വിതക്കാരൻറെ ഉപമ: പാതയിലും പാപ്പുറത്തും മുൾപ്പടർപ്പിലും നല്ലനിലത്തും വീണ വിത്തുകൾ! വിതക്കാരൻറെ ഉപമ: പാതയിലും പാപ്പുറത്തും മുൾപ്പടർപ്പിലും നല്ലനിലത്തും വീണ വിത്തുകൾ! 

പാപ്പായുടെ ത്രികാലജപ സന്ദേശം: വിതക്കാരൻറെ ഉപമ!

"ദൈവവചനം വീഴുന്ന നിലമാണ് നാം ഓരോരുത്തരും. ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. നമുക്കോരോരുത്തർക്കും ദൈവവചനം നല്കപ്പെട്ടിരിക്കുന്നു. നമുക്ക് സ്വയം ചോദിക്കാം: ഞാൻ എങ്ങനെയുള്ള നിലമാണ്? - ഫ്രാൻസീസ് പാപ്പായുടെ ത്രികാലപ്രാർത്ഥനാ സന്ദേശത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യൂറോപ്പിൽ വേനൽക്കാലാവധി ആരംഭിച്ചിരിക്കുന്നതിനാൽ ജൂലൈ മാസത്തിൽ പൊതു പരിപാടികളൊക്കെ ഒഴിവാക്കിയിരിക്കുന്ന ഫ്രാൻസീസ് പാപ്പാ,   ഞായറാഴ്‌ച പതിവുള്ള പൊതുവായ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് മുടക്കം വരുത്തുന്നില്ല. പതിവുപോലെ, ഈ ഞായറാഴ്ചയും (12/07/20) വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിന് അഭിമുഖമായുള്ള തൻറെ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്ന് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു.

കൊറോണവൈറസ് സംക്രമണ അപകട സാധ്യത ഇപ്പോഴും നിലനില്ക്കുന്നതിനാലും ഇറ്റലിയിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ നിയന്ത്രണം പിൻവലിച്ചതിനു ശേഷം കൊറോണ അണുവ്യാപനം നേരിയ തോതിൽ വർദ്ധിച്ചു വരുന്നതിനാലും വളരെ കുറച്ചു വിശ്വാസികൾ മാത്രമാണ്   വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിലയുറപ്പിച്ചിരുന്നത്. ആരോഗ്യ സുരക്ഷാനിബന്ധനകളൊക്കെ പാലിച്ചുകൊണ്ടാണ് വിശ്വാസികൾ അവിടെ സമ്മേളിച്ചിരുന്നത്.  

പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.  ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് അവലംബം, ഈ ഞായറാഴ്ച (12/07/20) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, സുവിശേഷഭാഗം, അതായത്, വിതക്കാരൻറെ ഉപമയും അതിൻറെ വിശദീകരണവും അടങ്ങിയ, മത്തായിയുടെ സുവിശേഷം 13,01-23 വരെയുള്ള വാക്യങ്ങളൾ ആയിരുന്നു.

പാപ്പാ  ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനം ഇപ്രകാരം പരിഭാഷപ്പെടുത്താം :

വചന വിത്തു വീണ നാലു നിലങ്ങൾ

പ്രിയ സഹോദരസഹോദരന്മാരേ, ശുഭദിനം,

ഈ ഞായാറാഴ്ചത്തെ സുവിശേഷത്തിൽ (മത്തായി 13,1-23) യേശു, വലിയൊരു ജനക്കൂട്ടത്തോട്, നമുക്കെല്ലാവർക്കും സുപരിചിതമായ, അതായത്, വിഭിന്നങ്ങളായ നാല് നിലങ്ങളിൽ വിത്തെറിയുന്ന വിതക്കാരൻറെ, ഉപമ പറയുന്നു. വിത്തുകളിലൂടെ പ്രതീകാത്മകമായി അവതരിപ്പിക്കപ്പെടുന്ന ദൈവവചനം അമൂർത്തമല്ല, പ്രത്യുത, അത് ക്രിസ്തു തന്നെയാണ്, മറിയത്തിൻറെ ഉദരത്തിൽ മാംസംധരിച്ച, പിതാവിൻറെ വചനമാണ്. അതുകൊണ്ടുതന്നെ, ദൈവത്തിൻറെ വചനം സ്വീകരിക്കുകയെന്നാൽ ക്രിസ്തുവെന്ന വ്യക്തിയെ, ആ ക്രിസ്തുവിനെ തന്നെ സ്വീകരിക്കുകയാണ്.

വഴിയിൽ വീണ വിത്ത്

ദൈവവചനം സ്വീകരിക്കുന്നതിന് വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. കിളികൾ വന്ന് വിത്തുകൾ കൊത്തിത്തിന്നുന്ന ഒരു പാതയെന്ന പോലെ നമുക്കിതു ചെയ്യാൻ സാധിക്കും. ഇത് പതർച്ചയാണ്. നമ്മുടെ ഇക്കാലത്തെ വലിയൊരു അപകടമാണിത്. നിരവധിയായ വൃഥാഭാഷണങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, വീടിനകത്തും പുറത്തും ശ്രദ്ധ വ്യതിചലിപ്പിക്കാനുതകുന്ന നിരന്തര സാധ്യതകൾ എന്നിവയുടെ ശല്യം മൂലം മൗനത്തിൻറെയും മനനത്തിൻറെയും കർത്താവുമായുള്ള സംഭാഷണത്തിൻറെയും സ്വാദ് ഒരുവനു നഷ്ടപ്പെടാം. എന്തിനു പറയുന്നു, വിശ്വാസം നഷ്ടപ്പെടുന്ന, ദൈവവചനത്തെ സ്വീകരിക്കാതിരിക്കുന്ന അപകടംവരെയുണ്ടാകാം. കാരണം സകലത്താലും, ലൗകികവസ്തുക്കളാൽ, സംഭ്രാന്തരായിട്ടാണ് നമ്മൾ എല്ലാം കാണുന്നത് .

വിത്ത് പാറപ്പുറത്ത് വീഴുമ്പോൾ

മറ്റൊരു സാധ്യത ഇതാണ്. കല്ലുകൾ നിറഞ്ഞതും മണ്ണ് കുറവുള്ളതുമായ നിലമെന്ന പോലെ നമുക്ക് ദൈവവചനത്തെ സ്വീകരിക്കാനാകും. അവിടെ വിത്ത് പെട്ടെന്നു മുളയ്ക്കുന്നു എന്നാൽ ഉടൻ തന്നെ അത് ഉണങ്ങിപ്പോകുന്നു. കാരണം അവിടെ ആഴത്തിൽ വേരുറപ്പിക്കാൻ അതിനു കഴിയുന്നില്ല. ദൈവവചനത്തെ ക്ഷണികമായ ആവേശത്തോടെ സ്വാഗതം ചെയ്യുന്നവരുടെ പ്രതിച്ഛായയാണ് ഇത്. ഇത് ഉപരിപ്ലവമാണ്, ദൈവവചനത്തെ സ്വാംശീകരിക്കുന്നില്ല. അങ്ങനെ ആദ്യത്തെ പ്രതിസന്ധിയുണ്ടാകുമ്പോൾ തന്നെ നാം കഷ്ടപ്പാടിനെക്കുറിച്ചും, പ്രക്ഷുബ്ധമായ ജീവിതത്തെക്കുറിച്ചും ചിന്തിച്ചുപോകുന്നു. ഇപ്പോഴും ദുർബ്ബലമായിരിക്കുന്ന ആ വിശ്വാസം കല്ലുകൾക്കിടയിൽ വീണ വിത്ത് ഉണങ്ങിപ്പോകുന്നതുപോലെ, അലിഞ്ഞു പോകുന്നു.

മുൾച്ചെടികൾ ഞെരുക്കുന്ന വിത്ത്

ഉപമയിൽ യേശുപറയുന്ന മൂന്നാമതൊരു സാധ്യതയും ഉണ്ട്. മുൾച്ചെടികൾ വളരുന്ന നിലം എന്ന പോലെ നമുക്ക് ദൈവവചനം സ്വീകരിക്കാൻ സാധിക്കും. ഈ മുള്ളുകൾ സമ്പത്തിൻറെയും നേട്ടങ്ങളുടെയും, ലൗകിക വ്യഗ്രതകളുടെയും ചതിയാണ്. അവിടെ വചനം അല്പമൊന്നു വളരും. എന്നാൽ ഈ മുള്ളുകൾ അവയെ ഞെരുക്കിക്കളയും. ദുർബ്ബലമായ അവ നശിച്ചുപോകുന്നു. അവയ്ക്ക് ഫലം പുറപ്പെടുവിക്കാനാവില്ല.

നല്ല നിലം

അവസാനമായി നാലമത്തെ സാധ്യത. അതായത് നല്ല നിലം എന്ന പോലെ നമുക്ക് ദൈവവചനത്തെ സ്വീകരിക്കാൻ സാധിക്കും. ഇവിടെ, ഇവിടെ മാത്രം വിത്ത് വേരുപിടിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഫലഭൂയിഷ്ഠമായ ഈ നിലത്തു വീണ വിത്ത്, ദൈവവചനം ശ്രവിക്കുകയും അതു സ്വീകരിക്കുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരെ പ്രതിനിധാനം ചെയ്യുന്നു.

വചനവിത്തു വിതയ്ക്കുന്ന ഉദാരമതിയായ വിതക്കാരൻ, ദൈവം

വിതക്കാരൻറെ ഈ ഉപമ, എല്ലാ ഉപമകളുടെയും “അമ്മ” ആണെന്നു പറയാം, കാരണം, അത് വചനശ്രവണത്തെക്കുറിച്ച് പറയുന്നു. ആ വചനം ഫലദായകവും പ്രയോജനകരവുമായ വിത്താണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. പാഴായിപ്പോകുമെന്ന് ചിന്തിക്കാതെ ഉദാരതയോടെ ദൈവം ആ വിത്ത് സകലയിടത്തും വിതയ്ക്കുന്നു. ദൈവത്തിൻറെ ഹൃദയം ഇങ്ങനെയാണ്! ദൈവവചനം വീഴുന്ന നിലമാണ് നാം ഓരോരുത്തരും. ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. നമുക്കോരോരുത്തർക്കും ദൈവവചനം നല്കിയിരിക്കുന്നു. നമുക്ക് സ്വയം ചോദിക്കാം: ഞാൻ എങ്ങനെയുള്ള നിലമാണ്? വഴി പോലെയാണോ, അതോ കൽപ്രദേശം പോലാണോ അല്ലെങ്കിൽ മുൾചെടികൾ നിറഞ്ഞ നിലം പോലാണൊ ഞാൻ? വേണമെന്നു വച്ചാൽ നമുക്ക്, ദൈവവചനം പാകമാകുന്നതിന് ഉഴുത് ഒരുക്കി കൃഷിയിറക്കുന്ന നല്ല നിലമായിത്തീരാൻ, ദൈവ കൃപയാൽ, സാധിക്കും. ആ വിത്ത് ഇതിനകം നമ്മുടെ ഹൃദയത്തിൽ ഉണ്ട്. അതിനെ ഫലദായകമാക്കിത്തീർക്കുക എന്നത് നമ്മെ ആശ്രയിച്ചിരിക്കുന്നു, നാം അതിനെ സ്വീകരിക്കുന്നരീതിയെ ആശ്രയിച്ചിരിക്കുന്നു.

ദൈവസ്വരം തിരിച്ചറിയാൻ കഴിയാതെവരുന്ന അവസ്ഥ

പലപ്പോഴും നിരവധി താൽപ്പര്യങ്ങളാലും, പ്രലോഭനങ്ങളാലും ശ്രദ്ധ പതറിപ്പോകുന്നു. ഏറെ ശബ്ദകോലാഹലങ്ങൾക്കിടയിൽ ഏകവും സ്വാതന്ത്ര്യദായകവുമായ കർത്താവിൻറെ സ്വരം ഏതെന്ന് തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ആകയാൽ ദൈവവചനം പതിവായി ശ്രവിക്കുകയും വായിക്കുകയും ചെയ്യുക പ്രാധാന്യമർഹിക്കുന്നു. ഞാൽ പതിവു ഉപദേശത്തിലേക്കു ഒരിക്കൽ കൂടി മടങ്ങി വരുന്നു:ഒരു ചെറിയ സുവിശേഷഗ്രന്ഥം, കീശയിൽ, കൈസഞ്ചിയിൽ ഒതുങ്ങാവുന്ന സുവിശേഷഗ്രന്ഥം എന്നും കൊണ്ടുനടക്കുക. അങ്ങനെ അനുദിനം ഒരു ചെറിയ സുവിശേഷഭാഗം നിങ്ങൾ വായിക്കുക. അത്, ദൈവവചന വായന ശീലിക്കുന്നതിനും നിനക്കു ദൈവം നല്കുന്ന വിത്ത് ഏതെന്ന് മനസ്സിലാക്കുന്നതിനും ഏതു തരം നിലത്തിലാണ് നീ അത് സ്വീകരിക്കുന്നതെന്ന് ചിന്തിക്കുന്നതിനും വേണ്ടിയാണ്.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

നമുക്കും മറ്റുള്ളവർക്കും വേണ്ടി നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ നമുക്കു സാധിക്കുന്നതിന് മുള്ളുകളും കല്ലുകളും ഇല്ലാത്ത ഒരുക്കമുള്ള നല്ല നിലമായി നാം മാറുന്നതിന് നല്ലതും ഫലഭൂയിഷ്ഠവുമായ നിലത്തിൻറെ ഉത്തമ മാതൃകയായ മറിയം അവളുടെ പ്രാർത്ഥന വഴി നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെതുടർന്ന് പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തു. 

അന്താരാഷ്ട്ര കടൽ ദിനം

ജൂലൈ മാസത്തിലെ രണ്ടാമത്തെതായ ഈ ഞായറാഴ്ച (12/07/20) അന്താരാഷ്ട്ര കടൽ ദിനം ആചരിക്കുന്നത് പാപ്പാ അനുസ്മരിച്ചു.

കടലുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരെ, വിശിഷ്യ, തങ്ങളുടെ പ്രിയപ്പെട്ടവരിലും തങ്ങളുടെ നാട്ടിൽ നിന്നും അകന്നു കഴിയുന്നവരെ പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും അവർക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്തു.

തുർക്കിയിലെ സോഫിയ കത്തീദ്രൽ

പാപ്പാ, തുർക്കിയിലെ ഇസ്താംബൂളിലെ വിശുദ്ധ സോഫിയായുടെ നാമത്തിലുള്ള മുൻ ക്രൈസ്തവ കത്തീദ്രൽ ദേവാലയത്തെക്കുറിച്ച് അതീവ ദുഃഖത്തോടെ അനുസ്മരിച്ചു.

ഇക്കഴിഞ്ഞ പത്താം തീയതി  (10/07/20) തുർക്കിയുടെ ഭരണകൂടം ഈ കത്തീദ്രൽ ദേവാലയം മുസ്ലീം പള്ളിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് പാപ്പായുടെ ഈ ഖേദപ്രകടനം.

ഇസ്താംബൂളിൽ 537 മുതൽ 1453 വരെ ആദ്യം ഗ്രീക്ക് കത്തോലിക്കാസഭയുടെയും പിന്നീട് ഓർത്തഡോക്സ് സഭയുടെയും, 1204-നും 1261-നും ഇടയ്ക്ക് റോമൻ കത്തോലിക്കാ കത്തീദ്രലും കുറെക്കാലം കോൺസ്റ്റൻറിനോപ്പിളിലെ പാത്രിയാർക്കേറ്റിൻറെ ആസ്ഥാനവും ആയിരുന്ന ഈ ദേവാലയം 1453-ൽ 1453 മെയ് 29 മുതൽ 1931 വരെ മുസ്ലീം പള്ളിയായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ 1935 ഫെബ്രുവരി 1-ന് ഈ കത്തീദ്രൽ ഒരു മ്യൂസിയമാക്കി മാറ്റി. ഇപ്പോൾ വീണ്ടും മുസ്ലീം പള്ളിയാക്കി മാറ്റിയിരിക്കയാണ് സോഫിയ കത്തീദ്രൽ.

സമാപനാഭിവാദ്യങ്ങൾ 

റോമാക്കാരായ വിശ്വാസികളെയും വിവിധ രാജ്യക്കാരായ തീർത്ഥാടകരെയും, പ്രത്യേകമായി, ഫോക്കൊളാരി പ്രസ്ഥാനത്തിലെ അംഗങ്ങളെയും പാപ്പാ അഭിവാദ്യം ചെയ്തു.അതുപോലെ തന്നെ കോവിദ് 19 മഹാമാരിയുടെ ഈ വേളയിൽ  രോഗികളുടെ ചാരെ ആയിരുന്നവരും ഇപ്പോൾ അവരുടെ ചാരെ ആയിരിക്കുന്നവരുമായ വൈദികരെയും സന്ന്യാസിസന്ന്യാസിനികളെയും അല്മായവിശ്വാസികളെയും പാപ്പാ നന്ദിയോടെ അനുസ്മരിക്കുകയും അവർക്ക് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.

തുടർന്ന് പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്നവർക്കും വിനിമയമാദ്ധ്യമങ്ങളിലൂടെ ത്രികാല പ്രാർത്ഥനയിൽ സംബന്ധിച്ചവർക്കും നല്ലൊരു ഞായർ ആശംസിച്ചു.

തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന, പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും,  വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി സുസ്മേരവദനനായി, ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2020, 11:59