തിരയുക

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ഞായറാഴ്ച (29/11/20) മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കണഞ്ഞ വിശ്വാസികൾ! വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ഞായറാഴ്ച (29/11/20) മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കണഞ്ഞ വിശ്വാസികൾ! 

പാപ്പാ:ആഗമനകാലം കാത്തിരിപ്പിൻറെ സമയം!

ആഗമനകാലം, നമ്മെ തിരുപ്പിറവിക്കായി ഒരുക്കുന്നു. ആകയാൽ ഇത് കാത്തിരിപ്പിൻറെ സമയമാണ്, പ്രത്യാശയുടെ ഒരു ഘട്ടമാണ്, ഫ്രാൻസീസ് പാപ്പാ ഞയാറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനാ വേളയിൽ പങ്കുവച്ച ചിന്തകളിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തണുപ്പും ചാറ്റൽ മഴയും പ്രതികൂലാവസ്ഥ സൃഷ്ടിച്ചുവെങ്കിലും ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ  ഈ ഞായറാഴ്ച (29/11/20) മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ സംബന്ധിക്കുന്നതിന് വിശ്വാസികൾ എത്തിയിരുന്നു. കോവിദ് 19 രോഗസംക്രമണം തടയുന്നതിനായി  സാമൂഹ്യ-ശാരീരിക അകല പാലനം ഉൾപ്പടെയുള്ള രോഗപ്രതിരോധ നിയന്ത്രണങ്ങൾ പാലിക്കാൻ നിർബന്ധിതരായിരിക്കുന്നതിനാൽ വിശ്വാസികളുടെ എണ്ണത്തിൽ സാരമായ കുറവ് അനുഭവപ്പെട്ടു. ഉച്ചയ്ക്ക്, റോമിലെ സമയം, 12 മണിയോടെ, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന് പാപ്പാ പേപ്പൽ ഭവനത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സമ്മേളിച്ചിരുന്ന വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (29/11/20),  ലത്തീൻ റീത്തിൻറെ ആരാധനാക്രമകാലമനുസരിച്ച്, തിരുപ്പിറവിക്കുള്ള ഒരുക്കത്തിൻറെതായ ആഗമാനകാലാരംഭം ആയിരുന്നതിനാൽ, ഈ കാലത്തിലെ ആദ്യ ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളിൽ, രണ്ടാ വായന, പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം 1,3-9 വരെയുള്ള വാക്യങ്ങളെ അവലംബമാക്കി ആഗമനകാലത്തെക്കുറിച്ച് പാപ്പാ വിശദീകരിച്ചു. 

പാപ്പാ  ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ വിവർത്തനം :

ആരാധനാക്രമവത്സരാരംഭം, പ്രത്യാശയുടെ വേള

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്ന്, ആഗമനകാലത്തിലെ ആദ്യ ഞായറാഴ്ച പുതിയ ആരാധനാക്രമ വത്സരം ആരംഭിക്കയാണ്. യേശുവിൻറെ ജീവിതത്തിലെയും രക്ഷാകരചരിത്രത്തിലെയും സുപ്രധാന സംഭവങ്ങളുടെ ആഘോഷത്തിലൂടെ സഭ അതിൽ കാലഗതിയെ ആവിഷ്ക്കരിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, ഒരു അമ്മയെന്ന നിലയിൽ, അവൾ നമ്മുടെ അസ്തിത്വത്തിൻറെ പാതയെ പ്രകാശിപ്പിക്കുകയും ദൈനംദിന കാര്യങ്ങളിൽ നമുക്ക് താങ്ങാകുയും ക്രിസ്തുവുമായുള്ള അന്തിമ കൂടിക്കാഴ്ചയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. ഇന്നത്തെ ആരാധനാക്രമം, ഈ ആഗമനകാലമാകുന്ന, ആദ്യത്തെ "ശക്തമായ സമയം" ജീവിക്കാൻ നമ്മെ ക്ഷണിക്കുന്നു. ആരാധനാക്രമ ആണ്ടിലെ ആദ്യത്തെതായ ആഗമനകാലം, നമ്മെ തിരുപ്പിറവിക്കായി ഒരുക്കുന്നു. ആകയാൽ ഇത് കാത്തിരിപ്പിൻറെ സമയമാണ്, പ്രത്യാശയുടെ ഒരു ഘട്ടമാണ്. പ്രതീക്ഷയും  പ്രത്യാശയും.

കാത്തിരിപ്പിൻറെ വിഷയം: “കർത്താവിൻറെ ആവിഷ്ക്കാരം”

വിശുദ്ധ പൗലോസ് (1 കോറിന്തോസ്1:3-9) ഈ കാത്തിരിപ്പിൻറെ വിഷയം എന്താണെന്നു സൂചിപ്പിക്കുന്നു. എന്താണത്? “കർത്താവിൻറെ ആവിഷ്ക്കാരം” ആണത്. (വാക്യം 7). യേശുവെന്ന  വ്യക്തിയുമായുള്ള കണ്ടുമുട്ടലിൽ  ശ്രദ്ധ കേന്ദ്രീകരിക്കാൻ അപ്പസ്തോലൻ കോറിന്തോസിലെ ക്രിസ്ത്യാനികളെയും നമ്മളെയും ക്ഷണിക്കുന്നു. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം കർത്താവുമായുള്ള നിരന്തരമായ കൂടിക്കാഴ്ചയാണ്, കർത്താവിനോടു കൂടെ ആയിരിക്കലാണ്. അപ്രകാരം, ജീവൻറെ നാഥനോടൊപ്പമായിരിക്കുക പതിവാക്കിക്കൊണ്ട് നാം നിത്യതയുടെ കർത്താവുമായുള്ള കൂടിക്കാഴ്ചയ്ക്ക്, അവിടത്തോടൊപ്പമായിരിക്കുന്നതിന് ഒരുങ്ങുന്നു. ഈ നിയതമായ കൂടിക്കാഴ്ച സംഭവിക്കുക ലോകാന്ത്യത്തിലാണ്.

കർത്താവിൻറെ അനുദിനാഗമനം

എന്നാൽ കർത്താവ് എല്ലാ ദിവസവും വരുന്നു, അത്, നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ അവിടത്തെ കൃപയാൽ നമുക്ക് നന്മ ചെയ്യാൻ കഴിയുന്നതിനു വേണ്ടിയാണ്. നമ്മുടെ ദൈവം ആഗതനാകുന്ന ദൈവമാണ്. ഇത് നാം മറക്കരുത്: വരുന്ന ഒരു ദൈവം, അവിടന്ന് സദാ ആഗതനാകുന്നു. നമ്മുടെ പ്രതീക്ഷയെ അവിടന്ന് നിരാശപ്പെടുത്തില്ല. കർത്താവ് ഒരിക്കലും നമ്മെ ഭഗ്നാശരാക്കില്ല.  നമ്മെ ഒരു പക്ഷേ കാത്തിരിപ്പിക്കും, നമ്മുടെ പ്രതീക്ഷ പക്വത പ്രാപിക്കാൻ കുറച്ച് നിമിഷങ്ങൾ ഇരുട്ടിൽ കാത്തിരിക്കാൻ നമ്മെ പ്രേരിപ്പിക്കും, പക്ഷേ ഒരിക്കലും നിരാശപ്പെടുത്തില്ല. കർത്താവ് എപ്പോഴും വരുന്നു, അവൻ എപ്പോഴും നമ്മുടെ ചാരെയുണ്ട്. ചിലപ്പോൾ അവിടന്ന് അദൃശ്യനായിരിക്കും, എന്നാൽ എപ്പോഴും വരുന്നു. കൃത്യമായ ഒരു ചരിത്ര നിമിഷത്തിൽ അവിടന്ന് വന്നു, നമ്മുടെ പാപങ്ങൾ സ്വയം ഏറ്റെടുക്കുന്നതിന് മനുഷ്യനായിത്തീർന്നു- ചരിത്ര നിമിഷത്തിലെ യേശുവിൻറെ ഈ ആദ്യത്തെ വരവിനെ തിരുപ്പിറവിത്തിരുന്നാൾ അനുസ്മരിപ്പിക്കുന്നു; അവിടന്ന ഒരു സാർവത്രിക ന്യായാധിപനായി യുഗാന്ത്യത്തിൽ വീണ്ടും വരും; അവിടന്ന് മൂന്നമാത്തെതായ ഒരു രീതിയിൽ മൂന്നാമതും ആഗതനാകും: തൻറെ ജനത്തെ സന്ദർശിക്കുന്നതിന്, വചനത്തിലും കൂദാശകളിലും  സഹോദരീ സഹോദരന്മാരിലും തന്നെ സ്വാഗതം ചെയ്യുന്ന സകല സ്ത്രീപുരുഷന്മാരെയും കാണാൻ, എല്ലാ ദിവസവും അവിടന്നു വരുന്നു. അനുദിനം, യേശു വാതിലിൽ മുട്ടുന്നുവെന്ന് ബൈബിൾ പറയുന്നു. അവിടന്നു നമ്മുടെ ഹൃദയവാതില്ക്കലാണ്. അവിടന്ന് മുട്ടുന്നു. മുട്ടുന്ന, ഇന്ന് നിങ്ങളെ കാണാൻ വന്ന, അസ്വസ്ഥതയോടും, ആശയത്തോടും, പ്രചോദനത്തോടും കൂടി നിങ്ങളുടെ ഹൃദയത്തിൽ മുട്ടുന്ന കർത്താവിനെ എങ്ങനെ കേൾക്കണമെന്ന് നിങ്ങൾക്കറിയാമോ? അവൻ ബെത്‌ലഹേമിൽ വന്നു, അവൻ ലോകാവസാനം വരും, എന്നാൽ എല്ലാ ദിവസവും അവൻ നമ്മുടെ അടുക്കൽ വരുന്നു. നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കുക കർത്താവ് മുട്ടുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ തോന്നുന്നതെന്താണെന്നു നോക്കുക.

നിമ്നോന്നതവും ഇരുളും വെളിച്ചവും ചേർന്ന ജീവിതം

ഏറ്റക്കുറച്ചിലുകളും ഇരുളും വെളിച്ചവും ചേർന്നതാണ് ജീവിതം എന്ന് നമുക്കറിയാം. നിരാശ, പരാജയം, നഷ്ടം എന്നിവയുടെതായ നിമിഷങ്ങൾ നാമോരോരുത്തരും അനുഭവിക്കുന്നു.  കൂടാതെ, മഹാമാരിമൂലം നാം ജീവിക്കുന്ന അവസ്ഥ, പലരിലും ഉത്കണ്ഠയും ഭയവും അസ്വസ്ഥതയും സൃഷ്ടിക്കുന്നു; അശുഭാപ്തിവിശ്വാസത്തിലേക്ക് നിപതിക്കാനുള്ള സാധ്യതയുണ്ട്, അടച്ചിടൽ, ഉദാസീനത എന്നിവയിൽ വീഴാനുള്ള അപകടസാധ്യതയുണ്ട്.  ഇവയോടൊക്കെ നാം എങ്ങനെ പ്രതികരിക്കണം? ഇന്നത്തെ സങ്കീർത്തനം ഇതിന് നമ്മോട് നിർദ്ദേശിക്കുന്നത് ഇതാണ്: “നമ്മുടെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു: അവിടന്നാണ് നമ്മുടെ സഹായവും പരിചയും. നമ്മുടെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു” (സങ്കീർത്തനം 32,20-21). അതായത്, ആത്മാവ് കാത്തിരിക്കുന്നു. അസ്തിത്വത്തിൻറെ ഇരുണ്ട നിമിഷങ്ങളിൽ ആശ്വാസവും ധൈര്യവും കണ്ടെത്താൻ കർത്താവു സഹായിക്കും എന്ന വിശ്വാസത്തോടുകൂടിയ പ്രതീക്ഷയാണിത്. ഈ ധൈര്യവും ഈ ഉറപ്പും  എവിടെ ജന്മം കൊള്ളുന്നു? പ്രത്യാശയാണ് ഇതിൻറെ ഉറവിടം. നിരാശപ്പെടുത്താത്ത പ്രത്യാശയാണിത്, കർത്താവുമായുള്ള കൂടിക്കാഴ്ചോന്മുഖമായി നമ്മെ മുന്നോട്ടുകൊണ്ടുപോകുന്ന പുണ്യമാണിത്.

നമ്മുടെ ഹൃദയവാതിലിൽ മുട്ടും വിധം അത്ര അടുത്തു നില്ക്കുന്ന ദൈവം

പ്രത്യാശയിലേക്കുള്ള നിരന്തരമായ ആഹ്വാനമാണ് ആഗമനകാലം: ചരിത്രത്തിൻറെ അന്തിമഘട്ടത്തിലേക്ക് നയിക്കാനും, കർത്താവായ യേശുക്രിസ്തുവാകുന്ന അതിൻറെ പൂർണതയിലേക്ക് നയിക്കാനും ദൈവം ചരിത്രത്തിൽ സന്നിഹിതനാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യരാശിയുടെ ചരിത്രത്തിൽ ദൈവം ഉണ്ട്, അവിടന്ന് "നമ്മോടു കൂടെയുള്ള ദൈവം" ആണ്. ദൈവം അകലെയല്ല, പലപ്പോഴും നമ്മുടെ ഹൃദയവാതിലിൽ മുട്ടും വിധം അവിടന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട്. നമ്മെ പിന്തുണയ്ക്കാൻ ദൈവം നമ്മുടെ അരികുചേർന്നു നടക്കുന്നു. കർത്താവ് നമ്മെ കൈവിടുകയില്ല;നമ്മുടെ യാത്രയുടെ അർത്ഥം, ദൈനംദിന ജീവിതത്തിൻറെ പൊരുൾ കണ്ടെത്തുന്നതിന് നമ്മെ സഹായിക്കുന്നതിനും, പരീക്ഷണങ്ങളിലും വേദനയിലും നമുക്ക് ധൈര്യം പകരുന്നതിനും വേണ്ടി അവിടന്ന് നമ്മുടെ അസ്തിത്വത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ നമുക്ക് തുണയായി വരുന്നു. ജീവിതത്തിലെ കൊടുങ്കാറ്റുകൾക്കിടയിൽ, ദൈവം എല്ലായ്പ്പോഴും നമുക്ക് കൈനീട്ടിത്തരുകയും ഭീഷണികളിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു.

ഇത് സുന്ദരമാണ്! ആവർത്തനപുസ്തകത്തിൽ പ്രവാചകൻ ജനങ്ങളോട് പറയുന്ന വളരെ മനോഹരമായ ഒരു വാക്യമുണ്ട്: "ചിന്തിക്കുക, നിനക്ക് ഞാൻ സമീപസ്ഥനായിരിക്കുന്നതു പോലെ തൻറെ ജനത്തിനടുത്തു നില്ക്കുന്ന ദൈവങ്ങൾ ഏതു ജനവിഭാഗത്തിനാണുള്ളത്? ആർക്കുമില്ല. ദൈവം അടുത്തായിരിക്കുന്ന അനുഗ്രഹം നമുക്കു മാത്രമെ ലഭിച്ചിട്ടുള്ളു. നാം ദൈവത്തിനായി കാത്തിരിക്കുന്നു, അവിടന്ന് സ്വയം വെളിപ്പെടുത്തുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു, നാം അവിടത്തെ മുന്നിൽ സ്വയം വെളിപ്പെടുത്തുമെന്ന് അവിടന്നും പ്രതീക്ഷിക്കുന്നു!

പരിശുദ്ധ മറിയം

പ്രതീക്ഷയുടെ സ്ത്രീയായ ഏറ്റം പരിശുദ്ധയായ മറിയം, നാം ആരംഭിക്കുന്ന ഈ പുതിയ ആരാധനാക്രമവർഷത്തിൽ നമ്മുടെ ചുവടുകളെ തുണയ്ക്കുകയും അപ്പോസ്തലനായ പത്രോസ് ചൂണ്ടിക്കാട്ടിയ, യേശുശിഷ്യർക്കടുത്ത കടമ നിർവ്വഹിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യട്ടെ. എന്താണ് ഈ ചുമതല? നമ്മിലുള്ള പ്രത്യാശയുടെ കാരണം വെളിപ്പെടുത്തുക (1 പത്രോസ് 3:15)

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ചുഴലിക്കാറ്റു ദുരന്തത്തിനിരകളായവർക്ക് പാപ്പായുടെ പ്രാർത്ഥന

ആശീർവ്വാദാനന്തരം പാപ്പാ, അതിശക്തമായ ചുഴലിക്കാറ്റുകൾ മൂലം യാതനകളനുഭവിക്കുന്ന മദ്ധ്യ അമേരിക്കയിലെ, പ്രത്യേകിച്ച്, സാൻ അന്ത്രേസ്, പ്രൊവിദേൻസിയ, സാന്ത കത്തലീന ദ്വീപുകൾ, അതു പോലെതന്നെ കൊളൊംബിയയുയെ ഉത്തരഭാഗത്തെ പസഫിക്ക് തീരം, എന്നിവിടങ്ങളിലെ ജനങ്ങളെ അനുസ്മരിച്ചു.

ഈ ദുരന്തം മൂലം കഷ്ടപ്പെടുന്ന എല്ലാ രാഷ്ട്രങ്ങൾക്കും വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

ശനിയാഴ്ച (28/11/20) താൻ 13 പേരെ കർദ്ദിനാൾ സ്ഥാനത്തേക്കുയർത്തിയ ചടങ്ങിൽ സംബന്ധിക്കുന്നതിന് എത്തിയിരുന്നവരെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്യുകയും നവ കർദ്ദിനാളന്മാർക്കുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

സമാപനാഭിവാദ്യം

എല്ലാവർക്കും നല്ലൊരു ഞായറും ആഗമനകാലയാത്രയും ആശംസിച്ച പാപ്പാ കോവിദ് 19 മഹാമാരി ഉളവാക്കിയിരിക്കുന്ന അവസ്ഥയെ നല്ലവണ്ണം നേരിടുന്നതിന് പരിശ്രമിക്കാൻ പ്രചോദനം പകരുകയും ചെയ്തു.

ഉപരി സമചിത്തതയുള്ളവരായിരിക്കാനും ആവശ്യത്തിലിരിക്കുന്ന അയൽവാസികളുടെ കാര്യത്തിൽ വിവേകത്തോടും ആദരവോടുകൂടിയതുമായ കരുതൽ കാട്ടാനും ലാളിത്യത്തോടുകൂടി അല്പസമയം കുടുംബപ്രാർത്ഥനയിൽ ചിലവഴിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ഈ മൂന്നുകാര്യങ്ങൾ നമുക്കു കൂടുതൽ ഗുണകരങ്ങളാണെന്ന് പാപ്പാ പറഞ്ഞു.

തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2020, 13:52