ഫ്രാൻസീസ് പാപ്പാ വീഡിയൊ സന്ദേശം നല്കുന്നു, ഒരു പഴയ ചിത്രം ഫ്രാൻസീസ് പാപ്പാ വീഡിയൊ സന്ദേശം നല്കുന്നു, ഒരു പഴയ ചിത്രം 

"ചേരിനിവാസികളുടെ വൈദികർക്ക് "പാപ്പായുടെ പ്രാർത്ഥന!

ബൂവനോസ് അയിരെസിൽ പാവപ്പെട്ടവർക്കായി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന “കൂരാസ് വില്ലെരോസ്” (“Curas villeros”) എന്നറിയപ്പെടുന്ന വൈദികരുടെ സംഘത്തിന് ഫ്രാൻസീസ് പാപ്പയുടെ വീഡിയൊ സന്ദേശം .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തൻറെ ജന്മനാടായ അർജന്തീനയുടെ തലസ്ഥാന നഗരിയായ ബുവെനോസ് അയിരെസിൽ ഏറ്റവും പാവപ്പെട്ടവർ വസിക്കുന്ന 8 പ്രദേശങ്ങളിൽ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന “കൂരാസ് വില്ലെരോസ്” (“Curas villeros”) എന്നറിയപ്പെടുന്ന വൈദികരുടെ സംഘത്തിന് മാർപ്പാപ്പാ തൻറെ സാന്ത്വന- സാമീപ്യങ്ങൾ അറിയിക്കുന്ന ഒരു  വീഡിയോ സന്ദേശം നല്കി.

ചേരിപ്രദേശങ്ങളിൽ കൊറോണ വൈറസ് ബാധ ശക്തിപ്രാപിക്കുകയും അവിടെ സേവനമനുഷ്ഠിക്കുന്ന ഈ ഇരുപത്തിരണ്ടംഗ വൈദിക ഗണത്തിൽ 3 പേർക്ക് കോവിദ് 19 രോഗം പിടിപെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ സാന്ത്വന-പ്രചോദനദായക വീഡിയൊ സന്ദേശം.

താൻ അവരുടെ ചാരെയുണ്ടെന്നും, അവർക്കായി പ്രാർത്ഥിക്കുന്നുണ്ടെന്നും പാപ്പാ രോഗബാധിതരായ വൈദികരെ അറിയിക്കുന്നു.

അവർ ഈ രോഗത്തോട് പ്രാർത്ഥനയും ഭിഷഗ്വരന്മാരുടെ സഹായവും വഴി മല്ലടിക്കുകയാണെന്ന് തനിക്കറിയാമെന്ന് വ്യാഴാഴ്ച (09/07/20) വൈദികരുടെ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തപ്പെട്ട ഈ വീഡിയൊ സന്ദേശത്തിൽ പാപ്പാ പറയുന്നു.

പാവപ്പെട്ടവർ വസിക്കുന്ന പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഈ ഇരുപത്തിരണ്ടംഗ വൈദികവൃന്ദമേകുന്ന സാക്ഷ്യത്തിന് പാപ്പാ ദൈവത്തോട് നന്ദി പറയാനും അവരുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാനും വിശ്വാസികളേവരെയും ക്ഷണിക്കുന്നു.

1960 വരെ പിന്നോട്ടു പോകുന്നതാണ് “കൂരാസ് വില്ലെരോസ്” വൈദിക പ്രസ്ഥാനത്തിൻറെ സ്ഥാപന ചരിത്രം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2020, 15:01