ഫ്രാൻസീസ് പാപ്പാ പൊതുദർശന സന്ദേശം നല്കുന്നു, വത്തിക്കാനിൽ തൻറെ പഠനമുറിയിൽ നിന്ന്, 01/04/2020 ഫ്രാൻസീസ് പാപ്പാ പൊതുദർശന സന്ദേശം നല്കുന്നു, വത്തിക്കാനിൽ തൻറെ പഠനമുറിയിൽ നിന്ന്, 01/04/2020 

ദൈവദർശനത്തിന് ഹൃദയം കന്മഷ മുക്തമാക്കുക!

ഹൃദയത്തിൻറെ ഭോഷത്തവും മന്ദതയും ആണ് ആന്തരികമായ അന്ധതയുടെ മൂലകാരണം., ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തിൽ ഭീതിയുടെ കരിനിഴൽ പരത്തി ജനജീവിതം സ്തംഭനാവസ്ഥയിലാക്കിയിരിക്കുന്ന കൊറോണവൈറസും കോവിദ് 19 രോഗവും സംജാതമാക്കിയിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ  രോഗപ്രതിരോധ നടപടികളുടെ ഭാഗമായി പലനാടുകളും വ്യക്തികൾക്കിടയിൽ സാമൂഹ്യ-ശാരീരിക സുരക്ഷാ അകലം സൃഷ്ടിക്കുന്നതിനു വേണ്ടി ജനപങ്കാളിത്തമുള്ള പൊതുപരിപാടികളും അനാവശ്യ യാത്രകളും മറ്റും നിയമം മൂലം നരോധിച്ചിരിക്കുന്നു. കോവിദ് 19 രോഗ മരണം ഏറ്റവും കൂടുതലുള്ള ഇറ്റലിയും കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയിരിക്കയാണ്. വത്തിക്കാനും കൊറോണ വൈറസിനും കോവിദ് 19 രോഗത്തിനുമെതിരായ പോരാട്ടത്തിൽ സജീവമാണ്. ആകയാൽ, പാപ്പായുടെ പരിപാടികളിലെല്ലാം ജനങ്ങളുടെ പങ്കാളിത്തം ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. തന്മൂലം കഴിഞ്ഞ ആഴ്ചയിലെന്നപോലെ തന്നെ ഈ ബുധനാഴ്ചത്തെയും (01/04/20) പ്രതിവാരപൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ ജനങ്ങളുടെ ഭാഗഭാഗിത്വം വിനിമയ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു. പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ ഘടനയ്ക്ക് യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന് പാപ്പാ  ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു.  അതിനുശേഷം പാപ്പാ, തന്നെ മാദ്ധ്യമങ്ങളിലുടെ കാണുകയും ശ്രവിക്കുകയും ചെയ്യുന്നവരെ സംബോധന ചെയ്തു. സുവിശേഷ സൗഭാഗ്യങ്ങഴളെ അധികരിച്ചുള്ള തൻറെ പ്രബോധന പരമ്പര ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഫ്രാൻസീസ് പാപ്പാ ഇറ്റാലിയ൯ ഭാഷയിലായിരുന്ന ത൯റെ പ്രഭാഷണത്തിൽ  ഇപ്രകാരം പറഞ്ഞു:

പ്രഭാഷണ സംഗ്രഹം

ആറാം സുവിശേഷഭാഗ്യം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.

ഇന്നു നമുക്കൊരുമിച്ച് ആറാമത്തെ സുവിശേഷഭാഗ്യത്തെക്കുറിച്ച് ചിന്തിക്കാം. ഈ സുവിശേഷഭാഗ്യം ദൈവദർശനം വാഗ്ദാനമായി നല്കുകയും ദൈവത്തെ കാണാൻ ഹൃദയശുദ്ധി വ്യവസ്ഥയായി വയ്ക്കുകയും ചെയ്യുന്നു. സങ്കീർത്തനം പറയുന്നു: “എൻറെ മുഖം തേടുവിൻ എന്ന അങ്ങയുടെ ക്ഷണം എൻറെ ഹൃദയം ആവർത്തിക്കുന്നു. കർത്താവേ അവിടത്തെ വദനം ഞാൻ തേടുന്നു. അങ്ങയുടെ മുഖം എന്നിൽ നിന്നു മറച്ചു വയക്കരുതേ!” (സങ്കീർത്തനം 27,8-9) 

ദൈവവുമായുള്ള ബന്ധം

ദൈവവുമായി വൈക്തികബന്ധം സ്ഥാപിക്കാനുള്ള ഹൃദയദാഹത്തെ ആവിഷ്ക്കരിക്കുന്നതാണ് ഈ വാക്കുകൾ. യാന്ത്രികമല്ല, അല്പം മങ്ങലുള്ളതുമല്ല ഈ ബന്ധം. വ്യക്തിപരമാണത്. ആത്മാർത്ഥമായ ഒരു ബന്ധത്തിൻറെ അടയാളമായി ജോബിൻറെ പുസ്തകവും ഇത് അവതരിപ്പിക്കുന്നുണ്ട്. ജോബിൻറെ പുസ്തകം പറയുന്നു: “അങ്ങയെക്കുറിച്ച് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ എൻറെ കണ്ണുകൾ അങ്ങയെ കാണുന്നു”. (ജോബ് 42,5) നമ്മുടെ ജീവിതയാത്രയിലും ദൈവവുമായുള്ള നമ്മുടെ ബന്ധങ്ങൾ ഇങ്ങനെയാണെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ദൈവത്തെക്കുറിച്ച് കേട്ടറിവാണ് നമുക്കുള്ളത്. എന്നാൽ അനുഭവത്തിലൂടെ മുന്നേറുമ്പോൾ, നാം വിശ്വസ്തരാണെങ്കിൽ, അവസാനം നാം അവിടത്തെ നേരിട്ടറിയും. ഇതാണ് ആത്മീയ പക്വത. 

ഭോഷത്തവും ഹൃദയത്തിൻറെ മന്ദതയും

ഇത്തരമൊരു ഉറ്റബന്ധത്തിൽ എത്തിച്ചേരുന്നതെങ്ങിനെയാണ്? ദൈവത്തെ കണ്ണുകൊണ്ടു കാണുന്നതെങ്ങിനെ? ഉദാഹരണമായി, എമ്മാവൂസിലേക്കു പോകുന്ന രണ്ടു ശിഷ്യരെക്കുറിച്ച് ചിന്തിക്കാം. അവരുടെ ചാരെ കർത്താവായ യേശു ഉണ്ടായിരുന്നു. എന്നാൽ “അവിടത്തെ തിരിച്ചറിയാൻ കഴിയാത്തവിധം അവരുടെ നയനങ്ങൾ മൂടപ്പെട്ടിരുന്നു” (ലൂക്കാ 24,16) യാത്രയുടെ അവസാനം കർത്താവ് അപ്പം മുറിക്കുന്നതോടെ അവരുടെ കണ്ണുകൾ തുറക്കപ്പെടുന്നു. “ഭോഷന്മാരേ, പ്രവാചകന്മാർ പറഞ്ഞിട്ടുള്ളത് വിശ്വസിക്കാൻ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ” എന്ന യേശുവിൻറെ ശകാരം അതിൻറെ ആരംഭത്തിൽ കാണാം. ഭോഷത്തവും ഹൃദയത്തിൻറെ മന്ദതയും ആണ് ആന്തരികമായ ഈ അന്ധതയുടെ മൂലകാരണം.

ഉള്ളം അറിയുക

ഈ സൗഭാഗ്യത്തിൽ അന്തർഭവിച്ചിരിക്കുന്ന ജ്ഞാനം ഇതാണ്:ദൈവർശനം ലഭിക്കണമെങ്കിൽ നാം നമ്മുടെ ഉള്ളിലേക്കിറങ്ങുകയും ദൈവത്തനിടം നല്കുകയും വേണം. വി. അഗസ്റ്റിൻ പറയുന്നത്: “ദൈവം എന്നെക്കാളേറെ എന്നോടു ഗാഢസൗഹൃദം പുലർത്തുന്നു” എന്നാണ്. ദൈവത്തെ കാണുന്നതിന് കണ്ണടയോ വീക്ഷണകോണോ, എന്നെ ജീവിതയാത്ര പഠിപ്പിക്കുന്ന ദൈവശാസ്ത്രജ്ഞരെയോ മാറ്റേണ്ടതില്ല, പ്രത്യുത, കാപട്യങ്ങളിൽ നിന്ന് ഹൃദയത്തെ വിമുക്തമാക്കിയാൽ മാത്രം മതി. ഇതാണ് ഏക മാർഗ്ഗം.

ഇത് നിർണ്ണായകമായ ഒരു പക്വതയാർജ്ജിക്കലാണ്. നമ്മുടെ ഏറ്റവും നികൃഷ്ട ശത്രു നമ്മുടെ ഹൃദയത്തിൽ തന്നെ മറഞ്ഞിരിക്കുന്നുവെന്ന് നാം മനസ്സിലാക്കുമ്പോഴാണ് നാം ഈ പക്വത പ്രാപിക്കുന്നത്. നമ്മെ പാപത്തിലേക്കു നയിക്കുന്ന ആന്തരിക വഞ്ചനകൾക്കെതിരായ പോരാട്ടമാണ് ഏറ്റം മഹത്തരം. കാരണം പാപങ്ങൾ നമ്മുടെ ആന്തരിക കാഴ്ചപ്പാടുകളിലും, വസ്തുക്കളുടെ മൂല്യ നിർണ്ണയത്തിലും മാറ്റം വരുത്തുകയും യാഥാർത്ഥ്യങ്ങളെ മറയ്ക്കുകയും ചെയ്യുന്നു.

ഹൃദയവിശുദ്ധി

ആകയാൽ ഹൃദയശുദ്ധി എന്താണെന്നു മനസ്സിലാക്കുക സുപ്രധാനമാണ്. ഹൃദയം വികാരങ്ങളുടെ ഒരു സ്ഥാനം മാത്രമല്ല, മറിച്ച് മാനവാസ്തിത്വത്തിൻറെ ഏറ്റം അഗാധമായ ഇടമാണെന്നും, അത് ഒരുവൻ അവനായിരിക്കുന്ന ആന്തരികസ്ഥാനമാണെന്നുമുള്ള ബൈബിളിലെ ആശയം ഓർക്കേണ്ടത് അതിന് ആവശ്യമാണ്.

മത്തായിയുടെ സുവിശേഷം പറയുന്നു:“നിന്നിലെ പ്രകാശം അന്ധകാരമാണെങ്കിൽ അന്ധകാരം എത്രയോ വലുതായിരിക്കും” (മത്തായി 6,23) ഈ പ്രകാശം ദ്യോതിപ്പിക്കുന്നത് ഹൃദയത്തിൻറെ നോട്ടത്തെയാണ്.

ആകയാൽ എന്താണ് ഹൃദയശുദ്ധി? ഹൃദയവിശുദ്ധിയുള്ളവൻ കർത്താവിൻറെ സാന്നിധ്യത്തിൽ ജീവിക്കുന്നു, അവിടന്നുമായുള്ള ബന്ധത്തിന് യോഗ്യമായവ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഹൃദയവിശുദ്ധിയുള്ളവൻ പിറന്നു വീഴുകയല്ല, മറിച്ച്, തിന്മയെ ത്യജിക്കാൻ പഠിച്ചുകൊണ്ട് ആന്തരികതയും ലാളിത്യം ജീവിക്കുകയാണ്. ആന്തരികമായ ഹൃദയശുദ്ധീകരണം തിന്മയുടെ സ്വാധീനത്തിലായിരിക്കുന്ന ഹൃദയഭാഗത്തെ തിരിച്ചറിയുന്ന പ്രക്രിയ ഉൾക്കൊള്ളുന്നു. ആതുരമായ ഒരു ഹൃത്തിൽ, പാപിയുടെ ഹൃദയത്തിൽ,  പാപപൂരിതമാകയാൽ വസ്തുതകളെ ശരിയായി കാണാൻ കഴിയാത്ത ഒരു ഹൃദയത്തിൽ നിന്ന് സമ്പൂർണ്ണ വെളിച്ചത്തിലേക്കുള്ള ഹൃദയത്തിൻറെ യാത്ര പരിശുദ്ധാരൂപിയുടെ പ്രവർത്തനമാണ്.

പരിശുദ്ധാരൂപിയുടെ പ്രവർത്തനത്തിനായി സ്വയം തുറന്നിടുക

നാം നമ്മിൽ ഇടമേകിയാൽ, പരിശുദ്ധാരൂപിയുടെ പ്രവർത്തനത്തിന് നാം നമ്മെത്തന്നെ തുറന്നുകൊടുത്താൽ, അവിടന്ന് പ്രവർത്തിക്കും. ദൈവത്തിൻറെയും പരിശുദ്ധാത്മാവിൻറെയും ഈ പ്രവർത്തനം വലിയ സന്തോഷവും യഥാർത്ഥ സമാധാനവും പ്രദാനം ചെയ്യുന്നു. നാം ഭയപ്പെടേണ്ടതില്ല, സമ്പൂർണ്ണാനന്ദത്തിലേക്കു നമ്മെ നയിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നതിന് നമ്മുടെ ഹൃദയത്തിൻറെ വാതിലുകൾ പരിശുദ്ധാരൂപിക്കായി തുറന്നിടാം. നന്ദി.   

സമാപനം

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും എല്ലാവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2020, 16:22