ഫ്രാൻസീസ് പാപ്പാ പൊതുദർശന സന്ദേശം നൽകുന്നു, വത്തിക്കാനിലെ സ്വകാര്യ പഠനമൂറിയിൽ നിന്ന്, 08/04/2020 ഫ്രാൻസീസ് പാപ്പാ പൊതുദർശന സന്ദേശം നൽകുന്നു, വത്തിക്കാനിലെ സ്വകാര്യ പഠനമൂറിയിൽ നിന്ന്, 08/04/2020 

കുരിശ്: ദൈവത്തിൻറെ സിംഹാസനം

നമുക്ക് കുരിശെടുത്ത് അതിൽ നോക്കാം, സുവിശേഷമെടുത്ത് അതു തുറക്കാം- ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തിൽ ഭീതിയുടെ കരിനിഴൽ പരത്തി ജനജീവിതം സ്തംഭനാവസ്ഥയിലാക്കിയിരിക്കുന്ന കൊറോണവൈറസും കോവിദ് 19 രോഗവും സംജാതമാക്കിയിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ  പാപ്പായുടെ പരിപാടികളിലെല്ലാം ജനങ്ങളുടെ പങ്കാളിത്തം ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. തന്മൂലം കഴിഞ്ഞ ആഴ്ചയിലെന്നപോലെ തന്നെ ഈ ബുധനാഴ്ചത്തെയും (08/04/20) പ്രതിവാരപൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ ജനങ്ങളുടെ ഭാഗഭാഗിത്വം വിനിമയ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു. പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ ഘടനയ്ക്ക് യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന് പാപ്പാ  ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു.  അതിനുശേഷം പാപ്പാ, തന്നെ മാദ്ധ്യമങ്ങളിലുടെ കാണുകയും ശ്രവിക്കുകയും ചെയ്യുന്നവരെ സംബോധന ചെയ്തു. വിശുദ്ധവാര പശ്ചാത്തലത്തിൽ, യേശുവിൻറെ പിഢാസഹനമരണങ്ങളെ ആധാരമാക്കി ഇറ്റാലിയ൯ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.

ദൈവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ

ലോകത്തെ ഏറെ സഹനത്തിൽ ആഴ്ത്തിക്കൊണ്ടിരിക്കുന്ന മഹാമാരിയുളവാക്കിയിരിക്കുന്ന ആശങ്കയുടെതായ ഈ ആഴ്ചകളിൽ നാം ഉയർത്തുന്ന നിരവധി ചോദ്യങ്ങളിൽ ദൈവത്തെക്കുറിച്ചുള്ളവയുമുണ്ടാകാം. നമ്മുടെ വേദനയ്ക്കുമുന്നിൽ ദൈവം എന്താണ് ചെയ്യുന്നത്? എവിടെ എപ്പോൾ സകലത്തിനും പിഴവു സംഭവിച്ചു? എന്തു കൊണ്ട് പ്രശ്നങ്ങൾക്ക് ക്ഷിപ്ര പരിഹൃതി ഉണ്ടാകുന്നില്ല? ഇത്യാദി ചോദ്യങ്ങൾ ഉയരുന്നു. നാം ദൈവത്തെക്കുറിച്ചുന്നയിക്കുന്ന ചോദ്യങ്ങളാണിവ.

യേശുവിൻറെ പീഢാസഹനങ്ങളിൽ അനാവണം ചെയ്യപ്പെടുന്ന ഉത്തരം

ഇവിടെ നമുക്കു സഹായമായിത്തീരുന്നത്, ഈ ദിനങ്ങളിൽ നാം ശ്രവിക്കുന്ന യേശുവിൻറെ പീഢാനുഭവ വിവരണമാണ്. അതിലും, വാസ്തവത്തിൽ, നിരവധി ചോദ്യങ്ങൾ ഉരുണ്ടുകൂടുന്നു. യേശുവിനെ ജറുസലേമിലേക്ക് വിജയാഘോഷത്തോടുകൂടി വരവേറ്റതിനു ശേഷം ജനം സ്വയം ചോദിക്കുന്നത് സ്വന്തം ജനത്തെ ശത്രുക്കളിൽ നിന്ന് അവസാനം മോചിപ്പിക്കുന്നവനാണോ അവിടന്ന് എന്നാണ്. ശക്തനും വാളുകൊണ്ട് ആധിപത്യമുറപ്പിക്കുന്നവനുമായ ഒരു മിശിഹായെയാണ് അവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വരുന്നതാകട്ടെ ഹൃദയശാന്തതയുള്ളവനും എളിയവനും മാനസാന്തരത്തിലേക്കും കാരുണ്യത്തിലേക്കും എല്ലാവരെയും ക്ഷണിക്കുന്നവനുമാണ്. ആദ്യം ഒശാനപാടിയ ജനംതന്നെ “അവനെ ക്രൂശിക്കുക” എന്ന് ആക്രോശിക്കുന്നു. അവിടത്തെ അനുഗമിച്ചിരുന്നവർ ആശയക്കുഴപ്പത്തിലാകുകയും ഭയപ്പെടുകയും അവിടത്തെ വിട്ടുപോകുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവനാണ് യേശുവെങ്കിൽ അവൻ മിശിഹയല്ല, കാരണം, ദൈവം ശക്തനാണ്, ദൈവം അജയ്യനാണ് എന്നാണ് അവർ ചിന്തിച്ചത്.    

പീഢാസഹന വിവരണം നാം വായിച്ചു മുന്നോട്ടു പോകുമ്പോൾ വിസ്മയകരമായ ഒരു സംഭവം കാണുന്നു. യേശു കുരിശിൽ യാതനയനുഭവിക്കുന്നതു കാണുകയും സകലർക്കും മാപ്പുനല്കുന്നത് കേൾക്കുകയും അവിടത്തെ അളവറ്റ സ്നേഹം തൊട്ടറിയുകയും ചെയ്ത, റോമൻ ശതാധിപൻ, അവൻ വിശ്വാസി ആയിരുന്നില്ല, യഹൂദനായിരുന്നില്ല, വിജാതീയൻ ആയിരുന്നു, അവൻ ഏറ്റു പറയുന്നു: “സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” (മർക്കോസ് 15,39). മറ്റുള്ളവർ പറഞ്ഞതിനു വിരുദ്ധമായിരുന്നു ഈ വാക്കുകൾ.

ദൈവത്തിൻറെ മുഖം

ഇന്ന് നമുക്കു നമ്മോടുതന്നെ ചോദിക്കാം: ദൈവത്തിൻറെ യഥാർത്ഥ വദനം ഏതാണ്? സാധാരണ ഗതിയിൽ നാം അവിടുന്നിൽ ശക്തമായി പ്രതിഫലിപ്പിക്കുക നാം എന്തായിരിക്കുന്നുവോ അതാണ്. നമ്മുടെ നേട്ടങ്ങളും നമ്മുടെ നീതിയും, എന്തിന്, നമ്മുടെ രോഷംപോലും നാം അവിടന്നിൽ ആരോപിക്കുന്നു. എന്നാൽ സുവിശേഷം അവതരിപ്പിക്കുന്നത് അങ്ങനെയുള്ള ഒരു ദൈവത്തെയല്ല. വ്യത്യസ്തനാണ് അവിടന്ന്. നമ്മുടെ ശക്തിയാൽ അവിടത്തെ അറിയാൻ നമുക്കാവില്ല. അതു കൊണ്ടാണ് അവിടന്ന് നമുക്ക് സമീപസ്ഥനായത്, നമ്മളുമായി കൂടിക്കാഴ്ച നടത്തുന്നതിന് നമ്മുടെ ചാരെ എത്തിയത്. പെസഹായിൽ അവിടന്ന് പൂർണ്ണമായി അവിടത്തെ വെളിപ്പെടുത്തി. എവിടെയാണ് അവിടന്ന് സ്വയം പൂർണ്ണമായി വെളിപ്പെടുത്തിയത്? കുരിശിൽ. അവിടെയാണ് ദൈവത്തിൻറെ മുഖ ലക്ഷണങ്ങൾ നമുക്കു പഠിക്കാൻ സാധിക്കുക. സഹോദരീസഹോദരന്മാരേ, ഇതു നാം മറന്നുപോകരുത്. കുരിശാണ് ദൈവത്തിൻറെ സിംഹാസനം. കുരിശിനെ മൗനമായി നോക്കിനില്ക്കുകയും കർത്താവ് ആരാണെന്നു കാണുകയും ചെയ്യുന്നത് നമുക്കു നല്ലതാണ്. ആർക്കുമെതിരായി, തന്നെ ക്രൂശിച്ചവർക്കെതിരായിപ്പോലും, വിരൽ ചൂണ്ടാത്തവനും എല്ലാവർക്കുമായി കരങ്ങൾ വിരിച്ചു പിടിച്ചിരിക്കുന്നവനുമാണ് അവിടന്ന്. സ്വന്തം മഹത്വത്താൽ അവിടന്നു നമ്മെ ഞെരുക്കുകയല്ല മറിച്ച് നമുക്കായി സ്വയം അനാവരണം ചെയ്യുകയാണ് ചെയ്യുന്നത്. വാക്കുകൊണ്ടല്ല അവിടന്ന് നമ്മെ സ്നേഹിക്കുന്നത്, മറിച്ച് നമുക്കായി നിശബ്ദമായി ജീവൻ നല്കുന്നു. നമ്മെ നിർബന്ധിക്കുന്നില്ല, നമുക്ക് സ്വാതന്ത്ര്യമേകുകയാണ് ചെയ്യുന്നത്. നമ്മെ അന്യരായി കാണാതെ നമ്മുടെ തിന്മകളെല്ലാം, നമ്മുടെ പാപങ്ങളെല്ലാം സ്വയം ഏറ്റെടുക്കുന്നു. ദൈവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളിൽ നിന്നു വിമുക്തമാകുന്നതിന് കുരിശിലേക്ക് നോക്കിയാൽ മതി. അതിനു ശേഷം നമുക്കു സുവിശേഷം തുറക്കാം. നാം ഒറ്റപ്പെട്ട് വീട്ടിൽ അടച്ചുപൂട്ടി ഇരിക്കുന്ന ഈ അവസരത്തിൽ ഈ രണ്ടു കാര്യങ്ങൾ കൈയ്യിലെടുക്കാം. കുരിശെടുത്ത് അതിൽ നോക്കാം. സുവിശേഷമെടുത്ത് അതു തുറക്കാം. ഇത് മഹത്തായ ഒരു ഗാർഹിക തിരുക്കർമ്മാണെന്നു പറയാം. കാരണം നമുക്ക് ഇപ്പോൾ ദേവാലയത്തിൽ പോകാൻ പറ്റാത്ത അവസ്ഥയാണല്ലൊ.

സ്നേഹത്തിൽ ശക്തനായവൻ

തന്നെ രാജാവായി വാഴിക്കാൻ ജനം തുനിയുമ്പോൾ, ഉദാഹരണമായി, അപ്പം വർദ്ധിപ്പിക്കുന്ന സംഭവത്തിനു ശേഷം, യേശു അവിടെ നിന്നു മാറിപ്പോകുന്നത് സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട്. ദൈവമഹത്വം വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന സാത്താന്മാരെ അവിടന്നു നിശബ്ദമാക്കുന്നു. എന്തുകൊണ്ടാണ് അവിടന്ന് അപ്രകാരം ചെയ്യുന്നത്? കാരണം തന്നെക്കുറിച്ച് ഒരു തെറ്റിദ്ധാരണ ജനിപ്പിക്കാൻ യേശു ആഗ്രഹിക്കുന്നില്ല. എളിയ സ്നേഹമായ സത്യദൈവത്തെ വ്യാജദൈവവുമായി, പ്രകടനം കാഴ്ചവയ്ക്കുന്നവനും ശക്തികൊണ്ട് സ്ഥാനമുറപ്പിക്കുന്നവനുമായ ലൗകിക ദൈവവുമായി കൂട്ടിക്കുഴയ്ക്കാൻ യേശു ആഗ്രഹിക്കുന്നില്ല. ഒരു വിഗ്രഹമല്ല സത്യ ദൈവം. അവിടന്ന് മനുഷ്യനായിത്തീർന്നവനാണ്. നാമെല്ലാവരെയും പോലെ മനുഷ്യനായി സ്വയം വെളിപ്പെടുത്തുന്നു. എന്നാൽ അവിടന്ന് സ്വയം വെളിപ്പെടുത്തുന്നത് അവിടത്തെ ദൈവികശക്തിയാലാണ്.... സ്നേഹത്തിൽ സർവ്വശക്തനാണ് അവിടന്ന്. കാരണം അവിടത്തെ പ്രകൃതി അതാണ്. അവിടന്ന് സ്നേഹമാണ്.

ദൈവത്തിൻറെ ബലഹീനത

നിനക്ക് എതിരഭിപ്രായമുണ്ടാകാം. ഇത്രയും ബലഹീനനായ ഒരു ദൈവത്തെക്കൊണ്ട് എനിക്കെന്തു പ്രയോജനം എന്നു ചോദിച്ചേക്കാം. ശക്തനായ ഒരു ദൈവത്തെയാണ് എനിക്കാവശ്യം എന്നു പറഞ്ഞേക്കാം. എന്നാൽ ഒരു കാര്യം നീ അറിഞ്ഞിരിക്കുക. ഈ ലോകത്തിൻറെ ശക്തി കടന്നു പോകും, എന്നാൽ സ്നേഹം നിലനില്ക്കും. ദൈവത്തിൻറെ സ്നേഹമാണ് നമ്മുടെ പാപങ്ങൾ പൊറുത്തുകൊണ്ട് പെസഹായിൽ നമ്മെ സൗഖ്യമാക്കിയത്. അത് മരണത്തെ ജീവനിലേക്കുള്ള ഒരു കടന്നുപോക്കായി മാറ്റി, നമ്മുടെ ഭയത്തെ വിശ്വാസമാക്കി പരിവർത്തനം ചെയ്തു. നമ്മുടെ ആകുലതയെ പ്രത്യാശയാക്കി മാറ്റി. സകലത്തെയും നന്മയാക്കി മാറ്റാൻ ദൈവത്തിനു സാധിക്കുമെന്ന് പെസഹാ നമ്മോടു പറയുന്നു. എല്ലാ ശരിയാകും എന്നു അവിടത്തോടൊപ്പം നമുക്ക് സത്യമായും വിശ്വസിക്കാം. ഇതൊരു വ്യാമോഹമല്ല. കാരണം, യേശുവിൻറെ മരണോത്ഥാനങ്ങൾ മായയല്ല, സത്യമാണ്. അതുകൊണ്ടാണ് പുനരുത്ഥാനത്തിൻറെ പ്രഭാതം നമ്മോടു പറയുന്നത്: “നിങ്ങൾ ഭയപ്പെടേണ്ട” എന്ന് (മത്തായി 28,5)

ചരിത്രത്തെ പരിവർത്തനം ചെയ്യുന്നവൻ

പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മോടു കൂടെ ആയിരുന്നുകൊണ്ട് യേശു ചരിത്രത്തെ പരിവർത്തനം ചെയ്തു. ചരിത്രം തിന്മയാൽ മുദ്രിതമെങ്കിലും അവിടന്ന് അതിനെ രക്ഷാകരചരിത്രമാക്കി. സഹോദരീസഹോദരന്മാരേ, ഈ വാരത്തിൽ, ഈ ദിനങ്ങളിൽ, പ്രാർത്ഥനയിൽ, കുരിശും സുവിശേഷവുമായി, നമ്മുടെ ഹൃദയം അവിടത്തേക്കു തുറന്നുകൊടുക്കാം. കുരിശും സുവിശേഷവും, ഇതു നിങ്ങൾ മറക്കേണ്ട. അവിടത്തെ നയനങ്ങൾ നമ്മുടെ മേൽ പതിയട്ടെ. അപ്പോൾ നമുക്കു മനസ്സിലാകും നാം ഒറ്റയ്ക്കല്ല, നാം സ്നേഹിക്കപ്പെടുന്നവരാണെന്ന്. എന്തെന്നാൽ കർത്താവ് നമ്മെ കൈവിടില്ല, നമ്മെ ഒരിക്കലും മറക്കുകയുമില്ല. ഈ ചിന്തകളോടുകൂടി നിങ്ങൾക്ക് ഞാൻ നല്ലൊരു വിശുദ്ധവാരവും ഉയിർപ്പുതിരുന്നാളും ആശംസിക്കുന്നു.  നന്ദി.   

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും എല്ലാവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2020, 15:06