തിരയുക

VATICAN-POPE-ANGELUS 09-08-2020 VATICAN-POPE-ANGELUS 09-08-2020 

ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന മനഃസാന്നിദ്ധ്യമാണ് വിശ്വാസം

ആഗസ്റ്റ് 9, ഞായറാഴ്ച മദ്ധ്യാഹ്നം – വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാല പ്രാര്‍ത്ഥനയിലെ സന്ദേശം : ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ത്രികാല പ്രാര്‍ത്ഥന സന്ദേശം

1. ത്രികാലപ്രാര്‍ത്ഥന പരിപാടി
യൂറോപ്പിലെ വേനല്‍ വെയിലിനെയും കൊറോണവൈറസ് വ്യാപനത്തിന്‍റെ ഭീതിയെയും വെല്ലുവിളിച്ച് ആയിരങ്ങള്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റ ചത്വരത്തില്‍ എത്തിയിരുന്നു. പാപ്പാ ഫ്രാന്‍സിസിനൊപ്പം ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പങ്കെടുക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം. ഇറ്റലിക്കാര്‍ മാത്രമല്ല, വിവിധ രാജ്യക്കാരുടെ കൂട്ടങ്ങളും അവിടവിടെയായി തങ്ങളുടെ ദേശീയ പതാകകളുമേന്തി നില്ക്കുന്നത് കാണാമായിരുന്നു.
വിശുദ്ധപത്രോസിന്‍റെ ബസിലിക്കയിലെ മണികള്‍ മുഴങ്ങി. പ്രാദേശിക സമയം മദ്ധ്യാഹ്നം കൃത്യം 12 മണി. ഇതാ, പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക അരമനയുടെ മൂന്നാം നിലയിലെ ജാലകത്തില്‍ പ്രത്യക്ഷപ്പെട്ടു. മന്ദസ്മിതത്തോടെ, എല്ലാവരെയും കരങ്ങള്‍ ഉയര്‍ത്തി പാപ്പാ അഭിവാദ്യംചെയ്തു. എന്നിട്ട് പ്രഭാഷണം ആരംഭിച്ചു.

2. സുവിശേഷ സംഭവം –
ജലത്തിനുമീതെ നടന്ന യേശു

ഈശോ പ്രക്ഷുബ്ധമായ ഗലീലിയ കടലിനുമീതെ നടന്ന് തന്‍റെ ശിഷ്യരുടെ പക്കല്‍ എത്തിയ സംഭവമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് ശ്രവിച്ചത് (മത്തായി 14, 22-33). അപ്പം വര്‍ദ്ധിപ്പിച്ച് അയ്യായിരങ്ങളെ പോറ്റിയ അത്ഭുതപ്രവൃത്തിക്കുശേഷം അവിടുന്ന ശിഷ്യന്മാരോട് ഗലീലിയുടെ മറുകരയിലേയ്ക്ക് തനിക്കുമുന്നേ വഞ്ചിയില്‍ പോകുവാന്‍ ആവശ്യപ്പെട്ടു. ഈശോ ജനങ്ങളെ പറഞ്ഞ് വീടുകളിലേയ്ക്ക് അയച്ചശേഷം പ്രാര്‍ത്ഥിക്കുവാനായി തനിച്ചു മലമുകളിലേയ്ക്കു കയറി. പിതാവുമായുള്ള ഐക്യത്തില്‍ അവിടുന്ന് സമയം ചെലവഴിച്ചു.

3. താങ്ങി രക്ഷിക്കുന്ന ദൈവം
രാത്രിയുടെ യാമത്തില്‍ ശിഷ്യന്മാര്‍ തടാകം കടക്കവെ പെട്ടന്ന് വലിയ കാറ്റുണ്ടായി, തിരമാലകള്‍ ആഞ്ഞടിച്ചു. പെട്ടന്നുണ്ടാകുന്ന കൊടുങ്കാറ്റും കടല്‍ക്ഷോഭവും ഗലീലിയ താടാകത്തില്‍ സാധാരണമാണ്. ആരോ ജലത്തിനുമീതെ ആ സമയത്ത് നടന്ന് തങ്ങളുടെ പക്കലേയ്ക്കു വരുന്നത് ശിഷ്യന്മാര്‍ കണ്ട്, ഭൂതമാണെന്നു വിചാരിച്ച് അവര്‍ ഭയവിഹ്വലരായി, ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. അപ്പോള്‍ ഈശോ അവരോടു പറഞ്ഞു. “ധൈര്യമായിരിക്കൂ. ഇതു ഞാനാണ്. ഭയപ്പെടേണ്ട!” അപ്പോള്‍ പത്രോസ് ധൈര്യം അവലംബിച്ചു പറഞ്ഞു. “അങ്ങാണെങ്കില്‍ കര്‍ത്താവേ, ജലത്തിനുമീതെ നടന്ന് അങ്ങേ പക്കല്‍ വരുവാന്‍ എന്നെ അനുവദിക്കണമേ!” തീര്‍ത്തും ഒരു വെല്ലുവിളിപോലെ! അപ്പോള്‍ ഈശോ പറഞ്ഞു. “വരൂ...!” പത്രോസ് വഞ്ചിയില്‍നിന്നും ഇറങ്ങി ജലത്തിനുമീതെ ഏതാനും ചുവടുകള്‍വച്ചു. എന്നാല്‍ കാറ്റും കോളും കണ്ട് ഭീതിപൂണ്ട് പത്രോസ് വെള്ളത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങി. അയാള്‍ കരങ്ങള്‍ നീട്ടിപ്പിടിച്ച് നിലവിളിച്ചു. “കര്‍ത്തേവേ, എന്നെ രക്ഷിക്കണേ!” അപ്പോള്‍ ഈശോ ചുവടുവച്ച് കരങ്ങള്‍ നീട്ടി, പത്രോസിനെ താങ്ങിയെടുത്തിട്ടു പറഞ്ഞു, “അല്പ വിശ്വാസീ... നീ എന്തിനാണ് സംശയിച്ചത്?”

4 ക്ലേശങ്ങളില്‍ ദൈവത്തിലേയ്ക്കു തിരിയാം
ജീവിതസാഗരത്തിലെ കാറ്റിലും കോളിലും, വിശിഷ്യ പ്രതിസന്ധികളുണ്ടാകുമ്പോള്‍ നമ്മെ എല്ലാവരെയും ദൈവകരങ്ങളില്‍ സമര്‍പ്പിക്കുവാനുള്ള ഒരു ക്ഷണവും ആഹ്വാനവുമാണ് ഇന്നത്തെ സുവിശേഷഭാഗമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. സംശയവും ഭീതിയും മനസ്സില്‍നിറഞ്ഞ് ജീവിതവഴികളില്‍ ഇരുട്ടുനിറയുമ്പോള്‍, പത്രോസിനെപ്പോലെ ദൈവത്തോടു കരഞ്ഞപേക്ഷിക്കാന്‍ മടികാണിക്കരുതെന്ന് പാപ്പാ ആഹ്വാനംചെയ്തു. യേശുവിന്‍റെ ഹൃദയകവാടത്തില്‍ മുട്ടി വിളിക്കാം.  ദൈവമേ, എന്നെ രക്ഷിക്കണേ! മനോഹരമായ പ്രാര്‍ത്ഥനയാണ് ഈ നിലവിളി. അനുദിന ജീവിതത്തില്‍ നാം ആവര്‍ത്തിക്കേണ്ട പ്രാര്‍ത്ഥനയാണിത്, ദൈവമേ, രക്ഷിക്കണമേ!

കരഞ്ഞു വിളിച്ച പത്രോസിന്‍റെ നേര്‍ക്ക് ഉടനെ തന്‍റെ ദിവ്യകരങ്ങള്‍ നീട്ടി, താങ്ങിയെടുത്ത യേശുവിന്‍റെ സ്നേഹവും സംരക്ഷണ സാന്നിദ്ധ്യവും നാം ധ്യാനിക്കേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നമ്മെ താങ്ങി ഉയര്‍ത്തുന്ന പിതാവിന്‍റെ കരുത്തുറ്റതും സ്നേഹമസൃണവും വിശ്വസ്തവുമായ കരങ്ങളാണ് ക്രിസ്തുവിന്‍റേതെന്ന് പാപ്പാ വിശേഷിപ്പിച്ചു. അവിടുന്നു നമ്മുടെ നന്മയും രക്ഷയുമാണ് സദാ ആഗ്രഹിക്കുന്നത്. എലിയ പ്രവാചകന്‍ അനുസ്മരിച്ചപോലെ, ദൈവം കൊടുങ്കാറ്റില്‍ ഇല്ലായിരുന്നു. അഗ്നിയിലും, ഭൂകമ്പത്തിലും അവിടുന്നില്ലായിരുന്നു. അവിടുന്ന് ഒരു മന്ദമാരുതന്‍ പോലെയാണ്. അവിടുന്ന് ഏകാന്തതയുടെ നിശ്ശബ്ദയാമങ്ങളില്‍ നമ്മുടെ ചാരത്ത് അണയുന്നു. അവിടുന്ന് വരുമ്പോള്‍ കാതോര്‍ക്കുന്നവര്‍ക്കു മാത്രമാണ് അവിടുത്തെ സാന്നിദ്ധ്യാനുഭവം ഉണ്ടാകുന്നതെന്ന് തന്നെ ശ്രവിച്ച ആയിരങ്ങളെ പാപ്പാ ഓര്‍പ്പിച്ചു (1 രാജാ 19, 11-13).

5. ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന മനഃസാന്നിദ്ധ്യം
ജീവിതയാത്രയിലെ പ്രതിസന്ധികള്‍ക്കിടയിലും ദൈവത്തെ വിളിച്ചപേക്ഷിക്കുവാനുള്ള മനഃസാന്നിദ്ധ്യമാണ് വിശ്വാസം. ക്ലേശപൂര്‍ണ്ണമായ ഈ കാലയളവില്‍ മനുഷ്യജീവിതം ആടിയുലയുമ്പോള്‍ സ്നേഹസമ്പന്നനും കരുണാര്‍ദ്രനുമായ പിതാവിലേയ്ക്കു തിരിയാം.
ഈ സമയമെല്ലാം പത്രോസിനെയും മറ്റു ശിഷ്യന്മാരെയുംപോലെ, നിങ്ങളെയും എന്നെയും ക്രിസ്തു പഠിപ്പിക്കുകയാണ്. ജീവിതത്തിന്‍റെ ഇരുണ്ടയാമങ്ങളില്‍ നമ്മുടെ വിശ്വാസം ദുര്‍ബലമാണെന്ന് ക്രിസ്തുവിന് അറിയാം. നാം അല്പ വിശ്വാസികളുമാണ്. മാത്രമല്ല, ജീവിതവഴികള്‍ ഇപ്പോള്‍ ഇരുളുമൂടിയതാണ്. ക്ലേശപൂര്‍ണ്ണവും തിന്മയുടെ ശക്തികളാല്‍ തടസ്സപ്പെട്ടതുമാണത്.

എന്നാല്‍ ക്രിസ്തു ഉത്ഥിതനാണ്! ഇതു നാം മറക്കരുത്. നമുക്കു രക്ഷ നല്കാന്‍ സ്വയം മരണം ഏറ്റെടുത്തവനാണ് അവിടുന്ന്. നാം അവിടുത്തെ അന്വേഷിക്കാന്‍ തുടങ്ങുംമുന്‍പേ, അവിടുന്നു നമ്മുടെ ചാരത്തുണ്ടെന്ന് ഓര്‍ക്കുക. നമ്മുടെ വീഴ്ചകളില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ്, വിശ്വാസത്തില്‍ വളരാന്‍ അവിടുന്നു നമ്മെ സഹായിക്കുന്നു. ജീവിതത്തിന്‍റെ ഇരുളില്‍ ദൈവം വിദൂരത്താണെന്നു നിനച്ച് നാം പത്രോസിനെപ്പോലെ, “ഓ ദൈവമേ.. രക്ഷിക്കണേ...!” എന്നു ഭയന്നു നിലവിളിക്കുമ്പോള്‍, ഓര്‍ക്കണം ദൈവം നമ്മുടെ ഓരോരുത്തരുടെയും ചാരത്തുതന്നെയുണ്ട്!

6. കോളില്‍പ്പെടുന്ന സഭയാകുന്ന നൗക
കോളില്‍പ്പെട്ട വഞ്ചി സഭയാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. ഓരോ കാലഘട്ടത്തിലും സഭ അതിന്‍റേതായ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ചലപ്പോള്‍ ക്ലേശങ്ങള്‍ അതിശക്തമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ട് സഭാപീഡനങ്ങളുടെ കാലമായിരുന്നു. അതിന്‍റെ ബാക്കിയെന്നോണം ഇന്നും ചില രാജ്യങ്ങളില്‍ ക്രൈസ്തവര്‍ പീ‍ഡിപ്പിക്കപ്പെടുന്നുണ്ട്. പീഡനങ്ങളിലും ക്ലേശങ്ങളിലും സഭാമക്കള്‍ ചിന്തിച്ചേക്കാം, ദൈവം തങ്ങളെ കൈവെടിഞ്ഞുവെന്ന്. എന്നാല്‍ പീഡനങ്ങളിലാണ് വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സാക്ഷ്യങ്ങള്‍ ഏറ്റവും അധികം കാണപ്പെടുന്നത്. സഭയില്‍ സന്നിഹിതനായിരിക്കുന്ന ഉത്ഥിതനായ ക്രിസ്തുവാണ് രക്തസാക്ഷിത്വംവരെ വിശ്വാസം സംരക്ഷിക്കുവാനും, അനുരജ്ഞനത്തിനും സമാധാനത്തിനും സാക്ഷികളായി ക്രൈസ്തവരെ പീഡനങ്ങളിലും ഉയര്‍ന്നുനില്ക്കുവാനും ഇടയാക്കുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

7. ഉപസംഹാരം
ക്ലേശങ്ങളുടെ തിരമാലകള്‍ ഉയര്‍ന്ന്, ഭീതിപൂണ്ട്, ജീവിതം ഇരുട്ടില്‍ ആഴുമ്പോള്‍ വിശ്വാസത്തില്‍ ഉറച്ചു ജീവിക്കുവാനും സഹോദര സ്നേഹത്തില്‍ വളരുവാനും പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥം തേടാമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു.

തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രി കാലപ്രാര്‍ത്ഥന ചൊല്ലി.
 

10 August 2020, 11:47