ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ, ഞായർ, 11/10/2020 ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ, ഞായർ, 11/10/2020 

കർത്താവിൻറെ വിളി സ്വീകരിച്ചാൽ പോരാ, മാനസാന്തര സന്നദ്ധത ആവശ്യം!

സുവിശേഷവത്ക്കരണത്തിൻറെയും ഉപവിയുടെ സാക്ഷ്യമേകലിൻറെയും സൗകര്യമാർന്ന പതിവു ശൈലിവിട്ട് സകലർക്കുമായി നമ്മുടെ ഹൃദയത്തിൻറെയും നമ്മുടെ സമൂഹങ്ങളുടെയും കവാടങ്ങൾ തുറന്നിടണമെന്ന് ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ സന്ദേശത്തിൽ ഉദ്ബോധിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമാപുരി മഴയിൽ കുതിർന്ന ഒരു ദിനമായിരുന്നു പതിനൊന്നാം തീയതി ഞായാഴാഴ്ചയെങ്കിലും (11/10/20) അന്നു ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിന് അഭിമുഖമായുള്ള തൻറെ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്നു കൊണ്ട് നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയിൽ നിരവധി വിശ്വാസികൾ പങ്കുകൊണ്ടു. കുടകൾ ചൂടിയും മഴവസ്ത്രമണിഞ്ഞും, അതോടൊപ്പം തന്നെ, കോവിദ് 19 രോഗപ്രതിരോധ നടപടികൾ പാലിച്ചുകൊണ്ടുമാണ് അവർ ചത്വരത്തിൽ നിലയുറപ്പിച്ചിരുന്നത്. ഉച്ചയ്ക്ക്, റോമിലെ സമയം, 12 മണിയോടെ, പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ പതിവുപോലെ ഒരു വിചിന്തനം നടത്തി. ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഞായറാഴ്ച (11/10/20) ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം 22,1-14 വരെയുള്ള വാക്യങ്ങൾ, അതായത്, തൻറെ പുത്രൻറെ വിവാഹവിരുന്നിന് ക്ഷണിക്കപ്പെട്ടവർ വരാതിരുന്നതിനാൽ വഴിവക്കിൽ കണ്ടവരെയെല്ലാം വിരുന്നിന് ക്ഷണിക്കാൻ രാജാവ് ഭൃത്യന്മാരെ അയക്കുന്നതും വിവാഹ വസ്ത്രം ധരിക്കാതെയെത്തിയ ഒരുവനെ കൈകാലുകൾ ബന്ധിച്ച് അന്ധകാരത്തിലേക്ക് വലിച്ചെറിയാൻ കല്പിക്കുന്നതും അവതരിപ്പിക്കുന്ന ഉപമ ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം. 

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനം: മത്തായിയുടെ സുവിശേഷം  22,1-14

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

നരകുലത്തെ സംബന്ധിച്ച് ദൈവത്തിനുള്ള പദ്ധതി എന്താണെന്ന് യേശു വരച്ചുകാട്ടുകയാണ് ഇന്നത്തെ സുവിശേഷത്താളിലെ, (മത്തായി 22,1-14) വിവാഹവിരുന്നിൻറെ ഉപമയിലൂടെ. തൻറെ ഏകജാതനു ചുറ്റും സ്നേഹത്തിൻറെയും കൂട്ടായ്മയുടെയും വിസ്മയകരമായ ഒരു ആഘോഷം മാനവകുടുംബത്തിനായി ഒരുക്കിയ സ്വർഗ്ഗീയപിതാവിൻറെ പ്രതിരൂപമാണ് “സ്വപുത്രനു വേണ്ടി വിവാഹ വിരുന്നൊരുക്കിയ രാജാവ്” (മത്തായി 22,2)

വരാതിരിക്കുന്ന ക്ഷണിതാക്കളും വഴിക്കവലയിലേക്കയക്കപ്പെടുന്ന ഭൃത്യരും

അതിഥികളെ വിളിക്കാൻ രണ്ടുതവണ രാജാവ് തൻറെ ഭൃത്യന്മാരെ അയയ്ക്കുന്നു, പക്ഷേ അവർ വരാൻ വിസമ്മതിക്കുന്നു, വിരുന്നിനു പോകാൻ അവർ ആഗ്രഹിക്കുന്നില്ല, കാരണം അവർക്ക് മറ്റ് കാര്യങ്ങളുണ്ടായിുന്നു: വയലുകളും വ്യാപരവും. നമ്മെ വിളിക്കുന്ന, നമ്മെ ആഘോഷത്തിനു ക്ഷണിക്കുന്ന കർത്താവിൻറെ സമക്ഷം നമ്മളും പലപ്പോഴും വയ്ക്കുന്നത് നമ്മുടെ താൽപ്പര്യങ്ങളും ഭൗതിക കാര്യങ്ങളുമാണ്. എന്നാൽ ഉപമയിലെ രാജാവ് വിരുന്നുശാല ശൂന്യമായിരിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം തൻറെ രാജ്യത്തിൻറെ നിധികൾ ദാനം ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ആകയാൽ അവൻ ദാസന്മാരോടു പറയുന്നു: “നിങ്ങൾ വഴിക്കവലകളിൽ ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിളിക്കുക” (മത്തായി 22,9). ദൈവം ഇങ്ങനെയാണ് പെരുമാറുന്നത്: തിരസ്ക്കരിക്കപ്പെടുമ്പോൾ, അവിടന്നു, പിന്മാറുന്നതിനുപകരം, മുന്നേറുകയും വഴിക്കവലകളിൽ കാണുന്ന ആരെയും ഒഴിവാക്കാതെ, എല്ലാവരെയും, വിളിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ആലയത്തിൽ നിന്ന് ആരും ഒഴിവാക്കപ്പെടുന്നില്ല. സുവിശേഷകനായ മത്തായി ഉപയോഗിക്കുന്ന യഥാർത്ഥ പദം പാതകളുടെ പരിധികളെ, അതായത്, നഗര വീഥികൾ അവസാനിക്കുന്നതും ജനവാസമില്ലാത്ത, ജീവിതം സന്ദിഗ്ദ്ധാവസ്ഥയിലായ  ഗ്രാമപ്രദേശങ്ങളിലേക്ക് നയിക്കുന്ന പാതകൾ ആരംഭിക്കുന്നതുമായ ഇടങ്ങളെ സൂചിപ്പിക്കുന്നു.

ദൈവത്തിൻറെ വിളി സകലർക്കും, ദുഷ്ടർക്കും ശിഷ്ടർക്കും

ഈ വഴിക്കവലകളിലെ മനുഷ്യകുലത്തിൻറെ പക്കലേക്കാണ് ഉപമയിലെ രാജാവ് തൻറെ ഭൃത്യന്മാരെ, വിരുന്നിനു വരാൻ സന്നദ്ധരായവരെ കണ്ടുമുട്ടുമെന്ന ഉറപ്പോടെ അയക്കുന്നത്. അങ്ങനെ “ഒഴിവാക്കപ്പെട്ടവരാൽ” “ബഹിഷ്കൃതരായിരുന്നവരാൽ”, ഒരു ആഘോഷത്തിൽ, വിവാഹവിരുന്നിൽ സംബന്ധിക്കുന്നതിന് ഒരിക്കലും യോഗ്യരല്ല എന്നു കരുതിയിരുന്നവരാൽ ശാല നിറയുന്നു. അതിലുപരി, യജമാനൻ, രാജാവ് ദൂതരോടു പറയുന്നു: “എല്ലാവരെയും, ദുഷ്ടരെയും ശിഷ്ടരെയും, വിളിക്കുവിൻ”. ദൈവം ദുഷ്ടരെയും വിളിക്കുന്നു. “ഇല്ല, ഞാൻ മോശമാണ്, ഞാൻ ഏറെ തിന്മ പ്രവർത്തിച്ചു”. എന്നാൽ അവിടന്നു നിന്നെ വിളിക്കുന്നു “ വരുവിൻ, വരുവിൻ, വരുവിൻ”. യേശു ചുങ്കക്കാരുമൊത്തു ഭക്ഷണം കഴിച്ചു, അവർ പാപികളായിരുന്നു, ദുഷ്ടരായിരുന്നു. നിരവധിയായ തിന്മകളാൽ വ്രണിതമായ നമ്മുടെ ആത്മാവിനെ ദൈവം ഭയക്കുന്നില്ല, കാരണം അവിടന്നു നമ്മെ സ്നേഹിക്കുന്നു, നമ്മെ വിളിക്കുന്നു. ഇന്നത്തെ വഴിക്കവലകളിൽ, അതായത്, ഭൂമിശാസ്ത്രപരവും മാനവാസ്തിത്വപരവുമായ പ്രാന്തപ്രദേശങ്ങളിൽ, തള്ളിയിടപ്പെടുകയും പ്രത്യാശയറ്റ നരവംശ ശകലങ്ങളായി ജീവിക്കുകയും ചെയ്യുന്ന അവസ്ഥകളിൽ എത്താൻ സഭ വിളിക്കപ്പെട്ടിരിക്കുന്നു. സുവിശേഷവത്ക്കരണത്തിൻറെയും ഉപവിയുടെ സാക്ഷ്യമേകലിൻറെയും സൗകര്യമാർന്ന പതിവു ശൈലിവിട്ട് സകലർക്കുമായി നമ്മുടെ ഹൃദയത്തിൻറെയും നമ്മുടെ സമൂഹങ്ങളുടെയും കവാടങ്ങൾ തുറന്നിടുകയാണ് ഇവിടെ വിവക്ഷ. കാരണം തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേർക്കു മാത്രമായിട്ടുള്ളതല്ല സുവിശേഷം. അരികുകളിലാക്കപ്പെട്ടവരും, സമൂഹത്തിലെ തിരസ്കൃതരും നിന്ദിതരും പോലും തൻറെ സ്നേഹത്തിന് യോഗ്യരാണെന്ന് ദൈവം കരുതുന്നു. അവിടന്ന് എല്ലാവർക്കും, അതായത്, നീതിമാന്മാരും പാപികളും, ദുഷ്ടരും ശിഷ്ടരും, ബുദ്ധിമാന്മാരും മൂഢരും ഉൾക്കൊള്ളുന്ന എല്ലാവർക്കുമായി തൻറെ വിരുന്നൊരുക്കുന്നു. കഴിഞ്ഞ രാത്രി, ബ്രസീലിലെ യുവാക്കൾക്കിടയിൽ പ്രേഷിതനായ പ്രായംചെന്ന ഇറ്റാലിക്കാരനായ ഒരു  വൈദികന് ഞാൻ ഫോൺ ചെയ്തു. അദ്ദേഹം സദാ, തിരസ്കൃതർക്കും ദരിദ്രർക്കും വേണ്ടി പ്രവർത്തിക്കുക്കയാണ്. അദ്ദേഹം ആ വാർദ്ധക്യം സമാധാനത്തോടെ ജീവിക്കുന്നു; തൻറെ ജീവിതം അദ്ദേഹം പാവപ്പെട്ടവർക്കായി ഉഴിഞ്ഞു വച്ചു. ഇതാണ് നമ്മുടെ അമ്മയായ സഭ, ഇതാണ് വഴിക്കവലകളിലേക്കു പോകുന്ന  ദൈവദൂതൻ.

കർത്താവ് വയ്ക്കുന്ന നിബന്ധന

എന്നിരുന്നാലും, കർത്താവ് ഒരു വ്യവസ്ഥ വയ്ക്കുന്നു: വിവാഹ വസ്ത്രം ധരിക്കണം. നമുക്ക് ഉപമയിലേക്ക് മടങ്ങാം. ശാല നിറയുമ്പോൾ, രാജാവ് എഴുന്നുള്ളുകയും അവസാന മണിക്കൂറിൽ ക്ഷണിക്കപ്പെട്ട അതിഥികളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു, എന്നാൽ അവരിൽ, വിവാഹ വസ്ത്രമണിയത്ത  ഒരാളെ കാണുന്നു, പ്രവേശന കവാടത്തിൽ വച്ച് ഓരോ അതിഥിക്കും സമ്മാനമായി നല്കുന്ന ഒരുതരം മേൽവസ്ത്രമാണ് അത്. ധരിച്ചിരുന്ന അതേ വസ്ത്രത്തോടെയാണ് ആളുകൾ എത്തിയത്. ആഘോഷത്തിനനുയോജ്യമായ വസ്ത്രം അവർ അണിഞ്ഞരുന്നില്ല. എന്നാൽ,  പ്രവേശന കവാടത്തിൽ വച്ച് അവർക്ക് ഒരുതരം പുറങ്കുപ്പായം, സമ്മാനമായി നൽകി. ആ സൗജന്യ ദാനം നിരസിച്ച ആ മനുഷ്യൻ സ്വയം പുറന്തള്ളപ്പെട്ടു. അതിനാൽ അവനെ പുറത്താക്കുകയല്ലാതെ രാജാവിന് മറ്റൊരു മാർഗ്ഗവും ഇല്ലായിരുന്നു. ഈ മനുഷ്യൻ ക്ഷണം സ്വീകരിച്ചു, പക്ഷേ അതിന് ഒരു വിലയും കല്പിച്ചില്ല. അവൻ സ്വയംപര്യാപ്തനായിരുന്നു. സ്വയം  മാറാനോ തന്നെ മാറ്റാൻ കർത്താവിനെ അനുവദിക്കാനൊ അവൻ ആഗ്രഹിച്ചില്ല. വിവാഹ വസ്ത്രം, ഈ പുറങ്കുപ്പായം, ദൈവം നമുക്ക് സൗജന്യമായി നൽകുന്ന കാരുണ്യത്തിൻറെ പ്രതീകമാണ്, അതായത് കൃപ. കൃപയില്ലാതെ ഒരാൾക്ക് ക്രിസ്തീയ ജീവിതത്തിൽ ഒരു ചുവടു മുന്നോട്ടു വയ്ക്കാൻ ആവില്ല. എല്ലാം കൃപയാണ്. കർത്താവിനെ അനുഗമിക്കാനുള്ള ക്ഷണം സ്വീകരിച്ചാൽ മാത്രം പോരാ, ഹൃദയത്തെ പരിവർത്തനം ചെയ്യുന്ന മാനസാന്തരയാത്രയ്ക്കുള്ള സന്നദ്ധത ആവശ്യമാണ്. ദൈവം നമുക്ക് നിരന്തരം നല്കുന്ന കരുണയുടെ വസ്ത്രം അവിടത്തെ സ്നേഹത്തിൻറെ സൗജന്യ ദാനമാണ്, അത് യഥാർത്ഥ കൃപയാണ്. ആശ്ചര്യത്തോടും സന്തോഷത്തോടും കൂടി നാം അതു സ്വീകരിക്കേണ്ടതുണ്ട്: "കർത്താവേ, ഈ സമ്മാനം എനിക്ക് തന്നതിന് നന്ദി".

ചട്ടക്കൂടുകളും  സങ്കുചിത വീക്ഷണങ്ങളും വെടിയണം

നമ്മുടെ ചട്ടക്കൂടുകളും നമ്മുടെ സങ്കുചിത വീക്ഷണങ്ങളും വിട്ട് പുറത്തിറങ്ങു കയും, അങ്ങനെ, നമുക്ക് രക്ഷയേകുന്നതിന്, തൻറെ സമ്മാനം നമുക്കു നല്കുന്നതിന്, തൻറെ വിരുന്നിൽ പങ്കുകൊള്ളാൻ കർത്താവ് നമ്മെ ക്ഷണിക്കുന്നുവെന്ന് പ്രഘോഷിക്കുകയും ചെയ്യുന്നതിന്, സുവിശേഷത്തിലെ ഉപമയിലുള്ള ഭൃത്യന്മാരെ അനുകരിക്കാൻ ഏറ്റവും പരിശുദ്ധയായ മറിയം നമ്മെ സഹായിക്കട്ടെ. 

ആശീർവ്വാദം

ഈ വാക്കുകളെതുടർന്ന് പാപ്പാ “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മരിയൻ പ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു.

അഗ്നിബാധയുടെ ദുരന്തം പേറുന്നവർക്ക് പാപ്പായുടെ സാന്ത്വന സാമീപ്യം

ആശീർവ്വാദാനന്തരം പാപ്പാ, ലോകത്തിൻറെ വിധഭാഗങ്ങളിൽ അഗ്നിബാധമൂലം യാതനകളനുഭവിക്കുന്ന ജനങ്ങളോടുള്ള തൻറെ സാമീപ്യം അറിയിച്ചു.

തീ കെടുത്തുന്നതിന് ജീവൻ പോലും പണയം വച്ചു കഠിന പരിശ്രമം നടത്തുന്ന അഗ്നിശമന സേനാവിഭാഗങ്ങളെയും സന്നദ്ധസേവകരെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ ഭാഗം, വിശിഷ്യ, കാലിഫോർണിയ, തെക്കെ അമേരിക്കയുടെ മദ്ധ്യഭാഗത്തെ പ്രദേശങ്ങൾ, പന്താൽ പ്രദേശം, പരഗ്വായ്, പരനാ നദീതീര പ്രദേശം  അർജന്തീന എന്നിവിടങ്ങൾ പാപ്പാ പേരെടുത്തു പരാമർശിച്ചു.

അഗ്നിബാധയുടെ കാരണം കൂടുതലും വരൾച്ചയാണെങ്കിലും മനുഷ്യൻ വരുത്തിവച്ച തീപിടുത്തവുമുണ്ടെന്ന് പാപ്പാ പറഞ്ഞു.

അഗ്നിബാധ   ദുരത്തിൻറെ തിക്തഫലങ്ങൾ അനുഭവിക്കുന്നവർക്ക് കർത്താവിൻറെ തുണ ലഭിക്കട്ടെയെന്നും സൃഷ്ടിയുടെ പരിപാലനത്തിൽ ശ്രദ്ധയുള്ളവരായി നമ്മെ അവിടന്നു മാറ്റട്ടെയെന്നും പാപ്പാ ആശംസിക്കുകയും ചെയ്തു. 

അർമേനിയ-അസർബൈജാൻ വെടിനിർത്തൽ കരാർ

ഒരു സമധാനക്കാരാർ മുന്നിൽ കണ്ടുകൊണ്ട് അർമേനിയയും അസർബൈജാനും മനുഷ്യസ്നേഹപരമായ കാരണങ്ങളാൽ വെടിനിർത്തൽ കരാർ അംഗീകരിച്ചതിൽ പാപ്പാ സംതൃപ്തി രേഖപ്പെടുത്തി. 

വെടനിർത്തൽ ഉടമ്പടി വളരെ ദുർബ്ബലമാണെന്ന് കാണുന്നുണ്ടെങ്കിലും, അത് പാലിക്കാൻ പാപ്പാ പ്രചാദനം പകരുകയും അവിടെ മനുഷ്യജീവനുകൾ പൊലിയുകയും ജനങ്ങൾ യാതനകൾ അനുഭവിക്കുകയും വീടുകളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തതിലുള്ള അവരുടെ വേദനയിൽ താനും പങ്കുചേരുന്നുവെന്ന് അറിയിക്കുകയും ചെയ്തു.

സംഘർഷങ്ങൾക്ക് ഇരകളായവർക്കും ജീവൻ അപകടത്തിലായവർക്കും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

വാഴ്ത്തപ്പെട്ട കാർലൊ അക്കൂത്തിസ്

ദിവ്യകാരുണ്യഭക്തനായിരുന്ന പതിനഞ്ചു വയസ്സുകാരനായ ബാലൻ കാർലോ അക്കൂത്തിസ് ശനിയാഴ്ച(10/10/20), അസീസിയിൽ വച്ച്, വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.

സൗകര്യപ്രദമായ നിഷ്ക്രിയത്വത്തിൽ ശയിക്കാതെ തൻറെ കാലത്തിൻറെ ആവശ്യങ്ങൾ നവവാഴ്ത്തപ്പെട്ട അക്കൂത്തിസ് മനസ്സിലാക്കിയെന്നും ഏറ്റം ബലഹീനരിൽ ക്രിസ്തുവദനം അദ്ദേഹം ദർശിച്ചുവെന്നും പാപ്പാ പറഞ്ഞു.

ദൈവത്തെ പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും സഹോദരങ്ങളിൽ, പ്രത്യേകിച്ച്, ഏറ്റം എളിയവരിൽ, അവിടത്തെ സേവിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ സന്തോഷം കണ്ടെത്താൻ കഴിയുകയെന്ന് യുവജനത്തിന് കാട്ടിക്കൊടുക്കുന്നതാണ് നവവാഴ്ത്തപ്പെട്ട അക്കൂത്തിസിൻറെ ക്രിസ്തീയ സാക്ഷ്യം എന്ന് പാപ്പാ പ്രസ്താവിച്ചു. 

സഭയിൽ മഹിളകളുടെ പങ്കാളിത്തം

സഭയുടെ ഉത്തരവാദിത്വത്തിൽ അത്മായ വിശ്വാസികൾ, പ്രത്യേകിച്ച്, മഹിളകൾ, കൂടുതൽ പങ്കാളികളാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുക എന്ന ഈ ഒക്ടോബർമാസത്തെ പ്രാർത്ഥന നിയോഗത്തെക്കുറിച്ചും പാപ്പാ പരാമർശിച്ചു.

ദശലക്ഷം കുഞ്ഞുങ്ങളുടെ ജപമാല പ്രാർത്ഥന

അടുത്ത  ഞായറാഴ്ച, ഒക്ടോബർ 18 -ന്, “ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം” അഥവാ, “എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്” എന്ന ഫൗണ്ടേഷൻ "ഐക്യത്തിനും സമാധാനത്തിനും വേണ്ടി, ദശലക്ഷം കുട്ടികളുടെ കൊന്തനമസ്ക്കാരം" സംഘടിപ്പിക്കുന്നത് പാപ്പാ അനുസ്മരിച്ചു. ലോകമെമ്പാടുമുള്ള കുട്ടികളെ ഉൾക്കൊള്ളിക്കുന്ന ഈ മനോഹര  സംരംഭത്തിന് പാപ്പാ പ്രചാദനം പകർന്നു.

മഹാമാരി മൂലം ഉണ്ടായിരിക്കുന്ന ഗുരുതരമായ സാഹചര്യങ്ങൾ നീങ്ങുന്നതിനായി ഈ കുട്ടികൾ പ്രത്യേകം പ്രാർത്ഥിക്കും എന്ന് പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യം

തുടർന്ന് പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും  തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 October 2020, 13:54