പൊതുകൂടികാഴ്ച്ചയിൽ പാപ്പാ സന്ദേശം നൽകുന്നു. പൊതുകൂടികാഴ്ച്ചയിൽ പാപ്പാ സന്ദേശം നൽകുന്നു.  

"ക്രിസ്തു ജീവിക്കുന്നു”:യുവത്വത്തെ കൂടുതൽ കേൾക്കുന്ന സഭ

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 41ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതംദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

41. യുവത്വത്തെ കൂടുതൽ കേൾക്കുന്ന സഭാ

വിനയമുള്ളതും തനിക്കുള്ള ദാനങ്ങളെക്കുറിച്ച് ആത്മവിശ്വാസമുള്ളതും ന്യായ പൂർവ്വകവും സഹോദരപരവുമായി വിമർശിക്കാൻ കഴിയുന്നതുമായ ഒരു സഭയെ കാണാൻ അനേകം യുവജനങ്ങൾക്ക് സന്തോഷമുണ്ട്. മറ്റുചിലർ ആഗ്രഹിക്കുന്നത് യുവത്വത്തെ കൂടുതൽ കേൾക്കുന്ന സഭയെയാണ്. നിശബ്ദയായി, സംസാരിക്കാൻ ഭയപ്പെടുന്നവളായി കഴിയുന്ന സഭയെ കാണാൻ അവർ ആഗ്രഹിക്കുന്നില്ല. രണ്ടോ, മൂന്നോ പ്രശ്നങ്ങളെക്കുറിച്ച് അനിയന്ത്രിതമായി എപ്പോഴും യുദ്ധം ചെയ്യുന്ന സഭയെ കാണാനും ആഗ്രഹിക്കുന്നില്ല.

സുവിശേഷം ഗ്രഹിക്കുന്നത് തന്നെ സഹായിക്കാൻ അല്പം വെളിച്ചം പകരാൻ അപരരുടെ അഭിപ്രായങ്ങൾക്കു കഴിയുമെന്ന് തിരിച്ചറിഞ്ഞ് സഭ എളിമ തിരിച്ചുപിടിച്ച് വെറുതെകേൾക്കുക മാത്രം ചെയ്യേണ്ട സമയങ്ങളുണ്ട്. അത് യുവതയ്ക്ക് വിശ്വസനീയമാകും. എപ്പോഴും പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന വിനയം നഷ്ടപ്പെട്ട് മറ്റുള്ളവരെ ശ്രദ്ധിക്കാതാവുന്ന, ചോദ്യങ്ങൾ അനുവദിക്കാത്ത ഒരു സഭ യൗവനം നഷ്ടപ്പെട്ടതായിത്തീരും. അത് ഒരു മ്യൂസിയമായി മാറും. അപ്പോൾ യുവജനങ്ങളുടെ സ്വപ്നങ്ങളോടു പ്രത്യുത്തരിക്കാൻ സഭയ്ക്ക് എങ്ങനെ കഴിയും? സുവിശേഷത്തിന്റെ  സത്യം സഭയ്ക്ക് സ്വന്തമായിട്ടുണ്ട്. എങ്കിലും അവൾ അത് പൂർണ്ണമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് അതിന് അർത്ഥമില്ല. ആ അക്ഷയനിധി കൈവശം ആക്കുന്നതിൽ സഭ വളർന്നുകൊണ്ടിരിക്കുന്ന ആവശ്യമാണ്.”(കടപ്പാട്. പി.ഒ.സി.പ്രസിദ്ധീകരണം).

കഴിഞ്ഞ ഖണ്ഡികകളിൽ സഭയോടു കാലത്തിന്റെ അടയാളങ്ങളെ ശ്രദ്ധിക്കാൻ പറയുന്ന പാപ്പാ യുവജനങ്ങൾ നൽകുന്ന ചില അടയാളങ്ങളെയാണ് നമ്മുടെ മുന്നിൽ നിരത്തിയത്. സഭയോടുള്ള യുവജനങ്ങളുടെ അസംതൃപ്തികൾ, അവരുടെ ചിന്തകൾ, എല്ലാം വരുന്നുണ്ട്. ഇന്ന് നമ്മൾ വിചിന്തനം ചെയ്യുന്ന ഖണ്ഡിക യുവജനങ്ങളുടെ സ്വപ്നങ്ങൾ കൂടിയാണെന്ന് വേണമെങ്കിൽ പറയാം. എളിമയാർന്ന ഒരു സഭയെ ഇഷ്ടപ്പെടുന്ന യുവാക്കളുണ്ടെന്നും സഭയുടെ ദാനങ്ങളെക്കുറിച്ച് സഭയ്ക്കു തന്നെ ആത്മവിശ്വാസം ഉണ്ടാവണമെന്നും, നീതിപൂർവ്വകവും സാഹോദര്യപൂർണ്ണവുമായ ഒരു വിമർശനം നൽകാൻ സഭയ്ക്ക് കഴിയണമെന്നും ആഗ്രഹിക്കുന്നവരാണ് യുവാക്കൾ. എന്നാൽ കൂടുതൽ ശ്രവിക്കാൻ ശ്രമിക്കുന്ന, എപ്പോഴും  കുറ്റപ്പെടുത്തൽ മാത്രം നടത്താതെ പ്രവർത്തികൾകൊണ്ട്തെളിയിക്കാൻ ശ്രമിക്കുന്ന ഒരു സഭയെ ആഗ്രഹിക്കുന്നവരാണ് മറ്റൊരു കൂട്ടം യുവജനങ്ങൾ.

പലപ്പോഴും പ്രാദേശീക സഭകളിൽ നഷ്ടം വന്നു പോകുന്ന ചില നന്മകളുടെ ഒരു ലുത്തിനിയായാണ് നാം കണ്ടത്. എപ്പോഴും എല്ലാവർക്കും നിർദ്ദേശങ്ങൾ നൽകാൻ ശ്രമിക്കുന്ന, എല്ലാം അറിയാമെന്ന ഗർവ്വത്തോടെ അങ്ങോട്ട് മാത്രം സംസാരിക്കുന്ന സഭയെ യുവജനങ്ങൾക്ക് സ്വീകാര്യമല്ല. അവരെ ശ്രവിക്കാൻ കൂടി സഭയ്ക്ക് കഴിയണം. അവർ നൽകുന്ന യുവത്വം നിറഞ്ഞ ആശയങ്ങൾക്ക് ചെവികൊടുക്കുന്ന ഒരു സഭ യുവാക്കളെ സംബന്ധിച്ച് അവരുടെ സഭയായി മാറും. ഒരു പക്ഷേ സഭയിൽ സഭയുടെ ഭരണ സംവിധാനങ്ങളിൽ ഇത്തരം ഒരു കുറവില്ലേ എന്നത് ഒരു വാസ്തവം തന്നെയാണ്. എത്ര രൂപതകളിൽ ഈ യുവജന സിനഡുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടന്നു? അതിൽ എത്രമാത്രം യുവജനപ്രാതിനിധ്യം ഉണ്ടായി? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം സഭയുടെ യുവജനങ്ങളെ ശ്രവിക്കാനുള്ള  കഴിവിന്റെ പരിമിതികളെ ചൂണ്ടിക്കാണിക്കുന്നു.

പാപ്പാ ചൂണ്ടിക്കാണിക്കുന്ന മറ്റൊന്ന് ഭീരുത്വമാർന്ന നിശബ്ദതയിൽ അമരുന്ന ഒരു സഭയെ കാണാൻ യുവജനങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്നതാണ്.  അനീതിക്കെതിരെ ശബ്ദിക്കാൻ ഒരു മടിയും കാണിക്കാതിരുന്ന യേശുവിന്റെ സഭ, എന്തിന് ഭയപ്പെടണം. രക്തസാക്ഷികളുടെ രക്തം കൊണ്ട് നനച്ച് വളർത്തിയ വിശ്വാസത്തിന്റെ വിത്തിന് ധൈര്യത്തിന്റെ പോരായ്മ വന്നാൽ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നാണർത്ഥം. അതു മാത്രമോ സ്വർഗ്ഗം ലക്ഷ്യമാക്കി നീങ്ങേണ്ട സഭയ്ക്ക് ഭൂമിയിൽ നഷ്ടപ്പെടാനൊന്നുമില്ല എന്നതിനാൽ ഇവിടത്തെ ഭരണകർത്താക്കളെ പ്രീണിപ്പിക്കേണ്ട ആവശ്യകത തെല്ലുമില്ല. അതിനാൽ  അനീതിക്കു മുമ്പിലെ നിശബ്ദത അനീതിക്ക് കൂട്ടുനിൽക്കലായാണ് യുവജനങ്ങൾ കാണുക. ഇത്തരം ഒരു സഭയോടു അവർക്ക് അവജ്ഞതോന്നി അവർ അകലം പാലിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല എന്ന സൂചനയാണ് പാപ്പാ ഇവിടെ നൽകുന്നത്. എന്നും ഏറ്റു പിടിക്കുന്ന രണ്ടു മൂന്ന് സ്ഥിരം കാര്യങ്ങളിൽ ഒതുങ്ങാത്ത ഒരു സഭയെ സ്വപ്നം കാണുന്നവരാണ് യുവജനങ്ങൾ.

യുവജനങ്ങൾക്ക് സഭയിൽ വിശ്വാസം വരണം. അതിന്  പാപ്പാ പ്രധാനമായും നൽകുന്ന നിർദ്ദേശം സഭയുടെ എളിമ വീണ്ടെടുക്കാനാണ്. എളിമ വീണ്ടെടുത്ത് മറ്റുള്ളവരെ ശ്രവിക്കാനുള്ള സന്നദ്ധത കാട്ടുവാൻ സഭയ്ക്ക് കഴിയണം. മുഴുവൻ സത്യവും തങ്ങളിലാണെന്ന ഗർവ്വം വെടിഞ്ഞ് മറ്റുള്ളവർക്ക് പറയാനുള്ളത് ശ്രവിക്കണം. കാരണം സുവിശേഷത്തെ നല്ലവണ്ണം മനസ്സിലാക്കാനുള്ള വെളിച്ചത്തിന്റെ രശ്മികൾ അതിലുണ്ടാവാം എന്ന തിരിച്ചറിവ് നൽകുന്ന എളിമയുണ്ട്.

എപ്പോഴും സ്വയം ന്യായീകരിക്കാനും പ്രതിരോധിക്കാനും ശ്രമിക്കുന്ന സഭ, പൊടിഞ്ഞുപോകാതെ കാക്കേണ്ട പഴമയുടെ ഒരു മ്യൂസിയമായി മാറുന്നത് കാണാനല്ല യുവജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് പാപ്പാ പറയുമ്പോൾ അതിൽ ഒരു അപകടസൂചന കൂടി കാണണം നമ്മൾ.  മ്യൂസിയമാകാതിരിക്കാ൯ പാപ്പാ തന്നെ കാണിച്ചുതരുന്ന മാർഗ്ഗം എളിമ വീണ്ടെടുത്ത് മറ്റുള്ളവരെ ശ്രവിക്കുക, അവരുടെ ചോദ്യങ്ങൾക്ക് ഇടം കൊടുക്കുക. ഇതൊക്കെ ഇല്ലാതാവുമ്പോഴാണ് സഭയുടെ യൗവനം നഷ്ടമാകുന്നത്. അത് സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് വേണ്ടത്.

എങ്ങനെയാണ് ഈ യുവജന സ്വപ്നങ്ങൾക്ക് മറുപടി കൊടുക്കാൻ നമുക്ക് കഴിയുക എന്നചോദ്യം പാപ്പാ തന്നെ ഉയർത്തുന്നുണ്ട്.  അതിന് ഉത്തരമായി ഒരു യാഥാർത്ഥ്യവും എഴുതി ചേർക്കുന്നു. ദൈവവചനത്തിന്റെ സത്യം അവളിലുണ്ട് എങ്കിലും അത് അവൾ പരിപൂർണ്ണമായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് അർത്ഥമില്ല. മറിച്ച് അവൾ വിളിക്കപ്പെട്ടിരിക്കുന്നത്  അക്ഷയമായ ആ നിധിയെ മനസ്സിലാക്കിയെടുക്കുന്നതിൽ വളർന്ന് വരാനാണ് എന്ന്.

കാലത്തിന്റെ ഓരോ അടയാളങ്ങളിലും ദൈവവചനത്തെ മനസ്സിലാക്കുവാനുള്ള ഒരു കുത്തോ, കോമയോ ഉണ്ടാവും എന്ന തിരിച്ചറിവോടെ യുവജനങ്ങളുടെ സംശയങ്ങൾക്കും,ചോദ്യങ്ങൾക്കും ഇടം കൊടുക്കേണ്ട എളിമ കൈവരിക്കലാണ് സഭയ്ക്കിന്നാവശ്യം. ഒരു പുരാവസ്തുവായല്ല അനുദിനം നവീകരിക്കപ്പെടേണ്ട യൗവനത്തിലേക്കാണ് സഭയുടെ വിളി.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2020, 10:34