ഒരു സുന്ദര പ്രകൃതിദൃശ്യം, പ്രകൃതി സൗഹൃദ ജീവിതം നരകുലത്തിൻറെ അതിജീവനത്തിന് അനിവാര്യം! ഒരു സുന്ദര പ്രകൃതിദൃശ്യം, പ്രകൃതി സൗഹൃദ ജീവിതം നരകുലത്തിൻറെ അതിജീവനത്തിന് അനിവാര്യം! 

പാപ്പാ: നൂതന സാകല്യ സാമൂഹ്യ സാമ്പത്തിക മാതൃക അനിവാര്യം !

പരിസ്ഥിതിയെക്കുറിച്ചുള്ള ഔത്സുക്യം, സഹമനുഷ്യരോടുള്ള ആത്മാർത്ഥ സ്നേഹവും സമൂഹത്തിൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അചഞ്ചലമായ പരിശ്രമവുമായി സമന്വയിപ്പിക്കേണ്ടിരിക്കുന്നുവെന്നുള്ള തിരിച്ചറിവ് വ്യവസ്ഥ ചെയ്യുന്നുവെന്ന് ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സാകല്യ ആവാസവ്യവസ്ഥ ആർജ്ജിക്കണമെങ്കിൽ വൈക്തികവും സാമൂഹ്യവുമായ ആന്തരിക പരിവർത്തനം അനിവാര്യമാണെന്ന് മാർപ്പാപ്പാ.

ഫോക്കൊളാരി പ്രസ്ഥാനം വത്തിക്കാൻറെ സമഗ്രമാനവവികസന വിഭാഗവും ആഗോള കത്തോലിക്കാ കാലാവസ്ഥ പ്രസ്ഥാനവുമായി ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനമായ “എക്കൊവണ്ണിന്” (EcoOne) വെള്ളിയാഴ്ച (23/10/20) നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ ചാക്രികലേഖനമായ “ലൗദാത്തൊ സീ” (Laudato si)യുടെ  അഞ്ചാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ഒരു വർഷം നീണ്ട പരിപാടിയുടെ ഭാഗമായിട്ടാണ് ഈ സമ്മേളനം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

“സമഗ്ര ആവാസവ്യവസ്ഥ: ലൗദാത്തൊ സീ അനന്തര അഞ്ചു വർഷം” എന്ന പ്രമേയം ഈ സമ്മേളനം സ്വീകരിച്ചിരിക്കുന്നത് തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്ന പാപ്പാ ഈ പ്രമേയം നരകുലവും നമ്മുടെ ലോകത്തിൻറെ പരിപാലനവും തമ്മിലുള്ള ബന്ധത്തെ നൈതികം, ശാസ്ത്രീയം സാമൂഹ്യം ദൈവവിജ്ഞാനീയം എന്നിങ്ങനെ വിവിധങ്ങളായ മാനങ്ങളിലൂടെയാണ് വീക്ഷിക്കുന്നതെന്ന് വിശദീകരിക്കുന്നു.

സകലവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പരിസ്ഥിതിയെക്കുറിച്ചുള്ള ഔത്സുക്യം സഹമനുഷ്യരോടുള്ള ആത്മാർത്ഥ സ്നേഹവും സമൂഹത്തിൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അചഞ്ചലമായ പരിശ്രമവുമായി സമന്വയിപ്പിക്കേണ്ടിരിക്കുന്നുവെന്നുമുള്ള തിരിച്ചറിവ് “എക്കൊവൺ” പ്രവർത്തകരെ നയിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

നാം ഏക മാനവ കുടുംബമാണെന്നും നമ്മുടെ പൊതുഭവനമായ ഭൂമിയിൽ ഒന്നിച്ചു യാത്രചെയ്യുന്നവരാണെന്നുമുള്ള സത്യം പ്രതിഫലിക്കുന്ന നൂതനമായ  സാകല്യ സാമൂഹ്യ സാമ്പത്തിക മാതൃക സമൂഹത്തിൻറെ പ്രശ്നപരിഹൃതിക്ക് അടിയന്തിരമായി ആവശ്യമുണ്ടെന്ന് പാപ്പാ പറയുന്നു.

സകലരുടെയും ഔന്നത്യത്തെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ പ്രായോഗിക നടപടികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഉറച്ച ഒരു മനസ്സ് പരസ്പര ഐക്യദാർഡ്യം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2020, 14:22