നാഗോർണൊ-കരബാക്ക് പ്രദേശത്തിനു വേണ്ടി അസർബൈജാനും അർമേനിയയും തമ്മിലുള്ള പോരാട്ടത്തിൻറെ ഒരു ദൃശ്യം നാഗോർണൊ-കരബാക്ക് പ്രദേശത്തിനു വേണ്ടി അസർബൈജാനും അർമേനിയയും തമ്മിലുള്ള പോരാട്ടത്തിൻറെ ഒരു ദൃശ്യം 

ബലപ്രയോഗവും ആയുധങ്ങളും പ്രശ്നങ്ങൾ പരിഹരിക്കില്ല, പാപ്പ

സംഭാഷണവും കൂടിയാലോചനകളും വഴി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതിന് സന്മനസ്സിൻറെയും സാഹോദര്യത്തിൻറെയും സമൂർത്ത പ്രവർത്തികളിലേർപ്പെടാൻ കൗക്കാസൂസ് പ്രദേശത്ത് സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികളോട് ഫ്രാൻസീസ് പാപ്പാ അഭ്യർത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൗക്കാസൂസ് പ്രദേശത്ത് സമാധാനം സംജാതമാകുന്നതിനു വേണ്ടി പാപ്പാ പ്രാർത്ഥിക്കുന്നു.

അർമേനിയ, അസർബൈജാൻ, ജോർജിയ എന്നീ നാടുകളും റഷ്യയുടെ ദക്ഷിണഭാഗത്തെ ഏതാനും പ്രദേശങ്ങളും ആധിപത്യമുറപ്പിച്ചിരിക്കുന്ന കൗക്കാസൂസ് പ്രദേശത്ത്, നാഗോർണൊ-കരബാക് ഭാഗത്തെച്ചൊല്ലി അർമേനിയയും അസർബൈജാനും തമ്മിൽ ഞായറാഴ്ച ആരംഭിച്ച സായുധ സംഘർഷത്തിൻറെ പശ്ചാത്തലത്തിലാണ് ഫ്രാൻസീസ് പാപ്പാ, ഞായറാഴ്ച (27/09/20) മദ്ധ്യാഹ്നത്തിൽ, വത്തിക്കാനിൽ നയിച്ച ത്രികാല പ്രാർത്ഥനാ വേളയിൽ ആശീർവ്വാദാനന്തരം, സമാധാനത്തിനായി പ്രാർത്ഥിച്ചത്.

കൗക്കാസൂസ് പ്രദേശത്ത് നടക്കുന്ന ഏറ്റുമുട്ടലുകളെക്കുറിച്ച് ആശങ്കാജനകമായ വാർത്തകളാണ് എത്തുന്നതെന്നു പറഞ്ഞ പാപ്പ, ബലപ്രയോഗവും ആയുധങ്ങളും കൊണ്ടല്ല, മറിച്ച്, സംഭാഷണവും കൂടിയാലോചനകളും വഴി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതിന് സന്മനസ്സിൻറെയും സാഹോദര്യത്തിൻറെയും സമൂർത്ത പ്രവർത്തികളിലേർപ്പെടാൻ സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികളോട് അഭ്യർത്ഥിക്കുകയും കൗക്കാസൂസിൽ സമാധാനം ഉണ്ടാകുന്നതിനായി മൗനപ്രാർത്ഥന നടത്താൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

4400 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള നാഗർണൊ-കരബാക്ക് പർവ്വത മേഖലയ്ക്കുവേണ്ടി നാലു പതിറ്റാണ്ടായി അർമേനിയയും അസർബൈജാനും അവകാശവാദം ഉന്നയിക്കുന്നു.

ഇതിനിടെ ക്രൈസ്തവർ ഭൂരിപക്ഷമുള്ള അർമേനിയയെ പിന്തുണച്ചുകൊണ്ട് റഷ്യയും മുസ്ലീങ്ങൾ ഭൂരിപക്ഷം വരുന്ന അസർബൈജാനെ തുണച്ചുകൊണ്ട് തുർക്കിയും യുദ്ധത്തിൽ ഇടപെടുമയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

വെടി നിറുത്താൻ റഷ്യ അർമേനിയയോടും അസർബൈജാനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 September 2020, 09:14