Cardinale Corti e Papa Francesco in Vaticano Cardinale Corti e Papa Francesco in Vaticano 

കര്‍ദ്ദിനാള്‍ റെനാത്തൊ കോര്‍ത്തിക്ക് പാപ്പായുടെ അന്ത്യാഞ്ജലി

അദ്ദേഹം മെത്രാനായിരുന്ന നൊവാറ രൂപതയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് അനുശോചന സന്ദേശം അയച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ആര്‍ദ്രതയുള്ള അജപാലകനും
തീക്ഷ്ണമതിയായ പ്രഭാഷകനും

വടക്കെ ഇറ്റലിയിലെ നൊവാറാ രൂപതയുടെ മെത്രാനായിരുന്ന കര്‍ദ്ദിനാള്‍ റെനാത്തൊ കോര്‍ത്തി മെയ് 12-Ɔο തിയതിയാണ് മിലാനില്‍  അന്തരിച്ചത്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍
84-Ɔമത്തെ വയസ്സില്‍ കാലംചെയ്ത കര്‍ദ്ദിനാളിന്‍റെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു.  നൊവാറ രൂപതയുടെ ഇപ്പോഴത്തെ മെത്രാന്‍, ബിഷപ്പ് ഫ്രാങ്കോ ജൂലിയോ ബ്രംബീലയ്ക്ക് അയച്ച സന്ദേശത്തിലൂടെയാണ് പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ കോര്‍ത്തിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചത്. സഭയുടെ ആര്‍ദ്രതയുള്ള അജപാലകനും തീക്ഷ്ണമതിയായ പ്രഭാഷകനുമെന്ന് സന്ദേശത്തില്‍ പാപ്പാ കര്‍ദ്ദിനാള്‍ കോര്‍ത്തിയെ വിശേഷിപ്പിച്ചു.

കലവറയില്ലാത്ത ജീവിതസമര്‍പ്പണം
ആദ്യകാല അജപാലനശുശ്രൂഷയെ തുടര്‍ന്ന്, വൈദികവിദ്യാര്‍ത്ഥികളുടെ രൂപീകരണത്തിലും, സഭയുടെ പൊതുവായ ആവശ്യങ്ങളിലും, പ്രത്യേകിച്ച് വചനപ്രബോധനത്തില്‍ മരണംവരെ കലവറയില്ലാതെ സമര്‍പ്പിച്ച നല്ലിടയനായിരുന്ന കര്‍ദ്ദിനാള്‍ റെനാത്തൊ കോര്‍ത്തിയെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ അനുസ്മരിച്ചു. ഈ നല്ല അജപാലകന്‍റെ നിര്യാണത്തില്‍ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹം അജപാലന തട്ടകമായിരുന്ന നൊവാറയിലെ അജഗണങ്ങള്‍ക്കും അനുശോചനം നേര്‍ന്നു. സഭയുടെ ഈ വിശ്വസ്ത ദാസനെ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്താല്‍ ദൈവം നിത്യാനന്ദത്തില്‍ സ്വീകരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

ജീവിതരേഖ
1936 വടക്കെ ഇറ്റലിയിലെ കോമോയില്‍ ജനിച്ചു.
1959 രൂപതാ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ച് പൗരോഹിത്യം സ്വീകരിച്ചു.
1969 സ്വന്തം രൂപതയിലെ അജപാലനശുശ്രൂഷയില്‍ വ്യാപൃതനായിരിക്കെ മിലാനിലെ സെമിനാരി റെക്ടറായി നിയമിക്കപ്പെട്ടു.
1980 മിലാന്‍ രൂപതയുടെ വികാരി ജനറലും സഹായമെത്രാനും.
1990 നൊവാറ രൂപതയുടെ മെത്രാനായി നിയുക്തനായി.
1998 രൂപതയുടെ 60-Ɔο വാര്‍ഷികം ആചരിച്ചു.
2005 തുടര്‍ന്നുള്ള 10 വര്‍ഷക്കാലം ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്‍റായി സേവനംചെയ്തു.
2005 ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ റോമന്‍ കൂരിയയുടെ തപസ്സുകാല ധ്യാനപ്രഭാഷകനായി ക്ഷണിച്ചു.
2011 പ്രായപരിധി 75 വയസ്സ് എത്തിയപ്പോള്‍ രൂപതാഭരണത്തില്‍നിന്നും വിരമിച്ചു.
മിലാന്‍ അതിരൂപതാകേന്ദ്രത്തില്‍ വിശ്രമിച്ചുകൊണ്ട് വചനപ്രഭാഷണത്തില്‍ കൂടുതല്‍ വ്യാപൃതനായി.
2015 പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ദുഃഖവെള്ളിയാഴ്ച കൊളോസിയത്തിലെ‍ കുരിശിന്‍റെവഴിയുടെ പ്രാര്‍ത്ഥനയും ധ്യാനവും രചിക്കുകയും അത് നയിക്കുകയുംചെയ്തു.
2016 പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2020, 07:24