വത്തിക്കാനിലെ സ്വിസ് കാവലാൾ  (SWISS GUARD) വത്തിക്കാനിലെ സ്വിസ് കാവലാൾ (SWISS GUARD) 

യുവജനത്തിന് ആത്മാവ് നഷ്ടപ്പെടുന്ന അപകട സാധ്യതയെക്കുറിച്ച് പാപ്പാ!

വത്തിക്കാനിലെ സ്വിസ് കാവൽ സേനയിലേക്ക് പുതിയതായി തിരഞ്ഞെടുത്തവരുമായി ഫ്രാൻസീസ് പാപ്പാ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇന്നിൻറെ സാമൂഹ്യ പശ്ചാത്തലത്തിൽ ഭൗതികമായ ആഗ്രഹങ്ങളോടൊ ആവശ്യങ്ങളോടൊ മാത്രം പ്രത്യുത്തരിക്കുന്ന ആശയങ്ങളും ജീവിതശൈലിയും പിൻചെല്ലുമ്പോൾ അനേകം യുവജനങ്ങൾ ആത്മാവ് കവർച്ച ചെയ്യപ്പെടുന്ന അപകടത്തിൽ വീഴുമെന്ന് മാർപ്പാപ്പാ മുന്നറിയിപ്പു നല്കുന്നു.

വത്തിക്കാനിൽ പാപ്പായ്ക്ക് പ്രത്യേക സംരക്ഷണം ഒരുക്കുന്ന വിഭാഗമായ സ്വിസ് കാവൽ സൈന്യത്തിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവരെയും അവരുടെ മാതാപിതാക്കളെയും വെള്ളിയാഴ്ച (02/10/20) രാവിലെ സ്വീകരിച്ചു സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

തങ്ങളുടെ യൗവനകാലത്തിൻറെ ഒരു ഭാഗം പത്രോസിൻറെ പിൻഗാമിയെ സേവിക്കുന്നതിന് നീക്കിവയ്ക്കുന്ന സ്വിറ്റ്സർലണ്ടുകാരായ ഈ യുവാക്കൾക്കും അവർക്ക് ധാർമ്മിക ശിക്ഷണവും നല്ല മാതൃകയുമേകുകയും ക്രിസ്തീയവിശ്വാസം പകർന്നു നല്കുകയും ചെയ്ത അവരുടെ മാതാപിതാക്കൾക്കും പാപ്പാ നന്ദി പറഞ്ഞു.

1547 മെയ് 6-ന് ചാൾസ് പഞ്ചമൻ രാജാവിൻറെ സൈന്യം പേപ്പൽ സംസ്ഥാനങ്ങളെ ആക്രമിച്ച വേളയിൽ പ്രസ്തുത ആക്രമണത്തെ ചെറുത്ത 189 സ്വിസ് പടയാളികളിൽ 147 പേർ മരിച്ചു വീണ സംഭവത്തെക്കുറിച്ചു (Sack of Rome) സൂചിപ്പിച്ചുകൊണ്ട് പാപ്പാ അവർ ജീവൻ പോലും നല്കിക്കൊണ്ട് പത്രോസിൻറെ പിൻഗാമിയെ സംരക്ഷിക്കാൻ ധീരതയോടെ പരിശ്രമിച്ചത് അനുസ്മരിച്ചു.

റോമാ നഗരം കൊള്ളയടിക്കപ്പെട്ട ഈ സംഭവത്തിൻറെ സ്മരണ ഒരു ആത്മീയ കവർച്ചയുടെ അപകടത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

റോമാ നഗരത്തിലായിരിക്കുന്ന സമയം, ഈ നഗരം പ്രദാനം ചെയ്യുന്ന ഭാവാത്മകമായ കാര്യങ്ങൾ ഉപരിമെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാൻ. സ്വിസ് കാവൽ സൈന്യത്തിലെ പുതിയ അംഗങ്ങൾക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു.

അർത്ഥസംപുഷ്ടവും ക്രിസ്തീയാനന്ദഭരിതവുമായ ഒരു ജീവിതം നയിക്കാൻ  പരസ്പരം സഹായിച്ചുകൊണ്ട് സാഹോദര്യാരൂപിയിൽ ഈ സമയം ജീവിക്കാൻ കഴിയട്ടെയെന്നും പാപ്പാ പ്രാർത്ഥനാപൂർവ്വം കൂട്ടിച്ചേർത്തു.

ഞായറാഴ്ച (04/10/20) അവർ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ  അത് അവരുടെ ജീവിതത്തിൻറെ നായകരായിരിക്കാൻ, മനുഷ്യ വ്യക്തികളും ക്രൈസ്തവരുമായിരിക്കാൻ അവരെ വിളിച്ച ക്രിസ്തുവിനോടുള്ള, മാമ്മോദീസാ വിളിയോടുള്ള വിശ്വസ്തതയ്ക്ക് സാക്ഷ്യമേകലാണെന്ന് പ്രസ്താവിച്ചു. 

നമ്മൾ എന്തു ചെയ്തു എന്നതിനെയല്ല, പ്രത്യുത, എത്രമാത്രം സ്നേഹത്തോടെ ചെയ്തു എന്നതിനെ ആശ്രയിച്ചായിരിക്കും ജീവിതാന്ത്യത്തിൽ നാം വിധിക്കപ്പെടുക എന്ന് കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസ പറഞ്ഞിരുന്നത് പാപ്പാ തദ്ദവസരത്തിൽ അനുസ്മരിക്കുകയും ചെയ്തു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2020, 13:23