തിരയുക

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ഞായറാഴ്ച മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ, ആരോഗ്യപരമായ സുരക്ഷാഅകലം പാലിച്ച് പങ്കുകൊള്ളുന്ന വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൻറെ ഒരു ആകാശവീക്ഷണം, 07/06/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ഞായറാഴ്ച മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ, ആരോഗ്യപരമായ സുരക്ഷാഅകലം പാലിച്ച് പങ്കുകൊള്ളുന്ന വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൻറെ ഒരു ആകാശവീക്ഷണം, 07/06/2020 

പരിശുദ്ധതമ ത്രിത്വം സ്നേഹമാണ്, ഫ്രാൻസീസ് പാപ്പാ

പരിശുദ്ധ ത്രിത്വത്തിൻറെ, അതായത്, പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാരൂപിയുടെയും പ്രവർത്തനം നരകുലത്തെയും ലോകത്തെയും രക്ഷിക്കുന്ന ഏക സ്നേഹപദ്ധതി, ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ച (07/06/20) വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിന് അഭിമുഖമായുള്ള തൻറെ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്ന് മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു.

ആരോഗ്യ സുരക്ഷാ അകലം പാലിച്ചുകൊണ്ടാണ് വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിലയുറപ്പിച്ചിരുന്നത്. 

ലോകത്തെ മൊത്തത്തിൽ മുട്ടുകുത്തിച്ച കൊറോണ വൈറസ് സംക്രമാണം തടയുന്നതിനു സ്വീകരിച്ച പ്രതിരോധനടപടികളുടെ പശ്ചാത്തലത്തിൽ     മാർച്ച് 15 ഞായർ മുതൽ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന് വിശ്വാസികളുടെ നേരിട്ടുള്ള ഭാഗഭാഗിത്വമില്ലാതെ, ത്രികാലജപം നയിച്ചിരുന്ന പാപ്പാ മെയ് 31-നാണ് പതിവു ജാലകത്തിങ്കൽ നിന്നുള്ള മദ്ധ്യാഹ്ന പ്രാർത്ഥന പുനരാരംഭിച്ചത്. പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനം  പരിശുദ്ധതമ ത്രിത്വത്തിൻറെ തിരുന്നാൾദിനത്തിൽ ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, യോഹന്നാൻറെ സുവിശേഷം 3,16-18 വരെയുള്ള വാക്യങ്ങൾ, അതായത്, യഹൂദപ്രമാണിയായിരുന്ന നിക്കൊദേസുമായുള്ള സംഭാഷണവേളയിൽ യേശു, ദൈവം എത്രമാത്രം ലോകത്തെ സ്നേഹിച്ചുവെന്നും ലോകത്തെ രക്ഷിക്കുന്നതിനു വേണ്ടിയാണ് പിതാവ് സ്വപുത്രനെ ലോകത്തിലേക്കയച്ചതെന്നും വിശദീകരിക്കുന്ന ഭാഗത്തെ അവലംബമാക്കിയുള്ളതായിരുന്നു.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പരിചിന്തനത്തിൻറെ പരിഭാഷ: 

ത്രിയേക ദൈവത്തിൻറ ഏക സ്നേഹ പദ്ധതി

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

പരിശുദ്ധതമത്രിത്വത്തിൻറെ തിരുന്നാൾ ദിനമായ ഇന്നത്തെ സുവിശേഷഭാഗം (യോഹന്നാൻ 6,16-18), ദൈവത്തിന് അവിടത്തെ സൃഷ്ടിയായ ലോകത്തോടുള്ള സ്നേഹത്തിൻറെ രഹസ്യം, യോഹന്നാൻശ്ലീഹായുടെ സംക്ഷിപ്ത വിവരണ ശൈലിയലൂടെ, അവതരിപ്പിക്കുന്നു. ലോകത്തെ സംബന്ധിച്ച പിതാവിൻറെ പരിത്രാണപദ്ധതി പൂർത്തിയാക്കുന്നവനായി യേശു നിക്കൊദേമൂസുമായുള്ള ഹ്രസ്വ സംഭാഷണത്തിൽ സ്വയം ആവിഷ്ക്കരിക്കുന്നു. അവിടന്നു പറയുന്നു: “തൻറെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹന്നാൻ 3,16). മൂന്നു ദൈവിക ആളുകളുടെ, അതായത്, പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാരൂപിയുടെയും പ്രവർത്തനം നരകുലത്തെയും ലോകത്തെയും രക്ഷിക്കുന്ന ഏക സ്നേഹപദ്ധതിയാണ് എന്നാണ് ഈ വാക്കുകൾ ദ്യോതിപ്പിക്കുന്നത്. നമുക്കായുള്ള രക്ഷാകരപദ്ധതിയാണ്.

തെറ്റിൽ വീണാലും  അകന്നാലും നമ്മെ സ്നേഹിക്കുന്ന ദൈവം 

ദൈവം നല്ലതും സുന്ദരവുമായ ഒരു ലോകത്തെ സൃഷ്ടിച്ചു. എന്നാൽ പാപാനന്തരം ലോകം തിന്മയാലും അഴിമതിയാലും മുദ്രിതമായി. സ്ത്രീപുരുഷന്മാരായ നമ്മൾ എല്ലാവരും പാപികളാണ്. ആകയാൽ ലോകത്തെ വിധിക്കാനും തിന്മ ഇല്ലായ്മചെയ്യാനും പാപികളെ ശിക്ഷിക്കാനും ദൈവത്തിനു ഇടപെടാനാകും. എന്നാൽ  അവിടന്നാകട്ടെ, പാപമുദ്രിതമായ ലോകത്തെ സ്നേഹിക്കുന്നു; നാം തെറ്റിൽ വീണാലും ദൈവത്തിൽ നിന്ന് അകന്നാലും അവിടന്ന് നമ്മെ സ്നേഹിക്കുന്നു.  തനിക്കേറ്റം വിലയേറിയ ഏകജാതനെ നല്കിപ്പോലും രക്ഷിക്കത്തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ഈ പുത്രൻ മനുഷ്യർക്കായി സ്വജീവൻ നല്കുകയും, ഉയിർത്തെഴുന്നേറ്റ് പിതാവിൻറെ പക്കലേക്കു പോകുകയും പിതാവിനോടു ചേർന്ന് പരിശുദ്ധാരൂപിയെ അയക്കുകയും ചെയ്യുന്നു. ആകയാൽ ത്രിത്വം സ്നേഹമാണ്. ലോകസേവനോന്മുഖമായ സ്നേഹം, രക്ഷിക്കാനും പുനഃസൃഷ്ടിക്കാനും ആഗ്രഹിക്കുന്ന സ്നേഹം. ഇന്ന് ദൈവപിതാവിനെയും പുത്രനെയും പരിശുദ്ധാരൂപിയെയുംകുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ ദൈവത്തിൻറെ സ്നേഹത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. നാം സ്നേഹിക്കപ്പെടുന്നവരാണെന്ന ചിന്ത മനോഹരമാണ്. ദൈവം സ്നേഹിക്കുന്നു: ഇതാണ് ഇന്നത്തെ നമ്മുടെ വികാരം.

നമ്മൾ ദൈവത്തിൻറെ അവകാശമാണ്

പിതാവ് എകജാതനായ സ്വപുത്രനെ നൽകി എന്ന് യേശു പറയുമ്പോൾ ഉൽപ്പത്തിപ്പുസ്തകം (22,1-14) പരാമർശിക്കുന്ന, അബ്രഹാമിനെക്കുറിച്ചും സ്വപുത്രനായ ഇസഹാക്കിനെ ബലികഴിക്കാൻ അബ്രഹാം സന്നദ്ധനാകുന്നതിനെക്കുറിച്ചും നാം സ്വാഭാവികമായി ചിന്തിച്ചുപോകുന്നു. ഇതാണ് ദൈവസ്നേഹത്തിൻറെ “അപരിമേയ അളവ്”. ദൈവം മോശയ്ക്ക് സ്വയം വെളിപ്പെടുത്തുന്നവിധത്തെക്കുറിച്ചും നാം ചിന്തിക്കുന്നു. ആദ്രതയുള്ളവനും കാരുണ്യവാനും കൃപാനിധിയും, കോപിക്കുന്നതിൽ വിമുഖനും സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരനും ആയ ദൈവം. (പുറപ്പാട് 34,6) ഈയൊരു ദൈവവുമായുള്ള കൂടിക്കാഴ്ച മോശയ്ക്ക് പ്രചോദനമേകുന്നു. പുറപ്പാടുപുസ്തകം വിവരിക്കുന്നതുപോലെ കർത്താവിനും ജനങ്ങൾക്കുമിടയിൽ മദ്ധ്യസ്ഥനാകാൻ മോശ ഭയപ്പെടുന്നില്ല. മോശ കർത്താവിനോടു പറയുന്നു: “ഞങ്ങൾ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കേണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ” (പുറപ്പാട് 34,9). സ്വപുത്രനെ അയച്ചുകൊണ്ട് ദൈവം അപ്രകാരം ചെയ്തു. നാം പരിശുദ്ധാത്മശക്തിയാൽ പുത്രനിൽ മക്കളാണ്. നമ്മൾ ദൈവത്തിൻറെ അവകാശമാണ്.

സ്നേഹമായ ദൈവത്തെ സ്വീകരിക്കുക

പ്രിയ സഹോദരീസഹോദരമാരേ, ദൈവത്തിൻറെ സൗന്ദര്യത്താൽ ആകർഷിതരാകാൻ നാം നമ്മെത്തന്നെ വീണ്ടും അനുവദിക്കാൻ ഇന്നത്തെ തിരുന്നാൾ നമ്മെ ക്ഷണിക്കുന്നു. സൗന്ദര്യം, നന്മ, അക്ഷയസത്യം.  നമ്മുടെ ജീവിത്തിലും നമ്മുടെ ചരിത്രത്തിലും, എൻറെ ചരിത്രത്തിലും നമ്മുടെ ഓരോരുത്തരുടെയും ചരിത്രത്തിലും പ്രവേശിക്കുന്നതിന് മാംസം ധരിച്ചതുമാണ് ഈ സൗന്ദര്യം നന്മ, എളിയതും സമീപസ്ഥവുമായ സത്യം. അത്, ഒരോ സ്ത്രീയും പുരുഷനും അതുമായി കൂടിക്കാഴ്ച നടത്തുന്നതിനും നിത്യജീവൻ സ്വന്തമാക്കുന്നതിനും വേണ്ടിയാണ്. സ്നേഹമായ ദൈവത്തെ സ്വീകരിക്കുക.  ഇതാണ് വിശ്വാസം. ക്രിസ്തുവിൽ സ്വയം ദാനമായിത്തീരുന്ന സ്നേഹമായ ദൈവത്തെ സ്വീകരിക്കുക. ഈ ദൈവം പരിശുദ്ധാത്മാവിനാൽ നമ്മെ നയിക്കുന്നു. അവിടന്നുമായി കണ്ടുമുട്ടാൻ നാം നമ്മെത്തന്നെ അനുവദിക്കുക, അവിടന്നിൽ വിശ്വാസമർപ്പിക്കുക. ഇതാണ് ക്രിസ്തീയ ജീവിതം. സ്നേഹിക്കുക, ദൈവവുമായി കൂടിക്കാഴ്ച നടത്തുക, ദൈവത്തെ അന്വേഷിക്കുക; ആദ്യം നമ്മെ അന്വേഷിക്കുന്നത് അവിടന്നാണ്, അവിടന്നു തന്നെയാണ് ആദ്യം നമ്മെ കണ്ടുമുട്ടുന്നതും.

പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം

നമ്മെ സന്തോഷത്താൽ നിറയ്ക്കുകയും ഇഹലോകത്തിലെ നമ്മുടെ യാത്രയ്ക്ക് അർത്ഥം നല്കുകയും അതിനെ സ്വർഗ്ഗീയ ലക്ഷ്യോന്മുഖമാക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തെ തുറന്ന ഹൃദയത്തോടുകൂടി സ്വീകരിക്കാൻ, ത്രിത്വത്തിൻറെ വാസസ്ഥാനമായ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.  

ഈ വാക്കുകളെതുടർന്ന് പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു.

കോവിദ് 19 മഹാമാരിക്കെതിരായ ജാഗ്രത തുടരുക, വിജയഗീതം പാടാൻ വരട്ടെ

ആശീർവ്വാദാനന്തരം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന വിശ്വാസികളെ, കുടുംബങ്ങളെ, സമർപ്പിതജീവിതസമൂഹാംഗങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്തു. അവരുടെ ഈ സാന്നിധ്യം ദ്യോതിപ്പിക്കുന്നത്, മഹാമാരിയുടെ അതിരൂക്ഷ ഘട്ടം ഇറ്റലി തരണം ചെയ്തു കഴിഞ്ഞു എന്നാണെന്ന് പറഞ്ഞ പാപ്പാ വിജയഗീതം പാടാൻ സമയമായിട്ടില്ലെന്നും ജാഗരൂഗത ആവശ്യമാണെന്നും ഓർമ്മിപ്പിച്ചു.

നിലവിലുള്ള നിബന്ധനകൾ പാലിക്കുക

കോവിദ് മഹാമാരിയുമയി ബന്ധപ്പെട്ട, നിലവിലുള്ള നിയമങ്ങൾ സശ്രദ്ധം പാലിക്കേണ്ടത് ആവശ്യമാണെന്നും കാരണം, കൊറോണവൈറസിൻറെ മുന്നേറ്റത്തിന് തടയിടാനുദ്ദേശിച്ചുള്ളതാണ് ആ നിയമങ്ങളെന്നും പാപ്പാ പറഞ്ഞു. മഹാമാരിയുടെ തീവ്രമായ ഘട്ടത്തിൽ നിന്ന് ദൈവകൃപയാൽ ഇറ്റലി പുറത്തുകടന്നിരിക്കയാണെന്നും എന്നാൽ അധികാരികൾ നല്കുന്ന നിർദ്ദശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.

എന്നാൽ ദൗർഭാഗ്യവശാൽ മറ്റു ചിലനാടുകളിൽ കൊറോണ വൈറസിന് അനേകർ ഇരകളാകുന്നുണ്ടെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (05/06/20) ഒരു നാട്ടിൽ മിനിറ്റിൽ ഒരാൾ വീതം ഈ മഹാമാരിമൂലം മരിച്ചുവീണ ഭീകരമായ ഒരു അവസ്ഥ സംജാതമായതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

അന്നാട്ടിലെ ജനതയോടും രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള സാമീപ്യവും പാപ്പാ അറിയിക്കുകയും പ്രാർത്ഥനയാൽ അവരുടെ ചാരത്തായിരിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. 

തിരുഹൃദയത്തിനു പ്രതിഷ്ഠിതമായ ജൂൺ മാസം

പാപ്പാ ജൂൺമാസം തിരുഹൃദയത്തിന് സവിശേഷമാം വിധം സമർപ്പിതമാണെന്ന് അനുസ്മരിച്ചു.

മഹാന്മാരായ ആദ്ധ്യാത്മിക ഗുരുക്കന്മാരെയും ദൈവജനത്തിലെ സാധാരണക്കാരെയും ഒന്നിപ്പിക്കുന്നതതാണ് ഈ തിരുഹൃദയ ഭക്തിയെന്ന് പാപ്പാ പറഞ്ഞു.

ദൈവത്തിൻറെ കാരുണ്യവും മാപ്പും ആർദ്രതയും നമുക്കു സ്വീകരിക്കാൻ കഴിയുന്ന ഉറവിടമാണ് യേശുവിൻറെ മാനുഷികവും ദൈവികവുമായ ഹൃദയം എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

യേശുവിൻറെ സകല പ്രവൃത്തികളുടെയും വാക്കുകളുടെയും കേന്ദ്രസ്ഥാനത്ത് സ്നേഹമുണ്ട് എന്ന് അനുഭവിച്ചറിഞ്ഞുകൊണ്ട് സുവിശേഷവചനങ്ങളിലൂന്നി അവ നമുക്ക് സ്വീകരിക്കാനാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സ്വപുത്രനെ അയച്ച പിതാവിൻറെ സ്നേഹമാണിത്, നമ്മുടെയുള്ളിലുള്ള പരിശുദ്ധാരൂപിയടെ സ്നേഹമാണിത്, പാപ്പാ പറഞ്ഞു.

ഈ സ്നേഹം കൂദാശയാൽ സന്നിഹിതമായിരിക്കുന്ന ദിവ്യകാരുണ്യത്തെ ആരാധിച്ചുകൊണ്ട് ദൈവത്തിൻറെ കാരുണ്യവും മാപ്പും ആർദ്രതയും നമുക്കു സ്വീകരിക്കാൻ കഴിയുമെന്ന് പാപ്പാ വിശദീകരിച്ചു.

അപ്പോൾ നമ്മുടെ ഹൃദയം, യേശുവിൻറെ ഹൃദയത്തെ അനുകരിച്ചുകൊണ്ട്, പടിപടിയായി കൂടുതൽ ക്ഷമയുള്ളതും ഉപരിയുദാരവും കൂടുതൽ കരുണയുള്ളതുമായി ഭവിക്കുമെന്നും പാപ്പാ പറഞ്ഞു.

തുടർന്ന് പാപ്പാ, താൻ തൻറെ മുത്തശ്ശിയിൽ നിന്നു പഠിച്ച പുരാതനമായ പ്രാർത്ഥന ചൊല്ലി: “യേശുവേ, എൻറെ ഹൃദയം അങ്ങയുടേതു പോലാക്കാണമേ”, പാപ്പാ തുടർന്നു. ഇത് മനോഹരമായ ഒരു പ്രാർത്ഥനയാണ്. “എൻറെ ഹൃദയത്തെ നിൻറെ ഹൃദയത്തോടു സദൃശമാക്കണമേ”. ഈ മാസത്തിൽ ചൊല്ലുന്നതിനുള്ള സുന്ദരമായ കൊച്ചു പ്രാർത്ഥന. നമുക്കിപ്പോൾ ഈ പ്രാർത്ഥന ഒരുമിച്ചു ചൊല്ലാം. “യേശുവേ, എൻറെ ഹൃദയം നിൻറേതിനോടു സദൃശമായി ഭവിക്കട്ടെ”. ഒരിക്കൽക്കൂടി ഈ പ്രാർത്ഥന നമുക്കു ചൊല്ലാം: “യേശുവേ, എൻറെ ഹൃദയം നിൻറേതിനോടു സദൃശമായി ഭവിക്കട്ടെ”.

ഈ വാക്കുകളെ തുടർന്ന് പാപ്പാ എല്ലാവർക്കുംനല്ലൊരു ഞായർ ആശംസിച്ചു.

തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന, പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി സുസ്മേരവദനനായി, ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 June 2020, 12:17