സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ വചന സന്ദേശം നൽകുന്നു. സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ വചന സന്ദേശം നൽകുന്നു. 

പാപ്പാ: പണം, പൊങ്ങച്ചം, പരദൂഷണം സമൂഹത്തെയും സഭയെയും ഭിന്നിപ്പിക്കുന്നു.

ഏപ്രിൽ 21ആം തിയതി സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഉന്നതത്തിൽ നിന്ന് ജനിക്കുക എന്നാൽ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ  ജനിക്കുക എന്നാണ്. നമുക്ക് സ്വയം പരിശുദ്ധാത്മാവിനെ കൈയ്യടക്കാൻ കഴിയുകയില്ല, എന്നാൽ നമുക്ക് നമ്മെ  രൂപാന്തരപ്പെടുത്താൻ അവനെ അനുവദിക്കാൻ കഴിയും. നമ്മുടെ വിധേയത്വമാണ് പരിശുദ്ധാത്മാവിനായി വാതിൽ തുറന്ന് കൊടുക്കുന്നതും, അവനിലൂടെ നമ്മിൽ മാറ്റങ്ങൾ വരുത്തുന്നതും, രൂപാന്തരപ്പെടുത്തുന്നതും, ഉന്നതത്തിൽ നിന്നുള്ള ജനനം സാധ്യമാക്കുന്നതും.   പരിശുദ്ധാത്മാവിനെ അയക്കാമെന്നത് യേശുവിന്റെ വാഗ്ദാനമാണ്. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത അത്ഭുത പ്രവർത്തികൾ ചെയ്യാൻ കഴിവുള്ളവനാണ് പരിശുദ്ധാത്മാവ്.

ഐക്യത്തിന്റെ അധിപനാണ് പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവിന്റെ ഐക്യം പിതാവും പുത്രനുമായുള്ള ഐക്യമാണ്.  സ്നേഹത്തിന്റെ ഐക്യമാണ് പരിശുദ്ധാത്മാവ്.  ആദിമ ക്രൈസ്തവ സമൂഹത്തിൽ വിഭാഗീയതകൾ തുടങ്ങിയപ്പോൾ അപ്പോസ്തലനായ യാക്കോബ് തന്റെ ലേഖനത്തിന്റെ രണ്ടാം അദ്ധ്യായത്തിൽ പറയുന്നു " വ്യക്തി പരമായ പക്ഷപാതിത്വം നിങ്ങളുടെ വിശ്വാസത്തെ ബാധിക്കാതിരിക്കട്ടെ " പിന്നെ പൗലോസ് അപ്പോസ്തലനും കൊറിന്ത്യർക്കാർക്കുള്ള ആദ്യ ലേഖനത്തിൽ പതിനൊന്നാം അദ്ധ്യായത്തിൽ 'നിങ്ങളിൽ വിഭാഗീയതകൾ നിലവിലുണ്ടെന്ന് ഞാൻ കേട്ടു' എന്ന് സൂചിപ്പിക്കുന്നു.

സമൂഹത്തെയും സഭയെയും ഭിന്നിപ്പിക്കുന്ന പണം

സമൂഹത്തിനുള്ളിൽ തന്നെ ഭിന്നതകൾ ആരംഭിക്കുന്നു. ഒരു സമൂഹത്തെ ഭിന്നിപ്പിക്കുന്ന പല കാര്യങ്ങൾ ഉണ്ട്. അത് ഇടവകയിലെ ക്രിസ്തീയ സമൂഹമാകാം, രൂപതയിലേയോ, വൈദീക, സന്യാസിനീ സന്യാസ സമൂഹമോ ആവാം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ധാരാളം കാര്യങ്ങൾ കടന്നു വരുന്നു. ആദ്യ ക്രൈസ്തവ സമൂഹത്തെ ഭിന്നിപ്പിക്കുന്ന കാര്യങ്ങൾ അവർ കണ്ടു. ഞാൻ മൂന്നെണ്ണം കണ്ടെത്തുന്നു. ആദ്യം പണം. യാക്കോബ് ശ്ളീഹാ വ്യക്തി പക്ഷപാതം കാണിക്കാതിരിക്കുക എന്ന് പറയുമ്പോൾ, ഒരു ഉദാഹരണം നൽകുന്നുണ്ട്, കാരണം, "നിങ്ങളുടെ ദേവാലയത്തിൽ നിങ്ങളുടെ സമൂഹത്തിൽ സ്വർണ്ണ മോതിരമണിഞ്ഞ ഒരാൾ പ്രവേശിച്ചാൽ, നിങ്ങളുടനെ അയാളെ മുന്നിലേക്ക് കൊണ്ടും പോകും, ദരിദ്രനെ നിങ്ങൾ ഒരു വശത്ത് ഉപേക്ഷിക്കും. പൗലോസും ഇപ്രകാരം തന്നെ പറയുന്നു " പണക്കാർ ഭക്ഷണം കൊണ്ടു വരുന്നു, അവർ കഴിക്കുന്നു, ദരിദ്രരെ വിശന്നു നിറുത്തുന്നു. നിങ്ങൾ നിങ്ങളുടെ കാര്യം നിങ്ങൾക്ക് പറ്റുന്നത് പോലെ നോക്കണമെന്ന് പറയും പോലെ അവരെ അവിടെ നിറുത്തി.പണം ഭിന്നിപ്പിക്കുന്നു, ധനത്തോടുള്ള സ്നേഹം സമൂഹത്തെ ഭിന്നിപ്പിക്കുന്നു, സഭയെ ഭിന്നിപ്പിക്കുന്നു.

സഭാ ചരിത്രത്തിൽ, പല പ്രാവശ്യം പ്രബോധനങ്ങളുടെ വഴിതെറ്റലുകൾ - എപ്പോഴുമല്ല, എന്നാൽ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട് - അതിനു പിന്നിൽ ധനമായിരുന്നു: അധികാരമായ ധനം, അത് രാഷട്രീയ അധികാരമോ, നാണയ മോ എന്തായാലും  ധനമാണ്. പണം സമൂഹത്തെ ഭിന്നിപ്പിക്കുന്നു. ഇതിനാൽ, ദാരിദ്ര്യമാണ് സമൂഹത്തിന്റെ ജനനി, ദാരിദ്യമാണ് സമൂഹത്തെ സംരക്ഷിക്കുന്ന മതിൽ. പണം വേർതിരിവു സൃഷ്ടിക്കുന്നു, വ്യക്തിതാല്പര്യങ്ങൾ ഉണ്ടാക്കുന്നു. എത്ര കുടുംബങ്ങൾ സ്വത്തവകാശത്തിന്റെ പേരിൽ ഭിന്നിച്ചു പോയി? പണം ഭിന്നിപ്പിക്കുന്നു.

സമൂഹത്തെ ഭിന്നിപ്പിക്കുന്ന പൊങ്ങച്ചം

ഞാൻ മറ്റുള്ളവരെപ്പോലെയല്ലാത്തതിനാൽ നിനക്ക് നന്ദി പറയുന്നു " ഫരിസേയന്റെ പ്രാർത്ഥനയായിരുന്നു.  ഞാനാരൊക്കെയോ ആണെന്ന് കരുതി എന്റെ ശീലങ്ങളിൽ, വസ്ത്രധാരണത്തിൽ എന്നെ തന്നെ പ്രദർശിപ്പിക്കുന്നതും പൊങ്ങച്ചമാണ്. എപ്പോഴുമല്ലെങ്കിലും കൂദാശകളുടെ ചടങ്ങുകൾ പോലും പൊങ്ങച്ചത്തിന്റെ ഉദാഹരണമായി തീരുന്നു. ആഘോഷമായ വസ്ത്രം ധരിച്ച് പോകുന്നവരും,  പലതും ചെയ്യുന്നവരും, വലിയ ആഘോഷങ്ങളും പൊങ്ങച്ചമാണ്. പൊങ്ങച്ചവും ഭിന്നിപ്പിക്കുന്നു. കാരണം പൊങ്ങച്ചം നിന്നെ മയിലിനെപ്പോലെ പെരുമാറാൻ ഇടയാക്കുന്നു.

സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരദൂഷണം

ഒരു സമൂഹത്തെ ഭിന്നിപ്പിക്കുന്ന മൂന്നാമത്തെ കാര്യം, പരദൂഷണമാണ്: ആദ്യമായല്ല ഞാൻ ഇക്കാര്യം പറയുന്നത്, എന്നാൽ അത് സത്യമാണ്. മറ്റുള്ളവരെക്കുറിച്ച് മോശം പറയേണ്ടത് ഒരാവശ്യമാണ് എന്ന നിലയിൽ ചെകുത്താൻ നമ്മിൽ ഇടുന്നതാണത്. എന്നാൽ ആത്മാവ് തന്റെ ശക്തിയോടെ വരുന്നത് ആ പണത്തിന്റെയും, പൊങ്ങച്ചത്തിന്റെയും, പരദൂഷണത്തിന്റെയും ലൗകീകതയിൽ നിന്ന് നമ്മെ രക്ഷിക്കാനാണ്. കാരണം ആത്മാവ് ലൗകികമല്ല അതിനു വിപരീതമാണ്. വലിയ കാര്യങ്ങൾ ചെയ്യാൻ അവൻ കഴിവുള്ളവനാണ്.  അവൻ നമ്മളെ രൂപാന്തരപ്പെടുത്താനും, നമ്മുടെ സമൂഹങ്ങളെയും, ഇടവക സമൂഹത്തെയും, രൂപതയെയും, സന്യസ്ത സമൂഹങ്ങളേയും രൂപാന്തരപ്പെടുത്തുവാനും ആത്മാവിന് വിധേയരാവാനുള്ള അനുഗ്രഹത്തിനായി കർത്താവിനോടു നമുക്ക് പ്രാർത്ഥിക്കാം. എപ്പോഴും ക്രിസ്തു ആഗ്രഹിക്കുന്ന ക്രൈസ്തവ സമൂഹത്തിന്റെ ഐക്യത്തോടെ മുന്നോട്ടു പോകാനായി രൂപാന്തരപ്പെടുത്താൻ നമുക്ക് പ്രാർത്ഥിക്കാം!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 April 2020, 14:28