പൊതുകൂടി കാഴ്ച്ചയിൽ പാപ്പാ... പൊതുകൂടി കാഴ്ച്ചയിൽ പാപ്പാ... 

"ക്രിസ്തു ജീവിക്കുന്നു”കാലത്തിന്റെ അടയാളങ്ങൾ ശ്രദ്ധിക്കുന്ന സഭ

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 39ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതംദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

39. കാലത്തിന്റെ അടയാളങ്ങൾ ശ്രദ്ധിക്കുന്ന ഒരു സഭ

അനേകം യുവജനങ്ങൾക്ക് ദൈവം, മതം, സഭ എന്നിവ അർത്ഥശൂന്യമായി കാണപ്പെടുന്നുണ്ട്. എന്നാലും യേശുവിന്റെ രൂപം ആകർഷണീയവും ഫലപ്രദമായ രീതിയിൽ അവതരിപ്പിച്ചാൽ അതിനോടു അവർക്ക് താൽപര്യമുണ്ടാകും. ഇതിന് അമിതമായി തന്നിൽ തന്നെ മുഴുകാത്ത, മറിച്ച് യേശു ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന ഒരു സഭയെയാണ് ആവശ്യമള്ളത്. ഇതിന്റെ അർത്ഥം താഴെ പറയുന്നതാണ്.ചിലതെല്ലാം വസ്തുനിഷ്ഠമായി മാറണം. അത് സംഭവിക്കണമെങ്കിൽ സഭ യുവജനത്തിന്റെ ദർശനവും വിമർശനങ്ങളും വിലമതിക്കണം. (കടപ്പാട്. പി.ഒ.സി.പ്രസിദ്ധീകരണം).

എന്ത്കൊണ്ടാണ് അനേകം യുവജനങ്ങൾ ദൈവ വിശ്വാസത്തിൽ നിന്നും, മതാചാരങ്ങളിൽ നിന്നും, സഭയിൽ നിന്നും അകന്നു നിൽക്കുന്നു?

ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന നഗ്നമായ ഒരു സത്യത്തെ പാപ്പാ ഈ ഖണ്ഡികയിൽ വെളിപ്പെടുത്തുന്നു. ഒന്നാമതായി, ദൈവം, മതം, സഭ എന്നിവ അനേകം യുവജനങ്ങൾക്ക് അർത്ഥശൂന്യമായി  കാണപ്പെടുന്നു എന്നതാണ്.  ഈ പ്രസ്താവന വളരെ ഗൗരവമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. എന്ത്കൊണ്ടാണ് അനേകം യുവജനങ്ങൾ ദൈവ വിശ്വാസത്തിൽ നിന്നും, മതാചാരങ്ങളിൽ നിന്നും, സഭയിൽ നിന്നും അകന്നു നിൽക്കുന്നത്? ഒരു വ്യക്തിയിൽ നിന്നോ,  വസ്തുവിൽ നിന്നോ, സമൂഹത്തിൽ നിന്നോ നാം അകൽച്ച പാലിക്കുന്നെങ്കിൽ അതിനു കാരണം അവയിൽ നിന്നും നമ്മുടെ ജീവിതത്തിന് യാതൊരു നന്മയും ലഭിക്കുന്നില്ല എന്നത് കൊണ്ടാകാം. നമ്മുടെ ആദർശങ്ങൾ ആ ആദർശങ്ങളിൽ നിന്നും ഭിന്നിച്ചുനിൽക്കുന്നതുകൊണ്ടാകാം, ഒരുപക്ഷേ അവ നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നതും കൊണ്ടുമാകാം. ഇങ്ങനെ നിരവധി കാരണങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. എന്നാൽ എന്തുകൊണ്ട് പല യുവജനങ്ങളും തങ്ങളുടെ സൃഷ്ടാവായ ദൈവത്തിൽ നിന്നും, ദൈവത്തെ പ്രഘോഷിക്കുന്ന സഭയിൽ നിന്നും അകന്നു നിൽക്കുന്നു എന്നതിന് ഉത്തരം നാം കണ്ടെത്തേണ്ടതാണ്.

മുതിർന്ന തലമുറ യുവതലമുറയ്ക്ക് ദൈവത്തെ പരിചയപ്പെടുത്തുന്നതെങ്ങനെ?

യുവജനങ്ങളുടെ മുന്നിൽ ദൈവത്തെ നാം എങ്ങനെയാണ് അവതരിപ്പിക്കുന്നത്? മനുഷ്യർ ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷ നൽകുന്ന, അവരെ പരിഗണിക്കാത്ത, അവരിൽ നിന്നും മുഖം തിരിക്കുന്ന, അവരുടെ ദുരിതങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാത്ത ദൈവത്തിന്റെ മുഖമാണോ? അതോ മനുഷ്യരുടെ പാപങ്ങൾക്ക് വേണ്ടി സ്വപുത്രനെ പോലും ലോകത്തിന് നൽകി ഈ ലോകത്തെ  അത്ര മാത്രം സ്നേഹിക്കുന്ന സ്നേഹമുള്ള ദൈവപിതാവിന്റെ മുഖത്തെയാണോ മുതിർന്ന തലമുറ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നത്?

ക്രിസ്തു ജീവിക്കുന്നു എന്ന ഈ പ്രബോധനത്തിന്റെ മുപ്പത്തെട്ടാമത്തെ ഖണ്ഡികയിൽ യുവജനങ്ങളുടെ സ്വരം കൂടുതൽ ശ്രവിക്കാനുള്ള സൗകര്യം സൃഷ്ടിക്കണമെന്ന് പാപ്പാ നമ്മോടു ആഹ്വാനം ചെയ്യുന്നു.  ഈ ആഹ്വാനം നാം ഇപ്പോൾ പരിചിന്തനം ചെയ്യുന്ന ഭാഗത്തിൽ, എന്തുകൊണ്ട് യുവജനങ്ങൾക്ക് ദൈവവിശ്വാസവും മതാചാരങ്ങളും സഭയോടുള്ള സ്നേഹവും അർത്ഥശൂന്യമായി കാണപ്പെടുന്നു എന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. വിശ്വാസത്തിന്റെ തലത്തിൽ യുവജനങ്ങൾക്കുള്ള ആശയ കുഴപ്പങ്ങളെയും സംശയങ്ങളെയും അറിവില്ലായ്മകളെയും പരിഹരിക്കുവാൻ വിശ്വാസസമൂഹവും സഭയും അവരുടെ ശബ്ദങ്ങൾക്ക് ചെവി കൊടുക്കേണ്ടതായിട്ടുണ്ട്. ഈ ഖണ്ഡികയിൽ “അമിതമായി തന്നിൽ തന്നെ മുഴുകാത്ത” എന്ന് പാപ്പാ ഉപയോഗിക്കുന്നു. തന്നിൽത്തന്നെ മുഴുകി നിൽക്കുന്ന വ്യക്തിക്ക് ക്രിസ്തുവിനെ എങ്ങനെ പകരുവാൻ കഴിയും? തന്നിൽത്തന്നെ മുഴുകി നിൽക്കുന്ന വ്യക്തിക്ക് എങ്ങനെ അപരനിലെ ക്രിസ്തുവിനെയും, അവന്റെ മുറിപ്പാടുകളും കണ്ടെത്താൻ കഴിയും? സ്വയം കേന്ദ്രീകൃത ജീവിതത്തിൽ നിന്നും ക്രിസ്തുകേന്ദ്രീകൃത ജീവിതമാകുന്നില്ലെങ്കിൽ യുവജനങ്ങൾക്ക് യഥാർത്ഥ ക്രിസ്തുവിന്റെ മുഖം പകർന്നു കൊടുക്കാൻ നമുക്ക് സാധ്യമല്ല. ക്രിസ്തുവിനെ കൊടുക്കാൻ കഴിയണമെങ്കിൽ പാപ്പാ പറയുന്നത് എല്ലാം പ്രത്യക്ഷമായി മാറണം. ഈ മാറ്റംകൈവരിക്കണമെങ്കിൽ സഭ യുവജന ശബ്ദത്തെയും, വിമർശനങ്ങളെയും വിലമതിക്കണം.

നമ്മുടെ പ്രേക്ഷിത പ്രവർത്തനങ്ങൾ ആരെയാണ് പ്രതിഫലിപ്പിക്കുന്നത്? ക്രിസ്തുവിനെയോ അല്ലെങ്കിൽ പ്രേഷിതനേയോ ?

ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന സഭയെ കുറിച്ച് പാപ്പാ ഇവിടെ പരാമർശിക്കുന്നു.  തന്നിൽത്തന്നെ മുഴുകാതെ ക്രിസ്തുവിനെ  ഉയർത്തി കാട്ടുന്ന സഭയെയാണ് യുവതലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കേണ്ടത്. അതു കണ്ടാണ് അവർ പഠിക്കേണ്ടത്. ആകൃഷ്ടരാകേണ്ടത്. അതിന് സഭാ അവളുടെ പ്രവർത്തനങ്ങളിൽ ക്രിസ്തുവിനെ പൂർണ്ണമായി പ്രതിഫലിപ്പിക്കുന്ന വിധത്തിൽ  അവളുടെ പ്രേക്ഷിത പ്രവർത്തനങ്ങളെ രൂപാന്തരപ്പെടുത്തണം. നമ്മുടെ പ്രേക്ഷിത പ്രവർത്തനങ്ങൾ ആരെയാണ് പ്രതിഫലിപ്പിക്കുന്നത്? ക്രിസ്തുവിനെയോ അല്ലെങ്കിൽ പ്രേഷിതനേയോ? പ്രവർത്തകന്റെ പ്രാമുഖ്യം, പ്രവർത്തനങ്ങളുടെ ആവേശം  ക്രിസ്തുവിനെ മറയ്ക്കുന്ന,  മറക്കുന്ന രീതിയിലേക്ക് നീങ്ങുന്നില്ലേ?സഭയിൽ ആചാരനുഷ്ഠാനങ്ങൾ നിരവധിയുണ്ട്. ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്തിനുവേണ്ടിയാണ്? അവയിൽ യേശുവിനെ കണ്ടുമുട്ടാനുള്ള അനുഭവമുണ്ടോ? ആഘോഷങ്ങൾക്ക് വേണ്ടി മാത്രമായി അവ ചുരുങ്ങി പോയാൽ ആത്മാവില്ലാത്ത, ജീവനില്ലാത്ത ശരീരം പോലെ ശിരസ്സായ ക്രിസ്തുവിൽ നിന്നും മൗലിക ശരീരമാകുന്ന  സഭ അറ്റുപോകും.

ആദിമ ക്രൈസ്തവ സഭയുടെ ചൈതന്യത്തിൽ

അപ്പോസ്തലന്മാരുടെ പുസ്തകം 2: 42- 47 വരെയുള്ള തിരുവചനങ്ങളിൽ ആദിമ ക്രൈസ്തവ സഭയെ കുറിച്ച് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. ആദിമ സഭയെ മറ്റുള്ളവർ തിരിച്ചറിഞ്ഞത് അവരിലുണ്ടായിരുന്ന ഐക്യത്തിലൂടെയാണ്. ക്രിസ്തുവിനെ സ്വന്തമാക്കിയപ്പോൾ അവർക്ക് സ്വന്തമായതെല്ലാം പൊതുസ്വത്തായി തീർന്നു, പങ്കുവയ്പ്പനുഭവങ്ങളിലേക്ക് അവർ മാറ്റപ്പെട്ടു. ഭവനങ്ങൾ അപ്പം മുറിക്കലിന്റെയും, വചനം വിളമ്പുന്നതിന്റെയും ദേവാലയങ്ങളായി മാറി. എല്ലാവരുടെയും സംപ്രീതിക്ക് പാത്രമായ സഭയിൽ ദൈവം വ്യക്തികളെ പ്രതിദിനം ചേർത്തു കൊണ്ടിരുന്നു. സഭയുടെ ഈ ചൈതന്യം യുവാക്കളെ ആകർഷിച്ചു. അവരും സഭയുടെ പ്രേക്ഷിത പ്രവർത്തനങ്ങളിൽ പങ്കുകൊണ്ടിരുന്നു. അതുകൊണ്ടാണ് സഭയ്ക്ക് ആദ്യ രക്തസാക്ഷിയായി സ്റ്റീഫൻ എന്ന യുവാവിനെ ലഭിച്ചത്. സഭയിൽ ക്രിസ്തു കേന്ദ്രമാകുമ്പോൾ, ഒന്നിച്ചു നിൽക്കുമ്പോൾ എല്ലാവർക്കും എല്ലാം പങ്കുവെയ്ക്കപ്പെടുമ്പോൾ ദൈവം സഭയെ അഭിവൃദ്ധിപ്പെടുത്തുമെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം. അതുകൊണ്ട് ആദിമസഭയിലെ അപ്പം മുറിക്കലും, കൂട്ടായ്മയും നമ്മെ ഓർമ്മപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങളിലേക്ക് ഒന്ന് പിൻതിരിയേണ്ട ആവശ്യകത നമ്മുടെ അനുദിന ആചാരാനുഷ്ടാനങ്ങളിൽ പുനർജീവിപ്പിക്കേണ്ടിയിരിക്കുന്നു.  നാം നമ്മുടെ പ്രേക്ഷിത മേഖലകളിലും ഇത്തരം ഒരു ആത്മശോധനയ്ക്ക് ഇട നൽകേണ്ടതില്ലേ ? നാം  ക്രിസ്തുവിനെയാണോ പ്രകാശിപ്പിക്കുന്നത് ?

യുവജനങ്ങൾക്ക് ക്രിസ്തു ഒരു അനുഭവമായി തീരാൻ വചനപ്രഘോഷണ വേദികൾക്ക് സാധിക്കുന്നുണ്ടോ?

ആചാരങ്ങളിൽ മാത്രം നാം ഒതുങ്ങി നിൽക്കുമ്പോൾ ആചാരങ്ങൾക്ക് പുറത്ത് നിൽക്കുന്ന വേദനിക്കുന്ന മനുഷ്യരിൽ മറഞ്ഞിരിക്കുന്ന ദൈവത്തിന്റെ മുഖം  നാം ഓർക്കാറുണ്ടോ? അവയ്ക്ക് അറുതി വരുത്താൻ ക്രിസ്തുവിന്റെ മാതൃകയിൽ സാഹസങ്ങൾക്ക് വിശ്വാസ ജീവിതത്തിൽ എത്രമാത്രം  നാം ഇടനൽകാറുണ്ട് ? അദൃശ്യനായ ദൈവത്തെ ദൃശ്യമാകുന്ന കൂദാശയായി നമ്മുടെ മുന്നിൽ തെളിയേണ്ടതാണ് സഭ. അതിന് ആഘോഷങ്ങൾ, ആചാരങ്ങൾ ഇവയിൽ നിറഞ്ഞുനിൽക്കുന്ന ദൈവത്തിന്റെ തിരുഹിതം, അവന്റെ സത്ത എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് അവയെ നമ്മുടെ ജീവിതത്തിൽ സ്വന്തമാക്കാനുള്ള പരിശ്രമം ഉണ്ടായിരിക്കണം. ഇന്ന് വചനം വിളമ്പുന്ന പ്രഘോഷണ വേദികൾ യഥാർത്ഥത്തിൽ ദൈവത്തെയാണോ നൽകുന്നത്? യുവജനങ്ങൾക്ക് ക്രിസ്തു ഒരു അനുഭവമായി തീരാൻ വചനപ്രഘോഷണ വേദികൾക്ക് സാധിക്കുന്നുണ്ടോ? അൽഭുതങ്ങൾക്കും ,അടയാളങ്ങൾക്കും അമിതമായ പ്രാധാന്യം നൽകി,  ആത്മാവിനെ രൂപാന്തരപ്പെടുത്താൻ,  അവിടെ കുടിയിരിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തെയും അവിടുത്തെ തിരുഹൃദയത്തെയും നാം തിരിച്ചറിയാതെ പോകുന്നു.

ക്രിസ്തു എന്നെ രൂപാന്തരപ്പെടുത്താൻ ഞാൻ എന്താണ് ചെയ്യേണ്ടത്? ക്രിസ്തു എന്നിൽ ജനിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? ക്രിസ്തുവിനെ എന്നിലൂടെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

ക്രിസ്തുവിനെ നൽകുകയാണ് യഥാർത്ഥമായ പ്രേക്ഷിത പ്രവർത്തനം

ക്രിസ്തുവിനെ നൽകുക അതാണ് യഥാർത്ഥമായ പ്രേക്ഷിത പ്രവർത്തനം. ഈ പ്രേക്ഷിത പ്രവർത്തനങ്ങളിലേക്ക് വളരാനും വളർത്താനും സഭ തന്റെ മക്കളെ പ്രബുദ്ധരാകാൻ ക്ഷണിക്കുന്നു. അതിന് സഭയോടും അവളുടെ പ്രവർത്തനങ്ങളോടും മക്കളായ നാം പ്രത്യുത്തരം നൽകുവാൻ കടപ്പെട്ടിരിക്കുന്നു. അങ്ങനെ അഹംഭാവം വെടിഞ്ഞ് ക്രിസ്തു വാഹകരാകാൻ, തിന്മയെ തഴഞ്ഞ് നന്മയെ കൈമാറാനുള്ള നമ്മുടെ വിളിയെ തിരിച്ചറിയുന്നത് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് പാപ്പയുടെ ഈ പ്രബോധനം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഈ ഖന്ധികയുടെ രണ്ടാംഭാഗത്തിൽ പാപ്പാ യുവജനങ്ങളുടെ ദർശനവും വിമർശനവും സഭാ വിലമതിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് യുവജനങ്ങളുടെ വിമർശനവും ദർശനവും സഭാ സ്വീകരിക്കേണ്ടത്? യുവജനങ്ങൾ ദൈവത്തിന്റെ ഇന്നുകൾ ആണ് എന്ന് പാപ്പാ  പല അവസരത്തിലും ചൂണ്ടിക്കാണിക്കുന്നുണ്ട്. സഭയുടെ യുവത്വം നിലനിർത്തുന്നവരാണവർ. സഭയുടെ ഇന്നുകൾ ആയ അവർക്ക് സഭയോടു സംസാരിക്കാനും സംവാദിക്കാനും അവകാശമുണ്ട്, അതിന് അവസരവും ആവശ്യമുണ്ട് എന്ന് പാപ്പാ മനസ്സിലാക്കുന്നു. സഭയെ പടുത്തുയർത്താൻ അവരുടെ കരങ്ങൾക്ക് ബലമുണ്ട്. അതുകൊണ്ട് അവരുടെ അഭിപ്രായങ്ങൾ മാനിക്കാനും അവരെ എല്ലാകാര്യങ്ങളിലും ഉൾപ്പെടുത്താനും, സഭാപ്രവർത്തനങ്ങളിൽ അവരെ നയിക്കാനും അവരാൽ നയിക്കപ്പെടാനും നാം തയ്യാറായാൽ സഭ അവളുടെ യുവത്വം കളയാതെ ഈ ഭൂമിയിൽ ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാൻ  കഴിയും.

യുവജനങ്ങളുടെ പ്രേക്ഷിതത്വം

ഇന്ന് സഭയ്ക്കുള്ളിലും പുറത്തുമായി അനേകം യുവജനങ്ങൾ തങ്ങളുടെ പ്രേക്ഷിത പ്രവർത്തനങ്ങളെ ആതുരശുശ്രൂഷയുടെ പേരിൽ, പൊതു പ്രവർത്തനങ്ങളുടെ പേരിൽ, ഉപവിയുടെ പേരിൽ നിറവേറ്റുന്നുണ്ട്, ചേരികളിലും തെരുവുകളിലും കയറിയിറങ്ങി ദുരിതം അനുഭവിക്കുന്ന അനേകം ജീവിതങ്ങളെ കൈപിടിച്ച് സഹായിക്കുന്ന യുവജനങ്ങൾ  ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട്.

അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും അറിയപ്പെടാത്ത കുരിശുപള്ളികൾ പോലെ അവർ നിഷ്കാമ കർമ്മികളായി ഈ ഭൂമിയിൽ ജീവിക്കുന്നു.  ഇവരുടെ ഈ കർമ്മത്തിൽ ദൈവം പിറക്കുന്നു എന്നാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ഒരുവശത്ത് നന്മകളുടെ ഫലം നിറഞ്ഞു നിൽക്കുമ്പോൾ മറുവശത്ത് മയക്കുമരുന്നിന്റെ അടിമത്തം, ധൂർത്ത്, സുഖഭോഗ ജീവിതം, എന്നിങ്ങനെ അനേകം വഴികളിൽ യുവതലമുറ തങ്ങളുടെ ജീവിതത്തിന്റെ നന്മകളെ പാഴാക്കിക്കളയുന്നു. ഒരു അമ്മ എന്ന നിലയിൽ സഭ പരിരക്ഷിക്കുകയും പരീക്ഷണങ്ങളിൽ നിന്ന് അവരെ രക്ഷപ്പെടുത്തുകയും അങ്ങനെ പ്രലോഭനങ്ങളിൽ നിന്ന് അവരെ ശാന്തി തീരത്തെത്തിക്കുകയും വേണം.

ഇന്ന് തിരുസഭാ മാതാവ് പ്രേക്ഷിത പ്രവർത്തനത്തിന്റെ മദ്ധ്യസ്ഥയായ വിശുദ്ധകൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിക്കുന്നു. സന്യാസ മഠത്തിന്റെ മതിലുകൾക്കുള്ളിലിരുന്നുകൊണ്ട് ഇരുപത്തിനാല് വയസ്സ് മാത്രം പ്രായമുള്ള യുവതി പ്രാർത്ഥനയെയും, കുറുക്കുവഴികളെയും പ്രേക്ഷിത്വത്തിനായുള്ള മാർഗ്ഗങ്ങളായി സ്വീകരിച്ച് സഭയെ ഫലപുഷ്ടിപ്പെടുത്തി. ഈ വിശുദ്ധയുടെ മാദ്ധ്യസ്ഥം യാചിച്ചു കൊണ്ട് സ്വർഗ്ഗീയ ജറുസലേമിലേക്ക് നമ്മെ നയിക്കുന്ന സഭയെ സ്നേഹിക്കുകയും, സഭയുടെ മക്കളായ യുവജന ശബ്ദങ്ങളെ ശ്രവിക്കുവാനുള്ള തുറവുള്ളവരായി ക്രിസ്തു ആഗ്രഹിക്കുന്ന സഭാമക്കളായിത്തീരാൻ നമുക്ക് പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2020, 10:12