തിരയുക

ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച (02/08/2020)  നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ! ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച (02/08/2020) നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ! 

"അനുകമ്പയുണ്ടോ എനിക്ക്"?, പാപ്പായുടെ ത്രികാലജപ സന്ദേശം!

യേശു ഭൂതവർത്തമാന കാലങ്ങളിലെ തൻറെ സുഹൃത്തുക്കളെ ദൈവത്തിൻറെ യുക്തിയെക്കുറിച്ചു ബോധവത്ക്കരിക്കാൻ ശ്രമിക്കുന്നു. ഇവിടെ നാം കാണുന്ന ദൈവത്തിൻറെ യുക്തി എന്താണ്? അപരൻറെ കാര്യങ്ങൾ ഏറ്റെടുക്കുന്നതാണ് ഈ യുക്തി. കൈകഴുകി ഒഴിഞ്ഞുമാറുന്ന യുക്തിയല്ല ഇത്. ഫ്രാൻസിസ് പാപ്പായുടെ ത്രികാലജപസന്ദേശ ചിന്തകൾ !

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ പതിവുപോലെ, ഈ ഞായറാഴ്ചയും (02/08/20) വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിന് അഭിമുഖമായുള്ള തൻറെ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്ന് മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു.

ഈ ദിനങ്ങളിൽ റോമിൽ വേനൽക്കാല സൂര്യതാപം ശക്തിയാർജ്ജിച്ചിരിക്കായെണങ്കിലും നട്ടുച്ചനേരത്ത് പാപ്പാനയിച്ച ത്രികാലപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന വിശ്വാസികൾ ചത്വരത്തിൽ സന്നിഹിതരായിരുന്നു. കൊറോണവൈറസ് സംക്രമണ അപകട സാധ്യത ഇപ്പോഴും നിലനില്ക്കുന്നതിനാൽ വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സാധ്യമായത്രയും സാമൂഹ്യ-ആരോഗ്യ-സുരക്ഷാ അകലം പാലിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു.  പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു. 

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് അവലംബം, ഈ ഞായറാഴ്ച (02/08/20) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, യേശു അപ്പം വർദ്ധിപ്പിക്കുന്ന അത്ഭുത സംഭവം, മത്തായിയുടെ സുവിശേഷം 14,13-21 വരെയുള്ള വാക്യങ്ങളൾ ആയിരുന്നു.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ  വിചിന്തനം ഇപ്രകാരം വിവർത്തനം ചെയ്യാം:

യേശു അപ്പം വർദ്ധിപ്പിക്കുന്ന സുവിശേഷ സംഭവത്തിൽ മറഞ്ഞിരിക്കുന്ന ദൈവിക യുക്തി

പ്രിയ സഹോദരീ  സഹോദരന്മാരേ, ശുഭദിനം,

അപ്പം വർദ്ധിപ്പിക്കുന്ന അത്ഭുതസംഭവമാണ് ഈ ഞായറാഴ്ചത്തെ (02/08/20) സുവിശേഷം (മത്തായി 14,13-21) അവതരിപ്പിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം മാറിയിരിക്കുന്ന വിജനമായ ഒരു സ്ഥലത്താണ് ഇത് അരങ്ങേറുന്നത്. എന്നാൽ അവിടത്തെ ശ്രവിക്കാനും രോഗമുക്തി നേടാനുമായി ജനങ്ങൾ അവിടെ എത്തുന്നു. വാസ്തവത്തിൽ അവിടത്തെ വചനങ്ങളും പ്രവർത്തികളും സൗഖ്യമേകുകയും പ്രത്യാശ  പകരുകയും ചെയ്യുന്നു. സൂര്യാസ്തമയമായപ്പോഴും ജനങ്ങൾ അവിടെത്തന്നെ നിലകൊണ്ടു. ജനങ്ങൾ പോയി ഭക്ഷണം വാങ്ങിക്കുന്നതിനായി അവരെ പറഞ്ഞുവിടാൻ പ്രായോഗികബുദ്ധിയുള്ള ശിഷ്യന്മാർ യേശുവിനോടോതുന്നു.  എന്നാൽ യേശു അവരോടു പറയുന്നു: “നിങ്ങൾ തന്നെ അവർക്ക് ഭക്ഷണം കൊടുക്കുവിൻ” (മത്തായി 14,16) അപ്പോൾ ശിഷ്യന്മാരുടെ മുഖഭാവം എന്തായിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ. താൻ ചെയ്യാൻപോകുന്നത് എന്താണെന്ന് യേശുവിന് നല്ലവണ്ണം അറിയാം, പക്ഷേ, അവരുടെ മാനോഭാവത്തിൽ മാറ്റം വരുത്താൻ യേശു ആഗ്രഹിക്കുന്നു. അതായത്, “അവരെ പറഞ്ഞയക്കുക”, “അവർ കാര്യങ്ങൾ സ്വയം ശരിയാക്കട്ടെ” “അവർക്കുവേണ്ട ആഹാരം അവർ കണ്ടെത്തട്ടെ” എന്നൊന്നും പറയരുത്, മറിച്ച് പങ്കുവയ്ക്കുന്നതിന് ദൈവിക പരിപാലന നമുക്കേകുന്നത് എന്താണെന്ന് ചിന്തിക്കണം. രണ്ടു വിപരീത മനോഭാവങ്ങൾ. രണ്ടാമത്തെ മനോഭാവത്തിലേക്ക് അവരെ ആനയിക്കാൻ യേശു അഭിലഷിക്കുന്നു. കാരണം ആദ്യത്തേത് പ്രായോഗിക മനുഷ്യൻറെ നിർദ്ദേശമാണ് ഉദാരമനസ്ക്കൻറെതല്ല. “അവരെ പറഞ്ഞയക്കുക, അവർതന്നെ അവർക്കാവശ്യമായവ കണ്ടെത്തട്ടെ”. എന്നാൽ യേശു ചിന്തിക്കുന്നത് മറ്റൊരു രീതിയിലാണ്. ഈയൊരവസ്ഥയിലൂടെ കടന്നുപോകുന്ന യേശു ഭൂതവർത്തമാന കാലങ്ങളിലെ തൻറെ സുഹൃത്തുക്കളെ ദൈവത്തിൻറെ യുക്തിയെക്കുറിച്ചു ബോധവത്ക്കരിക്കാൻ ശ്രമിക്കുന്നു. ഇവിടെ നാം കാണുന്ന ദൈവത്തിൻറെ യുക്തി എന്താണ്? അപരൻറെ കാര്യങ്ങൾ ഏറ്റെടുക്കുന്നതാണ് ഈ യുക്തി. കൈകഴുകി ഒഴിഞ്ഞുമാറുന്ന യുക്തിയല്ല, മറ്റൊരു വശത്തേക്കു നോക്കാതിരിക്കുന്ന യുക്തിയല്ല ഇത്. അപരൻറെ ആവശ്യങ്ങൾ ഏറ്റെടുക്കുന്ന യുക്തിയാണിത്. “അവർ അവരുടെ കാര്യങ്ങൾ നോക്കട്ടെ” എന്നതിന് ക്രൈസ്തവ പദാവലിയിൽ സ്ഥാനമില്ല.

“അഞ്ചപ്പവും രണ്ടു മീനും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളു” 

“അഞ്ചപ്പവും രണ്ടു മീനും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളു” (മത്തായി 14,17-18)  എന്ന് പന്ത്രണ്ടുപേരിൽ ഒരുവൻ യാഥാർത്ഥ്യബോധത്തോടെ പറഞ്ഞ ഉടനെ യേശു പ്രത്യുത്തരിക്കുന്നു: “അവ എൻറെ അടുത്തു കൊണ്ടുവരുക” (മത്തായി 14,18). അവിടന്ന് ആ ആഹാരസാധനങ്ങൾ കൈയ്യിലെടുത്ത് സ്വർഗ്ഗത്തിലേക്കു കണ്ണുകൾ ഉയർത്തി ആശീർവ്വദിക്കുകയും അവ മുറിക്കുകയും ആ കഷണങ്ങൾ വിതരണം ചെയ്യുന്നതിന് ശിഷ്യരെ ഏല്പിക്കുകയും ചെയ്യുന്നു. ആ അപ്പവും മീനും തീരുന്നില്ല, ആയിരക്കണക്കിനാളുക്കൾക്ക് അവ തികയുകയും ബാക്കിയാവുകയും ചെയ്തു.

ദൈവപിതാവിൻറെ ഉപവിയുടെയും ഉദാരതയുടെയും അടയാളമായ തൻറെ ശക്തി യേശു പ്രകടിപ്പിക്കുന്നു

ഈ പ്രവർത്തിയിലൂടെ യേശു സ്വന്തം ശക്തി പ്രകടിപ്പിക്കുന്നു, എന്നാലത് നാടകീയമായ രീതിയിലല്ല, പ്രത്യുത, പരിക്ഷീണിതരും ആവശ്യത്തിലിരിക്കുന്നവരുമായ തൻറെ മക്കളോടുള്ള ദൈവപിതാവിൻറെ ഉപവിയുടെയും ഉദാരതയുടെയും അടയാളം എന്ന നിലയിലാണ്. സ്വന്തം ജനത്തിൻറെ ജീവിതത്തിൽ അവിടന്ന് ആമഗ്നനാണ്, അവരുടെ അവശതകൾ അവിടന്ന് അറിയുന്നു, അവരുടെ കുറവുകൾ അവിടന്ന് ഗ്രഹിക്കുന്നു, എന്നാൽ അവരിലാരും നഷ്ടപ്പെടാനൊ കുറഞ്ഞുപോകാനൊ അവിടന്നനുവദിക്കുന്നില്ല. തൻറെ വചനത്താൽ അവിടന്ന് അവരെ പോറ്റുന്നു, ജീവൻ നിലനിറുത്തുന്നതിന് സമൃദ്ധമായി ഭക്ഷണമേകുന്നു.

വിശുദ്ധകുർബ്ബാനയുടെ പ്രതീകാത്മകത തെളിയുന്ന അത്ഭുതം

ഈ സുവിശേഷാഖ്യാനത്തിലും ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സൂചന അന്തർലീനമാണ്, പ്രത്യേകിച്ച്, ആശീർവ്വദിക്കുകയും അപ്പം മുറിക്കുകയും ശിഷ്യന്മാർക്ക് നല്കുകയും ജനങ്ങൾക്ക് വീതിച്ചുകൊടുക്കുകയും ചെയ്യുന്നവിടെ (മത്തായി 14,19). നിത്യജീവൻറെ പോഷണമായ ദിവ്യകാരുണ്യ അപ്പവും ഭൗമികജീവിതത്തിനാവശ്യമായ അന്നന്നത്തെ അപ്പവും തമ്മിലുള്ള അഭേദ്യബന്ധം ശ്രദ്ധേയമാണ്. പിതാവിന്, രക്ഷാകര അപ്പമായി സ്വയം സമർപ്പിക്കുന്നതിന് മുമ്പ് യേശു, തന്നോടൊപ്പമുള്ളവർ ഭക്ഷണം കരുതിവയ്ക്കാൻ മറന്നുവെങ്കിലും, തന്നെ അനുഗമിക്കുന്നവർക്ക് ആഹാരം നല്കുന്നതിൽ ശ്രദ്ധിക്കുന്നു. ചിലപ്പോഴൊക്കെ ആത്മാവും പദാർത്ഥവും പരസ്പരം എതിരാകുന്നു. എന്നാൽ, വാസ്തവത്തിൽ ഭൗതികവാദം എന്ന പോലെതന്നെ ആദ്ധ്യാത്മികതയും ബൈബിളിന് അന്യമാണ്. അത് ബൈബിൾ ഭാഷ്യമല്ല.

സമൂർത്ത സ്നേഹത്തിൻറെ ആവിഷ്ക്കാരമായ അനുകമ്പ

ജനക്കൂട്ടത്തോട് യേശുകാണിച്ച അനുകമ്പ, ആർദ്രത വെറും വൈകാരികതയല്ല, മറിച്ച് വ്യക്തികളുടെ ആവശ്യങ്ങൾ സ്വയം ഏറ്റെടുക്കുന്ന സമൂർത്ത സ്നേഹത്തിൻറെ ആവിഷ്ക്കാരമാണ്. അപരൻറെ ആവശ്യങ്ങൾ നിറവേറ്റുന്നതിലുള്ള അനുകമ്പ എന്ന യേശുവിൻറെ അതേ മനോഭാവത്തോടുകൂടി ദിവ്യകാരുണ്യ വിരുന്നിനണയാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അപരൻറെ ആവശ്യങ്ങളോടുള്ള അനുകമ്പ. അനുകമ്പ എന്ന വാക്ക് ഒരു പ്രശ്നമോ ഒരു രോഗമോ വിശക്കുന്ന ജനത്തെയൊ യേശു കാണുമ്പോൾ സുവിശേഷത്തിൽ ആവർത്തിക്കുന്നു. “അവരോടു അനുകമ്പയുണ്ടായി”. അനുകമ്പ വെറും ഭൗതികവികാരമല്ല. യഥാർത്ഥ അനുകമ്പ അപരനോടൊപ്പം വേദനയനുഭവിക്കലാണ്, അപരൻറെ വേദന ഏറ്റെടുക്കലാണ്. ഒരു പക്ഷേ ഇന്ന് നമ്മൾ ഇങ്ങനെ സ്വയം ഒന്നു ചോദിക്കുന്നത് ഗുണകരമായിരിക്കും: യുദ്ധം, പട്ടിണി, മഹാമാരി എന്നിവയെക്കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോൾ എനിക്ക് അനുകമ്പ തോന്നാറുണ്ടോ? അതുപോലെ നിരവധി കാര്യങ്ങളുണ്ട്. ... എനിക്ക് അനുകമ്പയുണ്ടാകാറുണ്ടോ? എൻറെ ചാരെയുള്ള ആളുകളോട് സഹാനുഭൂതിയുണ്ടോ? എനിക്ക് അവരോടൊപ്പം വേദനിക്കാൻ കഴിയുന്നുണ്ടോ? അതോ ഞാൻ മുഖം തിരിക്കുകയും അവർ അവരുടെ കാര്യങ്ങൾ നോക്കട്ടെ എന്നു കരുതുകയുമാണൊ ചെയ്യുന്നത്. അനുകമ്പ എന്ന വാക്ക് മറക്കരുത്. അത് പിതാവിൻറെ പരിപാലനാപരമായ സ്നേഹത്തിലുള്ള വിശ്വാസമാണ്, അതിനർത്ഥം സുധീരമായ പങ്കുവയ്ക്കലാണ്. 

പരിശുദ്ധ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം

ഇന്നത്തെ സുവിശേഷത്തിൽ കർത്താവ് കാണിച്ചുതരുന്ന പാത പിന്തുടരാൻ ഏറ്റവും പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ. അത് സാഹോദര്യത്തിന്റെ പാതയാണ്, ഈ ലോകത്തിലെ ദാരിദ്ര്യത്തെയും കഷ്ടപ്പാടുകളെയും അഭിമുഖീകരിക്കാൻ അത് അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ച്, ഈ ഗുരുതരവേളയിൽ. അത് ലോകത്തിനുമപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്നു, കാരണം ഈ സരണി ദൈവത്തിൽ നിന്ന് ആരംഭിച്ച് ദൈവത്തിൽത്തന്നെ എത്തിച്ചേരുന്നതാണ്.

ഈ വാക്കുകളെതുടർന്ന് പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തു. 

നിക്കരാഗ്വയിലെ ജനങ്ങളുടെ വേദനയിൽ പാപ്പാ പങ്കുചേരുന്നു

മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയിലെ കത്തീദ്രലിനു നേർക്ക് കഴിഞ്ഞ വെള്ളിയാഴ്ച (31/07/20) ഉണ്ടായ തീബോംബാക്രമണത്തിൽ വേദനിക്കുന്ന അന്നാട്ടിലെ ജനങ്ങളെ പാപ്പാ അനുസ്മരിച്ചു.

അന്നാട്ടിലെ വിശ്വാസികളുടെ ജീവിതത്തെ നൂറ്റാണ്ടുകളായി കാത്തുപരിപാലിക്കുകയും തുണയ്ക്കുകയും ചെയ്ത, ഏറെ വണങ്ങപ്പെടുന്ന, ക്രിസ്തുവിൻറെ രൂപത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതും പാപ്പാ അനുസ്മരിക്കുകയും തൻറെ സാമീപ്യവും പ്രാർത്ഥനയും ഉറപ്പേകുകയും ചെയ്തു.

"അസ്സീസിയിലെ പാപവിമോചനം"

പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം വഴി വിശുദ്ധ ഫ്രാൻസീസ് അസ്സീസി ദൈവത്തിൽ നിന്നു നേടിയ ആദ്ധ്യാത്മിക ദാനമായ “പാപപ്പൊറുതിയുടെ” ദിനം, അതായത് “അസ്സീസിയിലെ പാപപ്പൊറുതി” ശനിയാഴ്ച (01/08/20) മുതൽ ഞായറാഴ്ച (020/08/20) വരെ ആചരിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.

അന്നേദിവസം പാപസങ്കീർത്തന കൂദാശയ്ക്കണയുകയും വിശുദ്ധ കുർബ്ബാന സ്വീകരിക്കുകയും ഇടവകദേവാലയമൊ, ഫ്രാൻസിസ്ക്കൻ ദേവാലയമൊ സന്ദർശിക്കുകയും വിശ്വാസപ്രമാണവും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയും ചൊല്ലുകയും പാപ്പായുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് പൂർണ്ണദണ്ഡവിമോചനം ലഭിക്കുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു. 

പരേതാത്മാക്കൾക്കായും ഈ ദണ്ഡവിമോചനം പ്രാപിക്കാമെന്നു പാപ്പാ പറഞ്ഞു. 

നമ്മിലും നമുക്കുചുറ്റും പറുദീസ സൃഷ്ടിക്കാൻ സാധിക്കുന്ന ദൈവത്തിൻറെ പാപമോചനത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുക സുപ്രധാനമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

കാരുണ്യവാനായ ദൈവത്തിൻറെ ഹൃദയത്തിൽ നിന്നു നിർഗ്ഗമിക്കുന്നതാണ് ഈ പാപമോചനമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വേനൽക്കാലാവധിയിലായിരിക്കുന്നവരെയും പാപ്പാ അനുസ്മരിച്ചു.

ഏതാനും നാളത്തെ വിശ്രമവും പ്രകൃതിയുമായുള്ള ബന്ധവും ആത്മീയമാനത്തിന് നവവീര്യം ആർജ്ജിക്കുന്നതിന് സഹായകമാകും എന്ന് പാപ്പാ പ്രത്യാഷശ പ്രകടിപ്പിച്ചു.

തൊഴിലിൻറെ അഭാവത്തിൽ ജീവിതം വഴിമുട്ടും

രാഷ്ട്രീയസാമ്പത്തിക ഉത്തരവാദിത്വം പേറുന്നവർ കൂട്ടായ പരിശ്രത്തിലൂടെ തൊഴിൽസാധ്യതകൾ തുറന്നിടട്ടെയെന്ന് ആശംസിച്ച പാപ്പാ തൊഴിലില്ലെങ്കിൽ കുടുംബങ്ങൾക്കും സമൂഹത്തിനും മുന്നോട്ടുപോകാനാകില്ല എന്ന വസ്തുത ചൂണ്ടിക്കാട്ടി.

പട്ടിണി, തൊഴിലില്ലായ്മ എന്നിവ ഒരു മഹാമാരിക്കാലാനന്തര പ്രശ്നം ആയിരിക്കുമെന്ന് പറഞ്ഞ പാപ്പാ ഏറെ ഐക്യദാർഢ്യവും സർഗ്ഗാത്മകതയും ഈ പ്രശ്നപരിഹൃതിക്ക് ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചു. 

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനയുടെ അവസാനം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന റോമാക്കാരും വിവിധ രാജ്യക്കാരും ആയിരുന്ന എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ചു.

തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന, പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും,  വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി സുസ്മേരവദനനായി, ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

03 August 2020, 12:18