ഫ്രാന്‍സിസ് പാപ്പാ സന്ദേശം നല്‍കുന്നു. ഫ്രാന്‍സിസ് പാപ്പാ സന്ദേശം നല്‍കുന്നു.  

"ക്രിസ്തു ജീവിക്കുന്നു”:യൗവനത്തെ പരിത്യജിച്ച ധനികനായ യുവാവ്

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ പതിനെട്ടാം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായം

ഒന്നാം അദ്ധ്യായത്തിൽ യുവജനങ്ങളെപറ്റി ദൈവവചനം എന്തു പറയുന്നുവെന്ന വിവരമാണുള്ളത്. ജോസഫ്, ഗദയോൻ, സാമുവേൽ, ദാവീദ്, സോളമൻ, റൂത്ത് എന്നിവരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ പഴയ നിയമം യുവജനങ്ങൾക്ക് നൽകുന്ന സന്ദേശത്തെ കുറിച്ചും 'നിത്യയൗവനയുക്തനായ യേശു നമുക്ക് നിത്യ യൗവനം നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് പുതിയ നിയമത്തിലെ യുവതയെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകളിലേക്ക് പാപ്പാ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

18. യൗവനത്തെ പരിത്യജിച്ച ധനികനായ യുവാവ്

മത്തായിയുടെ സുവിശേഷത്തിൽ ഒരു യുവാവിനെ നാം കാണുന്നു (cfr മത്താ 19:20. ) അവൻ യേശുവിനെ സമീപിക്കുകയും തനിക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്യുന്നു ( വാ. 20). പുതിയ ചക്രവാളങ്ങളേയും വലിയ വെല്ലുവിളികളേയും അന്വേഷിക്കുന്ന ചൈതന്യത്തിന്റെ  യൗവനയുക്തമായ തുറവ് കാണിച്ചുതരുന്നു. എന്നാലും ഈ ചൈതന്യം യഥാർത്ഥത്തിൽ യൗവനയുക്തമല്ല. കാരണം അയാൾ സമ്പത്തിനോടും സുഖ സൗകര്യങ്ങളോടും ഒട്ടിച്ചേർന്ന് കഴിഞ്ഞിരുന്നു. കുറെക്കൂടി വേണമെന്ന് അയാൾ പറഞ്ഞു. എന്നാൽ ഉദാരതയുള്ളവനായിരിക്കാനും, വസ്തുക്കൾ വിതരണം ചെയ്യാനും, തനിക്കുള്ളവയിൽ നിന്ന് ഇല്ലാത്തവന് പങ്കിട്ടു നൽകാനും യേശു അയാളോടു ആവശ്യപ്പെട്ടു. അപ്പോൾ അയാൾക്ക് മനസ്സിലായി, തനിക്കുള്ളതെല്ലാം കളയാൻ സാധ്യമല്ല എന്ന്. അവസാനം "ഈ വാക്കുകൾ കേട്ട് ആ ചെറുപ്പക്കാരൻ ദു:ഖിതനായി തിരിച്ചുപോയി " (വാ. 22). അയാൾ തന്റെ  യൗവനത്തെ പരിത്യജിച്ചു! (കടപ്പാട്. പിഒസി പ്രസിദ്ധീകരണം)

എല്ലാം നേടി എന്നാലും ദൈവത്തിനെ നേടിയില്ലെങ്കിൽ എല്ലാം നഷ്ടമാണ്. ഒന്നും നേടിയില്ലെങ്കിലും ദൈവത്തെ മാത്രം നേടിയെങ്കിൽ എല്ലാം നേട്ടമാണ്. ഇന്ന് നാം വിചിന്തനം ചെയ്യുന്ന ക്രിസ്തുസ് വിവിത്ത് എന്ന അപ്പോസ്തോലിക പ്രബോധനത്തിന്റെ  പതിനെട്ടാം ഖണ്ഡികയിൽ ധനികനായ യുവാവിനെക്കുറിച്ച് പാപ്പാ

സംസാരിക്കുന്നു. കഴിഞ്ഞ ഖണ്ഡികയിൽ കണ്ട മർക്കോസിന്റെ സുവിശേഷത്തിലെ ചെറുപ്പക്കാരനെപ്പോലെ തന്നെ സമാന്തര സുവിശേഷമായ മത്തായിയുടെ സുവിശേഷത്തിലും ഒരു ചെറുപ്പക്കാരൻ പ്രത്യക്ഷപ്പെടുന്നുണ്ട്.(മത്താ.19, 20.22) ആ യുവാവ്‌ ചോദിച്ചു: ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്‌; ഇനിയും എന്താണ്‌ എനിക്കു കുറവ്‌? യേശു പറഞ്ഞു: നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന്‌ എന്നെ അനുഗമിക്കുക. ഈ വചനം കേട്ട്‌ ആ യുവാവ്‌ സങ്കടത്തോടെ തിരിച്ചുപോയി; അവന്‌ വളരെയേറെ സമ്പത്തുണ്ടായിരുന്നു. (മത്താ.19: 20-22) ഒരു കാര്യമാണ് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

അനശ്വരമായത് അന്വേഷിക്കുന്ന യുവത്വം വെറും നശ്വരമായവയിൽ വാർദ്ധക്യപ്പെടുന്നു

കല്‍പ്പനകളെ കൂടാതെ അധികമായി താനെന്തു ചെയ്യണമെന്നാണ് ഈ ചെറുപ്പക്കാരന്റെ  ചോദ്യം. പരിശുദ്ധ പിതാവ് ഈ അധികം ചെയ്യാനുള്ള യുവമനസ്സുകളുടെ പ്രത്യേകതയാണ് ഇവിടെ ഊന്നിപ്പറയുന്നത്. ഒരുതരം അസംതൃപ്തി. നന്മ ചെയ്യാനായുള്ള ഒരാഗ്രഹം, ഇപ്പോൾ ചെയ്യുന്നത് പോരാ എന്ന അസംതൃപ്തി. ഇത് യൗവനത്തിന്റെ  ഒരു പ്രത്യേകതയാണ്. മാർപ്പാപ്പാ ഇതിനെ  ആത്മാവിന്റെ  ചെറുപ്പം നിറഞ്ഞതുറവ് എന്നാണ് വിശേഷിപ്പിക്കുന്നത്.

പുത്തൻ ചക്രവാളങ്ങൾ തേടാനും വലിയ വെല്ലുവിളികളെ ഏറ്റെടുക്കാനും മടിക്കാത്ത ധൈര്യമാർന്ന യുവത്വം. സത്യത്തിൽ ഇത്തരം യുവത്വങ്ങളാണ് ധീരതയോടെ സഭയുടെ മുൻ നിരയിലേക്ക് വരണമെന്ന് പാപ്പാ ആഗ്രഹിക്കുന്നതും. അഥവാ ഇത്തരം ആത്മാവിന്റെ ചെറുപ്പം നിറഞ്ഞ തുറവു സഭയുടെ മുൻ നിരയിൽ ഉണ്ടാകാൻ. ഇന്നത്തെ ലോകത്തിൽ സഭയും വിശ്വാസവും മുന്നോട്ട് പോകാൻ  പുതിയ ചക്രവാളങ്ങളും പ്രതിസന്ധികളും നേരിടാൻ ഇത്തരം ഒരു ആത്മാവിന്റെ തുറവും യുവത്വമാർന്ന ധൈര്യവും ഏറ്റം അത്യാവശ്യമെന്ന ഒരു സൂചന പാപ്പാ നമുക്ക് തരുന്നുണ്ടിവിടെ. പക്ഷേ മത്തായിയുടെ സുവിശേഷത്തിലെ ചെറു പ്പക്കാരന്റെ സങ്കടത്തോടെയുള്ള തിരിച്ചു പോക്കിന് കാരണമായി പാപ്പാ വിശദീകരിക്കുന്ന ഒരു കാര്യം വളരെയധികം ശ്രദ്ധ പിടിച്ച് പറ്റേണ്ടതാണ്. സമ്പത്തിനോടും സൗകര്യങ്ങളോടുമുള്ള താല്‍പ്പര്യം. ഇത് മനസ്സിന്റെ ചെറുപ്പത്തെ ഹനിക്കുന്നു എന്ന് പാപ്പാ കാണുന്നു. എല്ലാ പ്രതിസന്ധികളെയും നേരിടാൻ ആവേശം പകരുന്ന യുവത്വത്തിന്റെ ആത്മാവ് സുഖസൗകര്യങ്ങളിലും സമ്പത്തിലും ഉടക്കി യൗവനം വ്യർത്ഥമാക്കുന്നു. യഥാർത്ഥത്തിൽ ഇതാണ് ആവേശത്തോടെ ഇനിയും എന്താണ് ചെയ്യേണ്ടതെന്നും കൂടുതൽ ചെയ്യാൻ തയ്യാറെന്നും പറഞ്ഞു വന്ന ചെറുപ്പക്കാരന് തന്റെ സൗകര്യങ്ങളിൽ നിന്ന് വിട്ട് നഷ്ടം എടുക്കാൻ മടിയായി.

സമ്പാദ്യങ്ങൾ വിതരണം ചെയ്ത് തന്റെ സുരക്ഷയുടെ അടിസ്ഥാനം സമ്പാദ്യങ്ങളിൽ നിന്ന് യേശുവിലേക്ക് തന്നെ മാറ്റാനുള്ള ഒരാഹ്വാനമായിന്നു യേശുവിന്റെ ത്. അനശ്വരമായത് അന്വേഷിക്കുന്ന യുവത്വം വെറും നശ്വരമായവയിൽ വാർദ്ധക്യപ്പെടുന്നതിൽ വേദിക്കുന്ന ഒന്നായി മാറുന്നതാണ് നാം ഇവിടെ കാണുക. പാപ്പാ എഴുതുന്നു, ആ ചെറുപ്പക്കാരന് അവനുണ്ടായിരുന്നതെല്ലാം വിട്ടു കളയാൻ കഴിയില്ല എന്ന് മനസ്സിലായി. "നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും." യേശുവിന്റെ  ഈ വാക്കുകൾ ശ്രവിച്ച് അവൻ സങ്കടത്തോടെ മടങ്ങി.

ഖണ്ഡികയുടെ അവസാന വാചകമായി പാപ്പാ എഴുതി, അവൻ അവന്റെ യൗവനം ഉപേക്ഷിച്ചു എന്ന്. സത്യത്തിൽ അവന് ഉപേക്ഷിക്കാൻ പ്രയാസമായിരുന്നത് അവന്റെ സമ്പാദ്യങ്ങളും സുഖസൗകര്യങ്ങളുമായിരുന്നു, അതുവഴി വെല്ലവിളികൾ നിറഞ്ഞ പുതിയ ചക്രവാളങ്ങളിലേക്ക് പോകാനുള്ള തുറവിയും. പാപ്പാ ഇത് രണ്ടും ഒന്നാണ് എന്നാണ് നമ്മോടു പറയുന്നത്. ആ തുറവി  നഷ്ടപ്പെടുമ്പോൾ സമ്പത്തിലും, സൗകര്യങ്ങളിലും ഒതുങ്ങുന്ന ഒരു ചടഞ്ഞുകൂടലായി മാറുന്നു ജീവിതം. അത് വാർദ്ധക്യത്തിലെ വിശ്രമം പോലെയാകുന്നു, പുതുമകൾ ഏറ്റെടുക്കാനുള്ള മടിയും, സൗകര്യങ്ങൾ വിട്ട്, വെല്ലുവിളികൾ അഭിമുഖീകരിക്കാനുള്ള ആവേശവും നഷ്ടപ്പെടുന്നു. ഇത് യുവത്വം കൈമോശം വന്നു എന്നതിന് തെളിവായി ചൂണ്ടിക്കാട്ടുകയാണ് പാപ്പാ.

നിത്യജീവൻ പ്രാപിക്കാൻ നന്മ ചെയ്യണം

ക്രിസ്തുവെന്ന യുവാവിനോടു ധനികനായ യുവാവ് ആവശ്യപ്പെടുന്നത് നിത്യജീവൻ പ്രാപിക്കാൻ എന്ത് നന്മയാണ് ചെയ്യേണ്ടതെന്നാണ്. നിത്യജീവൻ പ്രാപിക്കാൻ നന്മ ചെയ്യണമെന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു യുവാവിന്. അതിനുള്ള ഉപായം ക്രിസ്തു പറഞ്ഞു കൊടുക്കുന്നു. എന്നാൽ ആ മാർഗ്ഗം യുവാവിനെ അസ്വസ്ഥമാക്കുകയും അവന്റെ ആഗ്രഹത്തെ പോലും ഉപേക്ഷിക്കുവാൻ കാരണമാക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു എന്ന യുവാവ് ആവശ്യപ്പെട്ടത് അവനുണ്ടായിരുന്ന സമ്പത്തിനെ ദരിദ്രർക്ക് നൽകുവാനും അങ്ങനെ ധനത്തെ ഉപേക്ഷിക്കുവാനുമാണ്. യുവാവായ ക്രിസ്തുവിനെ അനുഗമിക്കണമെങ്കിൽ നമുക്ക് ഇഷ്ടമുള്ള പലതും ഉപേക്ഷിക്കേണ്ടി വരും. നാം ആഗ്രഹിക്കാത്ത പലതും ചേർത്തു പിടിക്കേണ്ടി വരും. ആ സാഹസികമായ യാത്രയ്ക്ക് തയ്യാറാകുമ്പോൾ മാത്രമാണ് സ്വർഗ്ഗ പ്രവേശനത്തിന് അർഹത സ്വന്തമാക്കാന്‍ കഴിയുക. ക്രിസ്തു നമ്മുടെ മുന്നിൽ വയ്ക്കുന്ന വെല്ലുവിളികളെ സ്വീകരിക്കാൻ നാം സമ്മതിക്കുമ്പോൾ പ്രതികൂല സാഹചര്യങ്ങളിൽ പോലും പ്രഭാപൂരിതമായ വിസ്മയങ്ങൾ ഈ ലോകത്തിനു നൽകാൻ നമുക്ക് കഴിയും. ക്രിസ്തു വിളിക്കുന്നത് നാശത്തിലേക്കല്ല. മനസ്സിന്റെ യും ആത്മാവിന്റെ യും ശരീരത്തിന്റെ യും യൗവനത്തിലേക്കാണ്. ദൈവത്തിനുവേണ്ടി ഇടിച്ചു തകർക്കാനും, പണുതുയർത്താനും അങ്ങനെ ദൈവരാജ്യം ഭൂമിയിൽ സംജാതമാക്കാനുമാണ്. നിത്യജീവൻ സ്വന്തമാക്കണമെങ്കിൽ ഭൂമിയിൽ തലച്ചായ്ക്കാൻ പോലും ഇടം കണ്ടെത്താത്തവൻ ആവശ്യപ്പെടുന്ന ഉപേക്ഷയെ നാം സ്വീകരിക്കേണ്ടതായി വരും. അതാണ് ജീവിതത്തിന്റെ വെല്ലുവിളിയും നന്മ ചെയ്യാനുള്ള യുവത്വത്തിന്റെ ആർജ്ജവും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2020, 20:28