ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായറാഴ്ച (04/10/20) മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ സംബന്ധിക്കുന്ന വിശ്വാസികൾ! ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായറാഴ്ച (04/10/20) മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ സംബന്ധിക്കുന്ന വിശ്വാസികൾ! 

ശുശ്രൂഷയാണ്, ചൂഷണമല്ല യഥാർത്ഥ അധികാരം, പാപ്പാ !

ഏതൊരു യുഗത്തിലും, അധികാരികൾ, സഭയിലും, ദൈവജനത്തി ൽ പോലും , ദൈവഹിതത്തിനു പകരം സ്വന്തം താല്പര്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കാൻ പ്രലോഭിതരാകാം, ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ പതിവുപോലെ, ഈ ഞായറാഴ്ചയും (04/10/20)  വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിന് അഭിമുഖമായുള്ള തൻറെ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്നു കൊണ്ട് മദ്ധ്യാഹ്ന പ്രാർത്ഥന നിയിച്ചു.ബസിലിക്കാങ്കണത്തിൽ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ സന്നിഹിതരായിരുന്നു. കോവിദ് 19 മഹാമാരി റോമിലുൾപ്പടെ യൂറോപ്പിൻറെ പലഭാഗങ്ങളിലും വീണ്ടും പിടിമുറുക്കി തുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ, അധികാരികൾ പ്രതിരോധ നടപടികൾ പൂർവ്വാധികം ശക്തമാക്കിത്തുടങ്ങിയിരിക്കുന്ന  ഒരു സമയമായതിനാൽ, അപവാദം ഉണ്ടായിരുന്നെങ്കിലും, സാധ്യമായ വിധത്തിൽ ആരോഗ്യ സുരക്ഷാ അകലം പാലിക്കുന്നതിലും മുഖാവരണം അണിയുന്നതിലും വിശ്വാസികൾ ശ്രദ്ധിച്ചിരുന്നു. ഉച്ചയ്ക്ക്, റോമിലെ സമയം, 12 മണിയോടെ, പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു. ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ പതിവുപോലെ ഒരു വിചിന്തനം നടത്തി. ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഞായറാഴ്ച (04/10/20) ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം 21,33-43 വരെയുള്ള വാക്യങ്ങൾ, അതായത്, താൻ കൃഷിക്കാരെ ഏല്പിച്ചു പോന്ന തൻറെ മുന്തിരിത്തോപ്പിൽ നിന്ന് വിളവെടുക്കാൻ ഉടമസ്ഥൻ അയക്കുന്ന ഭൃത്യന്മാരെ കൃഷിക്കാർ ഉപദ്രവിക്കുന്നതും വധിക്കുന്നതും അവസാനം അയക്കുന്ന സ്വന്തം പുത്രനെയും അവർ കൊല്ലുന്നതുമായ ഉപമ ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം. 

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:

മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

തൻറെ പീഢാസഹനമരണങ്ങൾ മുൻകൂട്ടിക്കണ്ട യേശു, തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്ന പുരോഹിത പ്രമുഖരെയും ജനക്കൂട്ടത്തിലെ മൂപ്പന്മാരെയും ഗുണദോഷിക്കുന്നതിനു വേണ്ടി, മുന്തിരിത്തോട്ടത്തിലെ കൊലപാതകികളായ കൃഷിക്കാരുടെ ഉപമയാണ് ഇന്നത്തെ സുവിശേഷത്തിൽ (മത്തായി 21,33-43) അവതരിപ്പിക്കുന്നത്. അവർ, വാസ്തവത്തിൽ, യേശുവിനെക്കുറിച്ച് ദുഷ്ട വിചാരങ്ങൾ പുലർത്തുകയും അവിടത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള വഴികൾ ആരായുകയും ചെയ്യുന്നു. 

വിളവ് ശേഖരിക്കാൻ മുന്തിരിത്തോട്ടത്തിലേക്കയക്കപ്പെടുന്ന ദാസർ

ദൃഷ്ടാന്തപരമായ ഈ ആഖ്യാനം, നല്ലവണ്ണം പരിപാലിച്ച സ്വന്തം മുന്തിരിത്തോട്ടം പിന്നീട് കൃഷിക്കാരെ ഏല്പിച്ചിട്ടു പോകേണ്ടിവരുന്ന തോട്ടമുടമയെ അവതരിപ്പിക്കുന്നു. പിന്നീട്, വിളവെടുപ്പിനു സമയമായപ്പോൾ ഫലങ്ങൾ ശേഖരിക്കുന്നതിന് അദ്ദേഹം തൻറെ ഭൃത്യരെ അയക്കുന്നു. എന്നാൽ മുന്തരിത്തോപ്പിലെ കൃഷിക്കാർ അവരെ അടിക്കുകയും ചിലർ അവരെ കൊല്ലുകയും ചെയ്യുന്നു. എന്നാൽ തോട്ടമുടമ വീണ്ടും കൂടുതൽ ദാസന്മാരെ അയക്കുന്നു. അവർക്കും ലഭിക്കുന്നത് അതേ സ്വീകരണം തന്നെയാണ്. യജമാനൻ സ്വപുത്രനെ അയക്കാൻ തീരുമാനിക്കുന്നതോടെ അത് പാരമ്യത്തിലെത്തുന്നു: മുന്തിരിത്തോട്ടത്തിലെ പണിക്കാർ ഒരു ബഹുമാനവും അവനോടു കാട്ടുന്നില്ല എന്നു മാത്രല്ല അവനെ കൊല്ലുകയാണെങ്കിൽ തോട്ടം സ്വന്തമാക്കാമെന്നു ചിന്തിക്കുകയും അങ്ങനെ അവനെ കൊന്നുകളയുകയും ചെയ്യുന്നു. (മത്തായി 21, 37-39).

ഉപമയിലെ രൂപകങ്ങൾ

മുന്തിരിത്തോട്ടത്തിൻറെ ചിത്രം വ്യക്തമാണ്: കർത്താവ് തിരഞ്ഞെടുക്കുകയും ഏറെ കരുതലോടെ രൂപപ്പെടുത്തുകയും ചെയ്ത ജനത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്; ദൈവം അയച്ച പ്രവാചകന്മാരാണ് അയക്കപ്പെട്ട ദാസന്മാർ, ആ പുത്രനാകട്ടെ യേശുവിൻറെ പ്രതിരൂപമാണ്. പ്രവാചകന്മാർ തിരസ്ക്കരിക്കപ്പെട്ടതു പോലെ തന്നെ ക്രിസ്തുവും നിരാകരിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു.

യേശുവിൻറെ ചോദ്യത്തിനുള്ള ഉത്തരം

ഈ കഥാന്ത്യത്തിൽ യേശു ജനപ്രമാണികളോടു ചോദിക്കുന്നു: “അങ്ങനെയങ്കിൽ, മുന്തരിത്തോട്ടത്തിൻറെ ഉടമസ്ഥൻ വരുമ്പോൾ അവൻ ആ കൃഷിക്കാരോട് എന്തു ചെയ്യും?” (മത്തായി 21, 40). ഈ വിവരണത്തിൻറെ യുക്തി മനസ്സിലാക്കിയ അവർ സ്വയം കുറ്റം വിധിക്കുന്നു. അവർ പറയുന്നു: “യജമാനൻ ആ ദുഷ്ടരെ നിഷ്ഠൂരമായി നശിപ്പിക്കുകയും യഥാകാലം ഫലം കൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരത്തോട്ടം ഏല്പിക്കുകയും ചെയ്യും” (മത്തായി 21, 41).

ഉപമയുടെ പ്രസക്തി

വളരെ കഠിനതരമായ ഈ ഉപമയിലൂടെ യേശു, തന്നോടു സംവദിക്കുന്നവരെ അവരുടെ ഉത്തരവാദിത്വത്തിനു മുന്നിൽ നിറുത്തുകയാണ്. അതീവ വ്യക്തതയോടെയാണ് അവിടന്ന് അത് ചെയ്യുന്നത്. അക്കാല ഘട്ടത്തിൽ യേശുവിനെ തള്ളിപ്പറഞ്ഞവർക്ക് മാത്രമുള്ളതാണ് ഈ താക്കീത് എന്ന് നാം കരുതരുത്. അത് എക്കാലത്തും, നമ്മുടെ ഈ കാലഘട്ടത്തിലും, പ്രസക്തമാണ്. 

ഇന്നും ദൈവം തൻറെ മുന്തിരിത്തോട്ടത്തിൻറെ ഫലം അതിൽ ജോലി ചെയ്യാൻ താൻ അയച്ചവരിൽ നിന്ന്, നാമെല്ലാവരിലും നിന്ന്,  പ്രതീക്ഷിക്കുന്നു. 

അധികാരവും അധികാരികളും

ഏതൊരു യുഗത്തിലും, അധികാരികൾ, സഭയിലും, ദൈവജനങ്ങളിൽ പോലും എന്തധികാരമുള്ളവരും, ദൈവഹിതത്തിനു പകരം സ്വന്തം താല്പര്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കാൻ പ്രലോഭിതരാകാം. എന്നാൽ യേശു പറയുന്നു, അപരനെ ചൂഷണം ചെയ്യാതെ സേവനം ചെയ്യുന്നത്, ശുശ്രൂഷിക്കുന്നത് ആണ്  യഥാർത്ഥ അധികാരം എന്ന്. എന്നാൽ മുന്തിരിത്തോട്ടം കർത്താവിൻറേതാണ്, നമ്മുടേതല്ല. അധികാരം ഒരു സേവനമാണ്, അതിനാൽ എല്ലാവരുടെയും നന്മയ്ക്കും സുവിശേഷ പ്രചരണത്തിനുമായി അത് വിനിയോഗിക്കണം. സഭയിൽ അധികാരമുള്ള ആളുകൾ സ്വന്തം താൽപ്പര്യങ്ങൾ തേടുന്നത് കാണുന്നത് മോശമാണ്.

എങ്ങനെ കർത്താവിൻറെ മുന്തിരത്തോപ്പിൽ വേലക്കാരാകാം?

കർത്താവിൻറെ മുന്തിരിത്തോട്ടത്തിൽ എങ്ങനെ നല്ല വേലക്കാരാകാമെന്ന് വിശുദ്ധ പൗലോസ് ഇന്നത്തെ ആരാധനാക്രമത്തിലെ രണ്ടാം വായനയിൽ പറയുന്നു: സത്യവും, വന്ദ്യവും, നീതിയുക്തവും, പരിശുദ്ധവും, സ്നേഹാർഹവും, സ്തുത്യർഹവും പുണ്യവുമായ സകലവും നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളുടെ വിഷയങ്ങളാകണം (ഫിലിപ്പിയർക്കുള്ള ലേഖനം 4,8). ഞാൻ ഇത് ആവർത്തിച്ചു പറയുന്നു. അധികാരികളുടെയും നാം ഒരോരുത്തരുടെയും മനോഭാവം ഇതായിരിക്കണം. കാരണം നമുക്കോരോരുത്തർക്കും നമ്മുടെതായ ചെറിയ രീതിയിൽ ഒരു അധികാരമുണ്ട്. അങ്ങനെ നമ്മൾ വിശുദ്ധി   ഫലങ്ങളാൽ എന്നും പുഷ്കലമായ ഒരു സഭയായി പരിണമിക്കുകയും അനന്തമായ കാരുണ്യത്താൽ നമ്മെ സ്നേഹിക്കുന്ന പിതാവിനെയും  നമുക്ക് രക്ഷ പ്രദാനം ചെയ്യുന്നതു തുടരുന്ന പുത്രനെയും നമ്മുടെ ഹൃദയം തുറക്കുകയും നന്മയുടെ പൂർണ്ണതയിലേക്കു നമ്മെ നയിക്കുകയും ചെയ്യുന്ന പരിശുദ്ധാരൂപിയെയും മഹത്വപ്പെടുത്തും. 

പരിശുദ്ധ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം

  നമുക്കിപ്പോൾ, പൊംപെയിലെ ദേവാലയത്തിൽ പ്രാർത്ഥനയ്ക്കായി സമ്മേളിച്ചിരിക്കുന്ന വിശ്വാസികളോടുള്ള ആത്മീയ ഐക്യത്തിൽ, പരിശുദ്ധതമ മറിയത്തോട് അപേക്ഷിക്കുകയും ഒക്ടോബർ മാസത്തിൽ വിശുദ്ധ കൊന്തനമസ്കാരം ചൊല്ലാനുള്ള പ്രതിജ്ഞാബദ്ധത നവീകരിക്കുകയും ചെയ്യാം.

ഈ വാക്കുകളെതുടർന്ന് പാപ്പാ “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മരിയൻ പ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു.

ചാക്രിക ലേഖനം “ഫ്രാത്രെസ് ഓമ്നെസ്”

ആശീർവ്വാദാനന്തരം പാപ്പാ, താൻ ശനിയാഴ്ച (03/10/20) അസ്സീസി പട്ടണത്തിലേക്കു പോയതും അവിടെവച്ച് സാഹോദര്യത്തെയും സാമൂഹ്യമൈത്രിയെയും അധികരിച്ചുള്ള ചാക്രികലേഖനം “ഫ്രാത്രെസ് ഓംമ്നെസ്” (Fratres omnes) ഒപ്പു വച്ചതും അനുസ്മരിച്ചു.

ഈ ചാക്രികലേഖനം എഴുതുന്നതിന്, മുൻ ചാക്രികലേഖനമായ “ലൗദാത്തൊ സീ”യ്ക്കുമെന്നതു പോലെ, തനിക്കു പ്രചോദനം ഏകിയത് വിശുദ്ധ ഫ്രാൻസീസ് അസ്സീസി ആണെന്നും ആ വിശുദ്ധൻറെ കബറിടത്തിങ്കൽ വച്ച് അത് താൻ ദൈവത്തിനു സമർപ്പിച്ചുവെന്നും പാപ്പാ വെളിപ്പെടുത്തി. 

വിശുദ്ധരായ  ഇരുപത്തിമൂന്നാം യോഹന്നാൻ, പോൾ ആറാമൻ, രണ്ടാ ജോൺ പോൾ എന്നീ പാപ്പാമാർ നേരത്തെതന്നെ സൂചിപ്പിച്ചിട്ടള്ളതു പോലെ, മാനവ സാഹോദര്യവും സൃഷ്ടിയുടെ പരിപാലനവുമാണ് സമഗ്രവികസനത്തിലേക്കും സമാധാനത്തിലേക്കുമുള്ള ഏക സരണിയൊരുക്കുന്നത് എന്ന് കാലത്തിൻറെ അടയാളങ്ങൾ സുവ്യക്തമായി കാട്ടിത്തരുന്നുവെന്ന് ഫ്രാൻസീസ് പാപ്പാ പറയുന്നു.

ലൊസ്സെർവത്തോരെ റൊമാനൊയുടെ പ്രത്യേക പതിപ്പിലൂടെ പുതിയ ചാക്രികലേഖനം വിശുദ്ധ പത്രോസിൻറെ ചത്വരത്തിലും ചത്വരത്തിനു പുറത്തും സന്നിഹിതരായിരുന്നവർക്ക് വിതരണം ചെയ്യുന്നതിലുള്ള തൻറെ സന്തോഷവും പാപ്പാ വെളിപ്പെടുത്തി.

സഭയിലും സകലമതവിശ്വാസികൾക്കിടയിലും സകല ജനതകൾക്കു മദ്ധ്യേയും സാഹോദര്യത്തിൻറെ യാത്രയെ വിശുദ്ധ ഫ്രാൻസീസ് തുണയ്ക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

"സൃഷ്ടിയുടെ സമയം"

വിവിധ ക്രൈസ്തവ സഭകൾ സംയുക്തമായി “ഭൂമിയുടെ ജൂബിലി” എന്ന പേരിലുള്ള ഒരു ആചരണവും ഉൾക്കൊള്ളിച്ചിരുന്ന, സെപ്റ്റമ്പർ ഒന്നിന് ആരംഭിച്ച “സൃഷ്ടിയുടെ സമയം” എന്ന പരിപാടി ഈ ഞായറാഴ്ച (04/10/20) സമാപിക്കുന്നതും പാപ്പാ അനുസ്മരിച്ചു.

കാലാവസ്ഥയ്ക്കായുള്ള ആഗോള കത്തോലിക്കാ പ്രസ്ഥാനങ്ങളുടെയും “ലൗദാത്തൊ സീ” ചെറു സഖ്യങ്ങളുടെയും പ്രതിനിധികളെ പാപ്പാ അഭിവാദ്യം ചെയ്തു.

കടൽ ജീവനക്കാർക്കു താങ്ങായി 100 വർഷം മുമ്പ് ഒക്ടോബർ 4-ന് സ്കോട്ട്ലണ്ടിൽ രൂപം കൊണ്ട “സ്തെല്ലാ മാരിസ്” അഥവാ, “സമുദ്ര താരം” എന്ന പ്രസ്ഥാനത്തെക്കുറിച്ചു അനുസ്മരിച്ച പാപ്പാ സമുദ്രജീവനക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ഇടയിൽ സഭയുടെ സാന്നിധ്യത്തിന് സന്തോഷത്തോടെ സാക്ഷ്യമേകാൻ പാപ്പാ അജപാനപ്രവർത്തരായ വൈദികർക്കും സന്നദ്ധ സേവകർക്കും പ്രചോദനം പകർന്നു. 

വാഴ്ത്തപ്പെട്ട ഒളീന്തൊ മരേല്ല

ഇറ്റലിയിലെ ബൊളോഞ്ഞ പട്ടണത്തിൽ വൈദികൻ ഒളീന്തൊ മരേല്ല (Don Olinto Marella) ഞായറാഴ്ച (04/10/20) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു.

അദ്ദേഹത്തിൻറെ അനന്യസാധാരണമായ സാക്ഷ്യം ദൈവജനത്തിന് എളിമയോടും ധീരതയോടും സേവനം ചെയ്യുന്നതിന് വിളിക്കപ്പെട്ടിരിക്കുന്ന  നിരവധിയായ വൈദികർക്ക് മാതൃകയായി ഭവിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

സമാപനാഭിവാദ്യം

തുടർന്ന് പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും  തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2020, 13:41