പാപ്പാ ഫ്രാന്‍സിസ് ക്ലേശിക്കുന്ന ലോകത്തിന് സാന്ത്വനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. കര്‍ദ്ദിനാള്‍ ജൊവാന്നി ബത്തീസ്ത റേയുടെ വാക്കുകള്‍
വൈറസ് ബാധയുടെ ക്ലേശകരമായ കാലത്ത് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ആത്മീയ പ്രബോധനങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഉപവിപ്രവര്‍ത്തനങ്ങളിലൂടെയും നല്കുന്ന പിന്‍തുണയ്ക്കും ആത്മബലത്തിനും, സമാശ്വാസത്തിനും നന്ദിയര്‍പ്പിച്ചത്, അപ്പസ്തോല പ്രമുഖരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിലായിരുന്നു. ജൂണ്‍ 29-Ɔο തിയതി സഭയുടെ നെടുംതൂണുകളായ ശ്ലീഹന്മാരുടെ മഹോത്സവനാളില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ആമുഖമായി കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവന്‍ എന്ന നിലയില്‍ പത്രോസിന്‍റെ പരമാധികാരത്തില്‍ സേവനംചെയ്യുന്ന പാപ്പാ ഫ്രാന്‍സിസിനെ അഭിസംബോധനചെയ്തുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ജൊവാന്നി ബാത്തീസ്ത റേ നന്ദിയുടെ വാക്കുകള്‍ മൊഴിഞ്ഞത്.
2. ലോകത്തിന് സാന്ത്വനം ക്രൈസ്തവര്‍ക്കു മാത്രല്ല!
ക്രൈസ്തവര്‍ മാത്രമല്ല, ലോകജനത ആകമാനം മഹാമാരിയുടെ കാലത്ത് മാധ്യമങ്ങളിലൂടെ പാപ്പായുടെ ആത്മീയസാമീപ്യവും സാന്ത്വനവും അനുഭവിച്ചതായി മനസ്സിലാക്കിയെന്ന് കര്‍ദ്ദിനാള്‍ റേ പ്രസ്താവിച്ചു. സാന്താ മാര്‍ത്തയില്‍നിന്നും രോഗത്തിന്‍റെ തീവ്രതയുടെ കാലത്ത് അനുദിനം മാധ്യമങ്ങളിലൂടെ കണ്ണിചേര്‍ത്ത പാപ്പായുടെ ദിവ്യബലിയിലും പ്രത്യേക നിയോഗങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലും പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദത്തിലും ജനകോടികളാണ് പങ്കെടുത്തത്. അതുപോലെ രോഗീപരിചരണത്തില്‍ വ്യാപൃതരായ ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും സന്നദ്ധസേവകര്‍ക്കും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കുമെല്ലാം നല്കിയ സമാശ്വാസത്തിന്‍റെയും അഭിനന്ദനത്തിന്‍റെയും വാക്കുകള്‍ തളരാതെ മുന്നേറുവാന്‍ സാഹായകമായെന്നും കര്‍ദ്ദിനാള്‍ റെ ചൂണ്ടിക്കാട്ടി.
3. “തൊഴിലാളിയായ യേശു”വിന്‍റെ സഹായനിധി
മഹാമാരിക്കിടെ “തൊഴിലാളിയായ യേശു”വിന്‍റെ നാമത്തില്‍ (Fund of Jesus the Worker) തുടങ്ങിയ പ്രത്യേക ധനശേഖരം പാവങ്ങളും വ്രണിതാക്കളും രോഗികളുമായവരോടുള്ള പാപ്പായുടെ ആര്‍ദ്രമായ സ്നേഹത്തിന്‍റെയും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള വലിയ സഹായമായും ഉദാരതയായും അദ്ദേഹം വിശേഷിപ്പിച്ചു. കുടുംബങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും സംസ്കാരങ്ങളെയും ജനസഞ്ചയങ്ങളെയും ഓര്‍ത്തുകൊണ്ട് രാജ്യാന്തരതലത്തില്‍ പ്രകടമാക്കപ്പെടുന്ന പാപ്പായുടെ പതറാത്തതും ലാളിത്യമാര്‍ന്നതുമായ അജപാലന തീക്ഷ്ണത അനിതരസാധാരണവും ലോകത്തിന് കാലികമായ കൃപാദാനവുമാണെന്ന് കര്‍ദ്ദിനാള്‍ റേ വിശേഷിപ്പിച്ചു.
4. പ്രാര്‍ത്ഥനാശംസയോടെ ഉപസംഹാരം
“അങ്ങ് ക്രിസ്തുവാണ്, ജീവനുള്ള ദൈവത്തിന്‍റെ പുത്രനാണ്,” എന്നു പ്രഖ്യാപിക്കുകയും, ഏറ്റുപറയുകയും ആ വിശ്വാസബോധ്യത്തിനായി ജീവന്‍ സമര്‍പ്പിക്കകയും ചെയ്ത ശ്ലീഹാന്മാരുടെ അനുസ്മരണദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന് ആയുസ്സും ആയുരാരോഗ്യവും നേര്‍ന്നുകൊണ്ടാണ് കര്‍ദ്ദിനാള്‍ റേ നന്ദിയുടെയും പ്രാര്‍ത്ഥനയുടെയും ആശംസാപ്രഭാഷണം ഉപസംഹരിച്ചത്.
കര്‍ദ്ദിനാള്‍ റേയുടെ ആശംസാവാക്കുകള്‍ക്കും നന്ദിപ്രകടനത്തിനും ശേഷം, മെത്രാപ്പോലീത്താമാര്‍ക്കുള്ള സ്ഥാനിക ഉത്തരീയമായ “പാലിയം” (Pallium) ആശീര്‍വ്വദിച്ചതിനു ശേഷമാണ് പാപ്പാ ദിവ്യബലി തുടര്‍ന്നത്.