ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാൻ, 03/06/2020 ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാൻ, 03/06/2020 

വാഗ്ദാനത്തിൽ വിശ്വസിക്കുന്നതിന് ധൈര്യം അനിവാര്യം, പാപ്പാ

പാപ്പായുടെ പൊതുദർശന പ്രഭാഷണം: ദൈവത്തിൻറെ വാഗ്ദാനത്തിൽ പൂർവ്വപിതാവായ അബ്രഹാത്തിനുള്ള വിശ്വാസം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരിയ്ക്കെതിരായ കടുത്ത പ്രതിരോധ നടപടികളെ തുടർന്ന് ജനപങ്കാളിത്തമുള്ള പരിപാടികളെല്ലാം മാർച്ചുമാസം മുതൽ ഒഴിവാക്കിയിരിക്കുന്ന ഫ്രാൻസീസ് പാപ്പാ ബുധനാഴ്ചകളിൽ വത്തിക്കാനിൽ അനുവദിക്കുന്ന പൊതുദർശന പരിപാടിയും ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാക്കിയിരിക്കയാണ്. കോവിദ് 19 സംക്രമണത്തിനു തടയിടുന്നതിനുള്ള നിയന്ത്രണങ്ങളിൽ ജൂൺ 3 മുതൽ, ഉപാധികളോടെ സാരമായ ഇളവുകൾ ഇറ്റലിയുടെ സർക്കാർ  വരുത്തിയിട്ടുണ്ടെങ്കിലും  പാപ്പാ, കൊറോണ വൈറസ് സംക്രമണ സാധ്യതകൾ ഇപ്പോഴും നിലനില്ക്കുന്ന പശ്ചാത്തലത്തിൽ, പൊതുദർശന പരിപാടിയിൽ ജനങ്ങളുടെ നേരിട്ടുള്ള ഭാഗഭാഗിത്വം ഒഴിവാക്കി. ജനപങ്കാളിത്തം, ഇക്കഴിഞ്ഞ ആഴ്ചകളിലെന്നപോലെ, ഈ ബുധനാഴ്ചയും (03/06/20)  ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു.

പതിവുപോലെ പാപ്പാ, പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന്  ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു.

ഉൽപ്പത്തിപ്പുസ്തകത്തിൽ നിന്ന്:

“അബ്രഹാമിനു ദർശനത്തിൽ കർത്താവിൻറെ അരുളപ്പാടുണ്ടായി: അബ്രഹാം, ഭയപ്പെടേണ്ട. ഞാൻ നിനക്ക് പരിചയാണ്. നിൻറെ പ്രതിഫലം വലുതായിരിക്കും.....3 അബ്രഹാം പ്രത്യുത്തരിച്ചു: എനിക്കൊരു സന്താനത്തെ അവിടന്നു തന്നിട്ടില്ല. എൻറെ വീട്ടിൽപ്പിറന്ന ദാസരിൽ ഒരുവനായിരിക്കും എൻറെ അവകാശി....വീണ്ടും അവന് കർത്താവിൻറെ അരുളപ്പാടുണ്ടായി: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാൻ കഴിയുമോ? നിൻറെ സന്താനപരമ്പരയും അതുപോലെയായിരിക്കും. 6 അവൻ കർത്താവിൽ വശ്വസിച്ചു. അവിടന്ന് അത് അവന് നീതീകരണമായി കണക്കാക്കി. (ഉൽപ്പത്തി 15,1.3-6)

ഈ വിശുദ്ധഗ്രന്ഥ വായനാനന്തരം, പാപ്പാ, താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ പ്രാർത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനരപരമ്പര തുടർന്നു.  ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.

വാഗ്ദാനത്തിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ പുറപ്പാട്

അബ്രഹാമിൻറെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു ശബ്ദം മുഴങ്ങുന്നു. ഭോഷത്തം എന്നു തോന്നുന്ന ഒരു യാത്ര ആരംഭിക്കാൻ അബ്രഹാമിനെ ക്ഷണിക്കുന്ന ഒരു സ്വരം. സ്വദേശവും സ്വകുടുംബവും വിട്ട് നൂതനവും വിഭിന്നവുമായ ഒരു ഭാവിയിയിലേക്കു നീങ്ങാൻ ആഹ്വാനം ചെയ്യുന്ന ശബ്ദം. ഒരു വാഗ്ദാനം മാത്രമാണ്  ഇതിനെല്ലാം അടിസ്ഥാനം. അതിൽ വിശ്വസിക്കുക മാത്രമാണ് ഏകം പോംവഴി. വാഗ്ദാനത്തിൽ വിശ്വസിക്കുക അത്ര എളുപ്പമല്ല. അതിന് ധൈര്യം വേണം. എന്നാൽ അബ്രഹാം വിശ്വസിച്ചു.

പ്രഥമ ഗോത്രപിതാവായ അബ്രഹാത്തിൻറെ ഭൂതകാലത്തെക്കുറിച്ച് ബൈബിൾ മൗനം പാലിക്കുന്നു. അവൻ മറ്റു ദൈവങ്ങളെ ആരാധിച്ചിരുന്നു എന്നാണ് സംഗതികളുടെ യുക്തി സൂചിപ്പിക്കുന്നത്. ഒരു പക്ഷേ അദ്ദേഹം ആകാശത്തെയും താരാഗണങ്ങളെയും നിരീക്ഷിക്കുന്ന ഒരു ജ്ഞാനിയായിരുന്നിരിക്കണം. വാസ്തവത്തിൽ കർത്താവ് അവന് വാഗ്ദാനം ചെയ്യുന്നത് അവൻറെ സന്താനപരമ്പര ആകാശത്തു കാണുന്ന നക്ഷത്രങ്ങൾ പോലെ എണ്ണമറ്റതായിരിക്കും എന്നാണ്.

ദൈവവുമായുള്ള ബന്ധത്തിൻറെ നൂതന ശൈലി

അബ്രഹാം പുറപ്പെടുന്നു. അദ്ദേഹം ദൈവത്തിൻറെ സ്വരം ശ്രവിക്കുകയും അവിടത്തെ വാക്കുകൾ വിശ്വസിക്കുകയും ചെയ്യുന്നു. ദൈവവചനത്തിൽ വിശ്വസിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അബ്രഹാമിൻറെ ഈ പുറപ്പാടോടുകൂടി ദൈവവുമായുള്ള ബന്ധം മനസ്സിലാക്കാൻ കഴിയുന്ന നൂതനമായൊരു ശൈലി പിറവിയെടുക്കുന്നു; ഇക്കാരണത്താലാണ് ഗോത്രപിതാവായ അബ്രഹാം മഹത്തായ യഹൂദ-ക്രൈസ്ത-ഇസ്ലാം ആദ്ധ്യാത്മിക പാരമ്പര്യങ്ങളിൽ  ദൈവഹിതം കഠിനവും അഗ്രാഹ്യം പോലുമാണെങ്കിലും അവിടത്തേക്കു വിധേയനാകാൻ കഴിയുന്ന പരിപൂർണ്ണനായ മനുഷ്യനായി കാണപ്പെടുന്നത്. 

അബ്രഹാം വചനത്തിൻറെ മനുഷ്യൻ

ആകയാൽ, അബ്രഹാം വചനത്തിൻറെ മനുഷ്യനാണ്. ദൈവം സംസാരിക്കുമ്പോൾ മനുഷ്യൻ ആ വചനത്തിൻറെ സ്വീകർത്താവും അവൻറെ ജീവിതം ആ വചനം മാംസംധരിക്കുന്ന വേദിയുമായിത്തീരുന്നു. ഇത് മനുഷ്യൻറെ മതാത്മക ജീവിതയാത്രയിലെ വലിയ പുതുമയാണ്: വിശ്വാസിയുടെ ജീവിതം ഒരു വിളിയായും വാഗ്ദാനം സാക്ഷാത്ക്കരിക്കപ്പെടുന്ന വേദിയായും മനസ്സിലാക്കാൻ തുടങ്ങുന്നു. ഒരു പ്രഹേളികയുടെ കനത്ത ഭാരത്താലല്ല, മറിച്ച്, ഒരു ദിവസം സാക്ഷാത്ക്കരിക്കപ്പെടുന്ന വാഗ്ദാനത്തിൻറെ ശക്തിയാലാണ് അവൻ ചരിക്കുക. അബ്രഹാം വാഗ്ദാനത്തിൽ വിശ്വസിച്ചു. വിശ്വസിക്കുകയും എങ്ങോട്ടെന്നറിയാതെ പുറപ്പെടുകയും ചെയ്തു എന്നാണ് ഹെബ്രായർക്കുള്ള ലേഖനം പറയുക. അവൻ വിശ്വസിച്ചു.

ചരിത്രമായി ഭവിക്കുന്ന വിശ്വാസവും എൻറെ ദൈവവും

തൻറെ യാത്രയിൽ കാലാനുസാരിയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന വചനത്തോടുള്ള നിരന്തര വിശ്വസ്തതയോടെ അബ്രഹാം എപ്രകാരം പ്രാർത്ഥനാജീവിതം നയിച്ചുവെന്ന്  ഉല്പത്തിപ്പുസ്തകം വായിക്കുമ്പോൾ നമുക്കു മനസ്സിലാക്കാൻ സാധിക്കും. ചുരുക്കത്തിൽ, അബ്രഹാത്തിൻറെ ജീവിതത്തിൽ വിശ്വാസം ചരിത്രമായി മാറുന്നുവെന്ന് നമുക്കു പറയാൻ സാധിക്കും: വിശ്വാസം ചരിത്രമായിഭവിക്കുന്നു. അബ്രഹാം സ്വന്തം ജീവിതത്താലും മാതൃകയാലും ഈ യാത്ര, വിശ്വാസം ചരിത്രമായിത്തീരുന്ന വഴി നമുക്കു പഠിപ്പിച്ചുതരുന്നു  ഇനിമേൽ ദൈവം, ഭീതിയുളവാക്കാൻ കഴിയുന്ന വിദൂരസ്ഥനായ, പ്രപഞ്ച പ്രതിഭാസങ്ങളിൽ മാത്രം കാണുന്ന ഒരു ദൈവമല്ല. അബ്രഹാമിൻറെ ദൈവം “എൻറെ ദൈവം” ആയി മാറുന്നു, എൻറെ ചുവടുകളെ നയിക്കുന്ന, എന്നെ കൈവെടിയാത്ത, എൻറെ വ്യക്തിപരമായ ചരിത്രത്തിൻറെ ദൈവമാണ്. എൻറെ ദിനങ്ങളുടെ ദൈവം, എൻറെ സാഹസിക കൃത്യങ്ങളിൽ തുണയായ ദൈവം, പരിപാലനയുടെ ദൈവം. ഞാൻ എന്നോടുതന്നെയും നിങ്ങളോടും ചോദിക്കുകയാണ്, നമുക്ക് ഈ അനുഭവം ഉണ്ടോ? നാമൊന്നു ചിന്തിക്കണം.

സുനിശ്ചിതത്വം ആയ ദൈവം

അബ്രാഹത്തിൻറെ ഈ അനുഭവം, ആദ്ധ്യാത്മിക ചരിത്രത്തിൻറെ ഏറ്റവും യഥാർത്ഥമായ ഗ്രന്ഥങ്ങളിൽ ഒന്നായ “ബ്ലെയ്സ് പാസ്കലിൻറെ സ്മരണ” സാക്ഷ്യപ്പെടുത്തിയിരിക്കുന്നു, അത് ആരംഭിക്കുന്നത് ഇങ്ങനെയാണ്: “അബ്രാഹത്തിൻറെ ദൈവം, ഇസഹാക്കിൻറെ ദൈവം, യാക്കോബിൻറെ ദൈവം, തത്വചിന്തകരുടേയോ വിജ്ഞാനികളുടേയോ ദൈവമല്ല. ഉറപ്പ്, വികാരം. സന്തോഷം. സമാധാനം ആയ ദൈവം. യേശുക്രിസ്തുവിൻറെ ദൈവമാണ് അവിടന്ന്. ഒരു ചെറിയ കടലാസിൽ എഴുതിയതും തത്ത്വചിന്തകൻറെ ഒരു വസ്ത്രത്തിനകത്ത് തുന്നിച്ചേർത്തതായി അദ്ദേഹത്തിൻറെ മരണനാന്തരം കണ്ടെത്തിയതുമായ ഈ അനുസ്മരണക്കുറിപ്പ് ദൈവത്തെക്കുറിച്ച് ബുദ്ധിമാനായ ഒരു മനുഷ്യന് സങ്കല്പിക്കാൻ  കഴിയുന്ന ഒരു ബൗദ്ധിക ചിന്തയെയല്ല മറിച്ച്, ദൈവ സാന്നിധ്യത്തിൻറെ സജീവവും അനുഭവിച്ചറിഞ്ഞതുമായ പൊരുളിനെയാണ് ദ്യോതിപ്പിക്കുന്നത്. ഈ കണ്ടുമുട്ടൽ അനുഭവം തനിക്കുണ്ടായതെന്നാണെന്നു പോലും പാസ്കൽ കൃത്യമായി കുറിച്ചു വച്ചു, അത് 1654 നവമ്പർ 23-ന് സായാഹ്നത്തിലായിരുന്നു. അമൂർത്തമൊ പ്രാപഞ്ചികമൊ ആയ ദൈവമല്ല. ആളത്വമുള്ള ദൈവം, വിളിക്കുന്ന ദൈവം, അബ്രഹാമിൻറെ ദൈവം. സുനിശ്ചിതത്വം ആയ ദൈവം, വികാരം ആയ ദൈവം, സന്തോഷമായ ദൈവം.

കർമ്മാധിഷ്ഠിത പ്രാർത്ഥന

“അബ്രഹാമിൻറെ പ്രാർത്ഥന, സർവ്വോപരി, പ്രവർത്തികളിൽ ആവിഷ്കൃതമാകുന്നു. മൗനിയായ മനുഷ്യൻ ഒരോ ഘട്ടത്തിലും കർത്താവിന് ഒരു ബലിപീഠം പണിയുന്നു” എന്ന് കത്തോലിക്കാസഭയുടെ മതബോധനം പഠിപ്പിക്കുന്നു. അബ്രഹാം ഒരു ദേവാലയം പണിയുകയല്ല ചെയ്യുന്നത്, പിന്നെയോ, ദൈവത്തിൻറെ കടന്നുപോകലിനെ അനുസ്മരിപ്പിക്കുന്ന കൽപ്പാത വിരിക്കുകയാണ്. വിസ്മയവാനായ ദൈവം മൂന്നു അതിഥികളുടെ രൂപത്തിൽ അബ്രഹാമിനെ സന്ദർശിക്കുമ്പോൾ അദ്ദേഹവും സാറായും അവരെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ഈ അതിഥികൾ അബ്രഹാത്തിനും സാറായ്ക്കും ഇസഹാക് എന്ന മകൻ ജനിക്കുമെന്ന് അവരെ അറിയിക്കുകയും ചെയ്യുന്നു (ഉൽപ്പത്തി 18,1-5). അബ്രഹാമിനു നൂറും അദ്ദേഹത്തിൻറെ ഭാര്യയ്ക്ക് ഏതാണ്ട് തൊണ്ണൂറുമായിരുന്നു പ്രായം. എന്നിട്ടും അവർ വിശ്വസിച്ചു. ദൈവത്തിൽ വിശ്വസിച്ചു. അവൻറെ ഭാര്യ സാറാ ഗർഭിണിയായി. ആ പ്രായത്തിൽ! ഇതാണ് അബ്രഹാമിൻറെ ദൈവം, നമ്മുടെ ദൈവം, നമ്മെ തുണയ്ക്കുന്ന ദൈവം.

ദൈവവുമായി തർക്കിക്കത്തക്കതായ സ്വാതന്ത്ര്യം

അങ്ങനെ അബ്രഹാം ദൈവമുമായി ചർച്ചചെയ്യാൻ കഴിയത്തക്കവിധം അവിടന്നുമായി അടുപ്പത്തിലാകുകയും എന്നും വിശ്വസ്തനായിരിക്കുകയും ചെയ്യുന്നു. അബ്രഹാം ദൈവവുമായി സംസാരിക്കുകയും തർക്കിക്കുകയും ചെയ്യുന്നു. വാർദ്ധക്യത്തിൽ തനിക്കു ലഭിച്ച ഏക പുത്രൻ, ഏക അവകാശി ആയ ഇസഹാക്കിനെ ബലിയർപ്പിക്കാൻ ദൈവം ആവശ്യപ്പെടുന്ന പരമമായ പരീക്ഷണം വരെയുള്ളതായിരുന്നു ആ വിശ്വസ്ത. ഇവിടെ അബ്രഹാം ഒരു നാടകം പോലെ, നക്ഷത്രരഹിതമായ ആകാശത്തിൻ കീഴിൽ, ഇരുളിൽ തപ്പിത്തടഞ്ഞു നടക്കുന്നതു പോലെ വിശ്വാസം ജീവിക്കുന്നു. ഇരുളിൽ എന്നാൽ വിശ്വാസത്തോടെ നടക്കുന്ന അവസ്ഥ ചിലപ്പോൾ നമുക്കും ഉണ്ടാകുന്നു. ബലിനടത്താൻ തയ്യാറായ അബ്രഹാമിൻറെ കരം ദൈവം തന്നെ തടയും. കാരണം അബ്രഹാമിൻറെ സന്നദ്ധത സമ്പൂർണ്ണമായിരുന്നു.( ഉൽപ്പത്തി 22,1-19)

പുത്രസഹജമായ തുറവോടെ പിതാവിനോട് സംസാരിക്കുക

സഹോദരീസഹോദരന്മാരേ, വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ, അതായത്, ദൈവവചനം സ്വീകരിക്കാനും അതു പ്രാവർത്തികമാക്കാനും സദാ സന്നദ്ധരായിക്കൊണ്ട്, കർത്താവിനെ ശ്രവിക്കാനും നടക്കാനും ചർച്ചയിലെത്തുന്നതുവരെ സംഭാഷണത്തിലേർപ്പെടാനും നമുക്ക് അബ്രഹാത്തിൽ നിന്നു പഠിക്കാം. ദൈവവുമായി തർക്കിക്കാൻ നാം ഭയപ്പെടേണ്ടതില്ല. നീ ദൈവത്തോടു കോപിച്ചോ? അതും ഒരു പ്രാർത്ഥനയാണ്. കാരണം പുത്രനു മാത്രമെ പിതാവിനോടു കോപിക്കാനും പിതാവുമായി വീണ്ടും കൂടിക്കാഴ്ച നടത്താനും സാധിക്കുകയുള്ളു. പുത്രൻ സ്വപിതാവിനോടെന്നപോലെ, ദൈവത്തോടു സംസാരിക്കാൻ നമുക്കു പഠിക്കാം. അപ്പനോടു പുത്രനുള്ളതു പോലെ സുതാര്യത വേണം. അപ്രകാരം പ്രാർത്ഥിക്കാനാണ് അബ്രഹാം നമ്മെ പഠിപ്പിക്കുന്നത്. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍അഭിവാദ്യം ചെയ്യുകയും ചെയ്തു. 

അമേരിക്കൻ ഐക്യനാടുകളിലെ പ്രക്ഷുബ്ദാവസ്ഥ

ആംഗലഭാഷാക്കാരെ സംബോധന ചെയ്യവേ പാപ്പാ, ആമേരിക്കൻ ഐക്യനാടുകളിൽ ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്തവർഗ്ഗക്കാരൻറെ ദാരുണ മരണത്തെത്തുടർന്ന് അന്നാട്ടിൽ സാമൂഹ്യക്രമസമാധാന നില തകർന്നിരിക്കുന്നത് അനുസ്മരിക്കുകയും ആശങ്കയും ഖേദവും രേഖപ്പെടുത്തുകയും ചെയ്തു. 

വർഗ്ഗീയതയെന്ന പാപം

വർഗ്ഗീയതയുടയൊ പുറന്തള്ളലിൻറെയൊ ഒരു രൂപവും വച്ചുപൊറുപ്പിക്കാനൊ അതിനു നേരെ കണ്ണടയ്ക്കാനൊ  മനുഷ്യജീവൻറെ പവിത്രത സംരക്ഷിക്കുന്നതായി നടിക്കാനൊ നമുക്കാകില്ല എന്നു പാപ്പാ പറഞ്ഞു.

സ്വയം നശിപ്പിക്കുന്നതും സ്വയം മുറിപ്പെടുത്തുന്നതുമാണ് ഇക്കഴിഞ്ഞ രാത്രികളിൽ ഉണ്ടായ ആക്രമണങ്ങളെന്നും, വാസ്തവത്തിൽ അതിക്രമങ്ങൾ വഴി നേട്ടമല്ല നഷ്ടമാണ് ഉണ്ടാകുകയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വർഗ്ഗീയത എന്ന പാപം ജീവനെടുത്ത ജോർജ്ജ് ഫ്ലോയിഡിൻറെയും  മറ്റെല്ലാവരുടെയും ആത്മശാന്തിക്കായി, അമേരിക്കൻ ഐക്യനാടുകളിൽ നടക്കുന പ്രാർത്ഥനയിൽ താൻ പങ്കുചേരുന്നുവെന്ന്  പാപ്പാ പറഞ്ഞു .

ഹൃദയം തകർന്ന കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സാന്ത്വനം ലഭിക്കുന്നതിനും ദേശീയ അനുരഞ്ജനത്തിനും  നാമെല്ലാവരും ദാഹിക്കുന്ന സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

അമേരിക്കയിലും ലോകത്തിലും സമാധാനത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി അമേരിക്കയുടെ മാതാവായ ഗ്വദലൂപെ നാഥയുടെ മാദ്ധ്യസ്ഥ്യം പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

പരിശുദ്ധതമത്രിത്വത്തിൻറെ തിരുന്നാൾ

പരിശുദ്ധതമത്രിത്വത്തിൻറെ തിരുന്നാൾ ആസന്നമായിരിക്കുന്നതും പാപ്പാ അനുസ്മരിച്ചു.

ക്രിസ്തീയ വിശ്വാസത്തിൻറെ കേന്ദ്രമായ ത്രിയേക ദൈവത്തിൻറെ അത്യഗാധമായ ജീവിതത്തിൻറെ രഹസ്യത്തിലേക്കു നമ്മെ നയിക്കുന്നതാണ് ഈ തിരുന്നാൾ എന്ന് പാപ്പാ പറഞ്ഞു.

അതോടൊപ്പം തന്നെ ദൈവസ്നേഹത്തിൽ നമ്മുടെ ആശ്വാസവും ആന്തരികസമാധാനവും കണ്ടെത്താൻ ഈ തിരുന്നാൾ നമുക്കു പ്രചോദനമേകുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ “കർത്താവും ജീവദാതാവു”മായ പരിശുദ്ധാരൂപിയിൽ വിശ്വാസമർപ്പിക്കാൻ എല്ലാവരെയും ആഹ്വാനം ചെയ്തു.

അങ്ങനെ സ്വന്തം ജീവിതത്തെയും കുടുംബങ്ങളെയും സമൂഹങ്ങളെയും രൂപാന്തരപ്പെടുത്താൻ അവർക്കു സാധിക്കുമെന്ന് പാപ്പാ ഉറപ്പുനല്കി.

ഈ വാക്കുകളെ തുടർന്ന് പാപ്പാ എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2020, 14:56