തിരയുക

12-08-2020 Udienza Generale 12-08-2020 Udienza Generale 

മതങ്ങള്‍ക്ക് അതീതമായ മാനവിക കൂട്ടായ്മയ്ക്കുള്ള ആഹ്വാനം

പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം - മലയാളത്തില്‍ ഒരുക്കിയത് ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക് നെയ്യാറ്റിന്‍കര. - ശബ്ദരേഖയോടെ....
പൊതുകൂടിക്കാഴ്ചയിലെ പ്രഭാഷ​ണം

കോവിഡ് 19 മഹാമാരിയ്ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി, ജനസമ്പർക്കം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടുകൂടി, പാപ്പാ, പൊതുദർശന പരിപാടി ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാണ് ചെയ്തുവരുന്നത്. ഈ ബുധനാഴ്ചയും (12/08/20) പതിവുപോലെ പാപ്പാ, വത്തിക്കാനിലെ തന്‍റെ സ്വകാര്യ ലൈബ്രറിയിൽ നിന്ന്, ത്രീത്വൈക സ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടി ആരംഭിച്ചു. വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണവും, ഇറ്റാലിയൻ ഭാഷയിൽ പാപ്പായുടെ ഉദ്ബോധനവും, തുടർന്ന് വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെ അടിസ്ഥാനത്തിൽ രാജ്യങ്ങൾക്ക് വേണ്ടിയുള്ള സമർപ്പണ പ്രാർത്ഥനയും ഉണ്ടായിരുന്നു.

1. പാപ്പായുടെ സന്ദേശം
'പ്രിയ സഹോദരീ സഹോദരന്മാരേ, ഏവർക്കും ശുഭ ദിനം ആശംസിക്കുന്നു' എന്ന അഭിസംബോധനയോടുകൂടി ആരംഭിച്ച ഉദ്‌ബോധനത്തിന്‍റെ  ആദ്യ വരികൾ കേൾവിക്കാരുടെ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു. പാപ്പാ പറയുന്നു: 'നമ്മളെല്ലാവരും എത്രമാത്രം ദുർബലരും, പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവരുമാണെന്ന് ഈ മഹാമാരി നമ്മെപഠിപ്പിക്കുന്നു. സമൂഹത്തിൽ താഴേക്കിടയിലായിരിക്കുന്നവരെയും ഈ മഹാമാരി കൂടുതൽ ബാധിച്ചവരെയും പ്രകൃതിയിലെ സകലചരാചരങ്ങളെയുമടക്കം നമ്മൾ പരസ്പരം സഹായിക്കുന്നില്ലെങ്കിൽ, നമുക്ക് ലോകത്തെ സുഖപ്പെടുത്താൻ കഴിയില്ല'.

2. പ്രതിസന്ധിയിലെ കാഴ്ചപ്പാടുകള്‍
ഈ കഴിഞ്ഞ മാസങ്ങളിൽ, സ്വന്തം ജീവൻപോലും വകവയ്ക്കാതെ രോഗികൾക്കായി സ്വയം സമർപ്പിക്കാൻ തയ്യാറായ, നിരവധി വ്യക്തികളിൽ പ്രകടമായ മനുഷ്യസ്നേഹത്തിന്‍റെയും അയൽക്കാരനോടുള്ള ക്രൈസ്തവീയ മാനവികതയുടെയും പ്രതിബദ്ധത പ്രശംസനീയമാണ്. അതേസമയം, കൊറോണ വൈറസ് പൊരുതി തോൽപ്പിക്കപ്പെടേണ്ട ഒരു രോഗം മാത്രമല്ല, മറിച്ച് ഈ മഹാമാരി മനുഷ്യന്‍റെ  സാമൂഹിക രോഗങ്ങളെയും അപര്യാപ്തതകളെയും കൂടി വെളിച്ചത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ പാപ്പാ; അതിൽ പ്രധാനപ്പെട്ട ഒന്നാണ് മനുഷ്യന്റെ അന്തസ്സിനെയും ബന്ധുത്വ സ്വഭാവത്തെയും അവഗണിക്കുന്ന 'വ്യക്തിയുടെ വികലമായ കാഴ്ചപ്പാട്' എന്ന് ഓർമ്മിപ്പിച്ചു. കാരണം, ചില സമയങ്ങളിൽ നാം മറ്റുള്ളവരെ വസ്തുക്കളായി കാണുന്നു, ഉപയോഗിക്കാനും ഉപേക്ഷിക്കാനും തയ്യാറാകുന്നു. വാസ്തവത്തിൽ, മനുഷ്യൻ പുലർത്തുന്ന ഈ വികലമായ കാഴ്ചപ്പാട് യഥാർത്ഥ കാഴ്ചയെ മറയ്ക്കുകയും, സ്വാർത്ഥതയും ആക്രമണാത്മക സംസ്കാരവും വളർത്തുകയും ചെയ്യുന്നു, ഇത് മനുഷ്യനെ ഉപഭോക്തൃ സംസ്ക്കാരത്തിലേയ്ക്ക് നയിക്കുന്നു (Ref. Evangelii gaudium 53; Laudato si’ 22) വെന്നും പാപ്പാ പറഞ്ഞു.

3. ദൈവ-മനുഷ്യബന്ധവും കാഴ്ചപ്പാടിലെ പരിണാമവും
എന്നാൽ, വിശ്വാസത്തിന്‍റെ  വെളിച്ചത്തിൽ, ദൈവം മനുഷ്യനെ കാണുന്നത് ഇതിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണെന്ന് നമുക്കറിയാമെന്ന് ഓർമിപ്പിച്ച പാപ്പാ, അവിടുന്ന് നമ്മെ സൃഷ്ടിച്ചത് വസ്തുക്കളായിട്ടല്ല, മറിച്ച് സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുവാൻ കഴിവുള്ള, ദൈവത്തിന്‍റെ  രൂപത്തിലും സാദൃശ്യത്തിലുമാണെന്നും (Ref. ഉൽപത്തി 1:27); അങ്ങനെ, അവിടുന്ന് നമുക്ക് അതുല്യമായൊരു അന്തസ്സ് നൽകുകയും, ദൈവത്തോടും  സഹജീവികളോടും, മറ്റെല്ലാ സൃഷ്ടികളോടും കൂട്ടായ്മയിൽ ആദരവോടുകൂടെ ജീവിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നുവെന്നും; ഈ കൂട്ടായ്മയിലൂടെ, ജീവന്‍റെ  ഉത്പാദനത്തിനും അതിന്‍റെ  സംരക്ഷണത്തിനുമുള്ള പ്രാപ്തിയും (Ref. ഉല്‌പത്തി1: 28-29), ഭൂമിയിൽ പ്രയത്നിക്കാനും അതിനെ സംരക്ഷിച്ച് പരിപാലിക്കാനുമുള്ള (cf. ഉല്‌പ. 2:15; LS, 67) കഴിവും ദൈവം നമുക്ക് നൽകുന്നു (Ref Gen 2,15; LS, 67) വെന്നും ഉദ്‌ബോധിപ്പിച്ചു.

മനുഷ്യന്‍റെ  സ്വാർത്ഥത നിറഞ്ഞ കാഴ്ചപ്പാടിന് ഒരുദാഹരണം സുവിശേഷത്തിൽത്തന്നെ നമുക്ക് കാണാമെന്ന് പറഞ്ഞ പാപ്പാ; ക്രിസ്തു ശിഷ്യന്മാരായ യാക്കോബിന്‍റെയും യോഹന്നാന്‍റെയും അമ്മ യേശുവിനോട് നടത്തുന്ന അഭ്യർത്ഥനയിൽ സ്വാർത്ഥതയുടെ കാഴ്ചപ്പാട് ദർശിക്കാനാകുമെന്ന് (Ref. മത്തായി 20,20-28) ചൂണ്ടിക്കാട്ടി. ക്രിസ്തു ഭൂമിയിൽ സ്ഥാപിക്കുന്ന രാജ്യത്തിൽ, രാജാവിന്‍റെ  വലത്തും ഇടത്തും തന്‍റെ  മക്കൾക്ക് സ്ഥാനം നൽകണമെന്നാണ് അവളുടെ അഭ്യർത്ഥന. എന്നാൽ, യേശു മറ്റൊരു ദർശനമാണ് മുന്നോട്ടുവച്ചതെന്നും, അത് സേവനത്തിന്‍റെയും മറ്റുള്ളവർക്കുവേണ്ടി സ്വജീവന്‍ നൽകുന്നതിന്‍റെയും ദർശനമായിരുന്നുവെന്നും; കൂടാതെ, ഉടനെത്തന്നെ അന്ധരായ രണ്ടുപേർക്ക് കാഴ്ച നൽകിക്കൊണ്ട്, അവരെ ശിഷ്യരാക്കിക്കൊണ്ട് തന്‍റെ  കാഴ്ചപ്പാട് യേശു സ്ഥിരീകരിക്കുകയും ചെയ്യുന്നുവെന്ന് (Ref മത്തായി 20,29-34) പാപ്പാ വിവരിച്ചു.

അതിനാൽ, നമ്മുടെ സഹജീവികളിലേയ്ക്ക്, പ്രത്യേകിച്ച് കഷ്ടത അനുഭവിക്കുന്നവരിലേയ്ക്ക് തങ്ങളുടെ നയനങ്ങളെ തിരിക്കേണമേ എന്ന് കർത്താവിനോട് അപേക്ഷിക്കാമെന്നും, യേശുവിന്‍റെ  ശിഷ്യന്മാരെന്ന നിലയിൽ നിസ്സംഗതയോ സ്വാർത്ഥതയോ ഉള്ളവരാകാതിരിക്കാമെന്നും, വംശത്തിനും, ഭാഷയ്ക്കും, അവസ്ഥകൾക്കും ഉപരിയായി ഓരോ വ്യക്തിയെയും ഉൾക്കൊള്ളുവാനും അവർക്ക് പ്രാധാന്യം നൽകുവാനും ശ്രദ്ധിക്കാമെന്നും പാപ്പാ ഉപദേശിച്ചു.

4. മാനുഷികാസ്തിത്വം സംബന്ധിച്ച സഭാപ്രബോധനം
രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നത് "മനുഷ്യൻ ദൈവത്തിന്റെ സ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടത്", അതിനാൽത്തന്നെ മനുഷ്യന്റെ അന്തസ് (ആത്മാഭിമാനം) ഒരിക്കലും ഇകഴ്ത്തിക്കാട്ടാൻ പറ്റില്ലെന്നാണ്. (Ref. Gaudium et spes, 12). ഇതുതന്നെയാണ് സാമൂഹിക ജീവിതത്തിന്‍റെയും അടിത്തറയും, എല്ലാ പ്രവർത്തന തത്വങ്ങളെയും നിർണ്ണയിക്കുന്നതുമെന്ന് പറഞ്ഞ പാപ്പാ; ആധുനിക സംസ്കാരത്തിൽ, ഒരു വ്യക്തിയുടെ അദൃശ്യമായ ആത്മാഭിമാനത്തെ (അന്തസ്സിനെ) കുറിച്ചുള്ള നിർവചനങ്ങളിൽ ഏറ്റവും അടുത്ത് നിൽക്കുന്നതും, മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനവും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പരാമർശമാണെന്ന് ഓർമ്മിപ്പിച്ചു. അതിങ്ങനെയാണ് "മനുഷ്യരാശിയുടെ ദീർഘവും പ്രയാസകരവുമായ യാത്രയുടെ നാഴികക്കല്ലും... മനുഷ്യാവബോധത്തിന്‍റെ  ഉയർന്ന പ്രകടനങ്ങളിൽ ഒന്നുമാണ്" അവന്‍റെ ആത്മാഭിമാനം അല്ലെങ്കിൽ അന്തസ്. അവകാശങ്ങൾ വ്യക്തിഗതങ്ങൾ മാത്രമല്ല, മറിച്ച് സാമൂഹികവും, മനുഷ്യരാശിയുടെതന്നെയും, രാജ്യങ്ങളുടേയും കൂടിയാണ്. അതായത്, മനുഷ്യനായിരിക്കുകയെന്നാൽ, അവന്‍റെ  തന്നെ ആത്മാഭിമാനത്തിൽ/അന്തസിൽ, ത്രീയേക ദൈവത്തിന്‍റെ  രൂപത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു സാമൂഹ്യ ജീവിയായിരിക്കുക എന്നാണ്.

അതേസമയം, മാനുഷികാന്തസ്സിനെക്കുറിച്ചുള്ള ഈ പുതിയ അവബോധത്തിന് ഗുരുതരമായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടെന്നും പാപ്പാ സൂചിപ്പിച്ചു. അതായത്, പിതാവായ ദൈവത്തിന്റെ സ്നേഹത്തിൽ നിന്ന്, നമുക്ക് ലഭിച്ച ഒരു സമ്മാനമായി സഹോദരനെയും പ്രപഞ്ചത്തെയും നോക്കി കാണുന്നത്, നമ്മിൽ ശ്രദ്ധയുടെയും കരുതലിന്‍റെയും വിസ്മയത്തിന്റെയും പെരുമാറ്റമുളവാക്കുമെന്നും; അപ്പോൾ ഒരു വിശ്വാസി തന്റെ അയൽക്കാരനെ കരുതുന്നത് സഹോദരനായിട്ടായിരിക്കും അപരിചിതനായിട്ടല്ലെന്നും, അനുകമ്പയോടും സഹാനുഭൂതിയോടും കൂടെയായിരിക്കും പരിഗണിക്കുക അവഹേളനത്തോടും ശത്രുതയോടും കൂടിയല്ലെന്നും, അങ്ങനെ വിശ്വാസത്തിന്‍റെ  വെളിച്ചത്തിൽ ലോകത്തെ ധ്യാനിക്കുന്ന ഒരുവൻ, കൃപയുടെ സഹായത്താൽ, ചരിത്രത്തിന്‍റെ  ദുരന്തങ്ങൾ പരിഹരിക്കാനായി അവനിലെ സർഗ്ഗാത്മകതയും ഉത്സാഹവും ഉപയോഗിക്കുമെന്നും; അങ്ങനെ, മനുഷ്യന്‍റെയും പ്രകൃതിയുടെയും സേവനത്തിനായി ഉപയോഗിക്കേണ്ട ദൈവത്തിന്‍റെ ദാനങ്ങളായും, തന്റെ വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഉത്തരവാദിത്തങ്ങളായും അവൻ തന്‍റെ  കഴിവുകളെ മനസിലാക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

എല്ലാ ജീവിത ചുറ്റുപാടുകളിലുമുള്ള മനുഷ്യരെ ബാധിച്ചിരിക്കുന്ന ഒരു വൈറസിനെ നിർവീര്യമാക്കാൻ ഒന്നുചേർന്ന് പ്രവർത്തിക്കുമ്പോഴും, മനുഷ്യാവകാശങ്ങളുടെയും മനുഷ്യാന്തസ്സിന്‍റെയും  ലംഘനങ്ങൾ നേരിടുന്നൽ ഗൗരവത്തോടെയും സജീവമായും പ്രവർത്തിക്കാൻ വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നുവെന്നും, നമ്മുടെ വ്യക്തിപരവും കൂട്ടായതുമായ സ്വാർത്ഥതയിൽ നിന്ന് പരിവർത്തനം ചെയ്യപ്പെടാനും സുഖപ്പെടാനും നാം നമ്മെതന്നെ വിട്ടുകൊടുക്കണമെന്ന് വിശ്വാസം ആവശ്യപ്പെടുന്നുവെന്നും പാപ്പാ പറഞ്ഞു.

6. ദൈവത്തില്‍ ശരണപ്പെടാം
'മനുഷ്യകുടുംബത്തിലെ അംഗങ്ങൾ എന്നതിന്‍റെ  യഥാർത്ഥ അർത്ഥം വ്യക്തതയോടെ കണ്ടെത്തുന്നതിന് കർത്താവ് "നമ്മുടെ കാഴ്ച പുനഃസ്ഥാപിക്കട്ടെ". ആ കാഴ്ചശക്തി/ദർശനം ഓരോ വ്യക്തിയോടുമുള്ള അനുകമ്പയുടെയും ആദരവിന്റെയും പ്രവർത്തിയിലേയ്ക്കും, പ്രകൃതിയാകുന്ന പൊതു ഭവനത്തിന്റെ പരിപാലനത്തിന്‍റെയും കരുതലിന്‍റെയും ദൃശ്യമായ പ്രവർത്തനങ്ങളിലേക്കും പരിവർത്തനം ചെയ്യപ്പെടട്ടെ' എന്ന പ്രാർത്ഥനയോടുകൂടിയാണ് പരിശുദ്ധ പിതാവ് പൊതുദർശന പരിപാടിയുടെ വിചിന്തനങ്ങൾക്ക് വിരാമമിട്ടത്.

തുടർന്ന്, വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെ അടിസ്ഥാനത്തിൽ രാജ്യങ്ങൾക്ക് വേണ്ടിയുള്ള സമർപ്പണ പ്രാർത്ഥനയിൽ, ആഗസ്റ്റ് 15-ന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും പരിശുദ്ധ കന്യകാ മറിയത്തിന് ലോകത്തെ സമർപ്പിക്കുകയും ചെയ്തു.

ഗാനമാലപിച്ചത് ഗാഗുല്‍ ജോസഫ്, രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്, സംഗീതം ഹെക്ടര്‍ ലൂയിസ്

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2020, 14:15