പാപ്പാ സന്ദേശം നല്കുന്നു. പാപ്പാ സന്ദേശം നല്കുന്നു. 

"ക്രിസ്തു ജീവിക്കുന്നു”:നമ്മുടെ സുരക്ഷ ദൈവസ്നേഹത്തിൽ മാത്രം

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ പതിനേഴാം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായം

ഒന്നാം അദ്ധ്യായത്തിൽ യുവജനങ്ങളെപറ്റി ദൈവവചനം എന്തു പറയുന്നുവെന്ന വിവരമാണുള്ളത്. ജോസഫ്, ഗദയോൻ, സാമുവേൽ, ദാവീദ്, സോളമൻ, റൂത്ത് എന്നിവരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ പഴയ നിയമം യുവജനങ്ങൾക്ക് നൽകുന്ന സന്ദേശത്തെ കുറിച്ചും 'നിത്യയൗവനയുക്തനായ യേശു നമുക്ക് നിത്യ യൗവനം നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് പുതിയ നിയമത്തിലെ യുവതയെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകളിലേക്ക് പാപ്പാ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

17. നമ്മുടെ സുരക്ഷ ദൈവസ്നേഹത്തിൽ മാത്രം

കൽപ്പനകളെ പറ്റി പറയുന്ന യേശുവിനെ ശ്രദ്ധിക്കുന്ന ഒരു മനുഷ്യനെ നാം മർക്കോസിന്റെ സുവിശേഷത്തിൽ കാണുന്നു. അയാൾ പറയുന്നു “ഇവയെല്ലാം ഞാൻ ചെറുപ്പം മുതൽ അനുസരിച്ചിട്ടുണ്ട്” (മർക്കോ.10: 20) സങ്കീർത്തനം ഇക്കാര്യം പണ്ടേ പറഞ്ഞിരുന്നു. “കർത്താവേ അങ്ങാണ് എന്റെ പ്രത്യാശ, ചെറുപ്പം മുതൽ അങ്ങാണ് എന്റെ ആശ്രയം. ദൈവമേ! ചെറുപ്പം മുതൽ എന്നെ അങ്ങ് പരിശീലിപ്പിച്ചു. ഞാൻ ഇപ്പോഴും അങ്ങയുടെ അത്ഭുതപ്രവർത്തികൾ പ്രഘോഷിക്കുന്നു.” (സങ്കീ.71: 5,17).നല്ലവരാതിരിക്കാൻ വേണ്ടി ചെറുപ്പകാലം ചെലവഴിച്ചത് കൊണ്ടോ, ഹൃദയം കർത്താവിങ്കലേക്ക് തുറന്നത് കൊണ്ടോ, വ്യത്യസ്ഥരീതിയിൽ ജീവിച്ചത് കൊണ്ടോ നമ്മൾ ഒരിക്കലും അനുതപിക്കേണ്ടി വരികയില്ല. ഇവയിലൊന്നും നമ്മുടെ യൗവത്തിൽ നിന്ന് എടുത്തു കളയപ്പെടുകയില്ല. പകരം അതിനെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യും. “നിന്റെ യൗവനം കഴുകനെ പോലെ നവീകരിക്കപ്പെടുന്നു.” (സങ്കീ.103:5) ഇക്കാരണത്താൽ വിശുദ്ധ അഗസ്തീനോസ് ഇങ്ങനെ വിലപിക്കുന്നു: “നിത്യ പുരാതനവും, നിത്യനൂതവുനമായ സൗന്ദര്യമേ, വാ.14-16). ഞാൻ അങ്ങയെ സ്നേഹിക്കാൻ താമസിച്ചുപോയി. എന്നാലും ചെറുപ്പകാലത്ത് ദൈവത്തോടു വിശ്വസ്ഥനായിരുന്ന ആ സമ്പന്നൻ കടന്നുപോകുന്ന വർഷങ്ങളെ തന്റെ സ്വപ്നങ്ങളെ പിടിച്ചുപറിക്കാൻ അനുവദിച്ചു. തന്റെ സമ്പത്തിനോടു ഒട്ടിച്ചേർന്ന് കഴിയാ൯ അയാൾ കൂടുതൽ ഇഷ്ടപ്പെട്ടു (cf.മർക്കോ.10: 22).

ധനവാനായ യുവാവിന്റെ കുറവ്

മർക്കോസിന്റെ സുവിശേഷത്തിൽ കർത്താവിന്റെ മുന്നിൽ മുട്ടുകുത്തി നിത്യരക്ഷ നേടാൻ എന്തു ചെയ്യണം എന്ന് ചോദിക്കുന്ന മനുഷ്യന്റെ കഥയാണ് പാപ്പാ ഇവിടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുക. ആഗ്രഹങ്ങൾ മനുഷ്യരിൽ ഉദിക്കുക സാധാരണമാണ്. നിൽക്കുന്നിടം പോരായ്മയാകുന്ന നേരത്ത് നല്ലയിടം തേടുക സർവ്വ സാധാരണം. ഒരു പക്ഷേ ഈ ചെറുപ്പക്കാരനും അവനിലെ കുറവിനെ നിറവാക്കാനായുള്ള ആഗ്രഹത്തിലാവണം കർത്താവിന്റെ മുന്നിൽ വന്ന് മുട്ടുകുത്തിയത്. "യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന്‌ അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?" (മര്‍ക്കോ.10:17) "നിത്യജീവൻ അവകാശമാക്കാൻ " വേണ്ടിയുള്ള ആഗ്രഹമായിരുന്നു അവന്.  എന്നാൽ നിരാശജനകമായ ഒരന്ത്യമാണ് ആ കഥയിൽ നമുക്ക് ലഭിക്കുക.  യേശുവിന്റെ മറുപടി " വചനം കേട്ട്‌ അവന്‍ വിഷാദിച്ച്‌ സങ്കടത്തോടെ തിരിച്ചുപോയി. കാരണം, അവന്‌ വളരെയേറെ സമ്പത്തുണ്ടായിരുന്നു. "(മര്‍ക്കോ.10:22).

നിത്യ ജീവനെ അവകാശമാക്കാൻ ദൈവകൃപ കൂടാതെ കഴിയില്ല എന്ന തിരിച്ചറിവും തന്റെ ആഗ്രഹവും അതിന്റെ ലക്ഷ്യപ്രാപ്തിയും തമ്മിൽ ആ മനുഷ്യൻ കണ്ടെത്തിയ അസാധ്യതയും, താൻ നിൽക്കുന്നിടം ഉറച്ചതെന്ന് അവൻ കരുതുന്ന സാമ്പത്തീക ഭദ്രതയിൽ നിന്ന് ഒരുറപ്പുമില്ലാതെ "തല ചായ്ക്കാനിടമില്ലാത്ത"വനെ അനുകരിക്കാൻ അവന്റെ യുക്തി അവനെ അനുവദിച്ചില്ല. അവന്റെ safe zone വിട്ട് പുറത്തിറങ്ങാനുള്ള ധൈര്യം അവന് ഉണ്ടായിരുന്നില്ല. അതാണ് അവനെ ദുഃഖിതനാക്കി തിരിച്ചു നടത്തിയത്.

ദൈവ കൃപയാകുന്ന രക്ഷ

ജീവിതത്തിന്റെ വഴിയിൽ നമുക്കെപ്പോഴും ചില തിരഞ്ഞെടുപ്പുകൾ നടത്തേണ്ടി വരും. അത്തരം സന്ദർഭങ്ങളിൽ ദൈവത്തിന്റെ കൃപയിൽ ആശ്രയിക്കുക മാത്രമാണ് രക്ഷ. ഈ കഥയിൽ ആ ചെറുപ്പക്കാരന്റെ ദുഃഖത്തിന്റെ കാരണങ്ങൾ അന്വേഷിച്ചു പോകുമ്പോൾ നമുക്ക് വ്യക്തമാക്കിത്തരുന്ന ഒരു വാകും മർക്കോസ് എഴുതിവെയ്ക്കുന്നുണ്ട്. "കാരണം, അവന്‌ വളരെയേറെ സമ്പത്തുണ്ടായിരുന്നു "(മര്‍ക്കോ.10 : 22).  നമുക്ക് ഉള്ളതിൽ ആശ്രയിക്കാനുള്ള, നമ്മുടെ കണക്കു കൂട്ടലുകൾ കൊണ്ട് മുന്നോട്ട് പോകാനുള്ള എന്നാൽ കാണാത്ത ദൈവവരപ്രസാദത്തിൽ ആശ്രയിക്കാനുള്ള വിശ്വാസക്കുറവാണ് അവന്റെ ദു:ഖത്തിന് കാരണം. ഒരു പക്ഷേ “കർത്താവെ അങ്ങാണ് പ്രത്യാശ, ആശ്രയം”എന്ന 71 ആം സങ്കീർത്തനത്തിന്റെ വാക്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ട് പാപ്പാ ഇക്കാര്യം പറഞ്ഞു വയ്ക്കുകയാണ്.

യൗവനത്തിലെ തിരഞ്ഞെടുപ്പുകൾ

യൗവനം തീരുമാനങ്ങളുടെ സമയമാണ്. ചുറുചുറുക്കും, പ്രതിസന്ധികളോടു പ്രതികരിക്കാനുള്ള  ധൈര്യവും നിറഞ്ഞു നിൽക്കുന്ന ജീവിത ഘട്ടം. ഇവിടെ പരിശുദ്ധ പിതാവ് യുവജനങ്ങളെ പ്രത്യേകം ഓർമ്മിപ്പിക്കുന്ന മനോഹരമായ ഒരു കാര്യമുണ്ട്. ചെറുപ്പകാലം നല്ലവരായിരിക്കാൻ വേണ്ടി ചെലവഴിക്കുന്നതും, ഹൃദയം കർത്താവിങ്കലേക്ക് തുറക്കുന്നതും, ലോകത്തിന്റെ രീതികളിൽ നിന്ന് വ്യത്യസ്ഥമായി ജീവിക്കുന്നതും ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരുന്ന ഒരു കാര്യമല്ല എന്ന്. ഇവ യൗവനത്തിന്റെ സാധ്യതകളിൽ നഷ്ടം വരുത്തുന്ന ഒന്നല്ല മറിച്ച്  യൗവനം ഫലഭൂയിഷ്ടമാക്കുന്നതും ശക്തിപ്പെടുത്തുനതുമാണ്.

യൗവനത്തിലെ തിരഞ്ഞെടുപ്പുകളിൽ വന്ന പിഴകളിൽ പരിതപിക്കുന്ന വിശുദ്ധ അഗസ്തീനോസിനേയും പാപ്പാ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ലൗകീക സുഖങ്ങൾക്കപ്പുറം അതിപുരാതനവും എന്നാൽ നിത്യനൂതനവുമായ ആ സൗന്ദര്യത്തെ, ദൈവത്തെ, സ്നേഹിക്കാൻ വൈകിപ്പോയി എന്ന് വിലപിക്കുന്ന വിശുദ്ധ അഗസ്തീനോസ്. സ്വന്തം കഴിവുകൾ കൊണ്ട് സമ്പാദിക്കുന്ന നശ്വരമായ സൗന്ദര്യവും അതിപുരാതന, അതിനൂതന സൗന്ദര്യവുമായ ദൈവവുമായുള്ള താരതമ്യമാണിവിടെ നാം കാണേണ്ടത്.

യുവാക്കളുടെ മുന്നിൽ പാപ്പാ വയ്ക്കുന്ന മൂന്ന് കാര്യങ്ങൾ

മൂന്ന് കാര്യങ്ങൾ യുവാക്കളുടെ മുന്നിൽ വയ്ക്കുന്നുണ്ട് പാപ്പാ ഈ  ഖണ്ഡികയിൽ. ചെറുപ്പകാലം നല്ലവരായി ചിലവഴിക്കാൻ, ഹൃദയം കർത്താവിലേക്ക് തുറന്ന് വയ്കാൻ, വ്യത്യസ്ഥമായ ഒരു തനിമയോടെ ജീവിക്കാൻ.  എന്തും നേടാൻ കെല്പുള്ള ശാരീരീക മാനസീക കരുത്തുള്ള യൗവനകാലം ദൈവത്തോടൊപ്പം കല്പനകൾ അനുസരിച്ചു ജീവിച്ച,  ആ ധനവാൻ, നിത്യതയിൽ ജീവിക്കാൻ  തന്റെ കഴിവ് (സമ്പാദ്യം) വിട്ട് ദൈവത്തിൽ മാത്രം ആശ്രയിച്ച് കൊണ്ട് മുന്നോട്ട്   പോകാനുള്ള ആഹ്വാനത്തെ നിരസിക്കുമ്പോൾ, കല്പനകൾക്ക് പിന്നിലെ സ്നേഹത്തെയും മുതിർന്നവരുടെ ജീവിതാനുഭവങ്ങൾ വാർത്തെടുത്ത കല്പനകളെ തന്നെയും നിരസിക്കുകയായിരുന്നു എന്ന ചിന്ത കൂടി നമുക്ക് കൂട്ടിച്ചേർക്കാം.  കഴിഞ്ഞ ഖണ്ഡികയിൽ മുതിർന്നവർ അനുഭവങ്ങളുടെ സംഭരണശാലകൾ എന്ന് വിശേഷിപ്പിച്ച് മുതിർന്നവർ പകരുന്ന അനുഭവജ്ഞാനത്തെക്കുറിച്ചാണല്ലോ പാപ്പാ വിശദീകരിച്ചത്.

കല്പന പാലിക്കൽ ദൈവുമായുള്ള വിലപേശലല്ല

ഒരു പക്ഷേ കല്പന പാലിക്കൽ എന്നത് ദൈവുമായുള്ള ഒരു വിലപേശലായി തരം താഴുന്നു എന്ന് പറയാം. നിത്യജീവൻ കിട്ടാൻ ഞാൻ  നിയമങ്ങൾ പാലിക്കുന്നതുകൊണ്ട്  എനിക്ക് അതിന് അവകാശം ഉണ്ട് എന്നും അതു നൽകാൻ ദൈവത്തിന് കടമയുണ്ടെന്ന് എന്നും നിർബന്ധിക്കുന്ന  കപട തന്ത്രം. ഇതാണോ കല്പനകൾ പാലിക്കുന്നതിന് പിന്നിൽ നമ്മുടെ മാനസീകാവസ്ഥ എന്ന് അറിയേണ്ടതുണ്ട് എന്നു കൂടി ഓർമ്മിപ്പിക്കുകയാവാം പാപ്പാ ഇവിടെ. ദൈവകരുണയിൽ അടിയുറച്ചുചു വിശ്വസിക്കുന്ന പാപ്പായ്ക്ക് നാം നേടുന്നതൊന്നുമല്ല രക്ഷ പ്രദാനം ചെയ്യുന്നത് അത് ദൈവത്തിന്റെ വരദാനത്തെ കണ്ണുമടച്ചു വിശ്വസിച്ച് ആ സ്നേഹ സൗന്ദര്യത്തെ ആശ്ലേഷിക്കാനുള്ള ഒരു തിരഞ്ഞെടുപ്പാണ് എന്ന് നമ്മോടു പറയാതെ പറയാൻ മടി കാണിക്കുന്നില്ല.

നമ്മുടെ safe zone ദൈവസ്നേഹം മാത്രമാണെന്ന തിരിച്ചറിവ്.  ജീവിതത്തിൽ ഒരിക്കലും അനുതപിക്കേണ്ടി വരാത്ത തിരഞ്ഞെടുപ്പ്. യൗവനത്തെ നഷ്ടമാക്കുന്നതല്ല മറിച്ച് ശക്തിപ്പെടുത്തുന്ന നവീകരിക്കുന്ന തിരഞ്ഞെടുപ്പ്. അവിടെ നാം ഒട്ടിച്ചേരേണ്ടത് നമ്മുടെ മുന്നിലുള്ള സമ്പാദ്യത്തോടല്ല, കഴിവുകളോടല്ല, സൗന്ദര്യത്തോടല്ല മറിച്ച് ഇവയ്ക്കെല്ലാം ഉടയവനായ തമ്പുരാനോടാണ്. തമ്പുരാനോടു മാത്രം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 June 2020, 16:33