അമേരിക്കൻ ഐക്യനാടുകളിലെ മിന്നെയാപൊളിസിൽ പൊലീസിൻറെ നിഷ്ഠൂരപ്രവൃത്തിമൂലം ജീവൻ നഷ്ടപ്പെട്ട ജോർജ്ജ് ഫ്ലോയ്ട് മകൾ ജാന്നയെ എടുത്തുകൊണ്ടു നില്ക്കുന്നു അമേരിക്കൻ ഐക്യനാടുകളിലെ മിന്നെയാപൊളിസിൽ പൊലീസിൻറെ നിഷ്ഠൂരപ്രവൃത്തിമൂലം ജീവൻ നഷ്ടപ്പെട്ട ജോർജ്ജ് ഫ്ലോയ്ട് മകൾ ജാന്നയെ എടുത്തുകൊണ്ടു നില്ക്കുന്നു 

വർഗ്ഗീയത പാപം, പാപ്പാ

അമേരിക്കൻ ഐക്യനാടുകളിൽ പൊലീസിൻറെ ക്രൂരമായ പ്രവൃത്തിമൂലം ജീവൻ പൊലിഞ്ഞ കറുത്തവർഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിനായി പാപ്പാ പ്രാർത്ഥിക്കുകയും വംശീയാക്രമണങ്ങളെ അപലപിക്കുകയും ചെയ്യുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വർഗ്ഗീയതയുടയൊ പുറന്തള്ളലിൻറെയൊ ഒരു രൂപവും വച്ചുപൊറുപ്പിക്കാനൊ അതിനു നേരെ കണ്ണടയ്ക്കാനൊ  മനുഷ്യജീവൻറെ പവിത്രത സംരക്ഷിക്കുന്നതായി നടിക്കാനൊ നമുക്കാകില്ല എന്ന് പാപ്പാ.

ബുധനാഴ്ച (03/06/20) വത്തിക്കാനിൽ തൻറെ പഠനമുറിയിൽ നിന്നു നടത്തിയ പൊതുകൂടിക്കാഴ്ച് പ്രഭാഷണത്തിനുശേഷം ആംഗല ഭാഷാക്കാരെ സംബോധന ചെയ്യവേ ഫ്രാൻസീസ് പാപ്പാ, ആമേരിക്കൻ ഐക്യനാടുകളിൽ ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്തവർഗ്ഗക്കാരൻറെ ദാരുണ മരണത്തെത്തുടർന്ന് അന്നാട്ടിൽ സാമൂഹ്യക്രമസമാധാന നില തകർന്നിരിക്കുന്നത് അനുസ്മരിക്കുകയും ആശങ്കയും ഖേദവും രേഖപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു. 

അമേരിക്കൻ ഐക്യനാടുകളിലെ മിന്നെയാപൊളിസിൽ മെയ് 25-നാണ് (25/05/2020) വെളുത്ത വർഗ്ഗക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ജോർജ്ജ് ഫ്ലോയിഡിനെ അറസ്റ്റുചെയ്യുകയും കഴുത്തിൽ മുട്ടുകാൽ അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. 8 മിനിറ്റും 46 സെക്കൻറും ആണ് പൊലീസ് ഉദ്യോഗസ്ഥൻ ജോർജ്ജ് ഫ്ലോയിഡിൻറെ കഴുത്തിൽ കാൽമുട്ട് അമർത്തിപ്പിടിച്ചത്.

ഈ കൊലപാതകത്തെ തുടർന്ന് പ്രതിഷേധം അക്രമാസക്തമായിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ, സ്വയം നശിപ്പിക്കുന്നതും സ്വയം മുറിപ്പെടുത്തുന്നതുമാണ് ഇക്കഴിഞ്ഞ രാത്രികളിൽ ഉണ്ടായ ആക്രമണങ്ങളെന്നും, വാസ്തവത്തിൽ അതിക്രമങ്ങൾ വഴി നേട്ടമല്ല നഷ്ടമാണ് ഉണ്ടാകുകയെന്നും  പറഞ്ഞു.

വർഗ്ഗീയത എന്ന പാപം ജീവനെടുത്ത ജോർജ്ജ് ഫ്ലോയിഡിൻറെയും  മറ്റെല്ലാവരുടെയും ആത്മശാന്തിക്കായി, അമേരിക്കൻ ഐക്യനാടുകളിൽ നടക്കുന പ്രാർത്ഥനയിൽ താൻ പങ്കുചേരുന്നുവെന്ന്  പാപ്പാ പറഞ്ഞു .

ഹൃദയം തകർന്ന കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സാന്ത്വനം ലഭിക്കുന്നതിനും ദേശീയ അനുരഞ്ജനത്തിനും  നാമെല്ലാവരും ദാഹിക്കുന്ന സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

അമേരിക്കയിലും ലോകത്തിലും സമാധാനത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി അമേരിക്കയുടെ മാതാവായ ഗ്വദലൂപെ നാഥയുടെ മാദ്ധ്യസ്ഥ്യം പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2020, 16:18