ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു, ഞായർ 14/06/2020 ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു, ഞായർ 14/06/2020 

ദിവ്യകാരുണ്യത്താൽ രൂപാന്തരപ്പെടുത്തപ്പെടാൻ അനുവദിക്കുക, പാപ്പാ

നമ്മെത്തന്നെയും നമ്മുടെ ചിന്താരീതിയെയും പ്രവർത്തന ശൈലിയെയും രൂപാന്തരപ്പെടുന്നതിനുള്ള സന്നദ്ധത ഇല്ലാത്തപക്ഷം നാം പങ്കുചേരുന്ന ദവ്യകാരുണ്യാഘോഷങ്ങൾ പൊള്ളയും ഔപചാരികവുമായ അനുഷ്ഠാനങ്ങളായി ചുരുങ്ങും, ഫ്രാൻസീസ് പാപ്പായുടെ ത്രികാലപ്രർത്ഥനാ സന്ദേശത്തിൽ നിന്ന്

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ, ഈ ഞായറാഴ്ച (14/06/20) വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിന് അഭിമുഖമായുള്ള തൻറെ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്ന് മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു.ആരോഗ്യ സുരക്ഷാ അകലം പാലിച്ചുകൊണ്ടാണ് വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിലയുറപ്പിച്ചിരുന്നത്. പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനം ഈ ഞായറാഴ്ച (14/06/20) പലരാജ്യങ്ങളിലും യേശുവിൻറെ തിരുശരീരരക്തങ്ങളുടെ  തിരുന്നാൾ ആചരിച്ച പശ്ചാത്തലത്തിൽ ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, വിശുദ്ധ ഗ്രന്ഥഭാഗങ്ങളിൽ, പൗലോസപ്പസ്തോലൻ കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം 10,16-17 വാക്യങ്ങൾ, അതായത്, ക്രിസ്തുവിൻറെ രക്തത്തിലും ശരീരത്തിലുമുള്ള നമ്മുടെ ഭാഗഭാഗിത്വത്തെക്കുറിച്ചു പരാമർശിക്കുന്ന  ഭാഗത്തെ അവലംബമാക്കിയുള്ളതായിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ വിചിന്തനം ആരംഭിച്ചത് ഈ വാക്കുകളിലാണ്:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ക്രിസ്തുവിൻറെ തിരുമാംസ രക്തങ്ങളുടെ തിരുന്നാൾ

ഇന്ന് ഇറ്റലിയിലും ഇതര രാജ്യങ്ങളിലും, “കോർപൂസ് ദോമിനി” (Corpus Domini), ക്രിസ്തുവിൻറെ മാംസനിണങ്ങളുടെ തിരുന്നാൾ ആചരിക്കുന്നു. ഇന്നത്തെ വിശുദ്ധ കുർബ്ബാനയിലെ രണ്ടാം വായനയിൽ, പൗലോസപ്പസ്തോലൻ, ഈ കൂട്ടായ്മയുടെ രഹസ്യത്തിലുള്ള നമ്മുടെ വിശ്വാസത്തെ ഉണർത്തുന്നു. (1 കോറിന്തോസ്, 10,16-17). പങ്കുവയ്ക്കപ്പെട്ട പാനപാത്രത്തിൻറെയും മുറിക്കപ്പെട്ട അപ്പത്തിൻറെയും രണ്ടു ഫലങ്ങൾ, അതായത് യോഗാത്മദർശനപരമായ ഫലവും കൂട്ടായ്മയുടെ ഫലവും പൗലോശ്ലീഹാ അടിവരടിയിട്ടു കാട്ടുന്നു. (the mystic effect and the community effect) 

ദിവ്യകാരുണ്യത്തിൻറെ ദ്വിവിധ ഫലങ്ങൾ  : യോഗാത്മദർശനപരമായ ഫലം (mystical effect) 

ആദ്യം അപ്പസ്തോലൻ പറയുന്നു: “നാം ആശീർവ്വദിക്കുന്ന അനുഗ്രഹത്തിൻറെ പാനപാത്രം ക്രിസ്തുവിൻറെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിൻറെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? (1 കോറിന്തോസ്, 10,16). ഈ വാക്കുകൾ, ദിവ്യകാരുണ്യത്തിൻറെ യോഗാത്മദർശനപരമായ ഫലത്തെ  (mystical effect) ആവിഷ്ക്കരിക്കുന്നു, അഥവാ, ആദ്ധ്യാത്മികമായ ഫലത്തെ (spiritual effect)  ആവിഷ്ക്കരിക്കുന്നു എന്നു പറയാം. ഇത് സകലരുടെയും രക്ഷയ്ക്കായി അപ്പത്തിലും വീഞ്ഞിലും സ്വയം ദാനമായി നല്കുന്ന ക്രിസ്തുവുമായുള്ള ഐക്യത്തെ സംബന്ധിച്ചതാണ്. നമുക്ക് പോഷണമായിത്തീരുന്നതിന്, നാം സ്വംശീകരിക്കുന്നതിന്, നമ്മിൽ, നമുക്ക് വീണ്ടും ശക്തി പ്രദാനം ചെയ്യുന്ന നവീകരണോർജ്ജമായിത്തീരുന്നതിന്  യേശു ദിവ്യകാരുണ്യ കൂദാശയിൽ സന്നിഹിതനാകുന്നു. ഓരോ നിശ്ചലാവസ്ഥയ്ക്കും അല്ലെങ്കിൽ, പതനത്തിനും ശേഷം വീണ്ടും യാത്രയാരംഭിക്കുന്നതിനുള്ള അഭിവാഞ്ഛ നമ്മിൽ വീണ്ടുമുളവാക്കുന്നു. ഇതിന് നമ്മുടെ സമ്മതം, നമ്മെത്തന്നെയും നമ്മുടെ ചിന്താരീതിയെയും പ്രവർത്തന ശൈലിയെയും രൂപാന്തരപ്പെടുന്നതിനുള്ള നമ്മുടെ സന്നദ്ധത, ആവശ്യമാണ്; അല്ലാത്തപക്ഷം നാം പങ്കുചേരുന്ന ദവ്യകാരുണ്യാഘോഷങ്ങൾ പൊള്ളയും ഔപചാരികവുമായ അനുഷ്ഠാനങ്ങളായി ചുരുങ്ങും. ചിലപ്പോഴൊക്കെ ചിലർ കുർബ്ബാനയ്ക്ക് പോകുന്നത് മാന്യമായ ഒരു സാമൂഹ്യാചാരമെന്ന നിലയിൽ പോകുന്നതിനു വേണ്ടി മാത്രമാണ്. വെറും സാമൂഹ്യാനുഷ്ഠാനം. എന്നാൽ ദിവ്യകാരുണ്യ രഹസ്യം മറ്റൊന്നാണ്, അതായത്, ദിവ്യകാരുണ്യത്തിൽ സന്നിഹിതനായ യേശു നമുക്കു പോഷണമായിത്തീരുന്നതിനു ആഗതനാകുന്നു എന്നതാണ്.

കൂട്ടായ്മയുടെ ഫലം (the community effect)

രണ്ടാമത്തെ ഫലം കൂട്ടായ്മയുടെതാണ്. അത് പൗലോസപ്പസ്തോലൻ അവതരിപ്പിക്കുന്നത് ഈ വാക്കുകളിലാണ്: “അപ്പം ഒന്നേയുള്ളു. അതിനാൽ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്”. ഇത്, മുറിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഏക അപ്പത്തെപ്പോലെ ഏകശരീരമായിത്തീരത്തക്ക വിധത്തിൽ  ദിവ്യകാരുണ്യത്തിൽ പങ്കുചേരുന്നവരുടെ പരസ്പര കൂട്ടായ്മയെ സംബന്ധിച്ചതാണ്. ക്രിസ്തുവിൻറെ ശരീരത്താലും രക്തത്താലും പോഷിതരായ ഒരു സമൂഹമാണ് നമ്മൾ. ക്രിസ്തുവിൻറെ ഗാത്രത്തിലുള്ള നമ്മുടെ ഭാഗഭാഗിത്വം ഐക്യത്തിൻറെയും കൂട്ടായ്മയുടെയും പങ്കുവയ്ക്കലിൻറെയും ഫലപ്രദമായ അടയാളമാണ്.

മാനവശക്തി അപര്യാപ്തം

 

ആത്മാർത്ഥമായ പരസ്പര സാഹോദര്യത്തിനായി പരിശ്രമിക്കാത്ത പക്ഷം വിശുദ്ധ കുർബ്ബാനയിൽ പങ്കുചേരാൻ ഒരുവനു സാധിക്കില്ല. ഇതിന് നമ്മുടെ മാനവശക്തി മാത്രം പോരായെന്ന് കർത്താവിന് നന്നായറിയാം. അതിലുപരി, തൻറെ ശിഷ്യർക്കിടയിൽ എന്നും ശത്രുതയുടെയും അസൂയയുടെയും മുൻവിധിയുടെയും ഭിന്നിപ്പിൻറെയും പ്രലോഭനങ്ങൾ ഉണ്ടായിരുക്കുമെന്ന് അവിടത്തേക്കറിയാം. ഇവയെല്ലാം നമുക്കും അറിയാം. അതുകൊണ്ടുകൂടിയാണ്, അവിടത്തോട് ഐക്യത്തിലായിരുന്നുകൊണ്ട് സാഹോദര്യസ്നേഹത്തിൻറെ ദാനം എന്നും സ്വീകരിക്കാൻ നമുക്കു കഴിയുന്നതിനായി, തൻറെ യഥാർത്ഥവും സമൂർത്തവും സ്ഥായിയുമായ സാന്നിധ്യത്തിൻറെ കൂദാശ അവിടന്ന് നമുക്കു നല്കിയത്. യേശു അരുളിച്ചെയ്തു: “നിങ്ങൾ എൻറെ സ്നേഹത്തിൽ നിലനില്ക്കുവിൻ” (യോഹന്നാൻ 15,9). വിശുദ്ധ കുർബ്ബാനവഴി ഇതു സാധ്യമാണ്. സൗഹൃദത്തിലും സ്നേഹത്തിലും നിലനില്ക്കുക.

ആന്തരികമായി രൂപാന്തരപ്പെടുന്നതിന് യേശുവിനെ ഉൾക്കൊള്ളുക

ദിവ്യകാരുണ്യത്തിൻറെ ദ്വിവിധ ഫലങ്ങൾ ഇവയാണ്: ആദ്യത്തേത് ക്രിസ്തുവുമായുള്ള ഐക്യം. രണ്ടാമത്തേത്, അവിടുന്നിനാൽ പോഷിതരാകുന്നവർക്കു മദ്ധ്യേയുള്ള കൂട്ടായ്മയാണ്. അത് ക്രൈസ്തവ സമൂഹത്തെ സൃഷ്ടിക്കുകയും നിരന്തരം നവീകരിക്കുകയും ചെയ്യുന്നു. സഭയാണ് ദിവ്യകാരുണ്യത്തിന് സാക്ഷാത്ക്കാരമേകുന്നത് എന്നത് സത്യം തന്നെ. എന്നാൽ ദിവ്യകാരുണ്യം സഭയ്ക്ക് രൂപമേകുകയും അത് അവളുടെ ദൗത്യമായിരിക്കാൻ, ആ ദൗത്യം പൂർത്തിയാക്കുന്നതിനു മുമ്പേതന്നെ അവളെ അനുവദിക്കുകയും ചെയ്യുന്നു എന്നതാണ് കൂടുതൽ മൗലികം. ഇതാണ് കൂട്ടായ്മയുടെ, ദിവ്യകാരുണ്യത്തിൻറെ രഹസ്യം: നമ്മെ ആന്തരികമായി രൂപാന്തരപ്പെടുത്തുന്നതിന് യേശുവിനെ ഉൾക്കൊള്ളുക, നാം ഭിന്നിച്ചു നില്ക്കാതെ, എക്യമുള്ളവരായിത്തീരുന്നതിന് യേശുവിനെ സ്വീകരിക്കുക.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

സ്വന്തം ശരീര രക്തങ്ങളുടെ കൂദാശവഴി യേശു നമുക്കേകിയ മഹാ ദാനത്തെ വിസ്മയത്തോടും കൃതജ്ഞതയോടും കൂടി എന്നും സ്വീകരിക്കാൻ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. 

ഈ വാക്കുകളെതുടർന്ന് പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു.ആശീർവ്വാദാനന്തരം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്യവെ, ലിബിയയിലെ ജനങ്ങളുടെ യാതനയിൽ ആശങ്ക പ്രകടിപ്പിച്ചു

പാപ്പാ ലിബിയയ്ക്കു വേണ്ടി പ്രാർത്ഥന ക്ഷണിക്കുന്നു

ലിബിയയിലെ നാടകീയാവസ്ഥകളെ ഭീതിയോടും വേദനയോടുംകൂടിയാണ് താൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

ഇക്കഴിഞ്ഞ ദിനങ്ങളിലെ പ്രാർത്ഥനകളിൽ താൻ ലിബിയയെക്കുറിച്ച്  ഓർക്കുന്നുണ്ടായിരുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി. അന്നാട്ടിൽ സംഘർഷത്തിനറുതി വരുത്തി നാടിനെ സമാധാനത്തിലേക്കും കെട്ടുറപ്പിലേക്കും ഐക്യത്തിലേക്കും നയിക്കുന്നതിനു വേണ്ടിയുള്ള മാർഗ്ഗങ്ങൾ ബോധ്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി വീണ്ടും തേടുന്നതിന് അന്താരാഷ്ട്ര സംഘടനകളേയും  രാഷ്ട്രീയ-സൈനിക ഉത്തരവാദിത്വം പേറുന്നവരേയും പാപ്പാ ആഹ്വാനം ചെയ്തു.

ലിബിയയിലെ ആയിരക്കണക്കിനു വരുന്ന കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും രാജ്യത്തിനകത്ത് ചിതറിപ്പോയവർക്കും വേണ്ടി പാപ്പാ പ്രാർത്ഥിച്ചു.

അന്നാട്ടിലെ ആരോഗ്യമേഖലയിലെ  ഇപ്പോഴത്തെ അവസ്ഥ ജനങ്ങളെ ചൂഷണത്തിനും അക്രമത്തിനും കൂടുതൽ ഇരകളാക്കിത്തീർക്കും വിധം ഉപരിവേധ്യരാക്കിയിരിക്കയാണെന്ന് പാപ്പാ അനുസ്മരിച്ചു.

ലിബിയൻ ജനതയ്ക്ക് സംരക്ഷണം ഉറപ്പാക്കുക

ക്രൂരത അവിടെ പ്രകടമാണെന്ന് പ്രസ്താവിച്ച പാപ്പാ ആ ജനതയ്ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിന് ആവശ്യമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്  ആത്മാർത്ഥമായി പരിശ്രമിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. 

അന്തസ്സാർന്ന ഒരു ജീവിതാവസ്ഥയും  പ്രത്യാശാഭരിതമായ ഒരു ഭാവിയും അവർക്കാവശ്യമാണെന്ന് പാപ്പാ പറഞ്ഞു.

ഇക്കാര്യത്തിൽ നമുക്കെല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും ആർക്കും ഈ ഉത്തരവാദിത്വത്തിൽ നിന്ന് മാറിനില്ക്കാനാകില്ലെന്നും ഓർമ്മിപ്പിച്ച പാപ്പാ ലിബിയയക്കു വേണ്ടി മൗനമായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

രക്തദായകർക്കായുള്ള ദിനം

ഈ ഞായറാഴ്ച (14/06/20) രക്തദായകരുടെ ആഗോളദിനം ആചരിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു.

ആവശ്യത്തിലിരിക്കുന്നവരോടു ഐക്യദാർഢ്യവും അവരുടെ കാര്യത്തിൽ താല്പര്യവും പ്രകടിപ്പിക്കാൻ സമൂഹത്തിന് ഉത്തേജനം പകരുന്നതിനുള്ള അവസരമാണ് ഈ ദിനാചരണമെന്ന് പാപ്പാ പറഞ്ഞു.

രക്തദാനമെന്ന ലളിതവും എന്നാൽ അയൽക്കാരനുള്ള സുപ്രധാന സഹായവുമായ ഒരു കർമ്മം നിർവ്വഹിക്കുന്ന സകലരോടുമുള്ള തൻറ മതിപ്പ് പാപ്പാ വെളിപ്പെടുത്തി. 

സമാപനാശംസകൾ

തുടർന്ന് പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്നവർക്കും വിനിമയമാദ്ധ്യമങ്ങളിലൂടെ ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ചവർക്കും നല്ലൊരു ഞായർ ആശംസിച്ചു.

തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന, പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി സുസ്മേരവദനനായി, ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 June 2020, 15:12