ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച (10/05/2020) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന്  ത്രികാലപ്രാർത്ഥനയ്ക്ക് ഒരുക്കമായി ഒരു വിചിന്തനം നടത്തുന്നു, ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച (10/05/2020) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന് ത്രികാലപ്രാർത്ഥനയ്ക്ക് ഒരുക്കമായി ഒരു വിചിന്തനം നടത്തുന്നു,  

സ്വർഗ്ഗീയ ഭവനത്തിലെത്താൻ യേശുവിൻറെ സ്നേഹമാർഗ്ഗത്തിൽ ചരിക്കുക!

“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട”, ഫ്രാൻസീസ് പാപ്പായുടെ ത്രികാലപ്രാർത്ഥനാ വിചിന്തനം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറ്റലിയുൾപ്പടെ പല രാജ്യങ്ങളിലും കൊറോണ വൈറസിനും കോവിദ് 19 രോഗത്തിനുമെതിരായ പോരാട്ടത്തിൻറെ ഭാഗമായ കർശന നിബന്ധനകളിൽ അയവുകൾ വരുത്തിത്തുടങ്ങിയിരിക്കായാണെങ്കിലും ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ചയും (11/05/20) മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചത്  വത്തിക്കാനിൽ,  തൻറെ സ്വകാര്യ പഠനമുറിയിലിരുന്നാണ്. ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയായിരുന്നു വിശ്വാസികൾ ഇതിൽ പങ്കുചേർന്നത്.  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥനയ്ക്കു പകരം ഉയിർപ്പുകാലത്തിൽ ചൊല്ലുന്ന “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന പ്രാർത്ഥന നയിച്ച പാപ്പാ, പതുവുപോലെ പ്രാർത്ഥനയ്ക്ക് മുമ്പ് ഒരു സന്ദേശം നല്കി.

ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഈ ഞായറാഴ്ച (10/05/20) ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, താൻ വഴിയും സത്യവും ജീവനുമാണെന്ന്, യേശു അന്ത്യഅത്താഴവേളയിൽ നടത്തുന്ന പ്രഭാഷണത്തിൽ വെളിപ്പെടുത്തുന്ന, യോഹന്നാൻറെ സുവിശേഷം 14,01-12 വരെയുള്ള വാക്യങ്ങൾ, ആയിരുന്നു പാപ്പായുടെ വിചിന്തത്തിനവലംബം.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയി പ്രഭാഷണത്തിൻറെ പരിഭാഷ:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നത് യേശുവിൻറെ “വിടവാങ്ങൽ പ്രഭാഷണം” എന്നറിയപ്പെടുന്ന പ്രസംഗത്തിൻറെ തുടക്കമാണ്. പീഢാസഹനം ആരംഭിക്കുന്നതിന് തൊട്ടു മുമ്പായി, അന്ത്യഅത്താഴത്തിൻറെ അവസാനത്തിൽ ശിഷ്യന്മാരോട് അവിടന്നു പറയുന്ന വാക്കുകളാണവ. ഏറെ നാടകീയമായ ആ വേളയിൽ യേശു ഇപ്രകാരമാണ് പറഞ്ഞു തുടങ്ങുന്നത്: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട” (യോഹന്നാൻ 14,01). ജീവിതത്തിലെ ക്ഷോഭജനകങ്ങളായ സംഭവങ്ങളുടെ അവസരങ്ങളിൽ അവിടന്ന് നമ്മോടും ഇപ്രകാരം പറയുന്നു. ഹൃദയം അസ്വസ്ഥമാകാതിരിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്? ഹൃദയം അസ്വസ്ഥമാകുന്നു.

ഹൃദയാസ്വസ്ഥതയ്ക്ക് യേശുവേകുന്ന പരിഹാരങ്ങൾ:

1- വിശ്വാസം

ഈ അസ്വസ്ഥതയ്ക്ക് രണ്ടു പരിഹാരങ്ങളാണ് കർത്താവ് നിർദ്ദേശിക്കുന്നത്. ഒന്ന് ഇതാണ്: “എന്നിൽ വിശ്വസിക്കുക” (യോഹന്നാൻ 14,01). താത്വികമായ, അമൂർത്തമായ ഒരു ഉപദേശമാണെന്നു തോന്നാം. എന്നാൽ കൃത്യമായ ഒരു കാര്യമാണ് യേശു നമ്മോടു പറയാൻ ആഗ്രഹിക്കുന്നത്. സംഭവിക്കുന്നവയ്ക്കു മുന്നിൽ ഒന്നും ചെയ്യാൻ സാധിക്കില്ല, ഏകനാണ്, ആശ്രയിക്കാൻ ഒന്നുമില്ല എന്നൊരു തോന്നാലിൽ നിന്നാണ് ജീവിതത്തിലെ എറ്റം മോശമായ ആശങ്ക, അസ്വസ്ഥത ജന്മംകൊള്ളുന്നതെന്ന് യേശുവിനറിയാം. ബുദ്ധിമുട്ടുകളെ വർദ്ധമാനമാക്കുന്ന ഈ ഉൽക്കണ്ഠ ഒറ്റയ്ക്ക് തരണം ചെയ്യാൻ സാധിക്കില്ല. നമുക്ക് യേശുവിൻറ സഹായം ആവശ്യമുണ്ട്. അതുകൊണ്ടാണ് തന്നിൽ വിശ്വസിക്കാൻ, അതായത്, അവനവനിൽ ആശ്രയിക്കാതെ, തന്നിൽ ശരണപ്പെടാൻ, അവിടന്നാവശ്യപ്പെടുന്നത്. കാരണം, അസ്വസ്ഥതയിൽ നിന്നുള്ള മോചനം കടന്നുപോകുന്നത് ഭരമേൽപ്പിക്കലിലൂടെയാണ്. യേശുവിന് സ്വയം സമർപ്പിക്കുകയെന്നാൽ ഒരു കുതിച്ചുചാട്ടമാണ്. ഇതാണ് അസ്വസ്ഥതയിൽ നിന്നുള്ള മോചനം. യേശു ഉയിർത്തെഴുന്നേറ്റു, അവിടന്ന് ജീവിക്കുന്നത് നമ്മുടെ ചാരെ ആയിരിക്കുന്നതിനാണ്. അതുകൊണ്ട് നമുക്കു അവിടത്തോട് ഇങ്ങനെ പറയാൻ സാധിക്കും: “യേശുവേ നീ ഉത്ഥാനം ചെയ്തുവെന്നും ഞങ്ങളുടെ ചാരെ ഉണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. നീ എന്നെ ശ്രവിക്കുന്നുണ്ടെന്ന വിശ്വാസം എനിക്കുണ്ട്. എന്നെ അസ്വസ്ഥമാക്കുന്നവയെയും ഞെരുക്കുന്നവയെയും ഞാൻ നിൻറെ മുന്നിൽ വയ്ക്കുന്നു. ഞാൻ നിന്നിൽ വിശ്വസിക്കുയും എന്നെ നിനക്കു സമർപ്പിക്കുകയും ചെയ്യുന്നു.”

2- സ്വർഗ്ഗത്തിൽ ഒരുക്കപ്പെട്ടിരിക്കുന്ന ഭവനം

അസ്വസ്ഥതയ്ക്കുള്ള രണ്ടാമത്തെ പരിഹാരം യേശു വെളിപ്പെടുത്തുന്നത് ഈ വാക്കുകളിലാണ്: “എൻറെ പിതാവിൻറെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്.....നിങ്ങൾക്കു സ്ഥലം ഒരുക്കുന്നതിനായി ഞാൻ പോകുന്നു” (യോഹന്നാൻ 14,2). ഇതാണ് യേശു നമുക്കായി ചെയ്തത്. സ്വർഗ്ഗത്തിൽ ഒരിടം നമുക്കായി ഒരുക്കി. മരണത്തിനപ്പുറമുള്ള പുതിയ സ്ഥലമായ സ്വർഗ്ഗത്തിലേക്കു കൊണ്ടു പോകുന്നതിന് നമ്മുടെ മനുഷ്യസ്വഭാവം അവിടന്ന് സ്വീകരിച്ചു. അത് അവിടന്ന് എവിടെയാണോ അവിടെ നമ്മളും ഉണ്ടാകേണ്ടതിനാണ്. നമുക്ക് സാന്ത്വനം പകരുന്ന ഉറപ്പ് ഇതാണ്: നമുക്കൊരോരുത്തർക്കുമായി ഇടം ഒരുക്കിയിരിക്കുന്നു. എനിക്കും ഒരു സ്ഥലം ഉണ്ട്. നമുക്കോരോരുത്തർക്കും ഇങ്ങനെ പറയാൻ സാധിക്കും: എനിക്ക് ഒരിടം ഉണ്ട്. ലക്ഷ്യമില്ലാതെ, എത്തിച്ചേരേണ്ട ഇടം ഇല്ലാതെയല്ല നാം ജീവിക്കുന്നത്. നാം കാത്തിരിക്കപ്പെടുന്നവരാണ്, നാം വിലപ്പെട്ടവരാണ്. ദൈവം തൻറെ മക്കളായ നമ്മെ സ്നേഹിക്കുന്നു. ഏറ്റം അനുയോജ്യവും മനോഹരവുമായ ഇടം, പറുദീസാ അവിടന്നു നമുക്കായി ഒരുക്കിയിരിക്കുന്നു. ഇതു നാം മറക്കരുത്. നമുക്കായി ഒരുക്കിയിരിക്കുന്ന സ്ഥലം പറുദീസായാണ്. ഇഹലോകം നാം കടന്നു പോകുന്ന ഒരിടം മാത്രമാണ്. നാം സ്വർഗ്ഗരാജ്യത്തിനായി, നിത്യജീവിതത്തിനായി, എന്നും ജീവിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ടവരാണ്. “എന്നന്നേക്കും”: ഇപ്പോൾ ഇത് നമുക്ക് ചിന്തിക്കാൻ പോലും സാധ്യമല്ല. ഈ നിത്യകാലം പൂർണ്ണമായും ആനന്ദത്തിലായിരിക്കും, ദൈവവുമായും മറ്റുള്ളവരുമായുമുള്ള പൂർണ്ണ കൂട്ടായ്മയിലും ആയിരിക്കും, കണ്ണീരും മാത്സര്യവും ഭിന്നിപ്പും അസ്വസ്ഥതയും ഉണ്ടായിരിക്കില്ല എന്ന്  ചിന്തിക്കുക കൂടുതൽ മനോഹരമാണ്.

പറുദീസായിലേക്കുള്ള പന്ഥാവ്

പറുദീസായിൽ നാം എങ്ങനെ എത്തിച്ചേരും? ഏതാണ് വഴി? ഇതാ ഇന്ന് യേശുവിൻറെ നിർണ്ണായക വചനം. “ഞാനാകുന്നു  വഴി” (യോഹന്നാൻ 14,6). സ്വർഗ്ഗത്തിലേക്കു കയറുന്നതിനുള്ള മാർഗ്ഗം യേശുവാണ്. അതായത്, യേശുവുമായി ജീവസുറ്റ ഒരു ബന്ധം പുലർത്തുക, സ്നേഹത്തിൽ അവിടത്തെ അനുകരിക്കുക, അവിടത്തെ ചുവടുകൾ പിൻചെല്ലുക. ക്രൈസ്തവനായ ഞാൻ, ക്രൈസ്തവനായ നീ, ക്രൈസ്തവരായ നമ്മൾ സ്വയം ചോദിക്കണം: “ഏതു മാർഗ്ഗമാണ് പിൻചെല്ലുന്നത്?” സ്വർഗ്ഗത്തിലേക്കു നയിക്കാത്ത വഴികളുമുണ്ട്. അവ ലൗകികതയുടെ സരണികളണ്, അഹംഭാവത്തിൻറെ മാർഗ്ഗമാണ്, സ്വേച്ഛാധിപത്യത്തിൻറെ വഴികളാണ്. എന്നാലിതാ യേശുവിൻറെ പാത, അത് എളിമയാർന്ന സ്നേഹത്തിൻറെ, പ്രാർത്ഥനയുടെ, സൗമ്യതയുടെ, വിശ്വാസത്തിൻറെ, പരസേവനത്തിൻറെ പാതയാണ്. അത് ഞാൻ നായകനായിരിക്കുന്ന വഴിയല്ല, പ്രത്യുത, എൻറെ ജീവിതത്തിൻറെ നായകനായ യേശുവിൻറെ പാതയാണ്. നാം അവിടത്തോട് അനുദിനം ഇപ്രകാരം ചോദിച്ചു കൊണ്ട് മുന്നേറണം: “യേശുവേ എൻറെ ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് നീ എന്തു കരുതുന്നു? ഈ ചുറ്റുപാടിൽ ഈ ആളുകളോട് നീ എങ്ങനെയായിരിക്കും പെരുമാറുക? സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗങ്ങൾ,  വഴിയാകുന്ന യേശുവിനോടു ചോദിക്കുക നമുക്ക് ഗുണകരമാണ്. പറുദീസാ നമുക്കായി തുറന്നുതന്ന യേശുവിനെ അനുഗമിക്കുന്നതിനു നമ്മെ സഹായിക്കാൻ നമുക്ക് സ്വർഗ്ഗീയ രാജ്ഞിയായ അമ്മയോട് അപേക്ഷിക്കാം.  

ഈ വാക്കുകളിൽ തൻറെ വിചിന്തനം ഉപസംഹരിച്ച പാപ്പാ  തുടർന്ന് “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന പ്രാർത്ഥന ചൊല്ലുകയും  അപ്പസ്തോലികാശീർവ്വാദം നല്കുകയും ചെയ്തു..

ആശീർവ്വാദാന്തനരം പാപ്പാ യൂറോപ്പ്, ആഫ്രിക്കാ ഭൂഖണ്ഡങ്ങളെക്കുറിച്ച് പരാമർശിച്ചു.

ഷുമാൻ പ്രഖ്യാപനം

1950 മെയ് 9-ലെ, ഷുമാൻ പ്രഖ്യാപനത്തിൻറെ എഴുപതാം വാർഷികമായിരുന്നത് അനുസ്മരിച്ച പാപ്പാ പ്രസ്തുത പ്രഖ്യാപനം, രണ്ടാം ലോകമഹായുദ്ധാനന്തരം, യൂറോപ്പ് ഭൂഖണ്ഡത്തിലെ ജനങ്ങളുടെ അനുരഞ്ജനത്തിനു വഴിതെളിച്ചുകൊണ്ട് യൂറോപ്പിൻറെ ഏകീകരണപ്രക്രിയയ്ക്കും ഇന്നു നാം അനുഭവിക്കുന്ന നീണ്ടകാല കെട്ടുറപ്പിനും സമാധാനത്തിനും പ്രചോദനമായി എന്ന് പറഞ്ഞു.

ഇന്നത്തെ മഹാമാരിയുടെ ഫലമായ സാമൂഹ്യസാമ്പത്തിക പ്രശ്നങ്ങളെ ഐക്യത്തിൻറെയും സഹകരണത്തിൻറെയും അരൂപിയിൽ നേരിടാൻ വിളിക്കപ്പെട്ടിരിക്കുന്ന യൂറോപ്യൻ സമിതിയുടെ ഉത്തരവാദിത്വം പേറുന്നവർക്ക് ഷുമാൻ പ്രഖ്യാപനം പ്രചോദനം പകരട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. 

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ ആഫ്രിക്കാ ഭൂഖണ്ഡസന്ദർശനത്തിൻറെ നാലു പതിറ്റാണ്ട്

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ആഫ്രിക്കാ ഭൂഖണ്ഡത്തിൽ നടത്തിയ പ്രഥമ ഇടയ സന്ദർശനത്തിൻറെ നാൽപ്പതാം വാർഷികത്തെക്കുറിച്ച് പാപ്പാ സൂചിപ്പിക്കുകയും 1980 മെയ് 10 നായിരുന്നു പ്രസ്തുത ഇടയസന്ദർശനമെന്ന് അനുസ്മരിക്കുകയും ചെയ്തു. 

"ആഫ്രിക്കയിലെ ഹരിത വൻ മതിൽ"

വരൾച്ചയുടെ പിടിയലമർന്ന സാഹേൽ പ്രദേശത്തെ ജനതയ്ക്കുവേണ്ടി തദ്ദവസരത്തിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ സ്വരമുയർത്തിയതും പാപ്പാ അനുസ്മരിച്ചു. ആഫ്രിക്കയുടെ ഹരിത വൻ മതിലിൻറെ ഭാഗമായിത്തീരാൻ പോകുന്ന ദശലക്ഷം മരം നടൽ യജ്ഞം സാഹേൽ പ്രദേശത്തു നടത്തുകയെന്ന ലക്ഷ്യത്തോടുകൂടിയ “അങ്ങേയ്ക്കു സ്തുതി, വൃക്ഷങ്ങൾ” (the “Laudato Si’ Trees”) എന്ന സംരംഭത്തിന് ചുക്കാൻ പിടിക്കുന്ന യുവതീയുവാക്കൾക്ക് പാപ്പാ അഭിവാദ്യമർപ്പിച്ചു.

ഈ യുവതയുടെ ഐക്യദാർഢ്യ മാതൃക പിൻചെല്ലാൻ അനേകർക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

അമ്മമാർക്ക്  പാപ്പായുടെ ആശംസ!

അനുവർഷം മെയ് 10 അമ്മമാരുടെ ദിനമായി അനേകം നാടുകളിൽ ആചരിക്കപ്പെടുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു.

സകല അമ്മമാരെയും കൃതജ്ഞതയോടും സ്നേഹത്തോടും കൂടി അനുസ്മരിച്ച പാപ്പാ അവരെ നമ്മുടെ സ്വർഗ്ഗീായംബയായ പരിശുദ്ധ കന്യകാമറിയത്തിൻറെ സംരക്ഷണയ്ക്ക് ഭരമേല്പിച്ചു. ഇഹലോകവാസം വെടിഞ്ഞ് സ്വർഗ്ഗത്തിലിരുന്ന് നമുക്കു തുണയേകുന്ന അമ്മമാരെയും ഓർമ്മിച്ച പാപ്പാ അവരെ അനുസ്മരിക്കുന്നതിന് മൗനമവലംബിക്കാൻ എല്ലാവരെയും ക്ഷണിച്ചു. 

എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന നവീകരിക്കുകയും ചെയ്ത പാപ്പാ, നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടു കാണാം, “അരിവെദേർച്ചി” (“arrivederci”( എന്ന് ഇറ്റാലിയൻ ഭാഷയിൽ പറയുകയും ചെയ്തു കൊണ്ടാണ് തൻറെ വാക്കുകൾ ഉപസംഹരിച്ചത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2020, 14:50