തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാനിൽ 06/05/2020 ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാനിൽ 06/05/2020  (Vatican Media)

പ്രാർത്ഥന: വിശ്വാസത്തിൻറെ പ്രാണവായു!

ഫ്രാൻസീസ് പാപ്പാ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ പ്രാർത്ഥനയെ അധികരിച്ച് ഒരു പുതിയ പ്രബോധന പരമ്പര ആരംഭിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും (06/05/20) ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയിൽ ജനങ്ങളുടെ പങ്കാളിത്തം ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു. കൊറോണവൈറസും കോവിദ് 19 രോഗവും ലോക ജനതയെ സാമൂഹ്യജീവിതത്തിൽ ശാരീരികമായ അകലം പാലിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്ന ഒരു പശ്ചാത്തലത്തിലാണ് പാപ്പായുടെ പരിപാടികളിലുള്ള ജനങ്ങളുടെ ഭാഗഭാഗിത്വം ഇപ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്നത്.  പതിവുപോലെ പാപ്പാ, പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന്  ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു. തന്നോടു കരുണ കാട്ടേണമേ എന്ന്  ബർത്തിമേയൂസ് എന്ന കുരുടനായ യാചകൻ വിശ്വാസത്തോടെ നസ്രായനായ യേശുവിനോടു യാചിക്കുന്നതും ആ അന്ധന് അവിടന്നു കാഴ്ച നൽകുന്നതുമായ സംഭവം, മർക്കോസിൻറെ സുവിശേഷം 10,46-52 വരെയുള്ള വാക്യങ്ങൾ ആയിരുന്നു വായിക്കപ്പെട്ടത്. തുടർന്ന് പാപ്പാ ഒരു വിചിന്തനം നടത്തി.

പ്രാർത്ഥന വിശ്വാസത്തിൻറെ സമുചിത ആവിഷ്ക്കാരം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.

ഇന്നു നമ്മൾ പ്രാർത്ഥനയെ അധികരിച്ച് പുതിയൊരു പ്രബോധനപരമ്പര ആരംഭിക്കുകയാണ്. പ്രാർത്ഥന, വിശ്വാസത്തിൻറെ പ്രാണവായുവാണ്, വിശാസത്തിൻറെ എറ്റം ഉചിതമായ ആവിഷ്ക്കാരമാണ്. വിശ്വസിക്കുകയും ദൈവത്തിന് സ്വയം സമർപ്പിക്കുകയും ചെയ്യുന്ന വിശ്വാസിയുടെ ഹൃദയത്തിൽ നിന്നുയരുന്ന രോദനം പോലെയാണ് അത്.

അന്ധയാചകനായ ബർത്തിമേയൂസ്

സുവിശേഷത്തിൽ കാണുന്ന ബർത്തിമേയൂസിൻറെ കഥ നമുക്കൊന്നു നോക്കാം. അന്ധനായിരുന്ന അവൻ ജെറീക്കൊ നഗര പ്രാന്തത്തിൽ ഒരു വഴിയോരത്തിരുന്നു ഭിക്ഷ യാചിക്കുകയായിരുന്നു. അജ്ഞാതനല്ല ആ വ്യക്തി. അവന് മുഖമുണ്ട്, ഒരു പേരുണ്ട്. അതായത്, തിമേയൂസിൻറെ പുത്രനായ ബർത്തിമേയൂസ്. യേശു ആ വഴിയിലുടെ കടന്നുപോകുമെന്ന് അവൻ ഒരു ദിവസം കേൾക്കുന്നു. തീർത്ഥാടകരും കച്ചവടക്കാരും കടന്നു പോയിരുന്ന ഒരു നഗരമായിരുന്നു ജെറീക്കൊ. അങ്ങനെ ബർത്തിമേയൂസ് അവിടെ ഇരിക്കുന്നു. യേശുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് അവൻ എന്തും ചെയ്യുമായിരുന്നു. അപ്രകാരം ചെയ്യുന്ന അനേകരുണ്ട്. ഉദാഹരണമായി യേശുവിനെ കാണാൻ മരത്തിൽ കയറിയ സഖേവൂസ്. അനേകർ യേശുവിനെ കാണാൻ ആഗ്രഹിച്ചു. ബർത്തിമേയൂസും. 

സ്വരം എന്ന ആയുധം

അങ്ങനെ, തീവ്രാഭിലാഷത്തോടെ, ഉച്ചത്തിൽ വിളിച്ചുപറയുന്ന ഒരുവനായി, ബർത്തിമേയുസ് സുവിശേഷത്തിലേക്കു കടന്നുവരുന്നു. അവൻ കാണുന്നില്ല; യേശു ചാരെയാണോ ദൂരെയാണോ എന്ന് അവനറിയില്ല. എന്നാൽ ജനങ്ങളിൽ നിന്ന് അവനറിയുന്നു യേശു അടുത്തെത്താറായിരിക്കുന്നുവെന്ന്. ബർത്തിമേയൂസ് പൂർണ്ണമായും ഏകനാണ്, അവനെക്കുറിച്ച് ചിന്തിക്കാൻ ആരുമില്ല. അപ്പോൾ അവൻ ചെയ്യുന്നതെന്താണ്? അവൻ ഉച്ചത്തിൽ വിളിച്ചു പറയുന്നു. ആ പ്രവർത്തി അവൻ ആവർത്തിക്കുന്നു. അവൻറെ കൈവശമുള്ള ഏക ആയുധമായ സ്വരം അവൻ ഉപയോഗപ്പെടുത്തുന്നു. അവൻ ഉച്ചസ്വരത്തിൽ അപേക്ഷിക്കുന്നു: “ദാവീദിൻറെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ” (10,47).

കാരുണ്യത്തിനായി ഉച്ചത്തിലുള്ള യാചന

അവൻറെ ആവർത്തിച്ചുള്ള ഉച്ചസ്വരത്തിലുള്ള അഭ്യർത്ഥന ജനത്തെ അലോസരപ്പെടുത്തുന്നു, അത് നല്ല പെരുമാറ്റമായി അവർക്ക് തോന്നിയില്ല. അവർ അവനെ ശകാരിക്കുന്നു, നിശബ്ദനായിരിക്കാൻ അവനോടു പറയുന്നു. എന്നാൽ ബർത്തിമേയൂസ് മൗനം പാലിക്കുന്നില്ല, പൂർവ്വാധികം ശക്തിയോടെ ഉച്ചസ്വരത്തിൽ അവൻ ആവർത്തിക്കുന്നു: “ദാവീദിൻറെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ” (10,47). “ദാവീദിൻറെ പുത്രൻ” എന്ന സംബോധന സുപ്രധാനമാണ്; മിശിഹാ എന്നാണ് അതിനർത്ഥം. സകലരാലും നിന്ദിതനായ ഒരു മനുഷ്യൻറെ അധരത്തിൽ നിന്നുതിരുന്ന വിശ്വാസ പ്രഖ്യാപനം ആണത്.

യേശു അവൻറെ യാചന കേൾക്കുന്നു. ബർത്തിമേയൂസിൻറെ പ്രാർത്ഥന അവിടത്തെ ഹൃദയത്തെ, ദൈവത്തിൻറെ ഹൃദയത്തെ സ്പർശിക്കുന്നു. രക്ഷയുടെ വാതിലുകൾ ബർത്തിമേയൂസിനു തുറന്നു കിട്ടുന്നു. യേശു അവനെ അടുത്തേക്കു വളിപ്പിക്കുന്നു. അവൻ കുതിച്ചു ചാടുന്നു, ആദ്യം ശകാരിച്ചവർ ഇപ്പോൾ അവനെ ഗുരുവിൻറെ പക്കലേക്കാനയിക്കുന്നു. യേശു അവനോടു സംസാരിക്കുന്നു, അവൻറെ ആഗ്രഹം ചോദിച്ചറിയുന്നു. ഇത് ശ്രദ്ധേയമാണ്. അവൻറെ ഉച്ചസ്വരം ഇവിടെ ഒരു ആവശ്യപ്പെടലായി പരിണമിക്കുന്നു. “എനിക്കു കാഴ്ച വീണ്ടുകിട്ടണം” (മർക്കോസ് 10,51).

വിശ്വാസം

യേശു അവനോടു പറയുന്നു: “പൊയ്ക്കൊള്ളുക, നൻറെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (മർക്കോസ് 10,52). പാവപ്പെട്ടവനും നസ്സഹായനും നിന്ദിതനുമായ ആ മനുഷ്യൻറെ വിശ്വാസത്തിൻറെ സർവ്വശക്തിയും അവിടന്ന് തിരിച്ചറിയുന്നു. ദൈവത്തിൻറെ കാരുണ്യത്തെയും ശക്തിയെയു ആകർഷിച്ചത് ആ ഉറച്ച വിശ്വാസമാണ്. ഉയർത്തിപ്പിടിച്ച രണ്ടു കരങ്ങളും രക്ഷയെന്ന ദാനം ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുന്ന ഒരു സ്വരവും ഉണ്ടായിരിക്കുക എന്നതാണ് വിശ്വാസം. “എളിമയാണ് പ്രാർത്ഥനയുടെ അടിസ്ഥാനം” എന്ന് കത്തോലിക്കാസഭയുടെ മതബോധനം പഠിപ്പിക്കുന്നു. (2559) പ്രാർത്ഥന പിറവിയെടുക്കുന്നത് മണ്ണിൽ നിന്നാണ്, ജൈവമണ്ണിൽ നിന്നാണ്. താഴ്മ എന്നതിൻറെ മൂലം അതിലാണ്. നമ്മുടെ സന്ദിഗ്ദ്ധാവസ്ഥയിൽ, ദൈവത്തിനായുള്ള അദമ്യമായ ദാഹത്തിൽ നിന്നാണ് പ്രാർത്ഥന ഉയരുന്നത്.

വിശ്വാസവും വിശ്വാസരാഹിത്യവും

വിശ്വാസം ഉച്ചസ്വരമാണെന്ന് ബർത്തിമേയൂസിൽ നാം കണ്ടു; വിശ്വാസ രാഹിത്യമാകട്ടെ ആ സ്വരത്തെ ഞെരുക്കലാണ്, അതാണ് ആ ജനത്തിനുണ്ടായിരുന്നത്, അവർ അവനെ നിശബ്ദനാക്കാൻ ശ്രമിച്ചു. അവർ വിശ്വാസമുള്ളവരായിരുന്നില്ല. ഇത് ഒരുതരം മൗനമാണ്. വിശ്വാസം കാരണമറിയാത്ത ഖേദകരമായ അവസ്ഥയ്ക്കെതിരായ ഒരു പ്രതിഷേധമാണ് വിശ്വാസം. എന്നാൽ വിശ്വാസരാഹിത്യമാകട്ടെ, നാം ഇഴുകിച്ചേർന്ന ഒരു അവസ്ഥയ്ക്ക് വിധേയമായിരിക്കുന്നതിൽ ഒതുങ്ങലാണ്. രക്ഷപ്രാപിക്കാമെന്ന പ്രത്യാശയാണ് വിശ്വാസം, എന്നാൽ അവിശ്വാസമാകട്ടെ, നമ്മെ അടിമയാക്കിയിരിക്കുന്ന തിന്മയോട് ഒത്തുപോകലാണ്.

പ്രിയ സഹോദരീസഹോദരമാരേ, ബർത്തിമേയൂസിൻറെ ഉച്ചത്തിലുള്ള യാചനയോടുകൂടി നമുക്ക് ഈ പ്രബോധന പരമ്പര ആരംഭിക്കാം. അത് ഒരു പക്ഷേ ബർത്തിമേയൂസിനെപ്പോലുള്ള ഒരു വ്യക്തിയിൽ സകലവും ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നതിനാലാകാം. യാചന നിഷ്ഫലമാണെന്നും ഉത്തരം ലഭിക്കാത്ത ഒരു സ്വരമാണെന്നും അലോസരപ്പെടുത്തുന്ന ഒരു കോലാഹലം ആണെന്നും, വിശദീകരിക്കുന്ന ഒരു കൂട്ടം ആളുകൾ അവനു ചുറ്റുമുണ്ടായിരുന്നു. എന്നാൽ ബർത്തിമേയൂസ് മൗനം അവലംബിച്ചില്ല. അവസാനം അവൻ ആശിച്ചത് അവനു ലഭിച്ചു.

മാനവഹൃത്തിലെ അതിശക്തമായ യാചനാ സ്വരം

വിരുദ്ധമായ എല്ലാ വാദങ്ങളെക്കാളും ശക്തമായ ഒരു യാചനാസ്വരം മാനവ ഹൃദയത്തിലുണ്ട്. ആരുടെയും നിർദ്ദേശം കൂടാതെ സ്വമേധായ പുറപ്പെടുന്ന ഒരു സ്വരമാണത്. ഇഹലോകത്തിലെ നമ്മുടെ യാത്രയുടെ പൊരുളിനെക്കുറിച്ച്, വിശിഷ്യ, നാം അന്ധകാരത്തിലാഴുമ്പോൾ, ചോദ്യമുയർത്തുന്ന ഒരു സ്വരമാണത്. “യേശുവേ എന്നോടു കരുണ കാട്ടണമേ! യേശുവേ ഞങ്ങളെല്ലാവരോടും കാരുണ്യം കാട്ടണമേ!” 

“ദൈവത്തിൻറെ ഭിക്ഷു”

ഒരു പക്ഷേ, ഈ വാക്കുകൾ സൃഷ്ടി മുഴുവനിലും ഉല്ലേഖിതമായിരിക്കില്ലേ? കാരുണ്യത്തിൻറെ രഹസ്യം നിയതമായി പൂർത്തീകരിക്കപ്പെടുന്നതിനായി സകലവും വിളിച്ചപേക്ഷിക്കുന്നു. ക്രൈസ്തവർ മാത്രമല്ല പ്രാർത്ഥിക്കുന്നത്. അവർ സകല സ്ത്രീപുരുഷന്മാരുമൊത്ത് പ്രാർത്ഥിക്കുന്നു. ചക്രവാളം ഇനിയും വിസ്തൃതമാക്കാവുന്നതാണ്. പൗലോസപ്പസ്തോലൻ പറയുന്നു: “സമസ്ത സൃഷ്ടികളും ഒന്നു ചേർന്ന് “നെടുവീർപ്പിടുകയും ഈറ്റുനോവ് അനുഭവിക്കുകയും” ചെയ്യുന്നു. (റോമ, 8,22).കലാകാരന്മാർ പലപ്പോഴും സൃഷ്ടിയുടെ ഈ നിശബ്ദമായ നിലവിളിയുടെ വ്യാഖ്യാതാക്കളായിത്തീരുന്നു. ഈ മൗനരോദനം സകലസൃഷ്ടികളിലും സമ്മർദ്ദം ചെലുത്തുന്നു, സർവ്വോപരി മാനവഹൃദയത്തിൽ നിന്ന് അത് ഉയർന്നു വരുന്നു. കാരണം മനുഷ്യൻ “ദൈവത്തിൻറെ ഭിക്ഷുവാണ്”, മനുഷ്യനെക്കുറിച്ചുള്ള എത്ര മനോഹരമായ നിർവ്വചനം: “ദൈവത്തിൻറെ ഭിക്ഷു”.  നന്ദി.   

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും എല്ലാവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

 

06 May 2020, 15:12