ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാൻ, 29/04/2020 ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാൻ, 29/04/2020 

ക്രൈസ്തവൻ, ലോകത്തോടു സന്ധിചെയ്യുന്ന അപകടത്തിൽ!

ലോകത്തോടു, ലോകത്തിൻറെ അരൂപിയോടു വിട്ടുവീഴ്ച ചെയ്യുകയെന്ന പ്രലോഭനം ക്രൈസ്തവന് എന്നുമുണ്ട്. ഈ സന്ധിചെയ്യലുകൾ വെടിഞ്ഞ് യേശുക്രിസ്തുവിൻറെ വഴിയെ പോകുകയാണ് സ്വർഗ്ഗരാജ്യത്തിൻറെ മാർഗ്ഗം, ഏറ്റം മഹത്തായ ആനന്ദം., ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം

ൗജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊറോണവൈറസും കോവിദ് 19 രോഗവും ലോക ജനതയെ സാമൂഹ്യജീവിതതത്തിൽ ശാരീരികമായ അകലം പാലിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്ന ഒരു പശ്ചാത്തലത്തിൽ ഫ്രാൻസീസ് പാപ്പായുടെ ഈ ബുധനാഴ്ചത്തെ (29/04/20) പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയിലും ജനങ്ങളുടെ പങ്കാളിത്തം ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമായിരുന്നു. പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ ഘടനയ്ക്ക് യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന് പാപ്പാ  ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു. വേദപുസ്തക വായനാന്തരം പാപ്പാ, സുവിശേഷസൗഭാഗ്യങ്ങളെ അധികരിച്ചു ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയിൽ  നടത്തിപ്പോരുന്ന വിചിന്തനം ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം തുടർന്നു.

സുവിശേഷസൗഭാഗ്യങ്ങളെ അധികരിച്ച് പാപ്പാ നടത്തിയ അവസാനത്തേതായിരുന്ന  പരിചിന്തനത്തിൻറെ സംഗ്രഹം:

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം.

സുവിശേഷസൗഭാഗ്യങ്ങളെ അധികരിച്ചുള്ള വിചിന്തനം നാം ഇന്നത്തോടു കൂടി അവസാനിപ്പിക്കുകയാണ്. നീതിക്കായി പീഢനങ്ങൾ സഹിക്കുന്നവർക്കു ലഭിക്കുന്ന യുഗാന്തപരമായ (എസ്കത്തോളജിക്കൽ- eschatological) സന്തോഷമാണ് നാം അവസാനം ശ്രവിച്ച സുവിശേഷ സൗഭാഗ്യം പ്രഖ്യാപിക്കുന്നത്.

ഇത് വിളംബരം ചെയ്യുന്നത് ആദ്യത്തെ സുവിശേഷ സൗഭാഗ്യം തന്നെയാണ്, അതായത്, സ്വർഗ്ഗരാജ്യം പീഢിതർക്കും ആത്മാവിൽ ദരിദ്രർക്കുമുള്ളതാണ്. മുൻ പ്രഖ്യാപനങ്ങളിൽ അനാവരണം ചെയ്യപ്പെട്ട ഒരു ഏകീകൃത പാതയുടെ അവസാനത്തിൽ നാം എത്തിയിരിക്കയാണെന്ന് അങ്ങനെ നമുക്കു മനസ്സിലാക്കാൻ സാധിക്കും.

ലൗകിക ജീവിതത്തിൽ നിന്ന് ദൈവഹിതാനുസാര ജീവിതത്തിലേക്ക്

ആത്മാവിൽ ദാരിദ്ര്യം, വിലാപം, ശാന്തത, വിശുദ്ധിക്കായുള്ള ദാഹം, കാരുണ്യം, ഹൃദയശുദ്ധി, സമാധാനപ്രവർത്തനം എന്നിവ ക്രിസ്തുവിനെ പ്രതിയുള്ള പീഢനത്തിലേക്കു നയിക്കാമെങ്കിലും ഈ പീഢനങ്ങൾ അവസാനം ആനന്ദത്തിനും സ്വർഗ്ഗരാജ്യത്തിൽ വലിയ സമ്മാനത്തിനും നിമിത്തമാകുന്നു. സുവിശേഷസൗഭാഗ്യങ്ങളുടെ സരണി, ലൗകികമായ ജീവിതത്തിൽ നിന്ന് ദൈവഹിതാനുസാരമുള്ള ഒരു ജീവിതത്തിലേക്കു നയിക്കുന്ന പെസഹായാത്രയുടേതാണ്, ശരീരത്താൽ നയിക്കപ്പെടുന്ന ഒരു അസ്തിത്വത്തിൽ നിന്ന്, അതായത്, സ്വാർത്ഥതയിൽ നിന്ന് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ജീവിതത്തിലേക്കുള്ള പാതയാണ്.

മാനുഷിക മനോഭാവങ്ങൾ പാപത്തിൻറെ സംവിധാനങ്ങൾ സൃഷ്ടിക്കുന്നു 

സ്വന്തമായ ബിംബങ്ങളോടും സന്ധിചെയ്യലുകളോടും മുൻഗണനകളോടും കൂടിയ ഒരു ലോകം ഇത്തരമൊരു അസ്തിത്വം അംഗീകരിക്കില്ല. മാനുഷികമായ മനോഭാവങ്ങളാണ് പാപത്തിൻറെ സംവിധാനങ്ങൾ സൃഷ്ടിക്കുന്നത്. അവ, ലോകത്തിനു സ്വീകരിക്കാൻ കഴിയാത്തതായ സത്യത്തിൻറെ ആത്മാവിന് (യോഹന്നാൻ 14,17) അത്രമാത്രം അന്യമാണ്. ദാരിദ്ര്യത്തെയും സൗമ്യതയെയും വിശുദ്ധിയെയും നിരാകരിക്കാനും സുവിശേഷാനുസൃത ജീവിതത്തെ പ്രമാദമായും പ്രശ്നമായും, ആകയാൽ, തള്ളിക്കളയേണ്ട ഒന്നായി പ്രഖ്യാപിക്കാനും മാത്രമെ അവയ്ക്കു സാധിക്കൂ. ലോകത്തിൻറെ ചിന്ത അങ്ങനെയാണ്. ആദർശവാദികളോ മതഭ്രാന്തന്മാരോ ആയി മുദ്ര കുത്തുന്നു.

സമ്പത്തോന്മുഖ ജീവിതം

ധനാധിഷ്ഠിതിമായിട്ടാണ് ലോകം ജീവിക്കുന്നത്. ആത്മദാനത്തിലും പരിത്യാഗത്തിലും ജീവിതം സാക്ഷാത്ക്കരിക്കാമെന്ന് ആരെങ്കിലും തെളിയിക്കുന്നത് അത്യാർത്തിയുടെ ഒരു സംവിധാനത്തിന് അസഹ്യമാണ്. അസഹ്യം എന്നത് സുപ്രധാനമായ ഒരു വാക്കാണ്. കാരണം, അനേകർക്ക് ഏറെ നന്മ വിതയ്ക്കുന്നതായ ക്രിസ്തീയ സാക്ഷ്യം ലോകത്തിൻറെ മനോഭാവം പുലർത്തുന്നവർക്ക് ശല്യമാണ്. അതിനെ ഒരു ഭർത്സനമായിട്ടാണ് അവർ കാണുക.  വിശുദ്ധി ആവിഷ്കൃതമാകുമ്പോഴും ദൈവമക്കൾക്കടുത്ത ജീവിതം ആവിർഭവിക്കുമ്പോഴും അസ്വസ്ഥമായ എന്തോ ഒന്ന് ഒരു നിലപാടെടുക്കാൻ ക്ഷണിക്കുന്നു. അതായത് ഒന്നുകിൽ വെല്ലുവിളിക്കപ്പെടാനും നന്മയ്ക്കായി സ്വയം തുറന്നുകൊടുക്കാനും അനുവദിക്കുക അല്ലെങ്കിൽ, ആ വെളിച്ചം നിരസിക്കുകയും എതിർപ്പിലും ക്രോധത്തിലും വരെ എത്തും വിധം ഹൃദയം കഠിനമാക്കുകയും ചെയ്യുക. ശത്രുത രൗദ്ര ഭാവം ആർജ്ജിക്കുന്നത് എങ്ങനെയന്ന് നിണസാക്ഷികളടെ പീഢനത്തിൽ നമുക്കു കാണാൻ സാധിക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ യുറോപ്പിലുണ്ടായ സ്വേച്ഛാധിപത്യത്തിലേക്ക്, പീഢനങ്ങളിലേക്ക് ഒന്നു നോക്കിയാൽ മതി, ക്രൈസ്തവർക്കെതിരെ, ക്രൈസ്തവ സാക്ഷ്യത്തിനെതിരെ, ക്രിസ്തീയ ധീരതയ്ക്കതിരെ ക്രോധം വളരുന്നതു നമുക്കു കാണാൻ സാധിക്കും.

പീഢനവും സന്തോഷവും

എന്നാൽ, ലോകത്തിൻറെതായ വിജയത്തിനും പൊങ്ങച്ചത്തിനും വിട്ടുവീഴ്ചകൾക്കും അടിമയായിത്തീരുന്ന ഇടം കൂടിയാണ് പീഡനത്തിൻറെ നാടകം എന്നും ഇത് കാണിക്കുന്നു. ക്രിസ്തുവനെപ്രതി ലോകത്തിൽ നിന്ന് തള്ളിക്കളയപ്പെട്ടവൻ എന്തിൻറെ പേരിലാണ് സന്തോഷിക്കേണ്ടത്? ലോകം മുഴുവനെയുംകാൾ അമൂല്യമായതെന്തെങ്കിലും കണ്ടെത്തിയതിൻറെ പേരിൽ സന്തോഷിക്കുന്നു. വാസ്തവത്തിൽ  “ഒരു മനുഷ്യൻ ലോകം മുഴുവൻ നേടുകയും എന്നാൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്താൽ അവന് എന്തു നേട്ടമാണുള്ളത” (മർക്കോസ് 8,36.

ക്രൈസ്തവർ പീഢിപ്പിക്കപ്പെടുന്നതിന് എത്രയും വേഗം അറുതിയുണ്ടാകട്ടെ!

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ  പീഢിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ വേദനിക്കുന്നു. അവരുടെ യാതനകൾ എത്രയും വേഗം അവസാനിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം, അതിനായി പ്രാർത്ഥിക്കാം. ആദ്യ നൂറ്റാണ്ടുകളിലുണ്ടായതിനെക്കാൾ നിണസാക്ഷികൾ ഇന്നുണ്ട്. നമ്മുടെ സാമീപ്യം ആ സഹോദരീസഹോരന്മാരോടു പ്രകടിപ്പിക്കാം. നാം ഏക ഗാത്രമാണ്. സഭയാകുന്ന ക്രിസ്തുഗാത്രത്തിലെ നിണമൊഴുകുന്ന അവയവങ്ങളാണ് ഈ ക്രൈസതവർ.

ഭൂമിയുടെ ഉപ്പ്

മനുഷ്യരുടെ നിന്ദനവും പീഢനവും എല്ലായ്പോഴും സമാനാർത്ഥകങ്ങളായിരിണമെന്നില്ല. ക്രൈസ്തവർ ഭൂമിയുടെ ഉപ്പാണെന്നു പറയുന്ന യേശു ഉപ്പിൻറെ ഉറകെട്ടുപോകുന്ന അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് കളയുകയല്ലാതെ ഒരു ഉപകാരവുമില്ല. ആകയാൽ, ക്രിസ്തുവിൻറെയും സുവിശേഷത്തിൻറെയും രുചി നാം നഷ്ടപ്പെടുത്തിക്കളയുമ്പോൾ നമ്മുടെ തന്നെ കുറ്റം കൊണ്ട് നാം നിന്ദ്യരായിത്തീരുന്നു.

സുവിശേഷ സൗഭാഗ്യങ്ങളുടെ എളിയ പാതയോടു നാം വിശ്വസ്തരായിരിക്കണം. കാരണം ലോകത്തിൻറേതല്ല, ക്രിസ്തുവിൻറേതായിരിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നത് ആ പാതയാണ്.

യേശു നമ്മോടൊപ്പമുണ്ട്

ലോകത്തോടു സന്ധിചെയ്യുന്നത് അപകടമാണ്. ലോകവുമായി, ലോകത്തിൻറെ അരൂപിയുമായി വിട്ടുവീഴ്ച ചെയ്യുകയെന്ന പ്രലോഭനം ക്രൈസ്തവന് എന്നുമുണ്ട്. ഈ സന്ധിചെയ്യലുകൾ വെടിഞ്ഞ് യേശുക്രിസ്തുവിൻറെ വഴിയെ പോകുകയാണ് സ്വർഗ്ഗരാജ്യത്തിൻറെ മാർഗ്ഗം, ഏറ്റം മഹത്തായ ആനന്ദം. പീഢനങ്ങളുണ്ടാകുമ്പോൾ അതിലെന്നും നമ്മെ തുണയ്ക്കുന്ന, നമുക്കു സാന്ത്വനം പകരുന്ന യേശുവിൻറെ സാന്നിധ്യം ഉണ്ട്. പരിശുദ്ധാരൂപിയുടെ ശക്തി നമ്മെ മുന്നോട്ടു നയിക്കുന്നു. സുവിശേഷാനുസൃതമായ ജീവിതം ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പീഢനം ക്ഷണിച്ചു വരുത്തുമ്പോൾ നഷ്ടധൈര്യരാകേണ്ടതില്ല; ഈ പാതയിൽ നമുക്കു തുണയായി പരിശുദ്ധാരൂപിയുണ്ട്. 

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

സമാപനാഭിവാദനം

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും എല്ലാവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 April 2020, 14:26