ലോക ഭക്ഷ്യദിനം 16 ഒക്ടോബർ 2020 ലോക ഭക്ഷ്യദിനം 16 ഒക്ടോബർ 2020 

പട്ടിണി നിർമ്മാർജ്ജനത്തിന് സമൂർത്ത നയങ്ങളും നടപടികളും ആവശ്യം!

ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം, ഫ്രാൻസീസ് പാപ്പായുടെ വീഡിയൊ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാനവരാശിയെ സംബന്ധിച്ചിടത്തോളം, പട്ടിണി ഒരു ദുരന്തം മാത്രമല്ല നാണക്കേടുമാണെന്ന് മാർപ്പാപ്പാ.

അനുവർഷം ഒക്ടോബർ 16-ന് ലോക ഭക്ഷ്യദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അന്ന്, അതായത്, വെള്ളിയാഴ്ച (16/10/20)  റോം ആസ്ഥനാമായുള്ള ഭക്ഷ്യകൃഷി സഘടന, (FOOD AND AGRICULTURAL ORGANIZATION, FAO) സംഘടിപ്പിച്ച ഒരു പരിപാടിയ്ക്ക് ഫ്രാൻസീസ് പാപ്പാ, പ്രസ്തുത സംഘടനയുടെ മേധാവിയായ കു ഡോങ്ക്യുവിനെ (Qu Dongyu) സംബോധന ചെയ്തുകൊണ്ടു നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.

1945 ഒക്ടോബർ 16-ന് സ്ഥാപിതമായ ഭക്ഷ്യകൃഷി സംഘടനയുടെ 75-ɔ൦ സ്ഥാപനവാർഷികം ഈ വെള്ളിയാഴ്ച (16/10/20)  ആചരിക്കപ്പെടുന്നത് അനുസ്മരിക്കുന്ന പാപ്പാ ഈ സംഘടനയ്ക്കും അതിൻറെ പ്രവർത്തകർക്കും ആശംസകൾ അർപ്പിക്കുകയും പട്ടിണി, ഭക്ഷ്യഅരക്ഷിതാവസ്ഥ, പോഷണക്കുറവ്  എന്നിവ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ഭക്ഷ്യകൃഷി സംഘടന പ്രവർത്തിക്കുന്നതിനാൽ അതിൻറെ ദൗത്യം മനോഹരവും ഒപ്പം സുപ്രധാനവുമാണെന്ന് ശ്ലാഘിക്കുകയും ചെയ്യുന്നു.

ഇക്കൊല്ലത്തെ ആഗോള ഭക്ഷ്യദിനാചരണം സ്വീകരിച്ചിരിക്കുന്ന “വളരുക, പോഷിപ്പിക്കുക, താങ്ങാകുക. ഒത്തൊരുമിച്ച്. നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി” എന്ന വിചിന്തനപ്രമേയത്തെക്കുറിച്ചും സൂചിപ്പിക്കുന്ന പാപ്പാ നമുക്കു ചുറ്റുമുള്ള പരിസ്ഥിതിയെ മെച്ചപ്പെടുത്തുകയും അനേകരുടെയും അനേകം ജനതകളുടെയും പ്രത്യാശയെ ഊട്ടിവളർത്തുകയും ചെയ്യുന്ന സംരംഭങ്ങൾക്ക് ജന്മമേകുന്നതിന് നിശ്ചയദാർഢ്യത്തോടുകൂടി കൂട്ടായി യത്നിക്കേണ്ടതിൻറെ ആവശ്യകത ഈ പ്രമേയം ചൂണ്ടിക്കാട്ടുന്നുവെന്ന് ഉദ്ബോധിപ്പിക്കുന്നു.

ഭക്ഷ്യോത്പാദനം മാത്രം പോരാ മറിച്ച് ഭക്ഷ്യസംവിധാനങ്ങൾ ഈടുറ്റതും ആരോഗ്യകരവും എല്ലാവർക്കും പ്രാപ്യവുമായ ഭക്ഷണക്രമം ഉറപ്പുവരുത്തുന്നതുമായിരിക്കണമെന്ന് 75 ആണ്ടുകളിലൂടെ ഭക്ഷ്യകൃഷി സംഘടന പഠിച്ചുവെന്ന് പാപ്പാ പറയുന്നു.

കോവിദ് 19 മഹാമാരിയുളവാക്കിയിരിക്കുന്ന വലിയ പ്രതിസന്ധിയുടെതായ ഈ ഘട്ടത്തിൽ ഭക്ഷ്യകൃഷി സംഘടനയുടെ കർമ്മ പരിപാടികൾക്ക് പിന്തുണയേകേണ്ടത് അതീവ പ്രാധന്യമർഹിക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഒരു വശത്ത് വിവധ ശാസ്ത്ര രംഗങ്ങളിൽ വൻ പുരോഗതിയ്ക്കും മറുശത്ത് ലോകത്തിൽ നിരവധിയായ മാനവിക പ്രതിസന്ധികൾക്കും നാം സാക്ഷ്യം വഹിക്കുകയാണെന്ന വസ്തുതയും പാപ്പാ അനുസ്മരിക്കുന്നു.

ഭൂവിഭവങ്ങളുടെ അസന്തുലിത വിതരണം, കാർഷികമേഖലയിൽ വേണ്ടത്ര മുതൽ മുടക്കുന്നതിനുള്ള വൈമനസ്യം, കാലാവസ്ഥ മാറ്റം, കലാപങ്ങൾ തുടങ്ങിയവ ലോകത്തിൽ ഇന്നു കാണപ്പെടുന്ന പട്ടിണിയ്ക്ക് കാരണങ്ങളാണെന്നു ചൂണ്ടിക്കാട്ടുന്ന പാപ്പാ ഈ യാഥാർത്ഥ്യത്തിനു മുന്നിൽ നിഷ്ക്രിയരായി, തളർന്നു നില്ക്കാനാകില്ലെന്നും നമുക്കെല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും പാപ്പാ പറയുന്നു.

ആഗോളതലത്തിൽ പട്ടിണി നിർമ്മാർജ്ജനം ചെയ്യുന്നതിന് സമൂർത്തങ്ങളായ നയങ്ങളും നടപടികളും ഉണ്ടാകേണ്ടതുണ്ട് എന്നാണ് ഇന്നത്തെ പ്രതിസന്ധി കാട്ടിത്തരുന്നതെന്നും പാപ്പാ വ്യക്തമാക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2020, 13:15