തിരയുക

Vatican News
കാമെറൂണിലെ കുംബയിൽ വെടിവെയ്പ്പു നടന്ന വിദ്യാലയത്തിലെ ഒരു ദൃശ്യം 24/10/20 കാമെറൂണിലെ കുംബയിൽ വെടിവെയ്പ്പു നടന്ന വിദ്യാലയത്തിലെ ഒരു ദൃശ്യം 24/10/20 

വിദ്യാർത്ഥികളെ വെടിവെച്ചു കൊന്ന സംഭവത്തെ പാപ്പാ അപലപിച്ചു.

കാമെറൂണിലെ കുംബയിലെ ഒരു വിദ്യാലയത്തിൽ വെടിവെയ്പ്, വിദ്യാർത്ഥികൾ മരിച്ചു. ഫ്രാൻസീസ് പാപ്പാ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ കാമറൂണിൽ വിദ്യാർത്ഥികളെ വെടിവെച്ചു കൊന്ന നിഷ്ഠൂര കൃത്യത്തെ മാർപ്പാപ്പാ അപലപിച്ചു.

ബുധനാഴ്ച (28/10/20) വത്തിക്കാനിൽ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ അവസാനമാണ് ഫ്രാൻസീസ് പാപ്പാ ഈ പൈശാചികതയെ അപലപിക്കുകയും ഈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കുട്ടികളുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയും ചെയ്തത്.

നിരപരാധികളായ കൊച്ചുകുട്ടികൾ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കവെ അവരുടെ ജീവിതം പിച്ചിച്ചീന്തിയ ഇത്തരം ക്രൂരവും വിവേകശൂന്യവുമായ പ്രവൃത്തി തന്നെ ഏറെ അസ്വസ്ഥനാക്കുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി.

സമാനമായ സംഭവങ്ങൾ ഇനിയൊരിക്കളും ആവർത്തിക്കാതിരിക്കാനും കാമറൂണിൽ തകർന്നിരിക്കുന്ന വടക്കു പടിഞ്ഞാറും തെക്കു പടിഞ്ഞാറും പ്രദേശങ്ങളിൽ സമാധാനം വീണ്ടും പുലരുന്നതിനും ദൈവം ഹൃദയങ്ങളെ പ്രകാശിപ്പിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

ആയുധങ്ങൾ നിശബ്ദമാകട്ടെയെന്നും എല്ലാവരുടെയും സുരക്ഷയും, വിദ്യാഭ്യാസത്തിനും ഭാവികെട്ടിപ്പടുക്കാനുമുള്ള ഓരോ യുവാവിൻറെയും അവകാശവും ഉറപ്പാക്കപ്പെടുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു.

എല്ലാ കുടുംബങ്ങളോടും കുംബാ (Kumba) നഗരത്തോടും കാമറൂൺ രാജ്യം മുഴുവനോടുമുള്ള തൻറെ സ്നേഹവും പാപ്പാ വെളിപ്പെടുത്തുകയും ദൈവത്തിനു മാത്രം പ്രദാനം ചെയ്യാൻ കഴിയുന്ന സാന്ത്വനം അന്നാടിനു ലഭിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ശനിയാഴ്ച (24/10/20) മദ്ധ്യാഹ്നത്തോടെയാണ് ഇരുചക്രവാഹനങ്ങളിലെത്തിയ തോക്കുധാരികൾ കുമ്പയിലെ മദർ ഫ്രാൻസിസ്ക്ക സ്വകാര്യ വിദ്യാലയത്തിൽ (Mother Francisca School) പഠിച്ചുകൊണ്ടിരിക്കയായിരുന്ന  12-നും 14-നും ഇടയിൽ പ്രായമുള്ളവരായിരുന്ന കുട്ടികളുടെ നേരെ നിഷ്ക്കരുണം നിറയൊഴിച്ചത്.

7 കുട്ടികൾ മരണമടയുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിഘടനവാദികളായ കലാപകാരികളാണ് ഇതിനു പിന്നിലെന്നു കരുതപ്പെടുന്നു.

കാമറൂണിൽ ന്യൂനപക്ഷമായ ആംഗലഭാഷാവിഭാഗം 2016 മുതൽ സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുകയും തുടർന്ന് വിഘടനവാദം ശക്തിപ്പെടുകയും ചെയ്തിരിക്കയാണ്.

ഫ്രഞ്ചു ഭാഷ സംസാരിക്കുന്നവരാണ് കാമെറൂണിലെ നിവാസികളിൽ സിംഹഭാഗവും.

എന്നാൽ ഇക്കൂട്ടർ ന്യൂനപക്ഷമായ തങ്ങളെ പാർശ്വവത്ക്കരിക്കുന്നു എന്നാണ് ആംഗലഭാഷാക്കാരുടെ വാദം.

 

28 October 2020, 13:00