The Basilica of St Francis in Assisi (the Lower Basilica) The Basilica of St Francis in Assisi (the Lower Basilica) 

“എല്ലാവരും സഹോദരങ്ങള്‍” പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പ്രബോധനം

സാഹോദര്യത്തെയും സാമൂഹിക സൗഹാര്‍ദ്ദത്തെയും കുറിച്ച്…

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. പാവങ്ങളുടെ വിശുദ്ധന്‍റെ ചുവടുപിടിച്ച്
ഒക്ടോബര്‍ 3-ന് വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍വച്ച് പുതിയ ചാക്രികലേഖനം പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച് പ്രകാശനംചെയ്യും. “സാഹോദര്യത്തെയും സാമൂഹിക സൗഹാര്‍ദ്ദത്തെയും കുറിച്ച്…” എന്ന് ഉപശീര്‍ഷകം ചെയ്തിരിക്കുന്ന ഈ പ്രമാണരേഖ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ബസിലിക്കയിലാണ് പ്രകാശനംചെയ്യുന്നത്. ഓരോ ദൈവസൃഷ്ടിയിലും സാഹോദര്യം ദര്‍ശിക്കുകയും അതിനെ കാലാതീതമായ ഒരു ഗാനമാക്കി മാറ്റുകയും ചെയ്ത വിശുദ്ധ ഫ്രാന്‍സിസിന്‍റെ സ്മൃതിമണ്ഡപത്തില്‍വച്ചാണ് ഭൂമിയിലെ സഹോദരബന്ധത്തിന്‍റെ പുതിയ പ്രമാണം പാപ്പാ ഫ്രാന്‍സിസ് ലോകത്തിനു സമര്‍പ്പിക്കുവാന്‍ പോകുന്നത്.

2. മൂന്നാമത്തെ ചാക്രികലേഖനം
“വിശ്വാസത്തിന്‍റെ വെളിച്ചം” Lumen Fidei, വിശുദ്ധന്‍റെ “സൃഷ്ടിയുടെ ഗീതം” തലക്കെട്ടില്‍പ്പോലും പ്രതിഫലിക്കുന്ന “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ!” Laudato Si’ തുടങ്ങിയ ചാക്രികലേഖനങ്ങള്‍ക്കുശേഷം, “എല്ലാവരും സഹോദരങ്ങളാണ്” (Omnes Fratres) എന്ന മൂന്നാമത്തേതിന് പാപ്പാ കൈയ്യൊപ്പു  ചാര്‍ത്തുന്നത് പാവങ്ങളുടെ വിശുദ്ധന്‍റെ നഗരത്തില്‍വച്ചാണ്. അത് സാഹോദര്യത്തെയും സാമൂഹിക സൗഹാര്‍ദ്ദത്തെയും കുറിച്ചാകുന്നതില്‍ ആശ്ചര്യപ്പെടാനില്ല. വിശുദ്ധ ഫ്രാന്‍സിസിന്‍റെ രചനകളാണ് ഇതിന് പ്രചോദനമായിരിക്കുന്നത് : “നമുക്കു സാഹോദര്യത്തില്‍ ജീവിക്കാം. തന്‍റെ അജഗണങ്ങളെ രക്ഷിക്കാന്‍ കുരിശിലെ ക്ലേശങ്ങളെ ആശ്ലേഷിച്ച നല്ല ഇടയനായ ക്രിസ്തുവിനെ നമുക്കു മാതൃകയാക്കാം” (ഫ്രാന്‍സിസിന്‍റെ ശാസനകള്‍ 6, 1. 155).

3. ദിവ്യബലിയും ഹ്രസ്വമായ പ്രകാശനകര്‍മ്മവും
ഒക്ടോബര്‍ 3-Ɔο തിയതി ഉച്ചതിരിഞ്ഞ് 3 മണിക്ക് അസ്സീയിലെത്തി ദിവ്യബലി അര്‍പ്പിച്ചതിനുശേഷം താഴത്തെ ബസിലിക്കിയില്‍വച്ചാണ് പാപ്പാ ചാക്രിക ലേഖനത്തില്‍ മുദ്ര പതിക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് അറിയിച്ചു. മഹാമാരിയുടെ നിയന്ത്രണ പരിധിയില്‍നിന്നുകൊണ്ട് വിശ്വാസികളുടെ കൂടിച്ചേരല്‍ ഇല്ലാത്ത ഒരു സ്വകാര്യ ആഘോഷമായിരിക്കണമെന്നാണ് പാപ്പാ ആഗ്രഹിക്കുന്നത്. പ്രകാശനകര്‍മ്മം കഴിഞ്ഞാല്‍ ഉടന്‍ പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങും. എന്നാല്‍ വത്തിക്കാന്‍ മാധ്യമശ്രൃംഖലകള്‍ പാപ്പായുടെ ദിവ്യബലിയും ചാക്രികലേഖനത്തിന്‍റെ പ്രകാശന പരിപാടികളും രാജ്യാന്തരതലത്തില്‍ തത്സമയം കണ്ണിചേര്‍ക്കുമെന്നും സെപ്തംബര്‍ 5-നു പുറത്തുവിട്ട പ്രസ്താവന അറിയിച്ചു.

4. വിശ്വസാഹോദര്യത്തിന്‍റെ വീക്ഷണം
തന്‍റെ സ്ഥാനാരോഹണത്തിനുശേഷം, “സഹോദരങ്ങളേ…,” എന്ന് 2013 മാര്‍ച്ച് 13-ന് ലോകത്തെ അഭിസംബോധചെയ്തതില്‍പ്പിന്നെ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങളുടെ കേന്ദ്രിത മൂല്യങ്ങളില്‍ ഈ അടിസ്ഥാന സാഹോദര്യവീക്ഷണം പ്രതിഫലിക്കുന്നതിന്‍റെ തുടര്‍ച്ചയാണ് ഈ പ്രമാണരേഖയിലും കാണുന്നത്. തന്‍റെ സ്ഥാനാരോഹണത്തിനുശേഷം വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് ആദ്യമായി പുറത്തുപോയത് ഇറ്റലിയുടെ പടിഞ്ഞാറെ മെഡിറ്ററേനിയന്‍ തീരുത്തുള്ള ലാംപദൂസ ദ്വീപില്‍ ലോകദൃഷ്ടിയില്‍ നിസ്സാരരെന്നു ശല്യക്കാരെന്നും ചിലപ്പോള്‍ കണക്കാക്കപ്പെടുന്ന കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായ സഹോദരങ്ങളുടെ പക്കലേയ്ക്കായിരുന്നു. സമാധാനം ലക്ഷ്യമാക്കി ഷിമോണ്‍ പേരസിനെയും മഹമൂദ് അബ്ബാസിനെയും 2014-ല്‍ ഹസ്തദാനംചെയ്തു സ്വീകരിച്ചത് വീണ്ടും സാഹോദര്യത്തിന്‍റെ ദൃഷ്ടാന്തമായിരുന്നു. അങ്ങനെ 2019-ല്‍ അബുദാബിയിലെ വിശ്വസാഹോദര്യ പ്രഖ്യാപനംവരെ സകലത്തിന്‍റെയും പിതാവായ ദൈവത്തിലുള്ള വിശ്വാസത്തില്‍നിന്നുമാണ് സമാധാനത്തന്‍റെയും മാനവിക സാഹോദര്യത്തിന്‍റെയും രേഖയും ഉടലെടുത്തത്.

5. എല്ലാം സാഹോദര്യത്തില്‍
പുനരാരംഭിക്കുവാനുള്ള നടപടി

ഓക്ടോബര്‍ 3-ല്‍ വരുവാനിരിക്കുന്ന സന്ദര്‍ശനംകൂടി കണക്കിലെടുത്താല്‍ ഇതു നാലാം പ്രാവശ്യമാകും പാപ്പാ അസ്സീസിയില്‍ എത്തുന്നതെന്ന് സ്ഥലത്തെ മെത്രാപ്പോലീത്ത നിരീക്ഷിച്ചു. 2013 ഒക്ടോബര്‍ 1-ന് ആദ്യമായും, രണ്ടു തവണകളായി 2016-ല്‍ ഓഗസ്റ്റ് 4-നും സെപ്തംബര്‍ 20-നുമാരുന്നു മറ്റു മുന്‍സന്ദര്‍ശനങ്ങള്‍. ആരാധനാക്രമത്തിലെ (Rejoice Sunday) “ആനന്ദത്തിന്‍റെ ഞായറാഴ്ച”യിലുള്ള നാലാമത്തെ യാത്ര അസ്സീസിയുടെ മെത്രാപ്പോലീത്തയെ സംബന്ധിച്ചിടത്തോളം വികാരനിര്‍ഭരമായും കൃതജ്ഞതാ പൂര്‍ണ്ണവുമായാണ് താന്‍ കാത്തിരിക്കുന്നതെന്ന് മാധ്യമ സമ്മേളനത്തില്‍ പ്രസ്താവിക്കുകയുണ്ടായി.

“എല്ലാറ്റിലും ഉപരിയായി സകലരും സ്നേഹത്തില്‍ സഹോദരങ്ങളാകേണ്ടതിന്‍റെ ആവശ്യം തിരിച്ചറിയുകയും, ഒരു മഹാമാരിയുടെ കെടുതിയില്‍ ഉഴലുകയും ചെയ്യുന്ന ലോകത്ത് അനവധി ജനതകള്‍ കഷ്ടത അനുഭവിക്കുമ്പോള്‍ പ്രത്യേകിച്ചും...,” എന്നാണ് വിശുദ്ധ ഫ്രാന്‍സിസിന്‍റെ പ്രാപഞ്ചിക സാഹോദര്യത്തിന്‍റെ വക്താവുകൂടിയായ ആര്‍ച്ചുബിഷപ്പ് ദൊമേനിക്കൊ സൊറന്തീനോ പറഞ്ഞത്. “നമ്മെയെല്ലാം കൂട്ടായ്മയില്‍ ഒത്തുചേര്‍ക്കുന്ന സാഹോദര്യത്തിന്‍റെ നാമത്തില്‍, എല്ലാം നവമായി പുനരാരംഭിക്കുവാന്‍ നമുക്കെല്ലാം കരുത്തും ധൈര്യവും നല്കുന്ന ആനന്ദദായകമായ പാപ്പായുടെ നടപടിയാണീ സന്ദര്‍ശനം…” എന്നും അസ്സീസിയിലെ മെത്രാപ്പോലീത്ത പരാമര്‍ശിക്കുകയുണ്ടായി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 September 2020, 08:37