ധൂർത്തപുത്രന്റെ മടങ്ങിവരവ്... ധൂർത്തപുത്രന്റെ മടങ്ങിവരവ്... 

"ക്രിസ്തു ജീവിക്കുന്നു”: പുതിയ നിയമത്തിലെ ധൂർത്തപുത്രൻ

നമ്മുടെ അവകാശവും ഓഹരിയും ഭദ്രമുള്ള കരങ്ങളിൽ ആയിരിക്കുമ്പോഴാണ് അതിനു സൗന്ദര്യവും, സംരക്ഷണവും, വിലയും, വിശുദ്ധിയും ഉണ്ടാകുന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായം

ഒന്നാം അദ്ധ്യായത്തിൽ യുവജനങ്ങളെ പറ്റി ദൈവവചനം എന്തു പറയുന്നുവെന്ന വിവരമാണുള്ളത്. ജോസഫ്, ഗദയോൻ, സാമുവേൽ, ദാവീദ്, സോളമൻ, റൂത്ത് എന്നിവരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ പഴയ നിയമം യുവജനങ്ങൾക്ക് നൽകുന്ന സന്ദേശത്തെ കുറിച്ചും 'നിത്യയൗവനയുക്തനായ യേശു നമുക്ക് നിത്യ യൗവനം നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് പുതിയ നിയമത്തിലെ യുവതയെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകളിലേക്ക് പാപ്പാ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

പുതിയ നിയമത്തിലെ ധൂർത്തപുത്രൻ

12. യേശുവിന്റെ ഒരു ഉപമയിൽ (cf ലൂക്കാ.15:11:32) ഒരു ഇളയ പുത്രൻ പിതൃഭവനം വിട്ട് അന്യനാട്ടിൽ പോകാൻ ആഗ്രഹിക്കുന്നതായി പറയുന്നു. (cf.12-13) സ്വാതന്ത്യത്തെക്കുറിച്ചുള്ള അവന്റെ വിചാരം ധൂർത്തിലേക്കും ധാരാളിത്വത്തിലേക്കും നയിച്ചു (cf.13 ). ഏകാന്തതയുടേയും, ദാരിദ്ര്യത്തിന്റെയും കയ്പ്പ് അവൻ അനുഭവിച്ചു (cf.4-16) എന്നാലും പുതുതായി തുടങ്ങാനുള്ള ശക്തി അവൻ കണ്ടെത്തി (cf.17-19).  എഴുന്നേറ്റ് വീട്ടിലേക്ക് തിരിച്ചു പോകാൻ നിശ്ചയിക്കുകയും ചെയ്തു (cf.20). യുവഹൃദയങ്ങൾ പ്രകൃത്യാ തന്നെ മാറാനും, പിൻതിരിയാനും - എഴുന്നേൽക്കാനും, ജീവിതത്തിൽ നിന്ന് പഠിക്കാനും -തയ്യാറാണ്. ഈ പുതിയ തീരുമാനത്തിലെത്തിയ പുത്രനെ പിന്താങ്ങുന്നതിൽ ആർക്കെങ്കിലും പരാജയപ്പെടാൻ പറ്റുമോ? എന്നാലും അവന്റെ മൂത്ത സഹോദരന് പണ്ടേ വാർദ്ധക്യത്തിലെത്തിയ ഒരു ഹൃദയമുണ്ടായിരുന്നു. അത്യാഗ്രഹം, സ്വാർത്ഥത, അസൂയ എന്നിവയാൽ കീഴടക്കപ്പെടാൻ അവൻ സ്വയം സമ്മതിച്ചു (ലൂക്കാ.15, 28-30). വിശ്വസ്ഥനെന്ന് സ്വയം കരുതുകയും എന്നാലും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ചൈതന്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന സഹോദരനെ പ്രശംസിക്കുന്നതിനെക്കാൾ കൂടുതലായി പശ്ചാത്തപിച്ച് ശരിയായ വഴിയിലേക്ക് തിരിച്ചു വന്ന പാപിയായ ആ യുവാവിനെ യേശു പ്രശംസിക്കുന്നു.

യുവത്വത്തിൽ സംഭവിച്ചേക്കാവുന്ന വീഴ്ച്ചകളെയും  വീഴ്ച്ചകളിൽ നിന്നും മടങ്ങിവരാനുള്ള സാധ്യതകളെക്കുറിച്ചും പാപ്പാ ഇവിടെ ധൂർത്ത പുത്രന്റെ  ഉപമയിലൂടെ ചൂണ്ടിക്കാണിക്കുന്നു.

ഒരാളിൽ സംഭവിച്ചേക്കാവുന്ന മാറ്റത്തിന്റെ പേരാണ് ക്രിസ്തു. ഉപമയിൽ കൂടുതൽ അനുതപിച്ച ധൂർത്തപുത്രൻ കൂടുതൽ കുറവുള്ളവനായിട്ടല്ല കൂടുതൽ സ്നേഹമുള്ളവനായി തിരിച്ചുവരുന്നു. സമ്പത്ത് സമ്മാനിച്ച നഷ്ടങ്ങളെ തിരികെ പിടിക്കാനുള്ള മനസ്സുമായാണ് അവന്റെ മടങ്ങിവരവ്. ധൂർത്ത പുത്രന്റെ ജീവിതത്തിൽ സംഭവിച്ചത് എന്താണ്?  സ്വത്തിൽ എന്റെ ഓഹരി എനിക്ക് തരിക എന്ന് ചോദിച്ചുകൊണ്ടാണ് അവൻ വീടുവിട്ടിറങ്ങിയത്. കാര്യം ശരിയാണ്. അവൻ ചോദിച്ചത് അവന്റെ അവകാശത്തിൽ നിന്ന് തന്നെയാണ്.  അതിൽ ഒരു തെറ്റും ഇല്ല. പിന്നെ എവിടെയാണ് അവന് തെറ്റുപറ്റിയത്? അവകാശമായി ലഭിച്ച അവന്റെ ഓഹരി എങ്ങനെയാണ് പാപമായി മാറിയത്?

നമ്മുടെ അവകാശവും ഓഹരിയും ഭദ്രമുള്ള കരങ്ങളിൽ ആയിരിക്കുമ്പോഴാണ് അതിനു സൗന്ദര്യവും, സംരക്ഷണവും, വിലയും, വിശുദ്ധിയും ഉണ്ടാകുന്നത്. തന്റെ ഓഹരിയെ സംരക്ഷിക്കുവാൻ മാത്രം പാകമാകാതിരുന്ന യൗവ്വനത്തിലാണ് അവൻ അനുഭവങ്ങളുടെ സമ്പന്നതയും അറിവിന്റെ സമൃദ്ധിയും നിറഞ്ഞ കരങ്ങളിൽ നിന്നും അവകാശത്തിന്റെ ആയുധം കൊണ്ട് തന്റെ ഓഹരി കരസ്ഥമാക്കുന്നത്.

അപ്പന്റെ ഭദ്രതയിൽ നിന്നും വിമോചനം പ്രാപിച്ചപ്പോൾ സർവ്വ സ്വാതന്ത്ര്യത്തോടെ സമ്പത്ത് ധൂർത്തപുത്രനിൽ ആധിപത്യം പുലർത്തുന്നു. നമ്മുടെ യുവത്വത്തിന്റെ സുരക്ഷിതത്വം സ്വയം ഏറ്റെടുക്കുമ്പോൾ നമുക്ക് ആദ്യം നഷ്ടമാകുന്നത് നമ്മുടെ പ്രിയപ്പെട്ട ബന്ധങ്ങളെയാണ്. സമ്പത്തിന്റെ  വലയത്തിൽ സുരക്ഷിതനാകാൻ കഴിയും എന്ന മിഥ്യാധാരണയിൽ ഈ യുവാവ് സ്വന്തം പിതാവിനെയും, സഹോദരനെയും, വീടും, നാടും, ചുറ്റുപാടുകളെയും വിട്ട് ദൂരെ പോകുന്നു. ഈ യുവാവ് ഇറങ്ങിപ്പോകുന്നത് അഹന്ത കൊണ്ടാണ്. ജീവിക്കുന്ന അപ്പനോടു സ്വത്ത് ചോദിക്കുന്നത് അപ്പൻ മരിച്ചുപോയെന്നാണ് അർത്ഥമാക്കുന്നത്. യുവത്വത്തിന്റെ സൗന്ദര്യത്തെയും, ധാർമ്മീകതയെയും സമ്പത്തിന് കൈമാറുമ്പോൾ നമുക്ക് പലരെയും, പലർക്കും നമ്മെയും നഷ്ടമാകുന്നുവെന്ന് മാത്രമല്ല നമ്മെ സ്നേഹിച്ച പലർക്കും അവർ ജീവിച്ചിരിക്കുമ്പോൾതന്നെ നാം ശവക്കല്ലറകൾ പണിയുന്നത് പോലെ ആയിത്തീരുന്നു.

യുവത്വത്തിന്റെ  ഏറ്റവും വലിയ ദുരന്തമാണ് ഏകാന്തത. അത് നമ്മെ നാം അല്ലാതാക്കി തീർക്കും. നമ്മുടെ ജീവനെ വരെ അത് കവർന്നെടുത്തേക്കാം. ഏകാന്തത നിരാശയിലേക്ക് നയിക്കുന്നു. നിരാശ ചിലപ്പോൾ മരണത്തിലേക്കും. ഇന്ന് ലോകത്തിൽ സംഭവിക്കുന്ന ആത്മഹത്യകളുടെ പിന്നിൽ ഏകാന്തതയ്ക്കും, നിരാശയ്ക്കും വലിയ പങ്കുണ്ട് എന്ന് നാം തിരിച്ചറിയുന്നത് ഇവയുടെ സ്വാധീനം അനുഭവിക്കുന്നത് കൊണ്ടാണ്.

പ്രിയപ്പെട്ടവരുടെ സാമീപ്യമാണ് ജീവിതത്തിന്റെ ബലം. സമ്പാദ്യത്തിന് വേണ്ടി, കുടുംബം പോറ്റാൻ വേണ്ടി വിദേശരാജ്യങ്ങളിൽ അദ്ധ്വാനിക്കുന്ന ഒരു പ്രവാസിയോടു ചോദിച്ചാൽ മനസ്സിലാകും ദൂരദേശം എന്നത് മനുഷ്യനെ എത്രമാത്രം വേദനിപ്പിക്കുന്ന ഓർമ്മയാണെന്ന്. ഇതറിയാതെ പെട്ടുപോയവരുടെയും, അറിഞ്ഞു പെട്ടുപോയവരുടെയും ഒരേ ഒരു സ്വപ്നം സ്വന്തം വീടും നാടും മാത്രമായിരിക്കും.

ധൂർത്ത പുത്രന്റെ ജീവിതത്തിൽ മാറ്റത്തിനും, അനുതാപത്തിനും കാരണമായത് അവൻ ഏകാന്തതയുടെയും, ദാരിദ്ര്യത്തിന്റെയും കയ്പ്പുനീർ കുടിക്കേണ്ടി വന്നപ്പോഴാണ്. സ്വദേശത്തും, സ്വഗൃഹത്തിലും അവൻ പാനം ചെയ്ത മധുര വീഞ്ഞിന്റെ ഓർമ്മ അവനെ വല്ലാതെ അനുതാപത്തിലേക്ക് നയിക്കുന്നു. സ്വന്തം കർമ്മങ്ങൾ കൊണ്ട് നാം നമ്മുടെ ജീവിതത്തിൽ വരയ്ക്കുന്ന വളഞ്ഞ വരകൾ പ്രിയപ്പെട്ടവർ സമ്മാനിച്ച നല്ല ചിത്രങ്ങളെ നമുക്ക് ഓർമ്മപ്പെടുത്തുന്നു. ആ ഓർമ്മ പിതാവിന്റെ സ്നേഹത്തിലേക്ക് വിളിച്ചപ്പോൾ പന്നിക്കൂടിന്റെ അകത്തിരുന്ന് പിടഞ്ഞു, എഴുന്നേറ്റ്, ധൂർത്ത പുത്രൻ നിലവിളിച്ചു

“പിതാവേ, സ്വര്‍ഗ്ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്‌തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ.”(ലൂക്കാ.15:18-19). “യുവഹൃദയങ്ങൾ പ്രകൃത്യാ തന്നെ മാറാനും, പിൻതിരിയാനും - എഴുന്നേൽക്കാനും, ജീവിതത്തിൽ നിന്ന് പഠിക്കാനും -തയ്യാറാണ്.”എന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു.  

വീണിടത്തു നിന്ന് എഴുന്നേറ്റ് വരുന്നവനെ താങ്ങിപ്പിടിക്കുന്ന പിതാവിനെ പോലെ നമുക്കും യുവജനങ്ങളെ ബലപ്പെടുത്താനായാൽ അവരിൽ നിന്നും വിസ്മയങ്ങളുടെ പ്രവാഹം ഒഴുകും. എന്നാൽ അനുതാപത്തോടെ മടങ്ങി വരുന്നവരെ കുത്തുവാക്കുകളുടെയും, കുറ്റപ്പെടുത്തലുകളുടെയും അമ്പെയ്തു വീഴ്ത്താൻ ശ്രമിച്ച മൂത്ത പുത്രനെ പോലെ സമൂഹം പ്രതികരിക്കുമ്പോൾ നഷ്ടമാകുന്നത് നമ്മുടെ തന്നെ അവകാശവും അന്തസ്സുമാണ്. 

തിരികെ വന്ന ആനന്ദമാണ് വിശുദ്ധി. തിരിച്ചു വരുന്നവൻ തനിക്കും, തനിക്ക് ചുറ്റുമുള്ള വർക്കും ആനന്ദം നൽകുന്നു. യുവജനങ്ങൾ ഉണരട്ടെ... വിശുദ്ധിയുടെ കൂടാരങ്ങളിലേക്ക് മടങ്ങിവരവുണ്ടാകട്ടെ. കാരണം കാത്തിരിക്കുന്നത് സ്വന്തം അപ്പനും അപ്പന്റെ സ്നേഹവുമാണ്. തിരുസഭ നമ്മുടെ മാതാവാണ്. മക്കളെ കാത്തിരിക്കുന്ന തിരുസഭയോടു ചേർന്ന് സ്വർഗ്ഗത്തെ പദം വെച്ച് നീങ്ങാൻ പാപ്പായുടെ "ക്രിസ്തു ജീവിക്കുന്നു” എന്ന പ്രബോധനം നമ്മെ ക്ഷണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2020, 10:36