തിരയുക

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ, ഞായർ 19/07/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ, ഞായർ 19/07/2020  

സംഘർഷവേദികളിൽ വെടി നിറുത്തണമെന്ന ആഹ്വാനം പാപ്പാ ആവർത്തിക്കുന്നു!

കൗകാസൂസ് പ്രദേശത്തെ ചൊല്ലി അർമേനിയായും അസ്സെർബെയ്ജാനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ, ഒരു ഇടക്കാല വെടിനിറുത്തലിനു ശേഷം ഇപ്പോൾ പുനരാരംഭിച്ചതിൽ പാപ്പാ ആശങ്ക പ്രകടിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൗകാസുസ് പ്രദേശത്ത് സമാധാനം സംജാതമാകുന്നതിനു വേണ്ടി പാപ്പാ പ്രാർത്ഥിക്കുന്നു.

ഞായറാഴ്ച (19/07/20) ത്രികാല പ്രാർത്ഥനാവേളയിൽ ആശീർവ്വാദനന്തരമാണ് ഫ്രാൻസിസ് പാപ്പാ സംഘർഷവേദിയായിരിക്കുന്ന ആ പ്രദേശത്തിനു വേണ്ടി പ്രാർത്ഥിച്ചത്.

കൗകാസൂസ് പ്രദേശത്തെ ചൊല്ലി അർമേനിയായും അസ്സെർബെയ്ജാനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഒരു ഇടക്കാല വെടിനിറുത്തലിനു ശേഷം കഴിഞ്ഞ വ്യാഴാഴ്ച (16/07/20)  പുനരാരംഭിച്ചതിൽ പാപ്പാ ആശങ്കയും രേഖപ്പെടുത്തി.

ഈ ഏറ്റുമുട്ടലുകൾ ജീവൻ അപഹരിച്ചവരുടെ കടുംബങ്ങൾക്ക് തൻറെ പ്രാർത്ഥനാസഹായം പാപ്പാ ഉറപ്പേകി.

അർമേനിയ- അസ്സെർബെയ്ജാൻ ബോംബാക്രണമങ്ങളിൽ 16 പേർ മരിച്ചുവെന്ന് കരുതുന്നു.

സംഘർഷങ്ങൾ മൂലം കൂടുതൽ യാതനകൾ അനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും പ്രത്യേകം അനുസ്മരിച്ച പാപ്പാ അടുത്തയിടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി അംഗീകരിച്ച ഒരു പ്രമേയത്തിൻറെ ചുവടു പിടിച്ച് താൻ ആഗോളതലത്തിലുള്ള സത്വര വെടിനിറുത്തലിനുള്ള ആഹ്വാനം നവീകരിക്കുന്നുവെന്ന് പറഞ്ഞു. 

ശാന്തിയും, മാനവികസഹായം എത്തിക്കുന്നതിന് അനിവാര്യമായ സുരക്ഷിതത്വവും സംജാതമാക്കുന്നതിന് വെടിനിറുത്തൽ അനിവാര്യമാണെന്ന് പാപ്പാ വ്യക്തമാക്കി.

അന്താരാഷ്ട്ര സമൂഹത്തിൻറെ പരിശ്രമവും സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന വിഭാഗങ്ങൾ തമ്മിലുള്ള സംഭാഷണവും അവരുടെ സന്മനസ്സും വഴി, ഈ ജനതകളുടെ നന്മ ലക്ഷ്യം വയ്ക്കുന്ന, സ്ഥായിയും സമാധാനപരവുമായ ഒരു പരിഹാരം സാധ്യമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. 

 

21 July 2020, 15:04