സൗഖ്യം നൽകുന്ന യേശു... സൗഖ്യം നൽകുന്ന യേശു... 

ക്രിസ്തു ജീവിക്കുന്നു:സോളമൻ രാജാവും, ജെറമിയാ പ്രവാചകനും

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ പത്താം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായം

ഒന്നാം അദ്ധ്യായത്തിൽ യുവജനങ്ങളെ പറ്റി ദൈവവചനം എന്തു പറയുന്നുവെന്ന വിവരമാണുള്ളത്. ജോസഫ്, ഗദയോൻ, സാമുവേൽ, ദാവീദ്, സോളമൻ, റൂത്ത് എന്നിവരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ പഴയ നിയമം യുവജനങ്ങൾക്ക് നൽകുന്ന സന്ദേശത്തെ കുറിച്ചും 'നിത്യയൗവനയുക്തനായ യേശു നമുക്ക് നിത്യ യൗവനം നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് പുതിയ നിയമത്തിലെ യുവതയെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകളിലേക്ക് പാപ്പാ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

10.  സോളമൻ രാജാവും,  ജെറമിയാ പ്രവാചകനും

സോളമൻ തന്റെ പിതാവിന്റെ പിൻഗാമിയാകേണ്ടി വന്നപ്പോൾ തകർന്നവനായി ദൈവത്തോടു ഇങ്ങനെ പറയുകയും ചെയ്തു: "ഞാൻ കേവലം യുവാവാണ്.  എങ്ങനെ പ്രവർത്തിക്കണമെന്ന് ഒട്ടും അറിയാത്തവൻ " ( 1 രാജാ 3:7). എന്നാലും യൗവനത്തിന്റെ ധീരത ദൈവത്തോടു ജ്ഞാനം ചോദിക്കാൻ പ്രേരിപ്പിച്ചു. തന്റെ ദൗത്യത്തിനായി സ്വയം സമർപ്പിക്കുകയും ചെയ്തു. ജെറമിയാ പ്രവാചകനും ഏറെക്കുറെ ഇതുപോലെ സംഭവിച്ചു. യൗവനത്തിലാണെങ്കിലും ജനത്തെ ഉണർത്താൻ അദ്ദേഹം വിളിക്കപ്പെട്ടു. അദ്ദേഹം ഭയന്ന് ഇങ്ങനെ പറഞ്ഞു. "ദൈവമായ കർത്താവെ, ഞാൻ കേവലം ബാലനാണ്. സംസാരിക്കാൻ എനിക്ക് പാടവമില്ല." ( ജെറ 1:6). പക്ഷേ, അങ്ങനെ പറയരുതെന്ന് കർത്താവ് പറഞ്ഞു (cf. 1:7) . കർത്താവു, ഇങ്ങനെ കൂട്ടിച്ചേർത്തു പറഞ്ഞു: "നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്ഷയ്ക്ക് നിന്നോടുകൂടെ ഞാനുണ്ട്. കർത്താവാണ് ഇതു പറയുന്നത് " ( ജെറ 1:8). യൗവനത്തിന്റെ സാഹസീകത ദൈവത്തിന്റെ ശക്തിയോടു ചേരുമ്പോൾ എന്തു സംഭവിക്കുമെന്ന് ജെറമിയാ പ്രവാചകന് തന്റെ ദൗത്യത്തോടുള്ള ഭക്തി കാണിക്കുന്നു.

ബാലനായിരുന്നിട്ട് പോലും ഇസ്രായേൽ ജനത്തെ നയിക്കാൻ ദൈവം തന്നെ തിരഞ്ഞെടുത്തുവെന്ന്  ഉറച്ച ബോദ്ധ്യമുണ്ടായിരുന്ന സോളമനിൽ നിന്നും നാം കണ്ടെത്തേണ്ട ചില സദ്ഗുണങ്ങളുണ്ട്. ദൈവം സോളമനോടു എന്ത് വേണമെന്ന് ചോദിച്ചു. “എന്റെ ദൈവമായ കര്‍ത്താവേ, ഭരണപരിചയമില്ലാത്ത ഒരു ബാലനായിരുന്നിട്ടുപോലും ഈ ദാസനെ എന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്ത്‌ രാജാവാക്കിയിരിക്കുന്നു. അങ്ങ്‌ തിരഞ്ഞെടുത്തതും സംഖ്യാതീതവുമായ ഒരു മഹാജനത്തിന്റെ നടുവിലാണ്‌ അങ്ങയുടെ ദാസന്‍.

ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്‍മയും തിന്‍മയും വിവേചി ച്ചറിഞ്ഞ്‌ അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും.സോളമന്റെ ഈ അപേക്ഷ കര്‍ത്താവിനു പ്രീതികരമായി. അവിടുന്ന്‌ അവനോടു അരുളിച്ചെയ്‌തു: നീ ദീര്‍ഘായുസ്സോ, സമ്പത്തോ, ശത്രുസംഹാരമോ ആവശ്യപ്പെടാതെ, നീതിനിര്‍വ്വഹണത്തിനുവേണ്ട വിവേകം മാത്രമാണ്‌ ആവശ്യപ്പെട്ടത്‌.നിന്റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും, വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. മാത്രമല്ല, നീ ചോദിക്കാത്തവകൂടി ഞാന്‍ നിനക്കു തരുന്നു. നിന്റെ ജീവിതകാലം മുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനും ഇല്ലാത്തവിധം നിനക്കുണ്ടായിരിക്കും. (1 രാജാ.3:7-13)

ഇന്ന് നമ്മുടെ മുന്നിൽ ദൈവം നമ്മുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് നമുക്കെന്ത് വരമാണ് വേണ്ടതെന്ന് ചോദിച്ചാൽ നാം എന്തു വരമാണ് ദൈവത്തോടു ആവശ്യപ്പെടുന്നത്. സോളമൻ രാജാവ് ചോദിച്ചത് ദൈവം തന്നെ ഭരമേൽപ്പിച്ച ദൈവജനത്തെ നയിക്കാനുളള  വിവേകമാണ്. അതായത് തന്റെ ദൗത്യം നിർവ്വഹിക്കാനുള്ള ആയുധമാണ് അവൻ ആവശ്യപ്പെട്ടത്.

നമുക്ക് ഓരോരുത്തർക്കും ദൈവം ദൗത്യം നൽകിയിരിക്കുന്നു. അത് ദൈവം ആഗ്രഹിക്കുന്ന രീതിയിൽ പൂർത്തീകരിക്കണമെങ്കിൽ അതിനാവശ്യമായ കൃപയാണ് നാം ആ ഗ്രഹിക്കേണ്ടത്. ഈ ആഗ്രഹം നമ്മെ ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ ശക്തി നൽകും. ദൈവഹിതമനുസരിച്ച്  ക്രമപ്പെടുത്തേണ്ടതാണ് നമ്മുടെ ജീവിതം. അപ്പോൾ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ നമുക്ക് കഴിയും. സോളമൻ രാജാവ് തന്റെ ജീവിതത്തെക്കുറിച്ചും, താൻ വന്ന വഴികളെക്കുറിച്ചും, തന്റെ  പൂർവ്വീകരെ കുറിച്ചും, ദൈവം അവരോടു പ്രകടിപ്പിച്ച സ്നേഹത്തെയും, കാരുണ്യത്തെയും, സംരക്ഷണത്തെയും അനുസ്മരിക്കുന്നു. അവയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ ബാലനായിരുന്നിട്ടും എന്നെ രാജാവാക്കി എന്നും, അവിടുത്തെ ജനത്തെ നയിക്കാനുള്ള കഴിവ് തനിക്കില്ലെന്നും ഏറ്റുപറയുന്നത്. ജീവിതത്തിൽ നമ്മുടെ കുറവുകളെ തിരിച്ചറിഞ്ഞു  അംഗീകരിക്കുമ്പോൾ കൃപയുടെ  നീർച്ചാലുകൾ നമ്മിലേക്ക് ദൈവം ഒഴുക്കും. അതിന് നമ്മുടെ ആത്മകഥയെ ദൈവം വായിക്കാൻ അനുവദിക്കണം. നമ്മുടെ ആത്മകഥകൾ ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുമ്പോൾ അനുഗ്രഹങ്ങളുടെ മഴപെയ്ത്തുണ്ടാകും. നമ്മുടെ ജീവിതം മറ്റുള്ളവരുടെ മുന്നിൽ ഹരിതമായി നിൽക്കും.

ലോകത്തിന്റെ മോഹനവാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ, അപകടങ്ങളിൽ ജീവിതം അടിഞ്ഞു പോകാതിരിക്കാൻ ദൈവവുമായുള്ള കൂടിക്കാഴ്ച്ചകൾ, ആലോചനകൾ, സംവാദങ്ങൾ ആവശ്യമാണ്. നമ്മുടെ മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും സോളമൻ രാജാവിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത് പോലെ ദൈവം നമ്മുടെ ജീവിതത്തിന്റെ അനുദിന സാഹചര്യങ്ങളിൽ വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ നമ്മോടു സംസാരിക്കുന്നത് തിരിച്ചറിയാൻ നമ്മുടെ യുവത്വത്തെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കാം.

ജെറമിയായെ  കുറിച്ച് പാപ്പാ സൂചിപ്പിക്കുന്നു. ജെറമിയാ  പറഞ്ഞു: “ ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്‌; സംസാരിക്കാന്‍ എനിക്കു പാടവമില്ല. കര്‍ത്താവ്‌ എന്നോടരുളിച്ചെയ്‌തു: വെറും ബാലനാണെന്നു നീ പറയരുത്‌. ഞാന്‍ അയയ്‌ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്‍പിക്കുന്നതെന്തും സംസാരിക്കണം. നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്ഷയ്‌ക്ക് നിന്നോടുകൂടെ ഞാനുണ്ട്‌; കര്‍ത്താവാണിതു പറയുന്നത്‌. അനന്തരം കര്‍ത്താവ്‌ കൈ നീട്ടി എന്റെ അധരത്തില്‍ സ്‌പര്‍ശിച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇതാ, എന്റെ  വചനങ്ങള്‍ നിന്റെ  നാവില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു.(ജറെ.1: 6-9).

പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടിയാണ് ജെർമിയാ നിയോഗിക്കപ്പെട്ടത്. പ്രവാചക ദൗത്യം നിറവേറ്റിയതിന്റെ പേരിൽ ശാരീരികമായും, മാനസികമായും വളരെയേറെ ക്ലേശങ്ങൾ സഹിച്ച വ്യക്തിയാണ് ജെറമിയാ. സ്വന്തം ജനത്തിന് മേൽപ്രസ്താവിക്കേണ്ടി  വേണ്ടി വന്ന വിധി വാചകം ജനസ്നേഹിയായ പ്രവാചകന് വേദനാജനകമായിരുന്നുവെങ്കിലും ഉള്ളിൽ തീ പോലെ ജ്വലിച്ചിരുന്ന ദൈവവചനത്തിന്റെ പ്രചോദനത്തിന് വഴങ്ങേണ്ടിവന്നു. ദൈവം തന്നെ പ്രവാചകനായി തിരഞ്ഞെടുത്തപ്പോൾ അഹങ്കരിക്കാതെ ആ വലിയ ദൗത്യത്തിന്റെ മുന്നിൽ താൻ ബാലനാണെന്ന് ഏറ്റു പറയാനുള്ള ധൈര്യം  ആ ബാലനുണ്ടായിരുന്നു. തന്റെ നിസ്സഹായാവസ്ഥയും ബലഹീനതയും ദൈവത്തിന്റെ മുന്നിൽ ഏറ്റു പറഞ്ഞപ്പോൾ ശക്തനായ ദൈവം അവനോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. ജെറമിയാ ദൗത്യം ഏറ്റെടുത്ത അന്നുമുതൽ അതികഠിനമായ വേദനകളിലൂടെ കടന്നുപോകുന്നു. വിവാഹം കഴിക്കരുതെന്ന് പോലും ദൈവം ആവശ്യപ്പെടുന്നു. ഏകാകിയായി ജെറമിയായുടെ ജീവിതം വേദനകളിലൂടെ കടന്നുപോകുമ്പോഴും ദൈവം പറഞ്ഞത് മാത്രം പ്രവചിക്കാൻ ദൈവം ജെറമിയായെ അനുഗ്രഹിക്കുന്നു 

“കര്‍ത്താവേ, അങ്ങ്‌ എന്നെ വഞ്ചിച്ചിരിക്കുന്നു; ഞാന്‍ വഞ്ചിതനായി. അങ്ങ്‌ എന്നേക്കാള്‍ ശക്തനാണ്‌. അങ്ങ്‌ വിജയിച്ചിരിക്കുന്നു. ദിവസം മുഴുവന്‍ ഞാന്‍ പരിഹാസ പാത്രമായി. എല്ലാവരും എന്നെ അപഹസിക്കുന്നു. വായ്‌ തുറക്കുമ്പോഴൊക്കെ അക്രമം, നാശം എന്നാണു ഞാന്‍ വിളിച്ചുപറയുന്നത്‌. കര്‍ത്താവിന്റെ  വചനം എനിക്ക്‌ ഇടവിടാത്ത നിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു.അവിടുത്തെപ്പറ്റി ഞാന്‍ ചിന്തിക്കുകയില്ല, അവിടുത്തെനാമത്തില്‍ മേലില്‍ സംസാരിക്കുകയില്ല എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്‌നി എന്റെ  അസ്ഥികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. അതിനെ അടക്കാന്‍ ശ്രമിച്ചു ഞാന്‍ തളര്‍ന്നു; എനിക്കു സാധിക്കുന്നില്ല. പലരും അടക്കം പറയുന്നതു ഞാന്‍ കേള്‍ക്കുന്നു: സര്‍വത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക, നമുക്ക്‌ അവനെതിരേ കുറ്റാരോപണം നടത്താം. എന്റെ കൂട്ടുകാരായിരുന്നവര്‍ ഞാന്‍ വീഴുന്നതു കാണാന്‍ കാത്തിരിക്കുകയാണ്‌. അവനു വഴിതെറ്റിയേക്കാം. അപ്പോള്‍ നമുക്ക്‌ അവന്റെ മേല്‍ വിജയം നേടാം; പ്രതികാരം നടത്തുകയും ചെയ്യാം. എന്നാല്‍ വീരയോദ്ധാവിനെപ്പോലെ കര്‍ത്താവ്‌ എന്റെ  പക്ഷത്തുണ്ട്‌. അതിനാല്‍ എന്റെ പീഡകര്‍ക്കു കാലിടറും. അവര്‍ എന്റെ മേല്‍ വിജയം വരിക്കുകയില്ല. വിജയിക്കാതെവരുമ്പോള്‍ അവര്‍ വല്ലാതെ ലജ്ജിക്കും. അവര്‍ക്കുണ്ടാകുന്ന നിത്യമായ അപമാനം ഒരിക്കലും വിസ്‌മരിക്കപ്പെടുകയില്ല. (ജറെ.20:7-11). ജനത്തോടു പറയാന്‍ കര്‍ത്താവ്‌ കല്‍പിച്ച കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ “പുരോഹിതന്മാരും പ്രവാചകന്മാരും ജനം മുഴുവനും ചേര്‍ന്ന്‌ അവനെ പിടികൂടി. അവര്‍ പറഞ്ഞു: നീ മരിച്ചേ മതിയാകു. ഈ ആലയം ഷീലോപോലെയാകും. ഈ നഗരം വിജനമാകും എന്നു നീ കര്‍ത്താവിന്റെ നാമത്തില്‍ പ്രവചിച്ചതെന്തിന്‌? ജനം മുഴുവന്‍ ദേവാലയത്തില്‍ അവന്റെ ചുറ്റും കൂടി. യൂദായിലെ പ്രഭുക്കന്മാര്‍ ഇതറിഞ്ഞപ്പോള്‍ രാജകൊട്ടാരത്തില്‍ നിന്നിറങ്ങി ദേവാലയത്തില്‍ വന്ന്‌ പുതിയ കവാടത്തിനു സമീപം ആസനത്ഥരായി.അപ്പോള്‍ പുരോഹിതന്‍മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും ജനത്തോടുമായി പറഞ്ഞു: ഇവന്‍മരണത്തിന്‌ അര്‍ഹനാണ്‌, എന്തെന്നാല്‍, ഇവന്‍ ഈ നഗരത്തിനെതിരായി പ്രവചിച്ചിരിക്കുന്നു; നിങ്ങള്‍തന്നെ കേട്ടതാണല്ലോ. അപ്പോള്‍ പ്രഭുക്കന്മാരോടും ജനത്തോടുമായി ജറെമിയാ പറഞ്ഞു: നിങ്ങള്‍ കേട്ട വാക്കുകള്‍ ഈ നഗരത്തിനും ഈ ആലയത്തിനുമെതിരായി പ്രവചിക്കാന്‍ കര്‍ത്താവാണ്‌ എന്നെ നിയോഗിച്ചത്.‌ നിങ്ങളുടെ മാര്‍ഗ്ഗങ്ങളും ചെയ്‌തികളും നന്നാക്കുവിന്‍; നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാക്കുകള്‍ അനുസരിക്കുവിന്‍. നിങ്ങള്‍ക്കെതിരായി പ്രഖ്യാപിച്ച അനര്‍ത്ഥങ്ങളെക്കുറിച്ച്‌ അപ്പോള്‍ അവിടുന്ന്‌ അനുതപിക്കും. ഞാനിതാ നിങ്ങളുടെ കൈകളിലാണ്‌. നീതിയുംയുക്‌തവും എന്നു നിങ്ങള്‍ക്കു തോന്നുന്നത്‌ ചെയ്‌തുകൊള്ളുക. എന്നാല്‍ ഇതറിഞ്ഞുകൊള്ളുവിന്‍, നിങ്ങള്‍ എന്നെ കൊന്നാല്‍ നിങ്ങളുടെയും ഈ നഗരത്തിന്റെയും നഗരവാസികളുടെയുംമേല്‍ നിഷ്‌കളങ്കരക്തമായിരിക്കും പതിക്കുക. എന്തെന്നാല്‍, ഈ വാക്കുകള്‍ നിങ്ങളോടു പറയാന്‍ സത്യമായും കര്‍ത്താവാണ്‌ എന്നെ അയച്ചിരിക്കുന്നത്‌. അപ്പോള്‍ പ്രഭുക്കന്മാരും ജനവും പുരോഹിതന്മാരോടും പ്രവാചകന്‍രോടും പറഞ്ഞു: ഇവന്‍മരണശിക്ഷയ്‌ക്കര്‍ഹനല്ല. എന്തെന്നാല്‍, നമ്മുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തിലാണ്‌ ഇവന്‍ സംസാരിച്ചത്‌. (ജറെ. 26 : 8-16). “അവര്‍ ജറെമിയായെ കാവല്‍പ്പുരയുടെ മുറ്റത്തുണ്ടായിരുന്ന കിണറ്റിലേക്ക്‌ ഇറക്കി. രാജകുമാരന്‍   മല്‍ക്കിയായുടെ കിണര്‍ എന്നറിയപ്പെടുന്ന അതിലേക്ക്‌ അവനെ കയറില്‍ കെട്ടിത്താഴ്‌ത്തി. കിണറ്റില്‍ ചെളിയല്ലാതെ വെള്ളം ഇല്ലായിരുന്നു. ജറെമിയാ ചെളിയില്‍ താണു”(ജറെ.38 : 5-6).

മനുഷ്യർ നൽകുന്ന പരിക്കുകളിൽ നിന്നും മുന്നോട്ടു പോകാനുള്ള പ്രേരണ അതാണ് ദൈവം. ദൈവത്തോടു കലഹിക്കുമ്പോഴും, കരയുമ്പോഴും അവിടുത്തെ കരുണയുടെ മേൽ ആശ്രയിച്ചു കൊണ്ടുള്ള ജീവിതമായിരുന്നു ജെറമിയായുടെത്. അതുകൊണ്ട് നാം എപ്പോഴും അനുസ്മരിക്കണം, കഷ്ടതയുടെ അപ്പവും, കേശത്തിന്റെ  ജലവും തന്നാലും നിന്റെ ഗുരുവിന്റെ നയനങ്ങൾ നിന്നിൽ  നിന്നും ഒരിക്കലും മറിഞ്ഞിരിക്കുകയില്ലെന്ന ദൈവം നൽകിയ ഉറപ്പ്. യുവജനങ്ങൾ സമൂഹത്തിനും സഭയുടെയും വർത്തമാനവും ഭാവിയുമാണ്. വർത്തമാനത്തിന്റെ പ്രകാശവും ഭാവിയുടെ പ്രവചനവുമാണവർ. അതിനാൽ മനുഷ്യർ നൽകുന്ന ക്ഷതങ്ങളിൽ കുടുങ്ങാതെ ശൂന്യതയിൽ പോലും ഉത്ഥാനത്തിന്റെ പ്രകാശം പരത്താന്‍ കഴിവുള്ള ദൈവത്തിൽ വിശ്വസിക്കാനുള്ള വിളിയെ പാപ്പായുടെ ഈ പ്രബോധനം അനുസ്മരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2020, 12:49