തിരയുക

ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാൻ, 27/05/2020 ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാൻ, 27/05/2020 

പ്രാർത്ഥന, ദൈവത്തിലേക്കുള്ള വാതിൽ തുറക്കുന്നു, ഫ്രാൻസീസ് പാപ്പാ!

ബൈബിളിൻറെ ആദ്യ താളുകളിൽ കാണുന്ന പ്രാർത്ഥിക്കുന്നവർ സമാധാനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യരാണ്: വാസ്തവത്തിൽ, യഥാർത്ഥ പ്രാർത്ഥന അക്രമ വാസനകളിൽ നിന്ന് നമ്മെ മുക്തരാക്കുന്നു, പാപ്പായുടെ പൊതുദർശന പ്രഭാഷണം,

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറ്റലി, കോവിദ് 19 മഹാമാരി പ്രതിരോധ നടപടികളിൽ അയവു വരുത്തുകയും സഞ്ചാരവിലക്ക് ചില ഉപാധികളോടെ നീക്കുകയും കടകളും ദൈവാലായങ്ങളും പൊതുജനാരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും  കൊറോണ വൈറസ് സംക്രമണ സാധ്യതകൾ ഇപ്പോഴും നിലനില്ക്കുന്ന പശ്ചാത്തലത്തിൽ, ഫ്രാൻസീസ് പാപ്പാ, പൊതുദർശന പരിപാടിയിൽ ജനങ്ങളുടെ നേരിട്ടുള്ള ഭാഗഭാഗിത്വം ഒഴിവാക്കി. ഈ പരിപാടിയിൽ ജനപങ്കാളിത്തം, ഇക്കഴിഞ്ഞ ആഴ്ചകളിലെന്നപോലെ, ഈ ബുധനാഴ്ചയും (27/05/20)  ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു. പതിവുപോലെ പാപ്പാ, പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന്  ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു.തദ്ദനന്തരം പാപ്പാ, താൻ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ പ്രാർത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനരപരമ്പര തുടർന്നു. 

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷത്തിൻറെ സംഗ്രഹം:

തിന്മയുടെ രംഗപ്രവേശം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.

ഇന്നത്തെ നമ്മുടെ പരിചിന്തനം നീതിമാന്മാരുടെ പ്രാർത്ഥനയെ അധികരിച്ചാണ്. മനുഷ്യരാശിയെ സംബന്ധിച്ച ദൈവിക പദ്ധതി ഉത്തമമാണ്. എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ തിന്മയുടെ സാന്നിധ്യം നാം അനുഭവിച്ചറിയുന്നു. ഉല്പ്പത്തി പുസ്തകത്തിലെ ആദ്യ അദ്ധ്യായങ്ങൾ മാനവകാര്യങ്ങളിൽ തിന്മയുടെ പടിപടിയായുള്ള വ്യാപനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആദവും ഹവ്വയും ദൈവത്തിൻറെ സദുദ്ദേശങ്ങളെ സംശയിക്കുന്നു. തങ്ങളുടെ സന്തോഷത്തിനു തടസ്സം നില്ക്കുന്ന അസൂയാലുമായ ദൈവവുമായിട്ടാണ് തങ്ങൾ ഇടപഴകുന്നതെന്ന് അവർ ചിന്തിക്കുന്നു. അതിൽ നിന്നാണ് എതിർപ്പിൻറെ ആരംഭം: തങ്ങളുടെ സന്തോഷം ആഗ്രഹിക്കുന്ന മഹാമനസ്കതയുള്ള ഒരു സ്രഷ്ടാവിൽ മേലിൽ അവർ വിശ്വസിക്കുന്നില്ല. ദുഷ്ടശക്തിയുടെ പ്രലോഭനത്തിന് വഴങ്ങുന്ന അവരുടെ ഹൃദയം സർവ്വശക്തരാകാമെന്ന വ്യാമോഹത്തിൽ ആമഗ്നമാകുന്നു. “ആ വൃക്ഷത്തിൻറെ ഫലം ഭകഷിച്ചാൽ നാം ദൈവത്തെപ്പോലെയാകും”. എന്നാൽ അനുഭവം വിപരീത ദിശയിലേക്കാണ് നീങ്ങുന്നത്: അവരുടെ കണ്ണുകൾ തുറക്കപ്പെടുന്നു. തങ്ങൾ നഗ്നരാണെന്ന് അവർ അറിയുന്നു. 

സോദരഹത്യയിൽ വരെ എത്തുന്ന തിന്മ  

നരകുലത്തിൻറെ രണ്ടാം തലമുറയിൽ തിന്മ ഉപരി വിനാശകരമായിത്തീരുന്നു, അതായത്, കായേൻ ആബേൽ സംഭവം അരങ്ങേറുന്നു (ഉൽപ്പത്തി 4,1-16). കായേന് സഹോദരനോട് അസൂയ ഉണ്ടാകുന്നു. ആദ്യജാതനായ അവൻ ആബേലിനെ തൻറെ സമുന്നതത്വത്തെ ഇല്ലാതാക്കുന്ന ശത്രുവായി കാണുന്നു. കായേൻറെ ഹൃദയത്തിൽ തിന്മ പ്രത്യക്ഷപ്പെടുന്നു, അതിനെ കീഴടക്കാൻ അവനാകുന്നില്ല. അങ്ങനെ, ആദ്യസാഹോദര്യത്തിൻറെ കഥ ഒരു കൊലപാതകത്തിൽ അവസാനിക്കുന്നു.

പുതിയ തുടക്കം

കായേൻറെ വംശത്തിൽ കൈത്തൊഴിലുകളും കലയും വികാസം പ്രാപിക്കുന്നു, അതോടൊപ്പം തന്നെ, അക്രമവും വർദ്ധിക്കുന്നുണ്ട്. ഒരു പ്രതികാര ഗീതത്തിൻറെ പ്രതീതിയുളവാക്കുന്ന ലാമെക്കിൻറെ അമംഗള ഗീതത്തിൽ ഇത് ആവിഷ്കൃതമാണ്: “എന്നെ മുറിപ്പെടുത്തിയ ഒരുവനെയും എന്നെ അടിച്ച ഒരു ചെറുപ്പക്കാരനെയും ഞാൻ കൊന്നു കളഞ്ഞു..... കായേൻറെ പ്രതികാരം എഴിരട്ടിയെങ്കിൽ ലാമെക്കിൻറേത് എഴുപത്തേഴിരട്ടിയായിരിക്കും” (ഉല്പത്തി 4,23-24) അങ്ങനെ തിന്മ, സകലയിടത്തും പരക്കുന്നതുവരെ എണ്ണപ്പാട കണക്കെ വ്യാപിക്കുന്നു. “ഭൂമിയിൽ മനുഷ്യൻറെ ദുഷ്ടത വർദ്ധിച്ചിരിക്കുന്നെന്നും അവൻറെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കർത്താവു കണ്ടു” (ഉല്പത്തി 6,5). സാർവ്വത്രിക പ്രളയം, ബാബേൽ ഗോപുരം എന്നീ സംഭവവിവരണങ്ങൾ ക്രിസ്തുവിൽ പൂർത്തിയാക്കപ്പെടുന്ന ഒരു പുതിയ തുടക്കത്തിൻറെ, ഒരു പുതിയ സൃഷ്ടിയുടെ ആവശ്യകതയാണ് എടുത്തുകാട്ടുന്നത്.

ദൈവത്തോടു യാചിക്കാൻ കഴിയുന്നവരുടെ സാന്നിധ്യം

എന്നിരുന്നാലും ബൈബിളിൻറെ ആദ്യ താളുകളിൽ പകിട്ടു കുറഞ്ഞതും എളിയതും അർപ്പണഭാവ പ്രകടനമുള്ളതും പ്രത്യാശയുടെ വീണ്ടെടുപ്പിനെ പ്രതിനിധാനം ചെയ്യുന്നതുമായ മറ്റൊരു കഥ വിരചിതമായിരിക്കുന്നു. മിക്കവാറും എല്ലാവരും തന്നെ ക്രൂരമായ രീതിയിൽ പെരുമാറുകയും വിദ്വേഷം സൃഷ്ടിക്കുകയും മാനവ സംഭവങ്ങളുടെ നിയന്ത്രണ സംവിധാനത്തെ കീഴടക്കുകയും ചെയ്യുന്നുവെങ്കിലും, ദൈവത്തോട് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാൻ കഴിവുള്ളവരും മനുഷ്യൻറെ ഭാഗധേയം മാറ്റിയെഴുതാൻ പ്രാപ്തിയുള്ളവരുമായ വ്യക്തികളുമുണ്ട്. ആബേൽ ദൈവത്തിനു ആദ്യഫലങ്ങൾ അർപ്പിക്കുന്നു. അവൻറെ മരണശേഷം, ആദാമിനും ഹവ്വായ്‌ക്കും മൂന്നാമത്തെ പുത്രൻ ജനിച്ചു, അവനിൽ നിന്ന് എനോസ് ("മർത്ത്യൻ" മരണമുള്ളവൻ എന്നർത്ഥം) ജനിച്ചു, "ആ സമയത്ത് ആളുകൾ കർത്താവിൻറെ നാമം വിളിക്കാൻ തുടങ്ങി" (ഉല്പത്തി4,26). പിന്നീട് വരുന്നത് ഹെനോക്ക് ആണ് അവൻ "ദൈവത്തോടൊപ്പം നടക്കുന്നവനാണ്", സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടവൻ(ഉല്പത്തി 5,22.24). ഒടുവിൽ, “ദൈവത്തോടപ്പം നടന്ന” (ഉല്പത്തി 6,9) നീതിമാനായ മനുഷ്യൻ നോഹയുടെ കഥ. അവൻറെ മുന്നിൽ ദൈവം, നരകുലത്തെ ഇല്ലായ്മ ചെയ്യാനുള്ള തൻറെ തീരുമാനം   മാറ്റുന്നു. (ഉല്പത്തി 6,7-8).

പ്രാർത്ഥനയെന്ന അഭയസ്ഥാനം

ഈ വിവരണങ്ങൾ വായിക്കുമ്പോൾ, ലോകത്തുയരുന്ന തിന്മയുടെ തിരമാലയ്ക്കു മുന്നിൽ പ്രാർത്ഥനയാണ് മനുഷ്യൻറെ തടയണയും അഭയസ്ഥാനവും എന്ന പ്രതീതിയുളവാകുന്നു. നമ്മുടെ തന്നെ രക്ഷയ്ക്കായും നാം പ്രാർത്ഥിക്കുന്നു.

പുനർജനനത്തിൻറെ പൂമെത്തയൊരുക്കുന്ന പ്രാർത്ഥന

ബൈബിളിൻറെ ആദ്യ താളുകളിലെ അർത്ഥികർ സമാധാനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യരാണ്: വാസ്തവത്തിൽ, യഥാർത്ഥ പ്രാർത്ഥന അക്രമ വാസനകളിൽ നിന്ന് നമ്മെ മുക്തരാക്കുന്നു. മാനവ ഹൃദയത്തിൻറെ പരിപാലനം ദൈവം വീണ്ടും ഏറ്റെടുക്കുന്നതിന് ദൈവത്തിങ്കലേക്കുള്ള നോട്ടവുമാണത്. മതബോധനത്തിൽ നാം ഇപ്രകാരം വായിക്കുന്നു: “ഇത്തരമൊരു പ്രാർത്ഥനാ ജീവിതം എല്ലാ മതങ്ങളിലും നീതിമാന്മാരുടെ  വലിയൊരു ഗണം നയിക്കുന്നു” (മതബോധനം, 2569). വിജനതയുടെ  വിസ്തൃതി വർദ്ധിപ്പിക്കാൻ മാത്രം കഴിയുന്ന മാനവ വിദ്വേഷം ഉള്ളിടങ്ങളിൽ പ്രാർത്ഥന പുനർജന്മത്തിൻറെ പൂമെത്ത ഒരുക്കുന്നു. പ്രാർത്ഥന ശക്തിയുള്ളതാണ്, കാരണം, അത് ദൈവത്തിൻറെ കരുത്തിനെ ആകർഷിക്കുന്നു. ദൈവത്തിൻറെ ശക്തി എന്നും ജീവൻ പ്രദാനം ചെയ്യുന്നു. 

എളിയ മനുഷ്യരുടെ പ്രാർത്ഥന

അതുകൊണ്ടാണ് ദൈവത്തിൻറെ അധീശത്വം പലപ്പോഴും ലോകത്തിൽ, തെറ്റിദ്ധരിക്കപ്പെടുകയോ പാർശ്വവൽക്കരിക്കപ്പെടുകയോ ചെയ്യുന്ന ഈ സ്ത്രീപുരുഷന്മാരുടെ ശൃംഖലയിലൂടെ കടന്നുപോകുന്നത്. എന്നാൽ ഈ ദൈവദാസന്മാർ അവരുടെ പ്രാർത്ഥനയാൽ ആകർഷിക്കുന്ന ദൈവത്തിന്റെ ശക്തിയാൽ ലോകം ജീവിക്കുകയും വളരുകയും ചെയ്യുന്നു. പ്രാർത്ഥന എന്നും ജീവിത ശൃംഖലയാണ്. പ്രാർത്ഥിക്കുന്ന നിരവധിയായ സ്ത്രീപുരുഷന്മാർ ജീവിതം വിതയ്ക്കുന്നു. കുഞ്ഞുങ്ങൾ പ്രാർത്ഥിക്കാൻ പഠിക്കേണ്ടത് സുപ്രധാനമാണ്. ഒരു പക്ഷേ, പിന്നീട് അത് മറന്നു പോയേക്കാം, മറ്റൊരു വഴി തിരഞ്ഞെടുത്തേക്കാം. എന്നിരുന്നാലും കുഞ്ഞുന്നാളിൽ പഠിച്ച പ്രാർത്ഥന ഹൃദയത്തിൽ പതിഞ്ഞു കിടക്കും. കാരണം, അത് ജീവൻറെ വിത്താണ്, ദൈവവുമായുള്ള സംഭാഷണത്തിൻറെ വിത്താണ്. 

ശിലാഹൃദയത്തെ മാംസളഹൃദയമായി രൂപപ്പെടുത്തുന്ന പ്രാർത്ഥന

ദൈവചരിത്രത്തിലെ ദൈവത്തിൻറെ യാത്ര പ്രാർത്ഥനയുടെ മനുഷ്യരിലൂടെ  കടന്നുപോകുന്നു: അത്, ശക്തന്മാരുടെ നിയമത്തോടു ഒന്നു ചേരാത്തവരും എന്നാൽ അത്ഭുതം പ്രവർത്തിക്കാൻ, വിശിഷ്യ, ശിലാഹൃദയങ്ങളെ മാംസളഹൃദയമാക്കി രൂപാന്തരപ്പെടുത്താൻ ദൈവത്തോടു പ്രാർത്ഥിക്കുന്നവരുമായ, നരകുലത്തിലെ  ഒരു വിഭാഗം മനുഷ്യരിലൂടെ കടന്നുപോയി. ഇത് പ്രാർത്ഥനയ്ക്ക് സഹായകമാണ്. കാരണം, പ്രാർത്ഥന ദൈവത്തിലേക്കുള്ള വാതിൽ തുറക്കുകയും, പലപ്പോഴും നമ്മുടെ ശിലാഹൃദയത്തെ മാനവഹൃദയമായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. മാനവികത ഏറെ ആവശ്യമായിരിക്കുന്നു. അതുണ്ടെങ്കിൽ നന്നായി പ്രാർത്ഥിക്കാൻ സാധിക്കും.

സമാപനം

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍അഭിവാദ്യം ചെയ്യുകയും ചെയ്തു. 

പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2020, 14:13