ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച (31/05/20) വത്തിക്കാനിൽ, പേപ്പൽ അരമനയിലെ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്ന് ത്രികാല ജപം നയിക്കുന്നു, വിശ്വാസികൾ സാമൂഹിക-സുരക്ഷിത അകലം പാലിച്ച് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിന്ന് പ്രാർത്ഥനയിൽ പങ്കുചേരുന്നു ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച (31/05/20) വത്തിക്കാനിൽ, പേപ്പൽ അരമനയിലെ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്ന് ത്രികാല ജപം നയിക്കുന്നു, വിശ്വാസികൾ സാമൂഹിക-സുരക്ഷിത അകലം പാലിച്ച് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിന്ന് പ്രാർത്ഥനയിൽ പങ്കുചേരുന്നു 

“നിങ്ങൾക്കു സമാധാനം” - മാപ്പേകലിൻറെ ആവിഷ്ക്കാരം, പാപ്പാ

പരിശുദ്ധാത്മാവിൻറെ ജീവദായക സാന്നിധ്യം നമ്മിൽ കുടികൊള്ളുന്നു എന്ന അവബോധം പന്തക്കുസ്താ തിരുന്നാൾ നമ്മിൽ നവീകരിക്കട്ടെ.,..... പാപങ്ങളെ ദഹിപ്പിക്കുകയും സ്ത്രീപുരുഷന്മാരെ പുതിയവരാക്കുകയും ചെയ്യുന്ന അഗ്നിയാണ് പരിശുദ്ധാരൂപി. ശിഷ്യന്മാർക്ക് ലോകത്തിൽ പടർത്താൻ കഴിയുന്ന സ്നേഹാഗ്നിയാണത്. ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശത്തിൽ നിന്ന്

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രണ്ടര മാസത്തിനു ശേഷം, അതായത്, മാർച്ച് 8-നു ശേഷം, ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിന് അഭിമുഖമായുള്ള തൻറെ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്ന് മദ്ധ്യാഹ്ന പ്രാർത്ഥന നിയിക്കുന്ന പതിവ്,  പന്തക്കൂസ്താതിരുന്നാൾ ദിനമായിരുന്ന ഈ ഞായറാഴ്ച (31/05/20) പുനരാരംഭിച്ചു.

ഇറ്റലിയിൽ കോവിദ് 19 രോഗവ്യാപനം ഗണ്യമായി കുറഞ്ഞിരിക്കുന്നതിനാൽ, ഈ രോഗ സംക്രമണം തടയുന്നതിന് സ്വീകരിച്ചിരുന്ന പ്രതിരോധ നടപടികളിൽ,  അയവു വരുത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ ആണ് പാപ്പാ വിശ്വാസികളുടെ നേരിട്ടുള്ള ഭാഗഭാഗിത്വത്തോടെ ത്രികാലജപം നയിച്ചത്. 

ആരോഗ്യ സുരക്ഷാ അകലം പാലിച്ചുകൊണ്ടാണ് വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിലയുറപ്പിച്ചിരുന്നത്. 

മാർച്ച് 15 ഞായർ മുതൽ പാപ്പാ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്നായിരുന്നു, വിശ്വാസികളുടെ നേരിട്ടുള്ള ഭാഗഭാഗിത്വമില്ലാതെ, ത്രികാലജപം നയിച്ചിരുന്നത്. വിശ്വാസികൾ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു ഇതിൽ പങ്കുചേർന്നിരുന്നത്.  പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനം പന്തക്കുസ്താതിരുന്നാൾ ദിനത്തിൽ ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, യോഹന്നാൻറെ സുവിശേഷം 20,19-23 വരെയുള്ള വാക്യങ്ങളിൽ, അതായത്. ഉത്ഥിതൻ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുകയും അവർക്ക് പരിശുദ്ധാത്മാവിനെ നല്കുകയും പാപ മോചനാധികാരം പ്രദാനംചെയ്യുകയും ചെയ്യുന്നന്നതായ സംഭവത്തിൽ കേന്ദ്രീകൃതമായിരുന്നു. 

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്ന്, തുറന്നുകിടക്കുന്ന വിശുദ്ധ പത്രോസിൻറെ ബസിലിക്കാങ്കണത്തിൽ നാം വീണ്ടും സമ്മേളിക്കുകയാണ്. ഇത് സന്തോഷപ്രദമായ ഒരു കാര്യമാണ്.

ആദ്യ ക്രൈസ്തവസമൂഹത്തിൻറെമേൽ പരിശുദ്ധാത്മാവ് വർഷിക്കപ്പെട്ടതിൻറെ ഓർമ്മയിൽ, ഇന്ന് നമ്മൾ, പന്തക്കോസ്ത മഹോത്സവം  കൊണ്ടാടുന്നു.

ഇന്നത്തെ സുവിശേഷം (യോഹന്നാൻ 20,19-23) നമ്മെ ഉയിർപ്പുദിനത്തിലെ സായാഹ്നത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ശിഷ്യന്മാർ അഭയം തേടിയിരുന്ന മുകളിലത്തെ മുറിയിൽ പ്രത്യക്ഷനാകുന്ന ഉത്ഥിതനായ യേശുവിനെ കാണിച്ചുതരുകയും ചെയ്യുന്നു. അവർ ഭയന്നിരിക്കയായിരുന്നു. 

"നിങ്ങൾക്കു സമാധാനം"

“യേശു വന്ന് അവരുടെ മദ്ധ്യേ നിന്ന് അവരോടു പറഞ്ഞു:നിങ്ങൾക്കു സമാധാനം” (യോഹന്നാൻ 20,19). ഉത്ഥിതൻ പറഞ്ഞ ആദ്യത്തെതായ ഈ വാക്കുകൾ, അതായത്, “നിങ്ങൾക്കു സമാധാനം” ഒരു അഭിവാദനം എന്നതിനുപരിയായി നിലകൊള്ളുന്നു. അത് മാപ്പുനല്കലിനെ ആവിഷ്ക്കരിക്കുന്നു. വാസ്തവത്തിൽ, യേശുവിനെ ഉപേക്ഷിച്ച ശിഷ്യർക്കു നല്കുന്ന മാപ്പ്. അനുരഞ്ജനത്തിൻറെയും പൊറുക്കലിൻറെയും വാക്കുകളാണവ. നമ്മൾ മറ്റുള്ളവർക്ക് സമാധാനം ആശംസിക്കുമ്പോഴും മാപ്പു നല്കുകയും മാപ്പു ചോദിക്കുകയുമാണ് ചെയ്യുന്നത്. ഭയന്നിരിക്കുകയും തങ്ങൾ കണ്ടത്, അതായത്, ശൂന്യമായ കല്ലറ, വിശ്വസിക്കാൻ പാടുപെടുകയും മഗ്ദലന മറിയത്തിൻറെയും ഇതര സ്ത്രീകളുടെയും വാക്കുകളെ വിലകുറച്ചു കാണുകയും ചെയ്യുന്ന ആ ശിഷ്യർക്കാണ് യേശു സമാധാനം നല്കുന്നത്. യേശു പൊറുക്കുന്നു. അവിടന്ന് സദാ മാപ്പേകുന്നു. അവിടത്തെ സ്നേഹിതർക്ക് അവിടന്ന് സമാധാനം നല്കുന്നു. നിങ്ങൾ ഇതു മറക്കരുത്, അതായത്, യേശു മാപ്പു നല്കുന്നതിൽ ഒരിക്കലും മടുക്കുന്നില്ല. എന്നാൽ നാം മാപ്പപേക്ഷിക്കുന്നതിന് മടുപ്പുകാട്ടുന്നു.

വ്യാപന സ്വഭാവമുള്ള പുനരുത്ഥാനാനന്ദം

പൊറുക്കുകയും തനിക്കുചുറ്റും കൂട്ടുകയും ചെയ്തുകൊണ്ട് യേശു അവരെ ഒരു സഭയാക്കി മാറ്റുന്നു, തൻറെ സഭയാക്കുന്നു. അത് അനുരഞ്ജിതവും ദൗത്യനിർവ്വഹണത്തിന് സന്നദ്ധവുമായ ഒരു സമൂഹമാണ്. അനുരഞ്ജിതവും ദൗത്യനിർവ്വഹണത്തിന് സന്നദ്ധവുമാണ്. ഒരു സമൂഹം അനുരഞ്ജിതമല്ലെങ്കിൽ അത് ദൗത്യത്തിന് തയ്യാറല്ല. ഉത്ഥിതനുമായുള്ള കൂടിക്കാഴ്ച അപ്പസ്തോലന്മാരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു, അവരെ ധീരസാക്ഷികളാക്കി രൂപാന്തരപ്പെടുത്തുന്നു. വാസ്തവത്തിൽ ഉടനെതന്നെ അവിടന്നു പറയുന്നു: “പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു” (യോഹന്നാൻ 20,21) പിതാവ് യേശുവിനെ ഏല്പിച്ച അതേ ദൗത്യം തുടരാൻ അപ്പസ്തോലന്മാർ അയക്കപ്പെട്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഈ വാക്കുകൾ. “ഞാൻ നിങ്ങളെ അയക്കുന്നു”, അതായത് അടച്ചുപൂട്ടി ഇരിക്കാനോ വിലപിക്കാനോ ഉള്ള സമയമല്ല. നല്ല കാലങ്ങളെ, ദിവ്യഗുരുവുമൊത്ത് ചിലവഴിച്ച കഴിഞ്ഞുപോയ, ആ നല്ല കാലങ്ങളെ ഓർത്തു ദുഃഖിക്കേണ്ട സമയമല്ല ഇത്. പുനരുത്ഥാനത്തിൻറെ ആനന്ദം വലുതാണ്. അത് വ്യാപിക്കുന്ന സന്തോഷമാണ്. അത് അവനവനു മാത്രമായി പിടിച്ചുവയ്ക്കാനുള്ളതല്ല, പ്രത്യുത, പകർന്നു നല്കാനുള്ളതാണ്. ഉയിർപ്പുകാലത്തിലെ ഞായാറാഴ്ചകളിൽ നാം പ്രഥമതഃ ശ്രവിച്ചത് ഈ സംഭവം തന്നെയാണ്. തുടർന്ന്, എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുമായുള്ള കൂടിക്കാഴ്ച്, നല്ലിടയൻ, വിടവാങ്ങൽ പ്രഭാഷണം, പരിശുദ്ധാത്മാവനെ വാഗ്ദാനം ചെയ്യൽ. ഇവയെല്ലാം ദൗത്യനിർവ്വഹണത്തിനായി, ശിഷ്യരുടെ, നമ്മുടെയും, വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനുദ്ദേശിച്ചുള്ളവയാണ്.

ദൈവഭയം- കർത്താവിനോടുള്ള സ്നേഹം

ദൗത്യം സജീവമാക്കുന്നതിന് യേശു അപ്പസ്തോലന്മാർക്ക് തൻറെ ആത്മാവിനെ നല്കുന്നു. സുവിശേഷം പറയുന്നു: “അവിടന്ന് അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അരുളിച്ചെയ്തു:നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (യോഹന്നാൻ 20,22). പാപങ്ങളെ ദഹിപ്പിക്കുകയും സ്ത്രീപുരുഷന്മാരെ പുതിയവരാക്കുകയും ചെയ്യുന്ന അഗ്നിയാണ് പരിശുദ്ധാരൂപി. ശിഷ്യന്മാർക്ക് ലോകത്തിൽ പടർത്താൻ കഴിയുന്ന സ്നേഹാഗ്നിയാണത്. എളിയവരോടും പാവപ്പെട്ടവരോടും പരിത്യക്തരോടും മുൻഗണനകാട്ടുന്ന കരുണാർദ്രസ്നേഹമാണ് അത്..... മാമ്മോദീസാ, സ്ഥൈര്യലേപനം എന്നീ കൂദാശകളിൽ നാം പരിശുദ്ധാത്മാവിനെ ജ്ഞാനം, ബുദ്ധി, ഉപദേശം, ധൈര്യം, അറിവ്, ഭക്തി, ദൈവഭയം എന്നീ അവിടത്തെ ദാനങ്ങളോടുകൂടി സ്വീകരിച്ചു. ഈ അവസാനത്തെ ദാനം, അതായത്, ദൈവഭയം എന്നത് ശിഷ്യന്മാരെ ആദ്യം തളർത്തിയ ഭയത്തിന് വിപരീതമാണ്. ദൈവഭയം എന്ന ദാനം കർത്താവിനോടുള്ള സ്നേഹമാണ്. അത് കർത്താവിൻറെ കാരുണ്യത്തെയും നന്മയെയുംകുറിച്ചുള്ള ഉറപ്പാണ്. അവിടന്നു കാണിച്ചുതന്ന ദിശോന്മുഖമായി ചരിക്കാൻ അവിടത്തെ എന്നുമുള്ള സാന്നിധ്യത്തോടും തുണയോടും കുടി സാധിക്കുമെന്ന വിശ്വാസമാണ്. 

പരിശുദ്ധാരൂപിയുടെ ജീവദായക സാന്നിധ്യം

പരിശുദ്ധാത്മാവിൻറെ ജീവദായക സാന്നിധ്യം നമ്മിൽ കുടികൊള്ളുന്നു എന്ന അവബോധം പന്തക്കുസ്താ തിരുന്നാൾ നമ്മിൽ നവീകരിക്കട്ടെ. പ്രശാന്തമായ ഒരു ജീവിതത്തിൽ അഭയം തേടാതെയും ഫലശൂന്യമായ തഴക്കങ്ങളിൽ സ്വയം ഒതുങ്ങിക്കൂടാതെയും നമ്മുടെ “സെഹിയോൻ ശാല”യുടെതായ, വിഭാഗങ്ങളുടെതായ, സംരക്ഷണച്ചുമരിനു പുറത്തുകടക്കാനുള്ള ധൈര്യം പരിശുദ്ധാരൂപി നമുക്ക് പ്രദാനം ചെയ്യട്ടെ. ഇപ്പോൾ നമുക്ക് നമ്മുടെ ചിന്തകൾ മറിയത്തിലേക്കുയർത്താം. പരിശുദ്ധാത്മാവിൻറെ ആഗമന വേളയിൽ അവൾ അവിടെ, അപ്പസ്തോലന്മാരോടൊപ്പം, മഹത്തായ പന്തക്കുസ്താനുഭവത്തിൻറെ പ്രഥമസമൂഹത്തോടൊപ്പം, നായികയായി ഉണ്ടായിരുന്നു. സഭയ്ക്ക് തീക്ഷ്ണമായ പ്രേഷിത ചൈതന്യം നേടിത്തരുന്നതിനായി നമുക്ക് അവളോടു പ്രാർത്ഥിക്കാം.

ഈ വാക്കുകളെതുടർന്ന് പാപ്പാ “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന മരിയൻ പ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു.ആശീർവ്വാദാനന്തരം പാപ്പാ ആമസോൺ ജനതയെ അനുസ്മരിച്ചു.

ആമസോൺ ജനതയ്ക്കായി പ്രാർത്ഥിക്കുക

ആമസോൺ പ്രദേശത്തിനുവേണ്ടി ഏഴുമാസം മുമ്പ് വത്തിക്കാനിൽ മെത്രാന്മാരുടെ സിനഡ് സംഘടിപ്പിക്കപ്പെട്ടതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ കോവിദ് 19 മഹാമാരിയുടെ കനത്ത പ്രഹരമേറ്റിരിക്കുന്ന ആമസോൺ പ്രദേശത്തെ സഭയ്ക്കും സമൂഹത്തിനും വെളിച്ചവും കരുത്തും ലഭിക്കുന്നതിനു വേണ്ടി പന്തക്കുസ്താ തിരുന്നാൾ ദിനത്തിൽ പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു. തദ്ദേശജനതയ്ക്കിടയിൽ, വിശിഷ്യ, ഏറ്റം വേധ്യരായവർക്കിടയിൽ, കോവിദ് 19 രോഗബാധിതരും ഈ രോഗം ജീവനപഹരിച്ചവരും നിരവധിയാണെന്ന് പാപ്പാ അനുസ്മരിച്ചു.

പ്രിയങ്കരമായ ആ പ്രദേശത്തെ ഏറ്റം പാവപ്പെട്ടവരും പ്രതിരോധശേഷിയില്ലാത്തവരും ആയവർക്കായി പാപ്പാ ആമസോണിൻറെ നാഥയായ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം യാചിച്ചു. ലോകത്തിൽ ആർക്കും തന്നെ ആരോഗ്യസേവനത്തിൻറെ അഭാവം ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു.

സമ്പദ്ഘടനയെ പ്രതി വ്യക്തികളെ  ബലികഴിക്കരുത് 

വ്യക്തികളെ പരിചരിക്കുക, സമ്പദ്ഘടനയെ പ്രതി അവരെ ബലികഴിക്കരുത്. വ്യക്തികളെ ചികത്സിക്കണം, സമ്പദ്ഘടനയെക്കാൾ പ്രാധാന്യം വ്യക്തികൾക്കാണ്. നമ്മൾ പരിശുദ്ധാരൂപിയുടെ ആലയങ്ങളാണ്, എന്നാൽ സമ്പദ് വ്യവസ്ഥ അങ്ങനെയല്ല, പാപ്പാ പറഞ്ഞു.

സമാശ്വാസദിനാചരണം

രോഗികകളോടുള്ള ഐക്യദാർഢ്യം പരിപോഷിപ്പിക്കുന്നതിന് ഈ ഞായറാഴ്ച (31/05/0) ഇറ്റലിയിൽ ദേശീയ സമാശ്വാസദിനം ആചരിച്ചതും പാപ്പാ അനുസ്മരിച്ചു.

ഈ കാലയളവിൽ പ്രത്യേകിച്ച്, അയൽക്കാരനെ പരിചരിക്കുന്നതിൻറെ സാക്ഷ്യം നൽകിയവരോടും അപ്രകാരം ചെയ്തുകൊണ്ടിരിക്കുന്നവരോടുമുള്ള മതിപ്പ് പാപ്പാ പ്രകടിപ്പിച്ചു.

രോഗീ പരിചരണത്തിലൂടെ ജീവൻ ഹോമിച്ചവർ

ഈ മഹാമാരിക്കാലത്ത് രോഗികൾക്ക് താങ്ങായിത്തീർന്നുകൊണ്ട് ജീവൻ ഹോമിച്ച എല്ലാവരെയും പാപ്പാ കൃതജ്ഞതയോടും ആദരവോടും കൂടെ അനുസ്മരിച്ചു.

ഭിഷഗ്വരന്മാർക്കും സന്നദ്ധസേവകർക്കും നഴ്സ്മാർക്കും മറ്റെല്ലാ ആതുരസേവകർക്കും ഇക്കാലയളവിൽ ജീവൻ ദാനമായി നൽകിയ എല്ലാവർക്കും വേണ്ടി മൗനമായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

സമാപനാഭിവാദനം

എല്ലാവർക്കും നല്ലൊരു പന്തക്കുസ്താഞായർ ആശംസിച്ച പാപ്പാ നമുക്ക് പരിശുദ്ധാരൂപിയുടെ വെളിച്ചവും ശക്തിയും ഏറെ ആവശ്യമാണെന്ന് പറഞ്ഞു. സുവിശേഷത്തിന് സാക്ഷ്യമേകിക്കൊണ്ട് ഐക്യത്തോടും ധീരതയോടും കൂടെ ചരിക്കുന്നതിന് സഭയ്ക്കും ഇതാവശ്യമുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഭിന്നിച്ചുനിന്നല്ല, മറിച്ച് ഒന്നായി നിന്നുകൊണ്ട് ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ മാനവകുടുംബത്തിനു മുഴുവനും പരിശുദ്ധാരൂപിയുടെ വെളിച്ചവും ശക്തിയും ആവശ്യമുണ്ടെന്ന് പാപ്പാ പറഞ്ഞു.

ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയിൽ നിന്ന് ഒരിക്കലും പഴയതുപോലെ പുറത്തുവരാനാകില്ല എന്ന സാമാന്യ തത്വം പാപ്പാ അനുസ്മരിച്ചു.

ഒന്നുകിൽ ഉപരിമെച്ചപ്പെട്ട രീതിയിൽ അല്ലെങ്കിൽ കൂടുതൽ മോശമായ വിധം ആയിരിക്കും പുറത്തുവരിക എന്ന് പാപ്പാ പറഞ്ഞു. 

പരിവർത്തനവിധേയരാകുന്നതിനും മെച്ചപ്പെടുന്നതിനും, മുമ്പത്തെക്കാൾ നന്നായിത്തീരുന്നതിനും മഹാമാരിയനന്തര ഘട്ടം രചനാത്മകമായി കെട്ടിപ്പടുക്കുന്നതിനുമുള്ള ധൈര്യം നമുക്കുണ്ടാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. 

തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന് എല്ലാവരെയും അനുസ്മരിപ്പിച്ച പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, ഈ ചത്വരത്തിൽ വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2020, 15:16