത്ഥന, ഒടുവിൽ, ഒലിവിൻ തോട്ടത്തിൽ സംഭവിച്ചതു പോലെ, പിതാവിൻറെ കരങ്ങളിൽ സ്വയം സമർപ്പിക്കലാണ്

യേശു പ്രാർത്ഥനയുടെ ഗുരുനാഥൻ

പ്രിയ സഹോദരീ സഹോദരന്മാരേ, പ്രാർത്ഥനയുടെ ഗുരുനാഥനായി  യേശു ക്രിസ്തുവിനെ നമുക്ക് സുവിശേഷത്തിൽ വീണ്ടും കണ്ടെത്തുകയും അവിടത്തെ വിദ്യാലയത്തിൽ ചേരുകയും ചെയ്യാം. ഞാൻ ഉറപ്പേകുന്നു, നമ്മൾ സന്തോഷവും സമാധാനവും കണ്ടെത്തും.  നന്ദി.

പ്രഭാഷണാനന്തര അഭിവാദ്യം

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍അഭിവാദ്യം ചെയ്യുകയും ചെയ്തു. 

ഭീകരപ്രവർത്തനങ്ങളെ പാപ്പാ അപലപിക്കുന്നു

യൂറോപ്പിൽ വ്യാപകമായികൊണ്ടിരിക്കുന്ന നിഷ്ഠൂര ഭീകരപ്രവർത്തനങ്ങൾക്ക് ഇരകളായ നിരപരാധികളെ, വിശിഷ്യ, ഫ്രാൻസിലെ നീസിലെ ദേവാലയത്തിലും ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നായിലും, നടന്ന ആക്രമണങ്ങളിൽ ജീവൻ പൊലിഞ്ഞവരെ, പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

അവരെ പാപ്പാ ദൈവികകാരുണ്യത്തിന് ഭരമേല്പിക്കുകയും അവരുടെ കുടുംബങ്ങളുടെയും മതങ്ങളുടെ സാഹോദര്യ സഹകരണത്തെ അക്രമവും വിദ്വേഷവും കൊണ്ട് സന്ദിഗ്ദാവസ്ഥയിലാക്കാൻ ശ്രമിക്കുന്ന ഇത്തരം നന്ദ്യമായ കൃത്യങ്ങൾ മൂലം വേദനിക്കുന്ന സകലരുടെയും ചാരെ താൻ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്ന് അറിയിക്കുകയും ചെയ്തു.

പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2020, 14:03