പനാമായിൽ നടന്ന യുവജന സംഗമത്തിൽ പാപ്പാ... പനാമായിൽ നടന്ന യുവജന സംഗമത്തിൽ പാപ്പാ...  

"ക്രിസ്തു ജീവിക്കുന്നു”:പ്രായം ആനുകൂല്യങ്ങളെ സ്ഥാപിക്കുന്നില്ല.

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 14-15 ഭാഗങ്ങളെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായം

ഒന്നാം അദ്ധ്യായത്തിൽ യുവജനങ്ങളെ പറ്റി ദൈവവചനം എന്തു പറയുന്നുവെന്ന വിവരമാണുള്ളത്. ജോസഫ്, ഗദയോൻ, സാമുവേൽ, ദാവീദ്, സോളമൻ, റൂത്ത് എന്നിവരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ പഴയ നിയമം യുവജനങ്ങൾക്ക് നൽകുന്ന സന്ദേശത്തെ കുറിച്ചും 'നിത്യയൗവനയുക്തനായ യേശു നമുക്ക് നിത്യ യൗവനം നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് പുതിയ നിയമത്തിലെ യുവതയെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകളിലേക്ക് പാപ്പാ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

14. യുവജനത്തെ അവജ്ഞയോടെ കാണുകയും അവരുടെ മേൽ ആധിപത്യം പുലർത്തുകയും ചെയ്ത മുതിർന്നവരെ കൊണ്ട് യേശുവിന് ഒരു ഉപയോഗവും ഇല്ലായിരുന്നു എന്നും നമ്മൾ ഓർമ്മിക്കണം നേരെമറിച്ച് അവിടുന്ന് ഇങ്ങനെ ഊന്നി പറഞ്ഞു: "നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെ പോലെയാകണം"(ലൂക്കാ. 22:26) അവിടുത്തെ സംബന്ധിച്ചിടത്തോളം പ്രായം ആനുകൂല്യങ്ങളെ സ്ഥാപിക്കുന്നില്ല. ചെറുപ്പമായിരിക്കുന്നു എന്നത് യോഗ്യതയോ, മഹത്വമോ കുറയ്ക്കുന്നില്ല. (കടപ്പാട്. പിഒസി പ്രസിദ്ധീകരണം)

വലിയവൻ ചെറിയവനെ പോലെയാകണം എന്ന് പഠിപ്പിച്ചത് ക്രിസ്തുവാണ്. ക്രിസ്തു മൊഴികളെ ഓർമ്മിപ്പിക്കുന്ന പാപ്പാ അവിടുത്തെ സംബന്ധിച്ചിടത്തോളം പ്രായം ആനുകൂല്യങ്ങൾ സ്ഥാപിക്കുന്നില്ലെന്നും ചെറുപ്പം ഒരു വ്യക്തിയുടെ യോഗ്യതയും മഹത്വത്തെയും കുറയ്ക്കുന്നില്ലെന്നും ഉദ്ബോധിപ്പിക്കുന്നു. ദാനിയേലിന്റെ പുസ്തകത്തിൽ പതിമൂന്നാം അദ്ധ്യായത്തിൽ 45 -49 വരെയുള്ള വചനങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു. “അവള്‍ കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോള്‍ ദാനിയേലെന്ന പേരുള്ള ഒരു ബാലന്റെ പരിശുദ്ധമായ ആത്മാവിനെ കര്‍ത്താവ്‌ ഉണര്‍ത്തി. അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ഇവളുടെ രക്തത്തില്‍ എനിക്കു പങ്കില്ല. ജനം അവന്റെ നേരേ തിരിഞ്ഞു: നീ എന്താണു പറഞ്ഞത്‌? അവരുടെ മധ്യേ നിന്നുകൊണ്ട്‌ അവന്‍ പറഞ്ഞു: ഇസ്രായേല്‍മക്കളേ, നിങ്ങള്‍ ഇത്ര ഭോഷന്മാരാണോ? വിചാരണ നടത്താതെയും വസ്‌തുതകള്‍ ഗ്രഹിക്കാതെയും ഒരു ഇസ്രായേല്‍ പുത്രിയെ നിങ്ങള്‍ ശിക്ഷയ്‌ക്കു വിധിക്കുന്നുവോ? വിചാരണ സ്ഥലത്തേക്കു മടങ്ങുവിന്‍, കാരണം, ഈ മനുഷ്യര്‍ ഇവള്‍ക്കെതിരേ കള്ളസാക്ഷ്യം പറഞ്ഞിരിക്കുന്നു.

അവര്‍ വേഗം മടങ്ങി. ശ്രേഷ്‌ഠന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങളുടെ ഇടയിലിരുന്ന്‌ നിന്റെ വാദം ഉന്നയിക്കുക; ദൈവം നിനക്ക്‌ ശ്രേഷ്‌ഠസ്ഥാനം നല്‍കിയിട്ടുണ്ടല്ലോ. ദാനിയേല്‍ പറഞ്ഞു: അവരെ രണ്ടുപേരെയും പരസ്‌പരം ദൂരെ മാറ്റി നിര്‍ത്തുക; ഞാന്‍ അവരെ വിസ്‌തരിക്കാം. (ദാനി.13:45-51) സൂസന്നയുടെ നിഷ്കളങ്കത തെളിയിക്കാൻ ദൈവം തിരഞ്ഞെടുത്തത് ദാനിയേൽ എന്ന ബാലനെയായിരുന്നു. അവന്റെ പരിശുദ്ധമായ ആത്മാവിനെ ഉണർത്തി സൂസന്നയുടെ ചാരിത്രത്തെയും, ജീവനെയും സംരക്ഷിച്ച് ജനങ്ങളുടെ ഇടയിൽ ആ ബാലന് വലിയ കീർത്തി ഉണ്ടാക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കൃപ ലഭിക്കുന്നതിനും വിശുദ്ധി സ്വന്തമാക്കുന്നതിനും വിശ്വാസം പ്രഖ്യാപിക്കുന്നതിനും പ്രായമൊരു മാനദണ്ഡമല്ല എന്ന് ഈ വചനഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു.

ദാനിയേലിന്റെ പുസ്തകത്തിൽ തന്നെ പ്രതികൂല സാഹചര്യങ്ങളിലായിരുന്നപ്പോഴും, ജീവൻ അപകടത്തിൽ ആയിരിക്കുമ്പോഴും വിശ്വാസം പതറാതെ കാത്ത മൂന്ന് യുവാക്കളെ കുറിച്ച് നമുക്ക് കാണാൻ കഴിയും. അന്യദേവന്മാരെ ആരാധിക്കാൻ നബുകദ്നേസർ  രാജാവ് ആവശ്യപ്പെട്ടപ്പോൾ ഹെഷദ്രാക്, മേഷെക്, അബെദ്നെഗോ എന്ന മൂന്ന് യുവാക്കൾ വിസമ്മതിക്കുന്നു. അതിനു ശിക്ഷയായി അവരെ തീച്ചൂളയിലിടാൻ രാജാവ് ആജ്ഞാപിക്കുന്നു. അപ്പോൾ ആ മൂന്നു യുവാക്കളുടെ വിശ്വാസപ്രഖ്യാപനം ഇപ്രകാരമായിരുന്നു. “രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്ന തീച്ചൂളയില്‍ നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ്‌. അവിടുന്ന്‌ ഞങ്ങളെ നിന്റെ കൈയില്‍നിന്നു മോചിപ്പിക്കും. ഇക്കാര്യം നീ അറിഞ്ഞുകൊള്ളുക. അവിടുന്ന്‌ ഞങ്ങളെ മോചിപ്പിച്ചില്ലെങ്കില്‍പ്പോലും ഞങ്ങള്‍ നിന്റെ ദേവന്മാരെയോ നീ നിര്‍മ്മിച്ച സ്വര്‍ണ്ണ ബിംബത്തെയോ ആരാധിക്കുകയില്ല.” (ദാനി.3:17-18).

രൂപമല്ല ഒരു വ്യക്തിയെ മഹത്വമുള്ളതാക്കുന്നത്. യുവാക്കൾക്കും, വിശുദ്ധിയുടെയും വിശ്വാസത്തിന്റെയും, നന്മയുടെയും തായ്‌ വേരുകളാകാൻ കഴിയും. സഭയിലെ വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുന്ന നിരവധി യുവവിശുദ്ധരെ കാണാൻ കഴിയും. ഏറ്റവും ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ വിശുദ്ധ പദം സ്വന്തമാക്കിയ വിശുദ്ധ മാർസെലിനോ, വിശുദ്ധ ഡൊമിനിക് സാവിയോ, വിശുദ്ധ മരിയ ഗൊരെത്തി തുടങ്ങീ നിരവധി കുഞ്ഞു വിശുദ്ധർ സഭയ്ക്കുണ്ട്. യുവത്വത്തിന്റെ നിറവിലായിരുന്നപ്പോൾ ജീവിതംകൊണ്ട് വിശുദ്ധിയുടെ മഹത്വത്തിലേക്ക് പ്രവേശിച്ച വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ അലോഷ്യസ് ഗോൾസാഗോ, വിശുദ്ധ റുഫീനാ, വിശുദ്ധ ആഗ്നെസ്, വിശുദ്ധ ആഗത്താ, തുടങ്ങി നിരവധി വിശുദ്ധരുടെ ജീവിതം യുവജനങ്ങൾക്ക് പ്രചോദനമാണ്. അതുകൊണ്ടാണ് പ്രായം ഒരു വ്യക്തിയുടെ മഹത്വത്തെയും യോഗ്യതയെയും കുറയ്ക്കുന്നില്ല എന്ന് പാപ്പാ പ്രബോധിപ്പിക്കുന്നത്.

15. ദൈവവചനം പറയുന്നു, ചെറുപ്പക്കാരെ "സഹോദരങ്ങളായി കരുതി പെരുമാറണം" (തിമോ 5:2).  കുട്ടികൾ നിരുന്മേഷരാകും വിധം അവരെ പ്രകോപിപ്പിക്കരുത് (cf. കൊളോ 3:21) എന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ചെറുപ്പക്കാർ നിരുത്സാഹരാകരുത്. അവർ വലിയ കാര്യങ്ങൾ സ്വപ്നം കാണാനും, വിസ്തൃതമായ ചക്രവാളങ്ങൾ അന്വേഷിക്കാനും, കൂടുതൽ ഉന്നതമായവയെ ലക്ഷ്യം വയ്ക്കാനും, ലോകത്തെ ജയിക്കാനും, വെല്ലുവിളികളെ സ്വീകരിക്കാനും, കൂടുതൽ  നല്ലവയെ പടുത്തുയർത്താ൯ ഏറ്റവും നല്ല കഴിവുകൾ  ഉപയോഗിക്കാനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവരാണ്. അതുകൊണ്ടാണ് പ്രത്യാശ അപഹരിക്കപ്പെട്ടവരാകരുതെന്ന് ഞാൻ യുവജനത്തെ സ്ഥിരം നിർബന്ധിക്കുന്നത്. അവരിൽ ഓരോരുത്തരോടും ഞാൻ ആവർത്തിച്ചു പറയുന്നു: നിങ്ങളുടെ യൗവനത്തെ  ആരും അവഗണിക്കാതിരിക്കട്ടെ " (1തിമോ 4:12) (കടപ്പാട്. പിഒസി പ്രസിദ്ധീകരണം).

ഈ ഖണ്ഡികയിൽ യുവജനങ്ങൾ നിരുത്സാഹരാകരുതെന്നും, സ്വപ്നങ്ങൾ കാണണമെന്നും, വിസ്തൃതമായി ചിന്തിക്കാനും ഉന്നതമായവയെ ലക്ഷ്യം വയ്ക്കാനും വെല്ലുവിളികളെ ക്രിയാത്മകമായി സ്വീകരിച്ച് അവരുടെ കഴിവുകളെ നന്മയ്ക്കായി വിനിയോഗിക്കാൻ പാപ്പാ ആവശ്യപ്പെടുന്നു. യുവത്വത്തെ ആരും അവഗണിക്കാതിരിക്കുക എന്ന തിരുവചനത്തെ ഓർമ്മപ്പെടുത്തി കൊണ്ടാണ് പാപ്പാ ഈ ഖണ്ഡിക അവസാനിപ്പിക്കുന്നത്. സഭയുടെ വർത്തമാനവും ഭാവിയും എന്ന പാപ്പയുടെ വിശേഷണം ലഭിച്ചവരാണ് യുവജനങ്ങൾ. മുതിർന്നവരുടെ അനുഭവവും യുവജനങ്ങളുടെ അറിവും സംയോജിക്കുമ്പോൾ ലോകത്തിന് ഒരുപാട് നന്മകളുടെ വിളവു നൽകാൻ കഴിയുമെന്നും ഒരവസരത്തിൽ  പാപ്പാ പറഞ്ഞിരുന്നു. ജീവിതത്തിലെ എല്ലാ വശങ്ങളെയും കണ്ട്, അനുഭവിച്ച്, അതിൽ നിന്നും പാഠം പഠിച്ച്, പാകപ്പെട്ട അനുഭവങ്ങളുടെയും, ഉൾക്കാഴ്ച്ച കളുടെയും, അറിവിന്റെയും സമൃദ്ധി മുതിർന്നവരുടെ കൈകളിലുണ്ട്. അതുപോലെ കാലത്തിന്റെ മാറ്റങ്ങളെ നന്നായി മനസ്സിലാക്കാനും, ഉപയോഗിക്കാനും അവയെ സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാനുള്ള കഴിവും, ഊർജ്ജവും, ക്രിയാത്മകതയും യുവജനങ്ങളിലുണ്ട്. സകലരുടേയും നന്മ എന്ന ലക്ഷ്യത്തിലേക്ക് ഈ രണ്ടുകൂട്ടരുടെയും കൈകളിലിരിക്കുന്ന സമ്പത്തിനെ വിനിയോഗിക്കുമ്പോൾ ഒരു പുതിയ ലോകം നമുക്ക് സൃഷ്ടിക്കാൻ കഴിയും. അതുകൊണ്ട് യുവജനങ്ങളെ അവരുടെ പ്രായത്തിന്റെ പേരിൽ അവഗണിക്കാതെ അവരുടെ ശബ്ദങ്ങൾ ശ്രവിക്കുവാനും അവരുടെ സ്വപ്നങ്ങളെ ഫലമണിയിക്കുവാനും അവരുടെ സഞ്ചാരങ്ങളെ നന്മയിലേക്ക് നയിക്കാനുള്ള നമ്മുടെ കടമയെ ഈ പ്രബോധനത്തിലൂടെ പാപ്പാ ഓർമ്മപ്പെടുത്തുമ്പോൾ നമുക്കും യുവജന ത്തോടൊപ്പം പുതിയ യുഗം സൃഷ്ടിക്കാൻ പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2020, 14:00