"ക്രിസ്തു ജീവിക്കുന്നു”:ഒഴിഞ്ഞു മാറലുകൾക്ക് കീഴടങ്ങാത്ത അമ്മമേരി
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.
രണ്ടാം അദ്ധ്യായം
യേശുവിന്റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്റെ കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതംദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.
45. ഒഴിഞ്ഞു മാറലുകൾക്ക് കീഴടങ്ങാത്ത അമ്മ മേരി
ഒഴിഞ്ഞു മാറലുകൾക്ക് അഥവാ മിഥ്യാ ദർശനങ്ങൾക്ക് കീഴടങ്ങാതെ അവൾ “തന്റെ പുത്രന്റെ പീഡാസഹനത്തിൽ കൂടെ നടന്നു. തന്റെ നോട്ടം കൊണ്ട് അവനെ പിന്താങ്ങുകയും ഹൃദയംകൊണ്ട് സംരക്ഷിക്കുകയും ചെയ്തു. അവന്റെ പീഡകളിൽ അവൾ പങ്കുചേർന്നു. എന്നാലും അവൾ കീഴടക്കപ്പെട്ടില്ല. വാഗ്ദാനത്തെ സ്വീകരിക്കുവാൻ വെല്ലുവിളി ഏറ്റെടുത്ത് സമ്മതം മൂളിയ ശക്തിയുള്ള സ്ത്രീയായിരുന്നു അവൾ. അവൾ പിന്താങ്ങുകയും, സഹഗമിക്കുകയും സഹകരിക്കുകയും സംരക്ഷിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നു. അവൾ പ്രത്യാശയുടെ വലിയ സംരക്ഷകയാണ്. നിർഭയരായി എന്നും പുതുതായി തുടങ്ങാൻ തയ്യാറുള്ളവരുടെ കീഴടങ്ങാത്ത സഹനത്തോടും, ക്ഷമയോടും, സർഗ്ഗാത്മകതയോടും, ധൈര്യത്തോടും, വിശ്വാസത്തോടും ‘അതെ’ എന്ന് പറയേണ്ടത് എങ്ങനെ എന്ന് നാം അവളിൽനിന്ന് പഠിക്കുന്നു.” (കടപ്പാട്. പി.ഒ.സി പ്രസിദ്ധീകരണം)
വിശ്വസ്ഥനായ ദൈവത്തിന്റെ മുന്നില്‍ വിശ്വസ്ഥയായ അമ്മ മേരി
മറിയം പ്രത്യാശയുടെ വലിയ സംരക്ഷകയാണെന്ന് പാപ്പാ ഈ ഖണ്ഡികയില്‍ പ്രബോധിപ്പിക്കുന്നു. ഈശോയുടെ പീഡാസഹനത്തിൽ മറിയം നോട്ടം കൊണ്ട് പിന്താങ്ങുകയും ഹൃദയം കൊണ്ട് സംരക്ഷിക്കുകയും ചെയ്തുവെന്ന് പറയുന്ന പാപ്പാ ക്ഷമയോടും, ധൈര്യത്തോടും, വിശ്വാസത്തോടും സർഗ്ഗാത്മകതയോടും ദൈവഹിതത്തിന് മുന്നിൽ എങ്ങനെ 'അതെ' എന്ന് പറയണമെന്നു മറിയത്തിൽ നിന്ന് പഠിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. എല്ലാം അനുകൂലമായി ലഭിക്കുന്ന സാഹചര്യത്തിൽ നമുക്കു അതേ എന്ന് പറയാൻ വലിയ പ്രതിബന്ധങ്ങൾ ഒന്നുമുണ്ടാവില്ല. എന്നാൽ അവ്യക്തതകളുടെ മുന്നിൽ പറയുമ്പോഴാണ് അത് വെല്ലുവിളിയായി രൂപപ്പെടുന്നത്. അതിലാണ് ദൈവത്തോടും, നമ്മുടെ ദൗത്യത്തോടുമുള്ള സമർപ്പണം വെളിപ്പെടുന്നത്. അങ്ങനെ അസാധ്യതകളുടെയും, അപകടങ്ങളുടെയും അവ്യക്തതകളുടെയും മുന്നില്‍ നിൽകുമ്പോൾ മറിയം പ്രകടിപ്പിച്ച പ്രത്യാശയെയെയാണ് മാതൃകയാക്കാൻ പാപ്പാ നമ്മോടു ആവശ്യപ്പെടുന്നത്.
നമ്മുടെ ചങ്കുലയ്ക്കുന്ന സംഗീതമാണ് “അമ്മ മേരി തൻ മകനേ…” എന്ന പുത്തൻ പാന. മുപ്പത്തി മൂന്നു വയസ്സുള്ള യുവാവായ തന്റെ ഏക മകന്റെ ചതഞ്ഞു നുറുങ്ങിയ ശരീരത്തെ വാരിയെടുത്ത് മടിയിൽ കിടത്തി അമ്മ പാടിയ വിലാപഗാനമാണെന്ന് നാം വിശ്വസിക്കുന്നു. അമലോത്ഭവയായ അമ്മ മേരി വ്യാകുലങ്ങളുടെ മാതാവായി ജീവിക്കേണ്ടി വന്നപ്പോഴും വാഗ്ദാനങ്ങളിൽ വിശ്വസ്ഥനായ ദൈവത്തിന്റെ മുന്നില്‍ അങ്ങേയറ്റം വിശ്വസ്ഥയായി പ്രത്യാശയോടെ തന്നെ ജീവിച്ചു.
സ്വയം മുറിച്ചു ജന്മം നല്‍കുന്ന അമ്മ
സ്വയം മുറിച്ചു കുഞ്ഞിന് ജന്മം നല്‍കുന്നവളാണ് അമ്മ. പ്രസവവേദന ഒരമ്മ ആഗ്രഹിച്ച്, സ്നേഹിച്ച്, കാത്തിരുന്ന്, ഏറ്റെടുക്കുന്ന നോവാണ്. എന്നാൽ അമ്മ ജീവിച്ചിരിക്കുമ്പോൾ അവളുടെ മകനോ, മക്കൾക്കോ മരണം സംഭവിച്ചാൽ അത് അമ്മയ്ക്ക് അവളുടെ മരണം തന്നെയാണ്. അന്ന് അവളുടെ ഉദരം മരുഭൂമി പോലെ വിണ്ടു കീറും. അമ്മിഞ്ഞയൊഴുകിയ അവളുടെ മാറിടത്തിൽ നിന്നും ചോര കിനിഞ്ഞൊഴുകും. അവളുടെ ഓരോ ധമനിയും വിങ്ങിപ്പൊട്ടും, അവളുടെ കണ്ണ്നീര്‍ വീണുടയുന്ന നിരത്തെയെല്ലാം പൊള്ളിക്കും. അവളുടെ ഓരോ സെല്ലിലും, സിരകളിലും മരിച്ചു പോയ കുഞ്ഞിന്റെ മണവും, മനസ്സും, രൂപവും, ഓർമ്മയും, ജീവനും തുടിച്ചു കൊണ്ടേയിരിക്കും. ഒരു പൊട്ടിക്കരച്ചിലിൽ അവസാനിക്കുന്നില്ല ആ നോവ്. അവളുടെ ഓർമ്മയ്ക്ക് മരണം സംഭവിക്കുന്നത് വരെ കുഞ്ഞിന്റെ മരണം അവളെ വേട്ടയാടിക്കൊണ്ടേയിരിക്കും. പാവം അമ്മ. എത്ര കുതറിയാലും കുടഞ്ഞെറിഞ്ഞാലും അമ്മ എന്ന അമ്മ അമ്മയായി തന്നെ നമ്മിൽ ജീവിക്കുന്നു. പരിശുദ്ധ അമ്മയും ഏക പുത്ര വിരഹത്തിന്റെ വേദനയിലൂടെ കടന്നു പോയി. ദുഃഖവെള്ളിയിൽ പോലും വിശ്വാസം പതറാതെ സൂക്ഷിച്ചു. അങ്ങനെ അണഞ്ഞു പോയ വിളക്കിൽ പ്രത്യാശയുടെ എണ്ണയൊഴിച്ചു വീണ്ടും പ്രകാശിപ്പിക്കുവാന്‍ കഴിയുന്ന അമ്മയായ പരിശുദ്ധ കന്യകാമറിയത്തെ പ്രത്യാശയുടെ മാതൃകയായി സ്വീകരിക്കാൻ പാപ്പാ നമ്മോടു ഇന്ന് ആഹ്വാനം ചെയ്യുന്നു.
അമ്മ മേരിയുടെ ത്രിദുവും
അമ്മ മേരി കടന്നു പോയ ത്രിദുവുത്തിലൂടെ കടന്നു പോകുമ്പോൾ നമുക്ക് പരിശുദ്ധ അമ്മയുടെ പ്രത്യാശയുടെ ആഴത്തെ കൂടുതൽ ഗ്രഹിക്കാൻ കഴിയും. ദുഃഖവെള്ളിയുടെ തലേ ദിവസത്തെ പെസഹാ വിരുന്നിനു പുത്രനും കൂട്ടരും ഈ അമ്മയെ ക്ഷണിച്ചതായി സുവിശേഷം പ്രഘോഷിക്കുന്നില്ല. അന്ന് ഏകയായി എകാന്തതയിൽ അവൾ അപ്പമുണ്ടാക്കിട്ടുണ്ടാകാം. മകൻ അപ്പം മുറിച്ചു വിളമ്പുന്ന നേരം ഏകാഗ്രമായ മനസ്സോടെ ആ അമ്മ തനിച്ചിരുന്നു അപ്പം ഭക്ഷിച്ചിട്ടുണ്ടാകാം. ദുഃഖവെള്ളി യാത്രയിൽ കാല്‍വരിയിലെത്തണമെന്ന നിയാഗത്തോടു പൊരുത്തപ്പെടാൻ ഈ അപ്പം അവളുടെ ശരീരത്തിന് ശക്തി നൽകിയിട്ടുണ്ടാകണം. തന്റെ സമർപ്പണത്തിന്റെ താലം പിതാവ് പുത്രന്റെ ആത്മാവിനോടൊപ്പം തന്റെ കരങ്ങളിൽ സ്വീകരിക്കുന്ന ദിനവും കൂടിയാണതെന്ന് അവൾ വിചാരിച്ചിട്ടുണ്ടാകാം. തനിച്ചിരുന്ന ആ പെസഹാരാത്രിയിൽ അമ്മയുടെ ഹൃദയത്തിലും ഗത്ഗദങ്ങളുടെ ശബ്‌ദഘോഷം ഉയർന്നിരിക്കണം. ആ ഇരമ്പലിൽ അമ്മ കരളുരുകിയപ്പോൾ പുത്രൻ പ്രാർത്ഥിക്കുന്നു കഴിയുമെങ്കിൽ ആ മണിക്കൂർ തന്നെ വിട്ട് കടന്നു പോകട്ടെയെന്ന്. കരളലിയിപ്പിച്ച കണ്ണുനീർ പ്രാർത്ഥനയ്ക്ക് ദൈവം ചെവികൊടുത്തു. മാലാഖയെ അയച്ചു അവനെ ശക്തിപെടുത്തിയെന്ന് സുവിശേഷം പറയുന്നു.
ഭൂമിക്ക് ഔഷധമായ അമ്മ മേരി
അസാധ്യതകളുടെ മരുഭൂമിയിലൂടെ തളർന്നു പോകുന്ന സമയത്ത് മറിയത്തെ വിളിച്ചാൽ മാലാഖയായി ആ അമ്മ വരും. എല്ലാം പൂർത്തീകരിച്ച്, സര്‍വ്വേശ്വരന്റെ കരങ്ങളിൽ സമർപ്പിച്ച്, സ്വർഗ്ഗം അംഗീകരിക്കുന്നത് വരെ അമ്മ നമ്മോടൊപ്പമുണ്ടാകും. പിന്നെ ആരുമറിയാതെ ആരെയുമറിയിക്കാതെ പ്രാർത്ഥനയുടെ കൂടാരങ്ങളിൽ മടങ്ങുകയും ചെയ്യുന്ന അമ്മയെ ഈ ഭൂലോകം വിട്ടു യാത്രയായപ്പോൾ ഭൂമിക്കു ഔഷധമായി നൽകിക്കൊണ്ടാണ് എല്ലാം പൂർത്തിയായി എന്ന് പറഞ്ഞു പുത്രൻ മിഴിപൂട്ടിയത്. അന്ന് മുതൽ നമ്മുടെ ഉറക്കത്തിന്റെ മണിക്കൂറുകളിൽ ഒരമ്മ മിഴിയടയ്ക്കാതെ ഉണർന്നിരിക്കുന്നു. പുത്രൻ തന്നെ ഏൽപ്പിച്ച മക്കൾക്ക് കാവലിരിക്കാൻ. രാവിൽ കഴിയുന്ന മക്കളെ പ്രകാശത്തിന്റെ പ്രഭയിലേക്കു കൊണ്ട് വരാൻ. രക്ഷാകര കർമ്മത്തിന്റെ ഉല്‍പ്പത്തി മുതൽ കഷ്ടതയുടെ സങ്കീർത്തനമായി ജീവിതം മാറുമ്പേഴും വെളിപാടിന്റെ ലോകത്തിലേക്കെത്തിപ്പെടാൻ അമ്മ മേരി തന്റെ സഹനങ്ങളിൽ നിന്നും രചിച്ച സുഭാഷിതങ്ങൾ നൽകി നാം തട്ടി വീഴാതിരിക്കാൻ നിഴലായി നമ്മോടൊപ്പം നടക്കുന്നു. ആ അമ്മയെ നമുക്ക് ധ്യാനിക്കാം. ആ അമ്മയെ നമുക്ക് കൊട് നടക്കാം. ആ അമ്മയുടെ മക്കളായി ജീവിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: