ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ദോമൂസ് സാംക്തെ മാർത്തെയിലെ കപ്പേളയിൽ ദിവ്യബലി അർപ്പിക്കുന്നു,17/04/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ദോമൂസ് സാംക്തെ മാർത്തെയിലെ കപ്പേളയിൽ ദിവ്യബലി അർപ്പിക്കുന്നു,17/04/2020 

കുഞ്ഞുങ്ങളെ ഉദരത്തിൽ പേറുന്ന അമ്മമാർക്ക് പാപ്പായുടെ പ്രാർത്ഥന!

കൊറോണവൈറസ് ബാധമൂലം ഇന്ന് സംജാതമായിരിക്കുന്ന അവസ്ഥ ഉളവാക്കുന്ന ഭാവി ലോകത്തെക്കുറിച്ചുള്ള ആശങ്ക അകലുന്നതിനായി പാപ്പാ പ്രാർത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മുഖച്ഛായ മാറുന്ന ഒരു ലോകത്തിൽ തങ്ങളുടെ മക്കളെ വളർത്താനുള്ള ധൈര്യവും ആത്മവിശ്വാസവും ഗർഭിണികൾക്ക് ലഭിക്കുന്നതിനായി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.

കൊറോണവൈറസ് ദുരന്തം മുൾമുനയിൽ നിറുത്തിയിരുന്ന ലോകത്തിനുവേണ്ടി പ്രാർത്ഥിക്കുകയെന്ന പ്രത്യേക നിയോഗത്തോടുകൂടി അനുദിനം വത്തിക്കാനിലെ തൻറെ വാസയിടമായ “ദോമൂസ് സാക്തെ മാർത്തെ” മന്ദിരത്തിലുള്ള കപ്പേളയിൽ ദിവ്യബലി അർപ്പിക്കുന്ന ഫ്രാൻസീസ് പാപ്പാ വെള്ളിയാഴ്ചത്തെ (17/04/20) വിശുദ്ധ കുർബ്ബാനയുടെ ആരംഭത്തിലാണ് ഗർഭിണികളെക്കുറിച്ചനുസ്മരിച്ചതും ഇന്നത്തെ സാഹചര്യം ഉളവാക്കിയിരിക്കുന്ന അവരുടെ ആശങ്ക അകലുന്നതിനായി പ്രാർത്ഥിച്ചതും.

തങ്ങളുടെ മക്കളെ വളർത്തേണ്ട വേദിയായ ഭാവിലോകത്തെക്കുറിച്ച് ആശങ്കാകുലരായ സ്ത്രീകൾക്ക് ധൈര്യവും ആത്മവിശ്വാസവും ലഭിക്കുന്നതിനായി പ്രാർത്ഥിച്ച പാപ്പാ വ്യത്യസ്തമായിരിക്കുമെങ്കിലും കർത്താവ് ഏറെ സ്നേഹിക്കുന്ന ഒന്നായിരിക്കും ഈ ലോകം എന്ന് പറഞ്ഞു.

ഉത്ഥിതൻ മൂന്നാമതും ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്നതും രാത്രിമുഴുവൻ വലയെറിഞ്ഞിട്ടും മീൻ ഒന്നും കിട്ടാതിരുന്ന അവർ തങ്ങളുടെ മുന്നിൽ നില്ക്കുന്നത് യേശുവാണെന്ന് തിരിച്ചറിഞ്ഞില്ല എങ്കിലും അവിടത്തെ വാക്കു കേട്ട് വലവീശുമ്പോൾ വല നിറയെ മത്സ്യം കിട്ടുന്നതുമായ സുവിശേഷ സംഭവം, യോഹന്നാൻറെ സുവിശേഷം 21,1-14 വരെയുള്ള വാക്യങ്ങൾ പാപ്പാ ദിവ്യബലി മദ്ധ്യേ വിശകലനം ചെയ്തു.

യേശുവുമായി അടുത്തിടപഴകി ജീവിച്ച ശിഷ്യരെപ്പോലെ നമ്മൾ, ക്രൈസ്തവർ അവിടന്നുമായി ഉറ്റ ബന്ധത്തിലായിരിക്കേണ്ടതിൻറെ അനിവാര്യത പാപ്പാ ചൂണ്ടിക്കാട്ടി.

വൈക്തികവും എന്നാൽ സാമൂഹ്യവുമായ ഒരു ബന്ധം ആയിരിക്കണം ഇതെന്ന് പാപ്പാ വ്യക്തമാക്കി.

സമൂഹത്തെയും സഭയെയും കൂദാശകളെയും ഒഴിവാക്കിക്കൊണ്ടുള്ളതായ ഒരു ബന്ധം ജ്ഞാനവാദപരമായി ചുരുങ്ങുകയും ദൈവജനത്തിൽ നിന്നു വേറിട്ടു നില്ക്കുകയും ചെയ്യുന്ന അപകടമുണ്ടെന്ന് പാപ്പാ ഇന്ന് കോവിദ് 19 രോഗം സംജാതമാക്കിയിരിക്കുന്ന അവസ്ഥയെക്കുറിച്ച്,അതായത്, ഒന്നിച്ചായിരിക്കാതെ മാദ്ധ്യമങ്ങളിലൂടെ മാത്രം ബന്ധം പുലർത്തുന്ന അവസ്ഥയെക്കുറിച്ച്, സൂചിപ്പിച്ചുകൊണ്ട് മുന്നറിയിപ്പു നല്കി. 

വിശ്വസികൾക്ക് നേരിട്ടു ദിവ്യബലയിൽ പങ്കുചേരാനൊ, ദിവ്യകാരുണ്യം സ്വീകരിക്കാനൊ കഴിയാതെ ആത്മീയമായി മാത്രം പങ്കുകൊള്ളാൻ കഴിയുന്ന പ്രയാസമേറിയ ഈ അവസ്ഥയിൽ നിന്ന് പുറത്തുകടന്ന് എല്ലാവരും ഒന്നുചേരേണ്ടതുണ്ടെന്നും ദൈവമക്കൾ ഒരു സമൂഹമായിരിക്കുന്നതാണ് സഭയുടെ സ്വഭാവമെന്നും പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 April 2020, 14:46