തിരയുക

 സാഹോദര്യത്തിന്‍റെ നവമായ  ദര്‍ശനം സാഹോദര്യത്തിന്‍റെ നവമായ ദര്‍ശനം 

പാപ്പായുടെ പുത്തന്‍ സാമ്പത്തിക ദര്‍ശനം ‘ഓണ്‍ലൈന്‍’ സമ്മേളനം

പദ്ധതിയുടെ പ്രചാരണത്തിനായി നവംബര്‍ 19-21 തിയതികളില്‍ 'ഓണ്‍ ലൈന്‍' രാജ്യാന്തര സംഗമം നടക്കും - 120 രാജ്യങ്ങളില്‍നിന്നുള്ള യുവജനങ്ങള്‍ കണ്ണിചേരും...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. എല്ലാവരെയും ആശ്ലേഷിക്കുന്ന സാമ്പത്തികനിഷ്ഠ
“The New Economy of Francesco”

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നീതിനിഷ്ഠമായ സമ്പദ് വ്യവസ്ഥിതിക്കുള്ള ഒരു ആഹ്വാനമാണ്  “ഫ്രാന്‍ചേസ്ക്കൊയുടെ സമ്പദ് വ്യവസ്ഥ”.  പാപ്പായുടെ നവമായ സാമ്പത്തിക പദ്ധതിയെക്കുറിച്ച് 2020 നവംബര്‍ 19-മുതല്‍ 21-വരെ ഓണ്‍ ലൈന്‍ ത്രിദിനപരിപാടി 120 രാജ്യങ്ങളുമായി കണ്ണിചേരും.  പരിപാടിയുടെ പരിസമാപ്തിയില്‍ പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യ ശ്രൃംഖലയിലൂടെ സമ്മേളനത്തെ അഭിസംബോധനചെയ്യുമെന്നും  വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് അറിയിച്ചു.

35 വയസ്സിനു താഴെ പ്രായമുള്ള 2000-ല്‍ അധികംപേര്‍ 120 രാജ്യങ്ങളില്‍നിന്നായി റെജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.  സമ്മേളന ദിവസങ്ങളില്‍ ഓരോ ദിവസവും 4 മണിക്കൂര്‍ വീതം സാമ്പത്തിക പദ്ധതിയുടെ വത്തിക്കാന്‍ കേന്ദ്രവുമായി ഈ രാജ്യങ്ങളിലെ  യുവജനങ്ങള്‍ കണ്ണിചേരും.  നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ്, സാമ്പത്തിക വിദഗ്ദ്ധരായ കെയ്റ്റ് റാവര്‍ത്ത്, ജഫ്രി സാക്സ്, വന്ദന ശിവ, സ്റ്റേഫനോ സമാഞ്ഞി, മാവുരോ മഗാത്തി, ജുവാന്‍ കമീലോ കര്‍ദേനാസ്, ജെന്നിഫര്‍ നെദേല്‍സ്കി, സിസ്റ്റര്‍ സിസിലി റെനോര്‍ഡ് എന്നിവരും  സമ്മേളനത്തില്‍  പങ്കെടുക്കും.

2. കുറച്ചു സമ്പന്നരും അധികം പാവങ്ങളും
2019-ല്‍  ആഗോളതലത്തില്‍ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ്   വിളിച്ചുകൂട്ടിയ  സാമ്പത്തിക വിദഗ്ദ്ധരുടെ സംഗമത്തിലാണ് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവരെപ്പോലും ഉള്‍ക്കൊള്ളുകയും സമൂഹം അവരുടെ ആവശ്യങ്ങള്‍ക്കായി ഉള്ളതില്‍നിന്നും പങ്കവയ്ക്കുകയും ചെയ്യുന്നൊരു സമ്പദ് വ്യവസ്ഥിതിയുടെ ചിന്ത പാപ്പായില്‍നിന്നും  സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞത്.  ലോകത്തുള്ള അധികം സമ്പത്തും കുറച്ചുപേരുടെ കൈയ്കളില്‍ കുമിഞ്ഞുകൂടുമ്പോള്‍  ബഹുഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യത്തില്‍ കഴിയുന്ന അവസ്ഥയുടെ വീരോധാഭാസം സാമ്പത്തിക വിദഗ്ദ്ധര്‍ സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.  ഈ സമ്മേളനത്തിന്‍റെ  തുടര്‍സാദ്ധ്യതകള്‍ മഹാമാരിമൂലം ഇല്ലാതായതിനാലാണ് 2020 നവംബര്‍ 19-മുതല്‍ 21-വരെ തിയതികളില്‍ ഓണ്‍ലൈന്‍ രാജ്യാന്തര സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

3. എല്ലാവരെയും  പരിരക്ഷിക്കുന്ന
സാഹോദര്യത്തിന്‍റെ ദര്‍ശനം

ജനങ്ങളെ കൊല്ലുവാനല്ല ജീവിക്കുവാന്‍ സഹായിക്കുന്നതും, ഒഴിവാക്കുവാനല്ല ഉള്‍ക്കൊള്ളുവാന്‍ പോരുന്നതും, മനുഷ്യത്വം നശിപ്പിക്കുവാനല്ല വളര്‍ത്തുവാന്‍ കെല്പുള്ളതും, സൃഷ്ടിയെ ചൂഷണംചെയ്യുന്നതല്ല അതിനെ സംരക്ഷിക്കുന്നതുമായ സാമ്പത്തിക വ്യവസ്ഥിതിയാണ് പാപ്പാ ഫ്രാന്‍സിസ് നവമായി നിര്‍ദ്ദേശിക്കുന്നത്. ഒക്ടോബര്‍ 26-ന് ചൊവ്വാഴ്ച  റോമില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് 2020 നവംബറില്‍ ഓണ്‍ ലൈനില്‍ സംഗമിക്കുവാന്‍ പോകുന്ന "ഫ്രാന്‍ചേസ്ക്കൊ സമ്പദ് വ്യവസ്ഥ"യുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് വിശദീകരിച്ചത്.

4. ഭാവിതലമുറയോടു കൂട്ടുചേരുന്ന പദ്ധതി
ഓണ്‍ലൈന്‍ സമ്മേളനത്തില്‍ തത്സമയം പങ്കുചേരുവാന്‍ സാധിക്കാത്തവര്‍ക്ക് പാപ്പായുടെ നവമായ സമ്പദ് വ്യവസ്ഥ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായി സംഘാടക സമിതി സമ്മേളനത്തെ തുടര്‍ന്നുള്ള  9 മാസക്കാലം  നീണ്ടുനില്ക്കുന്ന ഒരു  "ഓണ്‍ലൈന്‍" പാഠ്യപദ്ധതിക്കുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.  പാപ്പാ നിര്‍ദ്ദേശിക്കുന്ന ഈ  സമ്പദ് വ്യവസ്ഥയുടെ ശാസ്ത്രീയ കമ്മിറ്റിയുടെ അംഗമായ സിസ്റ്റര്‍ അലസാന്ദ്ര സ്മെരേലിയാണ്  വാര്‍ത്താസമ്മേളനത്തില്‍  ഇക്കാര്യം അറിയിച്ചത്.  അങ്ങനെ യുവജനങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഉള്‍ക്കൊണ്ടും,  "ആരും ഒറ്റയ്ക്കു രക്ഷപ്പെടില്ലെ"ന്നു  മനസ്സിലാക്കിക്കൊണ്ടും വരുംതലമുറയെ  പാപ്പായുടെ പുതിയ സാമ്പത്തിക ദര്‍ശനത്തിലേയ്ക്കു കൈപിടിച്ച് ഉയര്‍ത്തുവാനുള്ള   പരിശ്രമമാണിതെന്നും  സംഘാടകര്‍ വിശദീകരിച്ചു.

5. നവമായ സാമ്പത്തിക പദ്ധതി വ്യാപകമാക്കാന്‍
എല്ലാവരെയും എല്ലാത്തരക്കാരെയും  ആശ്ലേഷിക്കുന്ന  ഈ സാമ്പത്തിക പദ്ധതി കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ കമ്യൂണിറ്റികള്‍ സൃഷ്ടിക്കുവാനും ഒരുക്കങ്ങള്‍ നടക്കുന്നതായി  സംഘാടക സമിതി അറിയിച്ചു. അങ്ങനെ കോവിഡ് 19-ന്‍റെ പരിമിതികള്‍ കാരണമാക്കുന്ന അകല്‍ച്ച  മറികടക്കുവാന്‍ ഓണ്‍ലൈന്‍ കമ്യൂണിറ്റികള്‍വഴി  പരിശ്രമിക്കുമെന്നും   വ്യക്തമാക്കി. സാമ്പത്തിക പദ്ധതിയുടെ അനുഭവം പങ്കുവയ്ക്കുവാന്‍ സഹായകമാകുന്ന വിധത്തില്‍ യുവജനങ്ങള്‍ക്കായി കൂട്ടായ്മയുടെ കേന്ദ്രങ്ങള്‍  (Economy of Francesco Hubbs - EoF hubs) 25 രാജ്യങ്ങളില്‍ രൂപീകരിച്ചു കഴിഞ്ഞുവെന്നും  അറിയിച്ചു.

6. പദ്ധതി (EoF) ഗ്രാമങ്ങളും പ്രവര്‍ത്തകരും 
2020 മാര്‍ച്ചുമുതല്‍ 1000-ല്‍ അധികം യുവജനങ്ങള്‍ EoF പദ്ധതിയുമായി വിവിധ രാജ്യങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി 12 EoF ഗ്രാമങ്ങള്‍ രൂപീകരിക്കുകയുണ്ടായി.  പാപ്പായുടെ നവമായ പദ്ധതിയുടെ ഗുണമേന്മ അനുഭവിക്കുന്നവരാണ് ഈ ഗ്രാമീണരെന്ന് സംഘാടകര്‍ പറഞ്ഞു. 

7. യുവജനങ്ങള്‍ ഗ്രാമങ്ങളില്‍ പങ്കുവച്ച വിഷയങ്ങള്‍
സമ്പത്തിന്‍റെ ക്രയവിക്രയം, സമ്പത്തും മാനവികതയും, തൊഴിലിന്‍റെ സംരക്ഷണം, കൃഷിയും നീതിയും, ഊര്‍ജ്ജവും ദാരിദ്ര്യവും, കച്ചവടവും സമാധാനവും, സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്ക്, അസമത്വത്തിന്‍റെ കരിംപുക (CO2), തൊഴിലും ലാഭവും, കച്ചവടത്തിന്‍റെ പരിണാമം, ജീവനും ജീവിതശൈലിയും, നയങ്ങളും സന്തോഷവും എന്നീ വിഷയങ്ങള്‍  പാപ്പായുടെ സാമ്പത്തിക ദര്‍ശനം  (Economy of Francesco) ഉള്‍ക്കൊള്ളുവാന്‍ പരിശ്രമിക്കുന്ന  ഗ്രാമങ്ങളിലെ യുവജനങ്ങളുമായി പങ്കുവച്ചതായും സംഘാടകര്‍ അറിയിച്ചു.
 

30 October 2020, 15:29