2020.03.27 Preghiera in Piazza San Pietro con Benedizione Urbi et Orbi 2020.03.27 Preghiera in Piazza San Pietro con Benedizione Urbi et Orbi 

ലോകത്തിന്‍റെ സുസ്ഥിതിക്കായി പാപ്പാ രചിച്ച പ്രാര്‍ത്ഥന

ഭൂമിയുടെ സുസ്ഥിതിക്കെന്നപോലെ മാനവികതയുടെ സുസ്ഥിതിക്കായും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. സൃഷ്ടിയുടെ കാലത്തിനു തുടക്കമായി
സൃഷ്ടിയുടെ കാലം (Season of Creation) എന്നു വിളിക്കുന്ന സൃഷ്ടിയെ ക്രിയാത്മകമാക്കുവാനുള്ള സമയം, സൃഷ്ടിയുടെ ആഗോള പ്രാര്‍ത്ഥനാദിനത്തില്‍ സെപ്തംബര്‍ 1-ന് ആരംഭിച്ച്, പ്രകൃതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ അനുസ്മരണാദിനത്തില്‍ ഒക്ടോബര്‍ 4-ന് അവസാനിക്കുന്ന ഒരു മാസക്കാലത്തിന് തുടക്കമായി. പാരിസ്ഥിതിക പ്രവൃത്തിയുടെയും സാഹോദര്യ പ്രവൃത്തികളുടെയും ഈ ദിനങ്ങളില്‍ ഉപയോഗിക്കുവാന്‍ പാപ്പാ ഫ്രാന്‍സിസ് രചിച്ച പ്രാര്‍ത്ഥന സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം പ്രസിദ്ധപ്പെടുത്തിയത് താഴെ ചേര്‍ത്തിട്ടുണ്ട്.

2. ചാക്രികലേഖനത്തിന്‍റെ 5-Ɔο വാര്‍ഷികം
“അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ!” (Laudato Si’) എന്ന തന്‍റെ ചാക്രിക ലേഖനത്തിന്‍റെ  അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പാപ്പാ ഈ പ്രാര്‍ത്ഥന രചിച്ചത്.  പ്രബോധനത്തിന്‍റെ ഉള്‍ക്കാമ്പാണ് ഹ്രസ്വമായ ഈ പ്രാര്‍ത്ഥനയെന്ന് പ്രസ്താവിച്ചുകൊണ്ടാണ് സഭയുടെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്ന  കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍  അത് ആഗസ്റ്റ് 26-ന് പ്രസിദ്ധപ്പെടുത്തിയത്.

3. മാനവികതയുടെ സുസ്ഥിതിക്കായി
പാപ്പാ ഫ്രാന്‍സിസ് രചിച്ച പ്രാര്‍ത്ഥന :

ആകാശവും ഭൂമിയും അതിലെ സകലത്തിനെയും സൃഷ്ടിക്കുകയും
പരിപാലിക്കുകയും ചെയ്യുന്ന സ്നേഹമുള്ള ദൈവമേ,
അങ്ങേ ദാനമായ ഈ ഭൂമിയുടെ ഭാഗമാണ് ഞങ്ങളും എന്ന ചിന്തയില്‍ ജീവിക്കുവാന്‍
ഞങ്ങളുടെ മനുസ്സു തുറക്കുകയും ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ചെയ്യണമേ.
ക്ലേശപൂര്‍ണ്ണമായ ഈ സമയത്ത് ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് തുണയായി ജീവിക്കാന്‍, വിശിഷ്യാ പാവങ്ങളും വ്രണിതാക്കളുമായവരെ സഹായിച്ചു ജീവിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.

ലോകവ്യാപകമായ ഒരു മഹാമാരിയുടെ പ്രത്യാഘാതങ്ങളെ ക്രിയാത്മകമായി നേരിടുവാനും, ക്ലേശിക്കുന്നവരുമായി ഐക്യദാര്‍ഢ്യം പ്രകടമാക്കുവാനുള്ള കരുത്തും കഴിവും അങ്ങു ഞങ്ങള്‍ക്കു നല്കണമേ. കാലികമായ ചുറ്റുപാടുകളില്‍ പൊതുനന്മയ്ക്കായി നിലകൊള്ളുവാനും അതിനാവശ്യമായ മാറ്റങ്ങള്‍ ആശ്ലേഷിച്ചു ജീവിക്കുവാനുമുള്ള അവബോധം ഞങ്ങള്‍ക്കു നല്കണമേ. സമൂഹത്തില്‍ ഞങ്ങള്‍ പൂര്‍വ്വോപരി പരസ്പരാശ്രിതരും പരസ്പരബന്ധമുള്ളവരുമാണെന്നു കൂടുതല്‍ മനസ്സിലാക്കട്ടെ. അങ്ങനെ ഭൂമിയുടെയും, ഒപ്പം പാവങ്ങളും എളിയവരുമായ ഞങ്ങളുടെ സഹോദരങ്ങളുടെയും കരച്ചില്‍ കേള്‍ക്കുവാനും, അതിനോടു പ്രതികരിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ.

ഇന്നു ഞങ്ങള്‍ ലോകത്ത് അനുഭവിക്കുന്ന യാതനകളും ക്ലേശങ്ങളും കൂടുതല്‍ സാഹോദര്യവും സുസ്ഥിതിയുമുള്ള ഒരു ഭൂമിയുടെ പുനര്‍ജനിക്കായുള്ള നൊമ്പരമായി മനസ്സിലാക്കുവാനും അംഗീകരിക്കുവാനും അങ്ങു ഞങ്ങളെ പ്രാപ്തരാക്കണമേ. ഈ പ്രാര്‍ത്ഥന പരിശുദ്ധകന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്താല്‍ ഞങ്ങളുടെ കര്‍ത്താവും രക്ഷകനുമായ ക്രിസ്തുനാഥനു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

ആമേന്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 September 2020, 08:38