ഫ്രാൻസീസ് പാപ്പാ "ലാസറെ" സമൂഹത്തിൻറെ പ്രതിനിധികളുമൊത്ത് വത്തിക്കാനിൽ 29/05/2020 ഫ്രാൻസീസ് പാപ്പാ "ലാസറെ" സമൂഹത്തിൻറെ പ്രതിനിധികളുമൊത്ത് വത്തിക്കാനിൽ 29/05/2020 

പാപ്പാ "ലാസറെ" പ്രസ്ഥാനത്തോട് : മനുഷന് മാനവാന്തസ്സേകുന്ന മൂല്യം!

കുബേരനോ, കുചേലനോ, രോഗിയോ, ആരോഗ്യവാനോ ആരുമായിക്കൊള്ളട്ടെ മാനവാന്തസ്സ് എന്നത്, ദൈവത്തിൻറെ മക്കളായിരിക്കുന്നു എന്നതിലും എളിമയിലും നിന്നു നിർഗ്ഗമിക്കുന്ന ആന്തരിക ശക്തിയോടുകൂടി ദൈവത്തിൻറെയും മറ്റുള്ളവരുടെയും മുന്നിൽ ജീവിക്കുന്ന ഒരു ശൈലിയാണെന്ന് ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാനവാന്തസ്സ്, നല്ല ജീവിതം നയിക്കുന്നതിന് അനിവാര്യ വ്യവസ്ഥയാണെന്ന് മാർപ്പാപ്പാ.
ഫ്രാൻസിൽ 2011-ൽ ആരംഭിച്ച “ലാസറെ” (Lazare) എന്ന സംഘടനയുടെ എട്ടു പ്രതിനിധികളെ വത്തിക്കാനിൽ, തൻറെ വാസയിടമായ, “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ മെയ് 29-ന് സ്വീകരിച്ച വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.
സ്വഭവനം പാർപ്പിടരഹിതരുമായി പങ്കുവച്ചു ജീവിക്കുന്നവരുടെ ഈ സംഘടനയിലെ ഇതര അംഗങ്ങൾ, കോവിദ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഈ കൂടിക്കാഴ്ചയിൽ വീഡിയൊ സമ്മേളനത്തിലൂടെയാണ് പങ്കുചേർന്നത്.
പാപ്പായുമായി അവർ നടത്തിയ സംഭാഷണത്തിൻറെ വിശദാംശങ്ങൾ “ലാസറെ” സംഘടന വെള്ളിയാഴ്ച (05/06/20) ആണ് പരസ്യപ്പെടുത്തിയത്.
ഒരുവൻ നല്ല കായിക താരമായിരിക്കാം, ഉരുക്കു പോലുള്ള ശരീരം ഉള്ളവാനയിരിക്കാം എന്നാൽ ഔന്നത്യം ഇല്ലെങ്കിൽ അവൻ ഒന്നുമല്ലെന്ന് പാപ്പാ സംഭാഷണവേളയിൽ വ്യക്തമാക്കി.
കുബേരനോ, കുചേലനോ, രോഗിയോ, ആരോഗ്യവാനോ ആരുമായിക്കൊള്ളട്ടെ മാനവാന്തസ്സ് എന്നത്, ദൈവത്തിൻറെ മക്കളായിരിക്കുന്നു എന്നതിലും ദൈവത്തിൻറെ പിതാവല്ല താനെന്നു മനസ്സിലാക്കുന്ന എളിമയിലും നിന്നു നിർഗ്ഗമിക്കുന്ന ആന്തരിക ശക്തിയോടുകൂടി ദൈവത്തിൻറെയും മറ്റുള്ളവരുടെയും മുന്നിൽ ജീവിക്കുന്ന ഒരു ശൈലിയാണെന്നും പാപ്പാ പറഞ്ഞു.
മാപ്പേകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവെ പാപ്പാ മാപ്പുലഭിക്കുന്നതിന് മാപ്പേകുന്നത് പോകുന്നതിനും മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് എടുക്കുന്നതു പോലാണെന്നും മാപ്പു നല്കുന്നതിന് ഒരു ജീവിതം മുഴുവൻ ആവശ്യമായി വരുമെന്നും വിശദീകരിച്ചു.
ആകയാൽ, സ്വന്തം ഹൃദയത്തിന് സൗഖ്യം ലഭിക്കുന്നതുവരെ, ശാന്തതയോടും താഴ്മയോടും കൂടെ മാപ്പേകലിൻറെ സരണിയിൽ ചരിക്കേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
എന്നാൽ വെറുപ്പും പ്രതികാരബുദ്ധിയും നമ്മെ ഒരിക്കലും സമ്പന്നമാക്കാത്ത മോശം സമ്പന്നതയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
അതിനർത്ഥം ക്രൈസ്തവൻറെ ജീവിതം ഒരു സാക്ഷ്യമായിരിക്കണം എന്നാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
സഭയുടെ സമ്പന്നതയെക്കുറിച്ച് ലാസറെ സംഘടനാ പ്രതിനിധികൾ ഉന്നയിച്ച ചോദ്യത്തിനു പാപ്പാ സമ്പന്നതയുടെ പൊരുൾ എന്തെന്നു വിശദീകരിച്ചു.
ധനത്തോടു ആസക്തി പുലർത്തുന്നവർ ദൈവത്തിൽ നിന്നകലുന്നുവെന്നും എന്നാൽ സമ്പത്ത് സുവിശേഷാനുസൃതം കൈകാര്യം ചെയ്യുന്നവർ കൂടുതൽ ദരിദ്രരായിത്തീരുകയും ദൈവത്തോടു കൂടുതൽ അടുക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.
പാപ്പായൊ, മെത്രാനൊ, വൈദികനൊ, സന്ന്യാസിയൊ, സന്ന്യാസിനിയൊ സമ്പന്നരാണെങ്കിൽ അത് സഭയ്ക്ക് അപകീർത്തികരമാണെന്ന് പാപ്പാ പ്രസ്താവിച്ചു.
വാസ്തവത്തിൽ യേശുവിനെ അടുത്തു പിൻചെല്ലാൻ വിളിക്കപ്പെട്ടവർ സകലവിധ സമ്പന്നതകളിലും നിന്ന് അകന്നു നില്ക്കുകയും ദരിദ്രമായ ഒരു ഹൃദയത്തിനുടമകളായിത്തീരുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വത്തിക്കാനിലും ഒരു “ലാസറെ” ഭവനം തുറക്കുന്നതിനെക്കുറിച്ചുള്ള സാധ്യത ആരാഞ്ഞപ്പോൾ അതിനായി പ്രാർത്ഥിക്കാമെന്നു പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2020, 12:16