മെയ് ദിനത്തിൽ ഫ്രാൻസീസ് പാപ്പാ, ദിവ്യപൂജാർപ്പണ വേളയിൽ 01/05/2020 മെയ് ദിനത്തിൽ ഫ്രാൻസീസ് പാപ്പാ, ദിവ്യപൂജാർപ്പണ വേളയിൽ 01/05/2020 

മെയ് ദിനത്തിൽ തൊഴിലാളികൾക്കായി പാപ്പാ പ്രാർത്ഥിക്കുന്നു!

പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തൊഴിൽരഹിതരുണ്ടാകരുതെന്ന് മാർപ്പാപ്പാ.

വെള്ളിയാഴ്ച (01/05/20) രാവിലെ അർപ്പിച്ച ദിവ്യബലി മദ്ധ്യേ താൻ നടത്തിയ സുവിശേഷപ്രഭാഷണത്തിൽ നിന്നടർത്തിയെടുത്ത് “ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രാർത്ഥനയുള്ളത്.

“തൊഴിലാളിയായ വിശുദ്ധ യൗസേപ്പിൻറെ തിരുന്നാളും തൊഴിലാളികളുടെ ദിനവുമാണിന്ന്. തൊഴിലില്ലാത്തവരായി ആരും ഉണ്ടാകരുത്. എല്ലാ തൊഴിലാളികൾക്കും വേണ്ടി നമുക്കേകയോഗമായി പ്രാർത്ഥിക്കാം. എല്ലാവർക്കും ന്യായമായ വേതനം ലഭിക്കണം, തൊഴിലിൻറെ ഔന്നത്യവും വിശ്രമത്തിൻറെ മനോഹാരിതയും ആസ്വദിക്കാൻ എല്ലാവർക്കും സാധിക്കണം”    എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

നമ്മുടെ സാക്ഷ്യം ജനങ്ങൾക്കായി വാതിലുകൾ തുറക്കുന്നുവെന്ന് മാർപ്പാപ്പാ വ്യാഴാഴ്‌ച (30/04/20) “സുവിശേഷപ്രഭാഷണംസാന്തമാർത്ത” (#HomilySantaMarta) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിൽ ഉദ്ഹോധിപ്പിച്ചു.

“നമ്മുടെ സാക്ഷ്യം ജനങ്ങൾക്കായി വാതിലുകൾ തുറക്കുന്നു. നമ്മുടെ പ്രാർത്ഥന പിതാവിൻറെ ഹൃദയവാതിൽ തുറക്കുന്നു. ജനങ്ങളെ യേശുവിലേക്കാർഷിക്കാൻ പിതാവിനു കഴിയുന്നതിനുവേണ്ടി സാക്ഷ്യമേകിയും പ്രാർത്ഥിച്ചും ജോലിചെയ്യാൻ നമുക്കു സാധിക്കുന്നതിന് കർത്താവിനോടു പ്രാർത്ഥിക്കാം” എന്നാണ് പാപ്പാ കുറിച്ചത്.

അന്നു തന്നെ പപ്പാ കണ്ണിചേർത്ത മറ്റൊരു ട്വിറ്റർ സന്ദേശം ഇപ്രകാരമായിരുന്നു:

“ക്രിസ്തുമതം ഒരു സിദ്ധാന്തം മത്രമല്ല, അത് ഒരു പെരുമാറ്റ ശൈലിയാണ്, ഒരു സംസ്കൃതിയാണ്. അതെ, ഇതെല്ലാമാണത്. എന്നാൽ ക്രിസ്തുമതത്തിൻറെ കാതൽ, ഒരു സമാഗമമാണ്. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണത്. ഒരുവൻ ക്രൈസ്തവനായിരിക്കുന്നത് അവൻ ക്രിസ്തുവുമായി കണ്ടുമുട്ടിയതിനാലും അവിടന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് തുറവു കാട്ടിയതിനാലുമാണ്.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2020, 13:14